ആരണ്യകാണ്ഡം [നർമ്മഭാവന]
[രംഗം -1 : "കലപില" രാജ്യത്തെ രാജസദസ്സ് ]
ഡും ...ഡും...ഡും .....എല്ലാവരും നിശബ്ദത പാലിക്കൂ ........ ...മഹാരാജാവ് എഴുന്നള്ളുന്നു .....
"സചിവാ ...എല്ലാരും ഹാജരല്ലേ ?"
"ഉവ്വ് രാജൻ ....."
"എങ്കിൽ തുടങ്ങാം ഇന്നത്തെ അങ്കം. എന്താണ് സചിവോത്തമാ ഇന്നത്തെ ഇനങ്ങൾ ?"
"രാജൻ നമുക്ക് നമ്മുടെ രാജ്യത്തു പുതിയ കുറെ മദ്യശാലകൾ തുറക്കണം. നമ്മുടെ പ്രജകൾ മദ്യശാലകളിൽ വരിനിന്നു കഷ്ടപ്പെടുന്നു ...."
"അതിനെന്താ ...തുറന്നോളൂ .... ഒരു നൂറെണ്ണം ആകട്ടെ ...നമ്മുടെ പ്രജകൾ ആവോളം സുരപാനം നടത്തട്ടെ..."
"അല്ല രാജൻ ...അങ്ങിനെ പെട്ടെന്ന് തുറന്നാൽ ...?"
"ഹ.ഹ.ഹ,.. എന്റെ മന്ത്രീ ...തനിക്കറിയാൻ പാടില്ലാഞ്ഞിട്ടാ ...നമ്മുടെ നാട്ടിൽ ഈ കാര്യത്തിൽ മാത്രം എല്ലാരും ഒറ്റക്കെട്ടല്ലേ ....ആരും എതിർക്കില്ല ....മ് അടുത്തത് ?"
"അത് രാജൻ ... പിന്നെ ...നമ്മുടെ രാജ്യത്തു പനി പടർന്നു പിടിക്കുകയാണ് ...പ്രജകൾ അസാരം കഷ്ടത്തിലാണേ ....."
"എടോ മന്ത്രീ നാം അവർക്കു രണ്ടു രൂപയ്ക്കു അരി കൊടുക്കുന്നില്ലേ ? 87 രൂപയ്ക്കു കോഴിയെ കൊടുക്കുന്നില്ലേ ? ...."
"അല്ല രാജൻ .... അത് ഡ്രസ്സ് ചെയ്യാത്ത കോഴിയല്ലേ ?"
"മന്ത്രീ ... താനെന്താ പാന്റും കോട്ടുമിട്ട കോഴിയെ ആണോ തിന്നാറുള്ളത് ?"
"അല്ല രാജൻ .....അത് പിന്നെ ...."
"നമ്മുടെ പ്രജകൾ ഡ്രസ്സ് ഇല്ലാത്ത കോഴിയെ തിന്നാൽ മതി ...മന്ത്രീ ...... പിന്നെ... പനി.... ഓഹ് ...അതങ്ങു മാറിക്കോളും ...ആ കോഴീടെ കൂടെ ഫ്രീ ആയി പത്തു പാരസെറ്റമോൾ കൂടി കൊടുക്കാൻ നമ്മുടെ ആരോഗ്യകാര്യ സചിവനോട് പറഞ്ഞേക്കൂ ? വെറുതെ നമ്മുടെ വിലപ്പെട്ട സമയം കളയല്ലേ .....ശരി എന്നാൽ പിരിയാം ?.."
"അയ്യോ ...രാജാ പോകല്ലേ ...അയ്യോ ...രാജാ പോകല്ലേ.."
"ആരാ മന്ത്രീ അവിടെ ഒരു അപശബ്ദം ...?"
"നമ്മുടെ കൊട്ടാരം കണക്കെഴുത്തു മൂപ്പിൽ ആണേ ..."
"ആഹ്ഹ്ഹ് ... എന്താ മൂപ്പിലെ ?"
"അത് രാജൻ ഇത് അല്പം 'ഔട്ട് ഓഫ് അജണ്ട ' ആണേ ....മാപ്പാക്കണം ..."
"എന്തായാലും മൂപ്പിലെ .....തുടങ്ങി വച്ചില്ലേ ....ബാക്കി പറ "
"അല്ല രാജൻ ...നമ്മുടെ ആ അഞ്ചാറു ദേശത്തെ ആ ചെറുകാര്യക്കാരൻ ഇല്ലേ ...ആ രാമച്ചെക്കൻ.....അവൻ പെരുത്ത് ശല്യമാണെന്നു നമ്മുടെ സാമന്തരാജാവ് പരാതി പറഞ്ഞു ...."
