പ്രളയകാലത്തെ തിരിച്ചറിവുകൾ [കവിത]


പ്രളയകാലത്തെ തിരിച്ചറിവുകൾ  [കവിത]

പണ്ടവർ *പാടത്ത് ഞാറു  നട്ടു
ഇന്നു നാം പാടത്ത് ഫ്ലാറ്റ് നട്ടു
പണ്ടവർ നാട്ടിൽ കുളങ്ങൾ തീർത്തു 
ഇന്നു നാം നാടു കുളം തോണ്ടുവോർ !

**കുതിരാന്റെ മുകളിലും വെറുതെ 
കുതിര കേറുന്നവർ നമ്മൾ 
ആ, ഹൃദയം തുളച്ചിട്ടു രണ്ടു- 
'ബൈപ്പാസ്' പണിയുവോർ നമ്മൾ !

ഫലവൃക്ഷ പക്ഷി മൃഗാദികളെ 
കാക്കുവാൻ പണ്ടവർ കാവ് തീർത്തു 
അന്ധവിശ്വാസമെന്നാർത്തു ചൊല്ലീ  
നമ്മളാ കാവുകൾ വെട്ടി നീർത്തി !

മലദൈവമുണ്ടെന്നു ചൊല്ലിയവർ 
മലകളെ പൊന്നുപോൽ കാത്തു വച്ചു 
മലദൈവമില്ലെന്നു തെളിയിയ്ക്കുവാൻ 
മലകളിടിച്ചു നാം യന്ത്രത്തിനാൽ !

തെളിനീരൊഴുകുവാൻ തോടു തീർത്തു 
നാടിന്റെ നാഡീ ഞരമ്പു പോലെ 
തോടൊരു വേസ്റ്റെന്നു ചൊല്ലി നമ്മൾ 
തോടു മൂടി കുഴൽ കിണറു തീർത്തു !

തൂശനിലയിൽ അവർ കഴിച്ചു 
ഇല പിന്നെ മണ്ണിൽ കുഴിച്ചു മൂടി 
പ്ലാസ്റ്റിക് പ്ലേറ്റുകൾ നാം നിരത്തി 
അവ പിന്നെ ദൂരെ വലിച്ചെറിഞ്ഞു !

അതിരുകൾ തമ്മിൽ തിരിച്ചീടുവാൻ 
അവരു കുത്തി ***ശീമ, ചെമ്പരത്തീം  
വേരോടെയവ നമ്മൾ പിഴുതെറിഞ്ഞു 
ആറടിപ്പൊക്കത്തിൽ മതിലു തീർത്തു !

വീടിൻ വിളക്കു പോൽ കാത്തിരുന്നു 
നടുമുറ്റമൊന്നവർ വൃത്തിയായി 
വൃത്തി പോരാഞ്ഞതിനെന്ന പോലെ 
നമ്മളതു 'ടൈലി'ട്ടു മോടി കൂട്ടി !

ആറും പുഴകളും തോടുകളും,
നീളെ പരന്ന നിളാ നദിയും 
നിർബാധമൊഴുകിയ നാട് പണ്ട്, 
കായൽ പരപ്പിന്റെ കുട്ടനാടും !

നീലജലാശയ കൂട്ടങ്ങളും, കൂടെ 
കളകളമുരുവിട്ടൊരരുവികളും 
കൂമൻ വസിച്ചോരു കാനനവും
നീളെ നിറഞ്ഞൊരാ കേര നാട് !

 പുഴയിലെ മണലൂറ്റി തീർത്തു നമ്മൾ 
പിന്നെ, പാറ പൊട്ടിച്ചു പൊടിച്ചു നമ്മൾ 
പുഴയുടെ കര കാർന്നു തീർത്തു നമ്മൾ
'പുഴ കാണും വില്ലകൾ' നിരനിരയായ് !

വരയാട് മേഞ്ഞൊരാ മലനിരയിൽ 
മാല പോൽ തീർത്തു 'റിസോർട്ട്' നമ്മൾ 
'ടൂറിസ'മെന്നുള്ള പേരു ചൊല്ലി 
തോന്ന്യാസമല്ലേ നടത്തി നമ്മൾ !

കലികാലമെന്നു നാം ഓർത്തതില്ല 
കലി തുള്ളാം കാലമെന്നോർത്തതില്ല 
വരുണന്റെ കോപം ചെറുത്തീടുവാൻ, ചെറു-
തടയണ തീർത്തൊരു മൂഡർ നമ്മൾ !

പകയുണ്ട് പ്രകൃതിയ്ക്കതോർക്ക വേണം 
പകയുണ്ട് പുഴകൾക്കുമോർക്ക വേണം 
പക തൻ ഉരുളുകൾ ഗർഭമേറ്റി 
കലി പൂണ്ടു നിൽക്കയാണോർക്ക വേണം !!

അമ്മയായ് ഭൂമിയെ കണ്ടിടുന്നോർ 
ആ, നെഞ്ചകം കീറി പിളർന്നെടുക്കേ 
അതിരുണ്ട് അമ്മ തൻ സഹനത്തിനും 
അറിയാതെ പോകരുതിനിയെങ്കിലും !

രമ്യഹർമ്മ്യത്തിലുറങ്ങിയോർ നാം 
രാവു വെളുക്കവേ 'ക്യാമ്പി'ലായി 
ലക്ഷങ്ങൾ ബാങ്കിൽ കിടക്കുവോരും 
അന്നം തിരഞ്ഞന്നു ദൈന്യരായി !

വേണം വികസനം നാടിതിന്നും 
വേണം വ്യവസായ ശാലകളും 
എന്നാൽ ....
ഒന്നുമീ നാടിന്നു ഹാനിയാകാ-
തൊട്ടു കരുതലോടാക വേണം 

നമ്മളീ ദുരിതം കടന്നു പോകും 
ഒരുമിച്ചു നമ്മൾ കര കയറും 
ഒരുമയോടിനിയും നാം ഒത്തു ചേർന്നാൽ 
സുന്ദര കേരളം പണിതുയർത്താം ....!!
                                      --ബിനു മോനിപ്പള്ളി
*വയൽ
**കുതിരാൻ മല
***ശീമക്കൊന്ന
****************************
Blog: https://binumonippally.blogspot.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്





































Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]