വേനലവധി - [ഒരു ദിവാസ്വപ്നം]
വേനലവധി - [ഒരു ദിവാസ്വപ്നം]
ദിവസം മുഴുവൻ നീണ്ട ജോലിയുടെ ക്ഷീണത്തിൽ വീട്ടിൽ വന്നു കയറിയതും, അഞ്ചാം ക്ലാസുകാരിയായ മകൾ ഓടിയെത്തി.
"ഡാഡി ...നാളെ എന്റെ എക്സാം തീരും..... വെയർ ഷുഡ് വി ഗോ ഫോർ വെക്കേഷൻ ദിസ് ഇയർ ? ഊട്ടി ?...."
"അയ്യോ ഊട്ടിയോ ? അത് ഒരു പാട് ദൂരെയല്ലേ മോളെ?..."
"നോ ഡാഡി.... ഇറ്റ് ഈസ് ജസ്റ്റ് 300 കിലോമീറ്റേഴ്സ് ഒൺലി ...ഞാൻ ഗൂഗിൾ നോക്കിയല്ലോ ..."
ദൈവമേ ഇനി എന്ത് പറഞ്ഞു രക്ഷപെടും ? ഇപ്പോഴത്തെ കുട്ടികളെ പറ്റിക്കാൻ ഇത്തിരി പ്രയാസം തന്നെ.
"മോള് പോയി നാളത്തെ എക്സാമിനു പഠിയ്ക്ക് ...നമുക്ക് നാളെ വൈകുന്നേരം സ്ഥലം ഫിക്സ് ചെയ്യാം ..."
മനസില്ലാമനസോടെ അവൾ സമ്മതിച്ചു.
ഭാര്യ നൽകിയ ചൂടുചായയും മോന്തി, വരാന്തയിലെ കസേരയിൽ ചാഞ്ഞു കിടക്കവേ അറിയാതെ അയാൾ തന്റെ കുട്ടിക്കാലമോർത്തു പോയി.
ഒന്നു മുതൽ പത്തു വരെ താൻ പഠിച്ച സ്‌കൂൾ വീട്ടിൽ നിന്നും 3 കിലോമീറ്റർ അകലെയായിരുന്നു. അങ്ങോട്ടുമിങ്ങോട്ടുമായി ദിവസേന ആറ് കിലോമീറ്റർ നടത്തം. നെടുകെയും കുറുകെയും ഇലാസ്റ്റിക് ബാൻഡിനാൽ വലിച്ചു കെട്ടിയ പുസ്തകക്കെട്ടിനെ, ഒരു തോളത്തങ്ങിനെ വച്ച്, കൈകൊണ്ടു താഴെ നിന്നും താങ്ങിപ്പിടിച്ച്, കൂട്ടുകാരുമൊത്തുള്ള ആ നടത്തം..... അതിപ്പോഴും തന്റെ ഓർമയിൽ അങ്ങിനെ തന്നെ നിൽക്കുന്നു.
പോകുന്ന വഴിയിൽ എവിടെ നിന്നെങ്കിലും ഒരു വട്ടയില (വട്ടമരത്തിന്റെ, വൃത്താകൃതിയിലുള്ള വലിയ ഇല) പറിച്ചു ചെറുതായി മടക്കി, നിക്കറിന്റെ പോക്കറ്റിൽ തിരുകിയിട്ടുണ്ടാകും. വേറൊന്നിനുമല്ല; അതിലാണ് ഉച്ചയ്ക്ക് സ്‌കൂളിൽ നിന്നും കിട്ടുന്ന ഉപ്പുമാവ് കഴിയ്ക്കുന്നത്.
പിന്നെ, വഴിയിറമ്പിലുള്ള പാണലിന്റെ (ഒരു തരം ഔഷധ-കുറ്റിച്ചെടി) ഇലകൾ തമ്മിൽ കൂട്ടിക്കെട്ടും. അതെന്തിനാണെന്നോ? അങ്ങിനെ ചെയ്താൽ അന്ന് ക്‌ളാസ്സിൽ സാറിന്റെ കയ്യിൽ നിന്നും അടി കിട്ടില്ല എന്നായിരുന്നു ഞങ്ങൾ കുട്ടികളുടെ വിശ്വാസം! കൂട്ടത്തിലെ ചില കുസൃതികൾ ഒന്ന് കൂടി ചെയ്യും. മുൻപേ പോയ കുട്ടികൾ കൂട്ടിക്കെട്ടിയ പാണലിനെ അഴിച്ചു വിടും. അവർക്കു അടി കിട്ടാൻ!!