"ആര് മ്മ്‌ടെ രാമനോ? അവൻ മിടുക്കനല്ലേ മന്ത്രീ ?"
"അത് പിന്നെ രാജൻ .... മിടുക്കനൊക്കെയാ ... പക്ഷെ സാമന്തരാജാവിനെ ഒട്ടും വിലവയ്ക്കുന്നില്ല ...പോരാത്തതിന് ഈ നേർവഴീടെ ഒരു അസ്കിത ഉണ്ടോ എന്നും ഒരു സംശയം ..."
"ഓഹ് ...അങ്ങിനെയാണോ ? ഒട്ടും സംശയം വേണ്ട ..മാറ്റിയേക്കൂ ... ഇനി ഇതും പറഞ്ഞു നമ്മുടെ സാമന്തനെങ്ങാൻ കപ്പം തരാതെയിരുന്നാലോ ...?"
"അല്ല രാജൻ ..അങ്ങിനെ മാറ്റാൻ പറ്റില്ല ... ചെക്കന് പ്രജകളുടെ ഇടയിൽ ഒക്കെ നല്ല പേരാണ്..."
"എടോ ..താനല്ലേ പറഞ്ഞത് അയാൾ ശരിയല്ല ഉടനെ മാറ്റണം എന്ന് ...ഇപ്പോൾ, പറയുന്നു അവനു നല്ല പേരാണ് മാറ്റേണ്ട എന്ന് .... എന്താടോ മന്ത്രീ ഈ കാര്യക്കാരൻ പറയുന്നേ ?"
"അത് രാജൻ ... കാര്യക്കാരൻ പറഞ്ഞത് നേരാ ... അവനു നല്ല പേരാണ് ..പക്ഷെ അവനെ മാറ്റണം എന്ന് പറഞ്ഞു നമ്മുടെ സാമന്തനും കൂട്ടരും ഒരേ വാശിയിൽ ആണ് ...."
"ഓഹ് ...എന്തെങ്കിലും ഒന്ന് ചെയ്യൂ മന്ത്രീ ... ആകട്ടെ ഈ 'ഔട്ട് ഓഫ് അജണ്ട" പരിപാടിയിൽ ഇതുപോലെ വല്ല കീഴ്വഴക്കവും ഉണ്ടോടോ ?"
[അനന്തരം കൊട്ടാരം രേഖാസൂക്ഷിപ്പുകാർ ചിതലരിച്ച ഓലകൾ അരിച്ചു പെറുക്കി ...ഒന്നും കാണുന്നില്ല ... രാജൻ അക്ഷമനായി ... സൂക്ഷിപ്പുകാർ കഷ്ടത്തിലായി ....]
"ഉണ്ട് ..പ്രഭോ ...ഉണ്ട്..."
ആഹ്ലാദത്തോടെ അവർ വിളിച്ചു കൂവി ....
"പണ്ടൊരിക്കൽ അന്നത്തെ മഹാരാജാവ് ദർബാറിന്റെ ഇടവേളയിൽ മൂത്രശങ്ക തീർക്കാൻ പോയപ്പോൾ മറ്റു സദസ്യരെല്ലാം കൂടെ അദ്ദേഹത്തിന്റെ മോനെ പിടിച്ചു മന്ത്രി ആക്കിയ ഒരു സംഭവം ഉണ്ട് പ്രഭോ ...."
"ബെലേ ഭേഷ് ... അത് മതി ..അത് മതി ... ഞാനൊന്നു മൂത്രമൊഴിച്ചിട്ടു തിരിച്ചു വരാം ... അപ്പോഴേയ്ക്കും അവനെ അങ്ങ് സസ്‌പെൻഡ് ചെയ്തേക്കൂ ...."
"വേണ്ട ..രാജൻ വേണ്ട ..അത് അങ്ങേക്ക് ചീത്ത പേരാകും.."
"രാജഗുരൂ ...തനിക്കു വല്ലതും തോന്നുന്നുണ്ടോ ? എവിടെ തോന്നാൻ ..? വെറുതെ നമ്മുടെ ഖജനാവ് മുടിയ്ക്കാൻ ...... ഗുരുവാണത്രേ ..ഗുരു ...!!"
