വിളവെടുപ്പ് [ചെറുകഥ]


"ശ്ശേ .... ആകെ മൊത്തം... ടോട്ടൽ..... കൺഫ്യൂഷൻ ആയല്ലോ ദൈവമേ .....!"   നമ്മുടെ കുഞ്ഞുപാക്കരൻ വീണ്ടും ആലോചനയിൽ മുഴുകി.

എത്ര നാളായി ഈ പ്രശ്നമിങ്ങനെ  തന്നെ അലട്ടികൊണ്ടേയിരിക്കുന്നു? കൃത്യമായി ഓർമയില്ല. പക്ഷെ ഓർമ വച്ച കാലം മുതൽ  അലട്ടുന്നുണ്ട്.

 താൻ ജനിച്ചതിനൊപ്പം തന്നെയാണ് അതും വളർന്നത്. പക്ഷെ നീണ്ട 21 വർഷം എടുത്തു അതൊന്നു പൂക്കാൻ. ഹോ ...എന്തൊരു ആഘോഷമായിരുന്നു അത് ആദ്യമായി പൂവണിഞ്ഞപ്പോൾ...!

ഏതാണ്ട് രണ്ടു മാസത്തോളം സമയമെടുത്തു ആ പൂക്കൾ കായായി മാറി, പിന്നെ അത് മൂത്തു വിളവെടുക്കാൻ.

ആ രണ്ടു മാസത്തിലെ ഓരോ ദിവസവും കച്ചവടക്കാർ സംഘങ്ങളായി  തന്നെ വന്നു കണ്ടു.  തന്നെ  മാത്രമല്ല, തന്റെ കുടുംബത്തിലുള്ള ഓരോരുത്തരേയും അവർ പ്രത്യേകം പ്രത്യേകം കണ്ടു. ആ ഫലം തങ്ങൾക്കു  തന്നെ തരണം എന്ന് അവർ താണുകേണു  പറഞ്ഞു എന്നു പറയുന്നതാവും ശരി.

അവർ ഹോൾസെയിലുകാരായിരുന്നു. അങ്ങ് വടക്ക് ദൂരെ ഡൽഹിയിൽ  ആണത്രെ  അവരുടെ ആസ്ഥാനം. ഓരോ തവണയും വരുമ്പോൾ അവർ  കൂടുതൽ കൂടുതൽ പേശലുകൾ നടത്തി. വർണ്ണക്കടലാസിൽ പൊതിഞ്ഞ നിരവധി വാഗ്ദാനങ്ങളും നൽകി. ഒരു കൂട്ടർ വീടിന്റെ  പടിയിറങ്ങുമ്പോൾ അടുത്ത കൂട്ടർ പടികയറി വന്നു.   മറ്റവരെക്കാൾ നല്ല കച്ചവടക്കാർ തങ്ങളാണ് എന്നവർ  പറയാതെ പറഞ്ഞു.

അങ്ങിനെ...... അങ്ങിനെ.....

ആയിടയ്ക്കാണ്, ഒരു ദിവസം  രാവിലെ കണ്ണും തിരുമ്മി എഴുന്നേറ്റു നോക്കുമ്പോൾ തന്റെ  വീടിന്റെ മതിൽ തന്നെ കാണാനില്ല. നിറയെ പായൽ പിടിച്ചിരുന്ന  ആ പഴയ മതിലിനു പകരം നല്ല വെളുത്ത പെയിന്റടിച്ച ഒരു മതിൽ. ഇതെന്തു മാറിമായം എന്നോർത്ത് അടുത്ത് ചെന്ന് നോക്കിയപ്പോൾ  അല്ലേ മനസിലായത്.... തന്റെ മതിൽ നല്ല വൃത്തിയായി പെയിന്റ് ചെയ്തിരിക്കുന്നു. മാത്രമോ? അതിൽ നിറയെ വിവിധ കൂട്ടരുടെ വർണ്ണാഭമായ ഓഫറുകൾ എഴുതി നിറച്ചിരിക്കുന്നു. എല്ലാം എന്തിനു വേണ്ടിയാണെന്നോ? ആ ഫലത്തിന് വേണ്ടി  !!

കാത്തുകാത്ത് ഇരുന്ന്  പാകമായ ഒരേയൊരു ഫലമാണ് ....ദൈവമേ അതു ഞാൻ ഇതിൽ ഏതു കൂട്ടർക്ക് കൊടുക്കും?

പാവം തലയിൽ കൈവച്ചു പോയി. എന്തായാലും വേണ്ടില്ല ഏറ്റവും നല്ലവർ എന്നുതോന്നിയ ഒരു കൂട്ടർക്ക്  കൊടുത്തു.  പക്ഷെ പിന്നീടാണ്  മനസിലായത് അവന്മാർ ഒട്ടും മെച്ചമല്ല എന്ന്. വിളവെടുപ്പിന്റെ അന്ന് കണ്ടതാണ് പിന്നെ ഒരിക്കലും അവർ ഈ വഴി വന്നിട്ടേയില്ല. ഇനി ഇടയ്ക്കെങ്ങാൻ വഴിയിൽ വച്ച് കണ്ടാലോ? ആലുവ മണപ്പുറത്തു വച്ചു കണ്ട പരിചയം പോലുമില്ല !

മ് ...വരട്ടെ അടുത്ത തവണ ഇവനൊക്കെ വീണ്ടും തന്റെ അടുത്തു വരുമല്ലോ അന്ന് കാണിച്ചു കൊടുക്കാം എന്ന് മനസ്സിൽ കരുതി. പക്ഷെ അടുത്ത വിളവെടുപ്പിനു  അഞ്ചു വർഷം കാത്തിരിക്കേണ്ട ?