ചില ദിവസങ്ങളിൽ സ്‌കൂളിൽ നിന്നും മടങ്ങും വഴി ചെറിയ മഴ ചാറുന്നുണ്ടാകും. അന്നു ഞങ്ങൾക്ക് വലിയ സന്തോഷമാണ്. കാരണം വലിയ ലോറികൾ കടന്നു പോകുമ്പോൾ, ടാറിട്ട റോഡിൽ ചെറിയ പെട്രോൾ തുള്ളികൾ (അന്ന് ഞങ്ങൾക്കു എല്ലാ വണ്ടിയും പെട്രോൾ ആണ് കേട്ടോ ... ഡീസലിനെ പറ്റി അത്ര അറിയില്ല) ഇറ്റുവീഴും. നനഞ്ഞ റോഡിൽ ആ തുള്ളികൾ അങ്ങിനെ മഴവിൽ കളറിൽ, വൃത്താകൃതിയിൽ ഒഴുകിപ്പരക്കും. ഞങ്ങൾ ചെരിപ്പൊക്കെ ഊരി (കൂട്ടത്തിൽ മിക്കവർക്കും ചെരിപ്പുണ്ടാകില്ല ) ആ വൃത്തത്തിൽ കാൽപ്പാദങ്ങൾ നന്നായി ഉരയ്ക്കും. എന്തിനാണെന്നോ? അങ്ങിനെ ചെയ്താൽ കാൽവിരലുകളിൽ വളംകടി വരില്ലത്രേ !
അങ്ങിനെ, അങ്ങിനെ... ഓരോ സ്‌കൂൾ ദിവസങ്ങളും സംഭവ ബഹുലമായി കടന്നു പോയിക്കൊണ്ടിരിക്കും. വർഷാവസാന പരീക്ഷയുടെ അവസാന ദിവസം വൈകിട്ട്, വീട്ടിലേയ്‌ക്കൊരു പാച്ചിലാണ്. ആരുടെയും വഴക്കു കേൾക്കാതെ ഇനി രണ്ടു മാസം മുഴുവൻ കളിച്ചു നടക്കാമല്ലോ.
ഒരുപക്ഷെ, മനുഷ്യ ജീവിതത്തിലെ ഏറ്റവും ആസ്വാദ്യകരമായ കാലഘട്ടം അതാണെന്ന് തോന്നുന്നു. ജീവിതത്തിന്റെയോ, പഠനത്തിന്റെയോ ജോലിയുടെയോ ഒന്നും ടെൻഷനുകളില്ലാതെ, അങ്ങിനെ പാറിപ്പറന്നു നടക്കുന്ന കാലഘട്ടം!
പിറ്റേന്നു മുതൽ രാവിലെ എണീറ്റാൽ, എന്തെങ്കിലും ഒന്ന് കഴിച്ചെന്നു വരുത്തി, ഒരു പഴയ ഷർട്ടും എടുത്തിട്ട് ഒരിറക്കമാണ് ... കൂട്ടുകാരെല്ലാം കൂടെ ആ നാട്ടിലെ പറമ്പുകളെല്ലാം കയറിയിറങ്ങുകയായി. അതിനിടയിൽ മാവിൽ കല്ലെറിയുക, പ്ലാവിൽ കയറി പഴുത്ത ചക്ക ഇടുക, കമ്പിളി നാരങ്ങാ കുലുക്കി വീഴ്ത്തി പൊളിച്ചു കഴിക്കുക, അമ്പഴങ്ങ പറിക്കുക, വാളൻപുളി അരിഞ്ഞത് ഉപ്പും ചേർത്ത് കഴിയ്ക്കുക ..... എന്നിങ്ങനെയുള്ള കലാപരിപാടികൾ നിർബാധം അരങ്ങേറുന്നുണ്ടാവും. പക്ഷെ, ഈ പറമ്പിന്റെയൊന്നും ഉടമകൾ ഞങ്ങളെ ചീത്ത വിളിക്കാറില്ല, പകരം അവർ പറയും
"ആഹാ ...വന്നല്ലോ വാനരപ്പട....എടാ പിള്ളേരെ സൂക്ഷിച്ചു കേറണേ മരത്തിൽ ....". (നാട്ടിൻപുറം നന്മകളാൽ സമൃദ്ധം).
