വേണ്ടാ നമുക്കിന്നു കപ്പ... {കവിത}


 [മാറുന്നു നാം കേരളീയർ ?]

വേണ്ടാ നമുക്കിന്നു കപ്പ, അയ്യേ
വേണ്ടാ നമുക്കിന്നു കാച്ചിൽ
ചേമ്പെന്നു കേട്ടാൽ ചൊറിയും, അപ്പോൾ
ചേമ്പിന്റെ താളെന്തു ചെയ്യും ?

ശമ്പളം വാങ്ങുന്നോരല്ലോ, നമ്മൾ
കുമ്പളം നട്ടു വളർത്തുവോ ?
ഇഞ്ചി മിഠായിയെ പോലും, വെറും
നഞ്ചായി കാണുന്നോരല്ലോ !

ചക്കപ്പുഴുക്കെന്നു കേട്ടാൽഅയ്യേ
നാണം കൊള്ളുന്നോർ നമ്മൾ
സായിപ്പു ചൊല്ലി "ജാക്ഫ്രൂട്ട്"ആഹാ
പാക്കറ്റിൽ വന്നപ്പോൾ സ്വാദോ ?

കൂവക്കിഴങ്ങാർക്കു വേണം,
പര്യമ്പുറത്തെങ്ങാൻ പോട്ടെ
ആരോ പറിച്ചതു, പിന്നെ
പാക്കറ്റിലെത്തിച്ചു പേരോ
'ആരോറൂട്ട്' എന്നു നാം കേട്ടു, സൂപ്പർ-
മാർക്കറ്റിൽ സ്റ്റോക്കെല്ലാം തീർന്നു !

ചക്കിലിട്ടാട്ടിയോരെണ്ണ, കേര-
നാടിന്റെ സ്വന്തമാണെന്നാൽ
ആരോ പറഞ്ഞു 'കൊളസ്ട്രോൾ', നമ്മൾ
പോയി  പനയെണ്ണ തേടി !

ഉള്ളി ചതച്ചിട്ട കഞ്ഞി, ഉപ്പു-
മാങ്ങ ഞെരടി കഴിച്ചോർ
കാലത്തെണീറ്റവരിന്നോ, 'കോൺ-
ഫ്ളേക്സാ'ണു തീറ്റയറിഞ്ഞോ ?

കുത്തരിച്ചോറിന്റെ കൂടെ, ഒരു
മത്തി വറുത്തതും കൂട്ടി
മൃഷ്ടാന്നമുണ്ടവർ നമ്മൾ, ഇന്നു
'നൂഡിൽസ്' തിന്നുന്നോരായി !

കൂണു പോലെങ്ങും മുളച്ചു, നാട്ടിൽ
'ഫാസ്റ്റ്ഫുഡ്' വിൽക്കും കടകൾ
കറുകറുത്തെണ്ണയിൽ കോരി, നമ്മൾ
കറുമുറെ തിന്നേറെ ചിക്കൻ !

നഗരത്തിലെങ്ങും നിറഞ്ഞു, പിന്നെ
നാട്ടിൻ പുറത്തും തുറന്നു
ബേക്കറി എന്നുള്ള പേരിൽ, നിറ-
ഭക്ഷണശാലകളെങ്ങും !

വീട്ടിലെ പാചകം നിർത്തി, നമ്മൾ
'ഔട്ടിങ്' ശീലമായ് മാറ്റി
മാസം മുടങ്ങാതെയിപ്പോൾ, നക്ഷത്ര
ഹോസ്പിറ്റൽ കാണാൻ തുടങ്ങി !

ചിന്തിക്കണം നമ്മൾ, ഇന്നേ
ഇല്ല സമയം കളവാൻ
ഭക്ഷണക്കാര്യത്തിലിന്നേ, നമ്മൾ
പോകണം ആരോഗ്യ മാർഗ്ഗേ ....!

മാറണം  നാം കേരളീയർ, തീർച്ച
മാറ്റങ്ങൾ നമുക്കും വേണം, പക്ഷേ
മാറ്റങ്ങളിങ്ങനെ വേണോ?
ചിന്തിക്കണം നമ്മൾ ഇന്നേ ...!!

                                           -ബിനു മോനിപ്പള്ളി

*********
Blog: https://binumonippally.blogspot.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്
*********

ആലാപനം: ശ്രീ ഞെരളത്ത് ഹരിഗോവിന്ദൻ



video versions also at :

https://www.facebook.com/binu.mp.5/videos/1150848385046283/

https://www.youtube.com/watch?v=w0hdu7SJIIs&feature=youtu.be

***************

അതോടൊപ്പം, ഈ കവിതയെ തന്റെ നാടകത്തിൽ ഉൾപ്പെടുത്തിയ ശ്രീ ജയൻ തച്ചമ്പാറയോടുള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു  


Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]