അങ്ങിനെ ഇരിക്കുമ്പോൾ ആണ് ആ മരത്തിൽ അടുത്ത പൂവിട്ടത്. ഇത്തവണ മറ്റൊരു നിറമായിരുന്നു. വലുപ്പവും  കുറവ്. പക്ഷേ രൂപത്തിൽ ഏതാണ്ട് പഴയ പോലെ തന്നെ . പക്ഷെ ഇത് റീട്ടെയിലുകാർക്കു ഉള്ളതാണെന്നത്രെ. അങ്ങ് തെക്ക് തിരോന്തോരത്തോ മറ്റോ ആണ് അവരുടെ ആസ്ഥാനം.

എന്നാലും ഇത്തവണയും  കച്ചവടകാര്യങ്ങളൊക്കെ ഏതാണ്ട് പഴയ പടി തന്നെ. വർണ്ണപേപ്പറുകൾ, കവലപ്രസംഗങ്ങൾ,  വാഗ്ദാനപെരുമഴ, തേൻ പൊഴിയുന്ന സ്നേഹപ്രകടനങ്ങൾ ...ഹോ ... താനങ്ങ്‌ പെട്ടെന്ന് വിഐപി  ആയപോലെ  ....!

തമ്മിൽ ഭേദം എന്ന് തോന്നിയ ഒരു കൂട്ടർക്കാണ് ഇത്തവണ ഫലം വിറ്റത്. പിന്നെ പ്രതീക്ഷയുടെ ദിനങ്ങളായിരുന്നു. അവർ വാഗ്ദാനം നൽകിയ പ്രതിഫലം കിട്ടുമെന്ന്  കരുതി. പക്ഷെ അതും വെറും വ്യാമോഹം മാത്രമായി.

അതോടെ  താനാകെ മടുത്തു പോയി. വെട്ടിവീഴ്ത്താനാവാത്തതു കൊണ്ട് മാത്രം ആ മരം ഇപ്പോഴും  നിൽക്കുന്നു എന്ന് മാത്രം. ഇടക്ക് ഒന്നുരണ്ടു തവണ പ്രതിഷേധമെന്നോണം ആർക്കും ആ ഫലം കൊടുത്തില്ല. വിളവെടുപ്പിനു പോയതുമില്ല. കടുത്ത പ്രതിഷേധം തോന്നിയ ഒന്നുരണ്ടു വിളവെടുപ്പിന് കറുത്ത ബാഡ്‌ജും കുത്തി ബഹിഷ്കരണവും നടത്തി.

പക്ഷെ,  ഒന്നും സംഭവിച്ചില്ല. ഇപ്പോഴും എല്ലാ അഞ്ചു വർഷം കൂടുമ്പോഴും ആ മരം കായ്ക്കും ( ചിലപ്പോൾ അതിനു മുൻപും). പക്ഷെ അതൊന്നും ഇപ്പോൾ താൻ ശ്രദ്ധിക്കാറേയില്ല. വിളവെടുപ്പ് ഉത്സവത്തിന് അയൽക്കാർ പോകുമ്പോഴും താൻ നിസ്സംഗനായി  അങ്ങിനെ ഇരിക്കാറേയുള്ളു. എല്ലാം മടുപ്പായിരിക്കുന്നു.

എന്നാലും, ആ ഫലങ്ങൾക്ക് എന്താണ് ഇങ്ങനെ വിലയില്ലാതായത് എന്ന ചിന്ത തന്നെ അലട്ടികൊണ്ടേയിരിക്കുന്നു. അതും വർഷങ്ങളായി.

"...അമ്മേ ...അച്ഛൻ  ഇന്നും നമ്മുടെ വോട്ടുഫലം അയ്യയ്യോ... അല്ല ...സമ്മതിദാനഫലം ആർക്കു വിൽക്കും എന്ന ചിന്തയിലാണോ? ....."

ഓർമ്മകളിൽ നിന്നും ഞെട്ടി ഉണർന്നു നോക്കി. പതിവ് പോലെ ഒരു കള്ളച്ചിരി ചിരിച്ചു ബാലചന്ദ്രൻ കയറി വന്നു. മൂത്തമോനാ ... പഞ്ചായത്തിൽ ജോലി ചെയ്യുന്നവൻ.

അവനെ കുറ്റം  പറഞ്ഞിട്ട്  കാര്യമില്ല. കുറെ വർഷങ്ങളായി അവൻ എന്നും കാണുന്ന  സ്ഥിരം കാഴ്ച്ച ഇതുതന്നെയല്ലേ ?

"ഓ ...അതിപ്പം പുതിയ കാര്യമൊന്നുമല്ലല്ലോ ...നീ വാ ...വന്നു ചായ കുടിക്കാൻ നോക്ക് ..." അകത്തു നിന്നും അവന്റെ   അമ്മയുടെ വക.

അല്ല .... ഇവർക്കൊന്നും .... ഈ വിളവെടുപ്പിനെ കുറിച്ച്  ഓർത്തു ഒരു ടെൻഷനുമില്ലല്ലോ ദൈവമേ.... ഓ ...പിന്നെ ഞാൻ മാത്രം എന്തിനാ ?

"... എടീ ...എന്നാൽ എനിക്കും ഒരു ചായ എടുത്തോ ..... അല്ല പിന്നെ "...

******
Blog: https://binumonippally.blogspot.com
Mail: binu_mp@hotmail.com 
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്











Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]