അമ്മയും കുഞ്ഞും


കുഞ്ഞ്:
അമ്മേ എന്തിങ്ങനെ  ഈ ലോകമിങ്ങനെ
എല്ലാരുമെല്ലാരും അന്യരെ പോൽ ?

അമ്മ: 
കുഞ്ഞേ നീ ഓർക്കണം കാലം കലികാലം
കാലങ്ങളിൽ വച്ച് മോശകാലം !

കുഞ്ഞ്:
അമ്മേ ഞാൻ 'ചാനല്' കണ്ടിടട്ടെ
നേരം കളയുവാൻ അത്രമാത്രം

അമ്മ:
അയ്യയ്യോ കുഞ്ഞേ നീ കണ്ടിടണ്ട
ചാനലിലാകെയും 'സീര്യലല്ലോ'
യുക്തി തൻ കണികകൾ തെല്ലുമില്ലാ-
തങ്ങു പടച്ചിടും കൂത്തതല്ലോ !

കുഞ്ഞ്:
എങ്കിൽ ഞാൻ  'വാർത്തകൾ' കണ്ടിടട്ടെ
തെല്ലു വിജ്ഞാനം കിടയ്ക്കുമല്ലോ ?

അമ്മ:
അയ്യയ്യോ കുഞ്ഞേ നീ കണ്ടിടണ്ട
'ശ്ലീലമാം' വാർത്തകൾ വിരളമത്രെ
ഇടയിലായ് വന്നിടും ചില 'പണ്ഡിതർ'
ഭാഷയിൽ പുതുപദം കൂട്ടീടുവാൻ
'നാട്ടുപദ'ങ്ങളാണെങ്കിലുമാ-
അംഗവിക്ഷേപങ്ങൾ കാൺക വേണ്ട

കുഞ്ഞ്:
അമ്മേ ഞാൻ അയലത്തു പോയിടട്ടെ
കൂട്ടുകാരൊത്തു കളിച്ചിടട്ടെ
അണ്ണാറക്കണ്ണന്റെ കൊഞ്ചൽ കേൾക്കാൻ
അകതാരിൽ ആശയുണ്ടേറെയമ്മേ!

അമ്മ:
അയ്യയ്യോ കുഞ്ഞേ നീ പോയിടേണ്ട
അയൽവക്കമത്രയ്ക്കു നല്ലതല്ല
അകലെയായ് നിർത്തണം നീയവരെ
അത്രയ്ക്കടുപ്പവും വേണ്ട വേണ്ട

കുഞ്ഞ്:
അമ്മയെന്തിങ്ങനെ എല്ലാത്തിനും
'അരുതെ'ന്നു മാത്രമുരുവിടുന്നു
അമ്മേ ഞാൻ എല്ലാരേം പേടിയ്ക്കണോ
അച്ഛനെ പോലും ഞാൻ പേടിയ്ക്കണോ ?

അമ്മ:
കുഞ്ഞേ നിൻ അച്ഛനെ പേടിവേണ്ട
പക്ഷെ, നീ അവിടെയും 'കരുതി'ടേണം
കാലം കലികാലമോർക്ക വേണം
കാലങ്ങളിൽ കെട്ട കാലമിത്

കുഞ്ഞ്:
നാട്ടിൽ 'കരുതണം' വീട്ടിൽ  'കരുതണം'
ഇരവിലും പകലിലും 'കരുതൽ' വേണം
അമ്മേ ഞാൻ എങ്ങിനെ ജീവിച്ചിടും
ഇപ്പാരിൽ ആരെന്റെ തുണയായിടും ?

അമ്മ:
കുഞ്ഞേ നിൻ ദുഃഖമിന്നറിയുന്നു ഞാൻ
കനലായി എരിയുന്നതെന്റെ നെഞ്ചിൽ
ഉത്തരമില്ലിനിയെന്റെ പക്കൽ
എന്നാൽ നീ ഓർക്കണം നിന്റെ രക്ഷ !!
******
Blog: https://binumonippally.blogspot.com
Mail: binu_mp@hotmail.com 

ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്

Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]