അത്യാവശ്യം വയറു നിറഞ്ഞാൽ പിന്നെ കളികളായി. വട്ടുകളി(ഗോലികളി), സാറ്റുകളി, തലമ-പന്ത്, നാടൻ-പന്ത്, അയാം- എ-ഡോങ്കി, കല്ലുകളി, കിളിത്തട്ടുകളി ..... ഇങ്ങളെ കളികൾ നാനാവിധം. എല്ലാം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോൾ നേരം സന്ധ്യ കഴിഞ്ഞിട്ടുണ്ടാകും!
വയലിൽ ഉഴുതിട്ടു വരുന്ന കോലത്തിലാകും എല്ലാവരും ആ സമയം. പതുക്കെ, വീടിന്റെ പുറകിൽ കൂടി ചെന്ന് ഒച്ചയുണ്ടാക്കാതെ അമ്മയെ വിളിയ്ക്കും. അച്ഛനറിയാതെ അമ്മ വേറെ ഒരു നിക്കർ എടുത്തു തരും. കുളിക്കാനുള്ള വെള്ളം ഒരു പാത്രത്തിൽ മുറ്റത്ത് വച്ചിട്ടുണ്ടാകും. ഒച്ചയുണ്ടാക്കാതെ ഒരു കുളിയും കഴിഞ്ഞു, അടുക്കളയിൽ തന്നെ ഇരുന്നു അത്താഴവും കഴിച്ചു നേരെ തറയിൽ വിരിച്ച പായയിൽ കയറി കിടക്കും. താൻ പതുക്കെ ഉറക്കം പിടിയ്ക്കുമ്പോൾ അച്ഛൻ അമ്മയോട് ചോദിക്കുന്നത് കേൾക്കാം..... "എടീ അവൻ വല്ലതും കഴിച്ചിട്ടാണോ കിടക്കുന്നത്? ...പാവം, ഞാൻ വഴക്കു പറഞ്ഞാലോ എന്നു കരുതിയാവും മിണ്ടാതെ കിടന്നത് .. .." എന്ന്.
നേരം വെളുത്താൽ പിന്നെ, എല്ലാം തലേന്നത്തെ പോലെ. വല്ലതും ഒന്ന് കഴിച്ചെന്നു വരുത്തുക , പിന്നെ കൂട്ടുകാരുടെ അടുത്തേയ്ക്ക് ഓടുക. അന്നൊരു പക്ഷെ അമ്പലക്കുളത്തിലേക്കാവും ഞങ്ങളുടെ യാത്ര.
അന്നൊക്കെ ക്രിക്കറ്റ് ജനപ്രിയമായി വരുന്നതേ ഉള്ളൂ. പക്ഷെ ഞങ്ങൾ കളിയ്ക്കും. തെങ്ങിൻ മടലിന്റെ ബാറ്റുകൾ ഉണ്ടാക്കുന്നതിൽ മിടുക്കരായ ചേട്ടന്മാർ ധാരാളം ഉണ്ടായിരുന്നു. പിന്നെ ബോൾ. അതാണ് രസം. കോർക് ബോളോന്നും വാങ്ങാൻ കാശില്ലാത്ത കാലം. കാശാവ് (കായാവ്) മരത്തിന്റെ വലിയ മുട്ടി എടുത്തു പാറയിൽ ഉരച്ച് ഉരച്ച് ക്രിക്കറ്റ് ബാളിന്റെ വലുപ്പത്തിലും ആകൃതിയിലും ആക്കിയെടുത്ത്, അതിലായിരുന്നു ഞങ്ങളുടെ ക്രിക്കറ്റ് കളി. അതും നാട്ടിലെ തെങ്ങിൻ തോപ്പിൽ. എല്ലാവരും അന്ന് കപിൽദേവും സിദ്ധുവും ഒക്കെ ആയിരുന്നു.
പക്ഷെ ഒരു ദിവസം പെട്ടെന്ന് ആ കളി നിന്നുപോയി. കാരണം അറിയണ്ടേ?