[അനന്തരം.... രാജനും, മന്ത്രിമാരും, കണക്കെഴുത്തുമൂപ്പിലും, രാജഗുരുവും, സാമന്തന്മാരും ......എന്ന് വേണ്ട..... ദർബാറിലെ സകലരും തല പുകഞ്ഞാലോചിച്ചു.]
ഇല്ല പരിഹാരമാകുന്നില്ല .....
കട്ടൻ ചായയും പരിപ്പ് വടയും കഴിച്ച് ആലോചിച്ചു ...
ഇല്ല പരിഹാരമാകുന്നില്ല .....
പൊറോട്ടയും ബീഫും കഴിച്ച് ആലോചിച്ചു
ഇല്ല പരിഹാരമാകുന്നില്ല .....
കുലദേവതയ്ക്ക് പൂമൂടൽ നേർന്നു ....
ഇല്ല പരിഹാരമാകുന്നില്ല .....
അഞ്ചാറുചോലയിലെ ഇരുമ്പുകുരിശിനെ മനസ്സിൽ ധ്യാനിച്ചു
ഇല്ല പരിഹാരമാകുന്നില്ല .....
ഇരുന്നാലോചിച്ചു ...നിന്നാലോചിച്ചു ...കിടന്നാലോചിച്ചു ......
ഇല്ല പരിഹാരമാകുന്നില്ല .....
സമയമാണെങ്കിൽ അന്തി മയങ്ങാറാകുന്നു .... സന്ധ്യാവന്ദനത്തിനു സമയമാകുന്നു ....... ശ്ശെ .. ...ഇതൊന്ന് അവസാനിപ്പിയ്ക്കണമല്ലോ ....
പെട്ടന്നതാ ...സദസ്സിനെ ഞെട്ടിച്ചു കൊണ്ട് ഒരു ചിരി .... കൊട്ടാരമണി കിലുങ്ങുന്നതു പോലെ... എല്ലാവരും ഞെട്ടിത്തിരിഞ്ഞു നോക്കി ...
മറ്റാരുമല്ല നമ്മുടെ സാമന്തനാണ് ....അഞ്ചാറു ദേശത്തെ ..
"എന്താടോ കിളിയ്ക്കുന്നത് ?"
രാജാവിന് കോപം വന്നു ....
"കോപം വേണ്ട രാജൻ ..." [ശേഷം ഒന്ന് മുരടനക്കി] ....
[ആ ഒരു നിമിഷം, കൊട്ടാരം പണ്ഡിതർ ഓലയും നാരായവും കയ്യിലെടുത്തു... സാമന്തൻ മഹാപണ്ഡിതനാണ്. ഭാഷയ്ക്ക് ഒരു പാട് പുതിയ പദങ്ങൾ സംഭാവന നല്കുന്നയാൾ .... വാക്പ്രയോഗങ്ങളിൽ അഗ്രഗണ്യൻ... വായ്മൊഴി വഴക്കം അപാരം .....]
"രാജൻ ...; ഇതേതാ മാസം ...?"
"കർക്കിടകം ..."
"അതായത് .... രാമായണ മാസം ... അല്ലേ ?"
"അതേ ...അല്ല സാമന്താ താൻ പറഞ്ഞു വരുന്നത് ?"
"രാജൻ കോപിക്കാതെ .... പണ്ട് നമ്മുടെ രാമനെ കൈകേയി എങ്ങിനെ ആണ് കൊട്ടാരത്തിൽ നിന്നും നാട് കടത്തിയത് ?"
"അത്...പിന്നെ ....ഏതോ വരത്തിന്റെപേരിൽ കാട്ടിലേക്കോ മറ്റോ അല്ലേ അയച്ചത് ... അല്ലെടോ രാജഗുരു ?..."
എന്തോ ആലോചിച്ചിരുന്ന പാവം രാജഗുരു ഞെട്ടിയെഴുന്നേറ്റു.
" .... അതെ അതെ രാജൻ ....അത് പിന്നെ ദശരഥൻ ...."
".. മതി ..മതി ഗുരു ...അല്ല സാമന്താ .. താൻ പറഞ്ഞു വരുന്നത് ? .... ഒന്ന് തെളിച്ചു പറ .. നമുക്ക് സന്ധ്യാവന്ദനത്തിനുള്ള സമയം അതിക്രമിയ്ക്കുന്നു ...."
"രാജൻ ... ആ ഉപകാര്യക്കാരൻ ചെക്കന്റെ പേരെന്താ? രാമൻ എന്നല്ലേ?"
"അതെ ..."
