ഇനിയില്ലവൾ റസീല [കവിത]


ഈ മണ്ണിൽ ജീവിച്ചു തീരാത്തവൾ
ഒരുപാട് സ്വപ്നങ്ങൾ കണ്ടോളവൾ
ഇഹലോക ക്രൂരതയ്ക്കിരയായവൾ
ഇനി വരാതങ്ങങ്ങു പോയോളവൾ

ഇനിയില്ലവൾ റസീല .....!!

അമ്മയില്ലാത്തവൾ, അച്ഛന്റെ സ്വപ്നത്തിൻ
നിറവും പ്രകാശവുമായിരുന്നു
അവളുടെയുള്ളിലും മാംഗല്യ സ്വപ്നങ്ങൾ
മഴവിൽ അഴകിൽ വിരിഞ്ഞിരുന്നു

അഭിശപ്തമായൊരാ ഞായറിന്നന്ത്യത്തിൽ
അവസാന ശ്വാസത്തിനായ്
കുതറിപ്പിടഞ്ഞിട്ടും കാരുണ്യമിത്തിരി
കാട്ടാതെ 'കാവലാൾ' കാലനായി !

ഒരുദിനം മാത്രം കണ്ടു നാം വാർത്തയിൽ
മറുദിനം ചർച്ചയോ  'കോടി' മാത്രം !
ഒരു തുള്ളി കണ്ണുനീർ വാർത്തതുണ്ടോ നമ്മൾ
ഒരു മാത്രയെങ്കിലും വേദനിച്ചോ?

'വിവര സാങ്കേതികം' ഉള്ളിൽ നിറയ്ക്കുമ്പോൾ
ഒരു വേളയെങ്കിലും ഓർമിയ്ക്കണം
മനസിന്റെ ഒരു കോണിൽ ഉറവു വറ്റാതെ നാം
കാരുണ്യമിത്തിരി സൂക്ഷിക്കണം !

വാക്കിലും നോക്കിലും കാമം നിറച്ചൊരീ
കലികാല ജീവിതം സൂക്ഷിയ്ക്കണം
പെണ്ണെ, നിൻ കാവലായ് നീ തന്നെ മാറണം
രക്ഷയ്ക്ക് മറ്റാരുമുപകരിക്കാ,
നിന്റെ, രക്ഷയ്ക്ക് നീ തന്നെ കരുതിടേണം !!
*****

പിൻകുറിപ്പ്: ജനുവരി-29-2017 ൽ, പൂനെ ഐടി കാമ്പസ്സിൽ അതിദാരുണമായി കൊല്ലപ്പെട്ട റസീലയുടെ ഓർമ്മയ്ക്കു മുൻപിൽ സമർപ്പിക്കുന്നു 

******
visit: binumonippally.blogspot.in
mail: binu_mp@hotmail.com 


[ചിത്രത്തിന് കടപ്പാട്ഗൂഗിൾ ഇമേജസ്]

Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]