നേരത്തെ പറഞ്ഞല്ലോ മരത്തിന്റെ ബോൾ ആണ് ഉപയോഗിച്ചിരുന്നത് എന്ന്. ഒരു ദിവസം നമ്മുടെ സിദ്ധു ഒരു സിക്സ് അടിച്ചതാ. പന്ത് നേരെ ഒരു തെങ്ങിൽ കൊണ്ട്, എവിടെയോ നോക്കി വായും പൊളിച്ചുനിന്ന ഫീൽഡർ ചേട്ടന്റെ കൺപുരികത്തിലാ ലാൻഡ് ചെയ്തത്. ഉച്ച സമയം. കുടുകുടാ ഒഴുകിയ ചോര കണ്ട് എല്ലാവരും കൂട്ടക്കരച്ചിലായി. ചുറ്റുമുള്ള വീട്ടുകാർ ഓടിയെത്തിയപ്പോൾ ദാ കിടക്കുന്നു നമ്മുടെ ഫീൽഡർ ചേട്ടൻ രക്തത്തിൽ കുളിച്ച്. നേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക്. ഒരാഴ്ചയ്ക്കു ശേഷമാണ് ആൾ നാട്ടിൽ തിരിച്ചെത്തിയത്. ഈ സംഭവം നടന്നു, ചേട്ടനെ ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ തന്നെ ബാക്കി നാട്ടുകാർ, കണ്ണിൽ ചോരയില്ലാതെ ഞങ്ങളുടെ ബാറ്റുകളും പിന്നെ ആ (പാവം) പന്തും ഒക്കെ വെട്ടിക്കീറി കളഞ്ഞു. കൂടെ വീട്ടുകാരുടെ വക സുഗ്രീവാജ്ഞയും.... മേലിൽ ഈ 'മടലും കൊമ്പും കൊണ്ടുള്ള ഒരു കളീം ഈ നാട്ടിൽ കണ്ടേക്കരുത്....".
ഹും ... അവർ അറിഞ്ഞിരുന്നില്ലല്ലോ അവർ ഇല്ലാതാക്കി കളഞ്ഞത് എത്രയെത്ര ഭാവി സച്ചിനെയും ഗാംഗുലിയെയും ഒക്കെ ആയിരുന്നു എന്ന്!!
അങ്ങിനെ, ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞു വീണു കൊണ്ടേയിരിക്കും. ഏതാണ്ട് മെയ് മാസം പകുതിയോട് അടുക്കുമ്പോൾ അച്ഛനും അമ്മയും വല്ലാതെ ആശങ്കാകുലരാകുന്നത് കാണാം. പാവങ്ങൾ. സ്‌കൂൾ തുറക്കുമ്പോൾ തനിയ്ക്ക് പുതിയ യൂണിഫോം, പുസ്തകം, കുട.... എല്ലാം വാങ്ങാനുള്ള കാശുണ്ടാക്കണ്ടേ? അതോർത്താണ്.
അന്നൊക്കെ താൻ വിചാരിച്ചിരുന്നു. "ശ്ശെടാ ... ഇതിവർക്ക് നേരത്തെ അറിയാൻ പറ്റില്ലേ? ജൂണിൽ സ്‌കൂൾ തുറക്കുമെന്ന് .. അപ്പോൾ അതിനുള്ള കാശ് നേരത്തെ ഉണ്ടാക്കി വച്ചുകൂടേ ?"
[പക്ഷെ, ഇന്നാണ് താൻ അവരുടെ ആ കഷ്ടപ്പാടുകൾ തിരിച്ചറിയുന്നത്. അഞ്ചക്ക ശമ്പളം വാങ്ങുന്നവരാണ് താനും ഭാര്യയും. എന്നിട്ടും, രണ്ടു കുട്ടികളുടെ പഠനത്തിന്റെ ചിലവ് താങ്ങാൻ ചിലപ്പോഴൊക്കെ തങ്ങൾ വല്ലാതെ കഷ്ടപ്പെടുന്നു !]
