നെറ്റ്മാൻ [കഥ]
രാവിലെ പതിവുപോലെ, കാറിനടുത്തു നിൽക്കുന്ന ഡ്രൈവർക്കു "ഗെറ്റ് റെഡി?' എന്ന് വാട്സാപ്പിൽ സന്ദേശം അയച്ചു ധൃതിയിൽ പടികൾ ഇറങ്ങുമ്പോളാണ് പെട്ടെന്നു പിന്നിൽ നിന്നും ഒരു ശബ്ദം...
"ഗുഡ് മോർണിംഗ് നെറ്റ് മാൻ".
ഞെട്ടിത്തിരിഞ്ഞു നോക്കി. കണ്ണടച്ചു ചിരിച്ചു കൊണ്ട് നിൽക്കുന്നു ഒരു കൊച്ചു പെൺകുട്ടി. സ്‌കൂൾ യൂണിഫോമിൽ ആണ്. അടുത്ത ഫ്ളാറ്റിലെ ആകണം !
കാറിലിരിക്കവേ അയാൾ ഓർത്തു. ഫ്‌ളാറ്റിലെ മിക്കവാറും എല്ലാവരും തന്നെ വിളിക്കുന്നത് "നെറ്റ്മാൻ" എന്നാണോ ? അതെ, പ്രായഭേദമന്യേ എല്ലാരും അങ്ങിനെ തന്നെയാണല്ലോ വിളിക്കുന്നത് !
കാരണം?
അയാൾ ഏതാണ്ട് ഒരു വർഷം മുൻപേ തന്നെ തന്റെ എല്ലാ ഇടപാടുകളും ഇന്റർനെറ്റ് വഴി ആക്കിയത്രേ. സംസാരം പോലും കുറച്ചു, അതുപോലും ഇന്റർനെറ്റ് വഴി മാത്രമാക്കി. ഇപ്പോൾ ആണെങ്കിൽ എല്ലാം വാട്സാപ്പ് മെസ്സേജുകൾ വഴി മാത്രം. വീട്ടിലും, ഓഫീസിലും, പുറത്തും !
രാവിലെ ഉണർന്നാൽ ...
"ടീ "
കുറച്ചു കഴിഞ്ഞാൽ ...
"BF റെഡി ?"
അങ്ങിനെ അങ്ങിനെ....
ഓഫീസിൽ എത്തിയാലോ? അവിടെ പിന്നെ എല്ലാ 'കമ്മ്യൂണിക്കേഷൻസും' കമ്പനി വക ചാറ്റിംഗ് സോഫ്റ്റ്‌വെയർ വഴി മാത്രമാണ്. ചെയർമാൻ മുതൽ തൂപ്പുകാർ വരെ അംഗങ്ങളാണതിൽ. എല്ലാം 'അക്കൗണ്ടബിൾ' ആകണമല്ലോ !
ദൈവമേ.... ആലോചിച്ചിരുന്നു മറന്നു. വേഗം മൊബൈൽ എടുത്തു സെക്രട്ടറിക്കു മെസേജ് അയച്ചു:
"മീറ്റിംഗ് @ 9:30 am "
"ഓ കെ സർ"
ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നു. താൻ ആരോടെങ്കിലും നേരിൽ ഒന്നു സംസാരിച്ചിട്ട് എത്രയോ മാസങ്ങളായി ..!! എല്ലാം ഇവൻ, ഈ നെറ്റിന്റെ ഗുണം ..!
അറിയാതെ അല്പം ഉറക്കെ ചിരിച്ചു പോയി. ഉടനെ വന്നു ഡ്രൈവറുടെ മെസ്സേജ്
"വാട് സാർ?"
"നതിങ് "
* * *
അങ്ങിനെ ഈ മെട്രോ നഗരത്തിൽ, 'കാലത്തിനു മുൻപേ നടന്ന മനുഷ്യൻ' എന്ന ഇമേജിൽ സുഖമായി കഴിയുകയായിരുന്നു അയാൾ. ഓഫീസിൽ ആകട്ടെ, വീട്ടിൽ ആകട്ടെ, പുറത്താകട്ടെ ആരോടും സംസാരിക്കേണ്ട, ചിരിക്കേണ്ട, ദേഷ്യപ്പെടുകയും വേണ്ട ! അയാൾക്കു വല്ലാത്ത ഒരു അഭിമാനം തോന്നി.ദിവസങ്ങളങ്ങിനെ സസുഖം കൊഴിയുമ്പോൾ ആണ്, കഴിഞ്ഞ ദിവസം തികച്ചും അപ്രതീക്ഷിതമായി എല്ലാം 'നെറ്റ്' വഴിയാക്കാൻ ഉള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം വരുന്നത്. അതുവരെ "നെറ്റ്മാൻ" എന്ന് തന്നെ കളിയാക്കി വിളിച്ചിരുന്ന ആളുകൾ, അല്പം ബഹുമാനത്തോടെയാണ് തന്നെയിപ്പോൾ നോക്കുന്നത് എന്ന് അയാൾക്ക് സ്വയം തോന്നി !
പക്ഷെ, ഇന്നലെയാണ് അവിചാരിതമായി എല്ലാം കീഴ്മേൽ മറിഞ്ഞത്.
നാട്ടിൽ നിന്നും മൂത്തമോനും അവന്റെ അഞ്ചുവയസുകാരി അമ്മുമോളും ഒരു 'സർപ്രൈസ് വിസിറ്റി'ന് മുംബൈയിൽ എത്തി.
ഇതൊന്നും അറിയാതെ, വൈകിട്ട് പതിവ് പോലെ അയാൾ ഫ്ലാറ്റിന്റെ ഡോറിനു മുൻപിൽ വന്ന് ഭാര്യക്ക് മെസ്സേജ് അയച്ചു.
"ഓപ്പൺ ദി ഡോർ "
"ഓ കെ" എന്ന പതിവ് മെസ്സേജ് കിട്ടാതായപ്പോൾ അയാൾ വല്ലാതെ അസ്വസ്ഥനായി. വീണ്ടും ഒന്നുകൂടി മെസ്സേജ് അയച്ചു. പക്ഷെ അതിനും മറുപടിയില്ല !
ദേഷ്യത്തിൽ വാതിലിന്റെ ഹാൻഡിൽ തിരിച്ചു നോക്കി. അത് പൂട്ടിയിരുന്നില്ല. അകത്തേക്ക് കയറിയ അയാളുടെ നേരെ "മുത്തച്ഛാ...." എന്ന് വിളിച്ചു അമ്മുമോൾ ഓടിയെത്തി.
ഒന്നമ്പരന്നു എങ്കിലും, എടുത്തണിഞ്ഞിരുന്ന എല്ലാ ഗൗരവവും മാറ്റിവച്ച് അവളെ വാരിയെടുത്തു, എന്നിട്ടു സ്നേഹത്തോടെ വിളിച്ചു "അമ്മുക്കുട്ടി....."
പക്ഷെ ?
ഒരു ശബ്ദവും പുറത്തേക്ക് വന്നില്ല. ഒരുപാട് നാളായി ശബ്ദം ആവശ്യമില്ലാതിരുന്ന തനിക്ക്, അത് എന്നോ നഷ്ടമായി എന്ന് ഒരു നടുക്കത്തോടെ അയാൾ തിരിച്ചറിയുകയായിരുന്നു...!!
ഇനി ..?
******
visit: binumonippally.blogspot.in
mail: binu_mp@hotmail.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്
mail: binu_mp@hotmail.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്
Comments
Post a Comment