ഓണം-2018 [കവിത]
ഓണം-2018 [കവിത]
[ഒരു കൗമാരക്കാരിയുടെ, ചില ചിതറിയ ഓണച്ചിന്തകൾ]
മാവേലിത്തമ്പുരാനേ നീയൊന്നു വന്നീടണേ
പൂക്കളം കാണുവാനായ്, ഇക്കൊല്ലം വന്നീടണേ
പോയ കൊല്ലത്തിലും നീ, വന്നതില്ലോർമ്മ വേണം
കാത്തുകാത്തങ്ങിരുന്ന്, ഞാനന്നുറങ്ങിയല്ലോ
കുഞ്ഞൊരു തുമ്പയില്ലാ, മുക്കുറ്റി തെല്ലുമില്ല
മുറ്റങ്ങളെല്ലാമേ, 'ടൈലിട്ടു' പോയിയില്ലേ
ചെത്തിയും ചെമ്പരത്തീം, തൊടിയിലതെങ്ങുമില്ല
തൊടികളെല്ലാം നികത്തി, 'ഫ്ലാറ്റുകൾ' തീർത്തതല്ലേ
എങ്കിലും മാബലിയേ നീ, പോരാതിരിയ്ക്കരുതേ
തോവാളപൂക്കളാൽ ഞാൻ, പൂക്കളം തീർത്തിടാമേ
തമിഴന്റെ കരവിരുതിൽ, തെരുവിൽ നിരന്നിരിയ്ക്കും
തൃക്കാക്കരപ്പനേയും, ഞാനിവിടെത്തിച്ചിടാം
ചേട്ടനാണെങ്കിലിപ്പോൾ, മിണ്ടാട്ടമൊട്ടുമില്ല
കയ്യിലെ കുന്ത്രാണ്ടത്തിൽ, തോണ്ടിരസിച്ചിരിയ്ക്കും
കുഞ്ഞുകഥ പറയാൻ, മുത്തശ്ശി കൂടെയില്ല
അങ്ങങ്ങ് നാട്ടിലേതോ, 'സദന'ത്തിലാണു പോലും
ചേച്ചിമാരൊന്നുമിപ്പോൾ, ക്ഷേത്രത്തിൽ പോണതില്ല
മീശയില്ലാത്തൊരുത്തൻ, 'മോശങ്ങൾ' ചൊല്ലി പോലും
അയലത്തെ ചേച്ചിമാരും, പള്ളിയിൽ പോണതില്ല
കുമ്പസാരത്തിനെന്തോ, 'പ്രശ്ന'മുണ്ടെന്നു കേട്ടു
അമ്മയാണെങ്കിലെന്നെ, അയലത്ത് വിട്ടിടില്ല
'കാലം' മോശമത്രെ, 'കരുതല്' വേണമത്രേ
ടിവീലെ വാർത്ത വയ്ക്കാൻ, അച്ഛനു പേടിയത്രേ
വാർത്തയിൽ നല്ലതൊന്നും, കാണുവാനില്ലയത്രെ
അങ്ങു ഭരിച്ചിരുന്നാ, കേരള നാടിതല്ല
പൂവിളി പോയ്മറഞ്ഞു, പോർവിളിയായിയെങ്ങും
തുമ്പികൾ പോയ്മറഞ്ഞു, 'നിപ്പ'കളായിയെങ്ങും
മത്തിയിൽ പോലുമിപ്പോൾ, 'ഫോർമലിൻ' ആണുപോലും
ഓണത്തിൻ പേരു ചൊല്ലി, നാട് കുടിച്ചു തീർക്കും
ലഹരി തൻ തുകയറിഞ്ഞാൽ, കോടികൾ തുച്ഛമത്രെ
ആസുര ചക്രവർത്തീ, അങ്ങയും ആർത്തനാവും
കേരള നാടിതിന്റെ, 'സുരദാഹ'മോർത്തു പോയാൽ
മാബലീ വന്നീടുമോ, ഒരുവട്ടം വന്നീടുമോ
ഞങ്ങളെ രക്ഷിയ്ക്കുവാൻ, ഈ നാടിനെ രക്ഷിയ്ക്കുവാൻ
എള്ളോളം കള്ളമില്ലാ, കാലത്തെയോർത്തു പോകെ
അറിയാതെയെങ്കിലുമിന്നശ്രു, തുളുമ്പിടുന്നു
അല്ലെങ്കിൽ വേണ്ട രാജൻ, അങ്ങു വരേണ്ടതില്ല
നന്മനസോടെയങ്ങാ, പാതാളനാട്ടിൽ വാഴ്‌ക
ആസുര ചിന്തകളിൽ, അഭിരമിച്ചീടുന്നൊരീ
നാടിതിൽ നന്മ വാഴാൻ, ഇനിയുമസാധ്യമത്രെ....!!
-ബിനു മോനിപ്പള്ളി
*************
Blog: https://binumonippally.blogspot.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്
Comments
Post a Comment