ആരുടെയെങ്കിലും കയ്യിൽ നിന്നും കടം വാങ്ങിയ കാശിന് അച്ഛൻ രണ്ടു ജോടി കോട്ടൺ യൂണിഫോം തുണി വാങ്ങും. ഞങ്ങളുടെ നാട്ടിൽ ഒരു തുണിക്കടയുണ്ട്. "പാപ്പന്റെ കട". അവിടെ നിന്നാണ്. ആളങ്ങു ചെന്നാൽ മതി അവരുടെ ബജറ്റിനു പറ്റുന്ന തുണി അപ്പോൾ തന്നെ പാപ്പൻ ചേട്ടൻ മുറിച്ചിരിയ്ക്കും. ഇനി, ഇത്തിരികൂടെ വിലയുള്ള തുണി വേണം എന്നെങ്ങാൻ പറഞ്ഞാലോ? അപ്പോൾ പാപ്പൻ ചേട്ടൻ പറയും " ഏയ് ... അതൊന്നും നമുക്ക് പറ്റില്ല .. നമുക്ക് ഇത് മതി...". പാപ്പൻ ചേട്ടൻ പറഞ്ഞാൽ പിന്നെ അപ്പീലില്ല.
ഇനിയാണ് മറ്റൊരു പ്രശ്നം. മെയ്മാസം പകുതി കഴിഞ്ഞതു കൊണ്ട് നാട്ടിലെ അറിയപ്പെടുന്ന തയ്യൽക്കാരെല്ലാം 'ഫുൾ ടൈറ്റ്' ആയിരിയ്ക്കും., പിന്നെ അവരിൽ ആരെയെങ്കിലും ഒരാളെ അച്ഛൻ നിർബന്ധിച്ചു ആ തുണി ഏല്പിയ്ക്കും. തയ്‌ക്കാനുള്ള അളവ് കൊടുക്കാൻ പോകുന്ന ദിവസം താൻ വളരെ സന്തോഷത്തിലായിരിയ്ക്കും. കാരണമെന്താണെന്നോ? തിരികെ വരുന്ന വഴി രാമൻ ചേട്ടന്റെ ചായക്കടയിൽ നിന്നും ഒരു ഏത്തയ്ക്ക ബോളിയും (അല്ലെങ്കിൽ പപ്പട ബോളി) പിന്നെ ഒരു ചായയും അച്ഛൻ വാങ്ങിത്തരും ! പുക പിടിച്ച കണ്ണാടി അലമാരയ്ക്കുള്ളിൽ നിന്നും തന്നെ എന്നും കൊതിപ്പിച്ചിരുന്ന ആ ബോളി കയ്യിൽ കിട്ടുമ്പോൾ അനുഭവിച്ചിരുന്ന ആ സന്തോഷം ഉണ്ടല്ലോ .... അത് പറഞ്ഞറിയിക്കാൻ വയ്യ.
പിറ്റേന്ന് വൈകുന്നേരം മുതൽ അച്ഛൻ വരുന്നതും നോക്കി ഉറങ്ങാതെ ഇരിക്കും. യൂണിഫോമിന്റെ പൊതി കയ്യിൽ ഉണ്ടോ എന്നറിയാനാണ്. എന്നും നിരാശയാവും ഫലം. മിക്കവാറും സ്‌കൂൾ തുറക്കുന്നതിന്റെ തലേന്ന് അച്ഛൻ തയ്യൽക്കാരനോട് വഴക്കിട്ടാകും ഒരുതരത്തിൽ ആ രണ്ടു ജോടി യൂണി ഫോം തയ്ച്ചു വാങ്ങുന്നത്. തയ്യൽക്കാരനെയും കുറ്റം പറയാൻ പറ്റില്ല. രൊക്കം പണം കിട്ടുന്ന ജോലിയല്ലെ അയാൾ ആദ്യം ചെയ്യൂ?
മെറൂൺ കളർ നിക്കറും വെള്ള ഷർട്ടും. അതായിരുന്നു മിക്കവാറും എല്ലാ ക്ലാസിലെയും യൂണിഫോം. കിട്ടിയ ഉടനെ അതൊന്നിട്ടു നോക്കും. എന്നിട്ടു ചുമരിലെ നിറം മങ്ങിയ ചെറിയ കണ്ണാടിയുടെ മുന്നിൽനിന്നു അങ്ങോട്ടുമിങ്ങോട്ടുമൊക്കെ ചാഞ്ഞും ചരിഞ്ഞും നോക്കും. എന്തിനെന്നറിയില്ല, ആ സമയം അച്ഛനും അമ്മയും കണ്ണ് തുടയ്ക്കുന്നതു കാണാം.