"അതിലുണ്ട് രാജൻ ഉത്തരം ...രാമന് വിധിച്ചത് എന്നും വനവാസം...... ഇപ്പോൾ മനസിലായോ ?"
"അല്ല സാമന്താ ... അതിപ്പം കൈകേയി ഏതോ വരത്തിന്റെ പേരിൽ അല്ലേ അന്നത്തെ രാമനെ കാട്ടിൽ വിട്ടത് ? ഇവിടിപ്പോ വരം എവിടെ?"
"ഹ.ഹ... എന്റെ രാജൻ അങ്ങിങ്ങനെ വെറും പാവമാകല്ലേ ..... ആ വരം ഉണ്ടന്നേ ... നമ്മൾ പേരൊന്നു മാറ്റുന്നു ...'പ്രൊമോഷൻ .... അത്ര തന്നെ "
"ആഹ്ഹ ... അത് കൊള്ളാം .. പക്ഷെ സാമന്താ ..ഒരു സംശയം കൂടി ... അവനെ വിടാൻ പറ്റിയ വനമെവിടെയാ നമ്മുടെ രാജ്യത്ത് ?"
"രാജൻ ... ഉണ്ടല്ലോ ദാ ഇവിടെ ... അവനെ ഈ കോൺക്രീറ്റ് വനത്തിലേക്ക് നാട് കടത്തൂ രാജൻ .... ഇവിടെ കിടന്നു നരകിച്ചു നരകിച്ചു...പാവം...... അടുത്തൂൺ പറ്റട്ടെ ..."
"ബെലേ ഭേഷ് ... എന്റെ സാമന്താ ... തന്നെ സമ്മതിച്ചിരിക്കുന്നടോ ... താൻ വെറും സാമന്തൻ അല്ല രാവണസാമന്തൻ ....രാവണസാമന്തൻ ... ഇത്തവണയും താൻ എന്നെ രക്ഷിച്ചു ....ആരവിടെ ..ആ രാമനെ ഇന്ന് തന്നെ വനവാസത്തിനയ്ക്കൂ ...ഈ രാവണന്.... അല്ല സാമന്തന് ഒരു പട്ടും വളയും കൊടുക്കൂ......."
"എന്റെ രാജൻ ..ആർക്കുവേണം ആ പ്ലാസ്റ്റിക് വളയും 25 രൂപയുടെ പട്ടും? എനിക്കാ അഞ്ചാറു ദേശത്തു ഒരു ഒരേക്കർ വനത്തിനു വല്ല പട്ടയവും തന്നാൽ മതി..."
"ശരി ..ശരി ... താനിപ്പോൾ ഇങ്ങനെ കുറെ പട്ടയം ആയല്ലോടോ ... ശരി ഇത്തവണ കൂടി ....അങ്ങട് തരണൂ ...."
[അനന്തരം..... സദസ് പിരിഞ്ഞു ...രാജനും പരിവാരങ്ങളും സന്ധ്യാവന്ദനത്തിനു തിരിച്ചു ]
======== ========== ==========
[രംഗം -2 : കുറ്റാക്കൂരിരുട്ട് ]എടോ മന്ത്രീ ...ഇപ്പോൾ എല്ലാം ശരിയായില്ലേടോ ?
ഉവ്വ് രാജൻ ..ഇപ്പോൾ എല്ലാം ശരിയായി ....
നമ്മുടെ പ്രജകൾ ആനന്ദസാഗരത്തിൽ ആറാടുന്നില്ലേടോ ?"
"ഉവ്വ് രാജൻ അവർ നന്നായി ആടുന്നുണ്ട്..... സന്തോഷം കാരണം അവരുടെ കാലുകൾ നിലത്തുറയ്ക്കുന്നതേയില്ല ...."
[അനന്തരം..... രാജൻ പള്ളിയുറക്കത്തിലേക്കും പ്രജകൾ സാദാ ഉറക്കത്തിലേക്കും വഴുതി വീണു ]
ശുഭം
*************
പിൻകുറിപ്പ്: ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ഒരു ആളോടും ഇതിലെ കഥാപാത്രങ്ങൾക്ക് ബന്ധമില്ല. അതുപോലെ, നമ്മുടെ നാട്ടിൽ നടന്നതോ നടക്കുന്നതോ ഇനി നടക്കാനിരിക്കുന്നതോ ആയ ഒരു സംഭവവും ആയും ഇതിനു യാതൊരു ബന്ധവു മില്ല.
******
Blog: https://binumonippally.blogspot.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്
fantastic! Congrats
ReplyDelete