പിന്നെ, അമ്മ പറയും "ഇനി മോൻ പോയി കിടന്നോ... അമ്മ യൂണിഫോം തേച്ചു വച്ചേക്കാം"...
എന്നു പറഞ്ഞാൽ ഇസ്തിരിയിട്ടു വച്ചേക്കാം എന്ന്. (അന്ന് ഇന്നത്തെ പോലെ ഇസ്തിരിയിട്ടു മടക്കിയൊന്നുമല്ല തയ്യൽക്കടയിൽ നിന്നും യൂണിഫോം കിട്ടുന്നത്. ഒരു കഷ്ണം ന്യൂസ് പേപ്പറിൽ, ഒരു മാതിരി പുട്ടു പൊതിയും പോലെ പൊതിഞ്ഞാണ് കേട്ടോ).
ഇസ്തിരി പെട്ടി ഇല്ലാത്തതിനാൽ, എന്റെ സ്റ്റീൽ ചോറ്റുപാത്രത്തിൽ തിളച്ച വെള്ളം ഒഴിച്ച്, അത് കൊണ്ടാണ്അമ്മ ഇസ്തിരിയിട്ടിരുന്നത്. കണ്ണിമ വെട്ടാതെ താൻ അതും നോക്കി, താടിയ്ക്കു കയ്യും കൊടുത്തു്, അമ്മയുടെ അരികിൽ തന്നെ അങ്ങിനെ ഇരിയ്ക്കും.
രാത്രിയിൽ അച്ഛൻ എന്റെ ആ പഴയ കുട എടുത്തു പൊടിയൊക്കെ തട്ടിക്കളഞ്ഞു റെഡി ആക്കി വയ്ക്കും. ആ വർഷം പുതിയ ഒരു കുട കൂടെ വാങ്ങാൻ ഉള്ള കാശ് മിക്കവാറും തികഞ്ഞിട്ടുണ്ടാവില്ല.
വേറെ എന്നു പെയ്തില്ലെങ്കിലും സ്‌കൂൾ തുറക്കുന്ന ദിവസം രാവിലെ അന്നൊക്കെ കനത്ത മഴ തന്നെ പെയ്തിരിക്കും. തീർച്ച.
പിന്നെ.... മനസില്ലാമനസോടെ പതുക്കെ ഉറങ്ങാൻ പോകും. ഉള്ളിൽ നിറയെ, പുത്തൻ ഉടുപ്പിട്ട് സ്‌കൂളിൽ പോകുന്ന ആ നല്ല നാളെയെ സ്വപ്നം കണ്ടു കൊണ്ട്...!!
****
"ഡാഡി ...ഡാഡി .... ഡാഡിയെന്തിനാ കരയുന്നത് ?.... മമ്മി ദേ ഡാഡി കണ്ണടച്ചു കിടന്നു കരയുന്നു ..."
മോൾ വന്നു കുലുക്കി വിളിച്ചപ്പോഴാണ് താൻ മയക്കത്തിൽ നിന്നും ഉണർന്നത്
"ആര് കരഞ്ഞു ? ..മോൾക്ക് തോന്നിയതാവും ... മോൾ പഠിച്ചു കഴിഞ്ഞോ ? .. അച്ഛൻ ഒന്ന് കുളിച്ചിട്ട് ദാ... ഇപ്പോൾ വരാം... "
വേഗം തോർത്തുമെടുത്തു കുളിമുറിയിലേയ്ക്ക് നടക്കുമ്പോൾ, അടുക്കളയിൽ നിന്നും ഭാര്യ ചിരിച്ചുകൊണ്ട് പതുക്കെ പറയുന്നതു കേട്ടു ...
'മ്മ് ..മ്മ് ..... നൊസ്റ്റാൾജിയ ...നൊസ്റ്റാൾജിയ.."
മറുത്തൊന്നും പറയാൻ പോയില്ല ....
മെട്രോ നഗരത്തിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠിച്ച അവൾക്കെന്തു നൊസ്റ്റാൾജിയ, എന്ത് വേനലവധി ? ... എന്ന് വെറുതെ മനസ്സിൽ പറഞ്ഞു ...!!
*****
--ബിനു മോനിപ്പള്ളി
****************************
Blog: https://binumonippally.blogspot.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്
Comments
Post a Comment