ബാക്കിപത്രം [ഗദ്യ കവിത]
ബാക്കിപത്രം
[ഗദ്യ കവിത]
ആ നാട്
സുന്ദരമായിരുന്നു
അവിടുത്തെ ജനങ്ങൾ
പൊതുവെ
സമാധാനപ്രിയരും...
അവർ
പലനിറത്തിലുള്ള കൊടികൾ
കൈകളിലേന്തിയിരുന്നു
എന്നാൽ...
നിറങ്ങൾ കൊടികളിൽ
മാത്രമായിരുന്നു...
ഒരു ദിനം
പൊടുന്നനെ, അവനെത്തി
എല്ലാം നക്കിത്തുടച്ച്,
അവനകന്നപ്പോൾ
ഒന്നും ബാക്കിയായിരുന്നില്ല.
കൊടികളുടെ നിറങ്ങൾ
ഒഴുകിയിറങ്ങിയിരുന്നു
എല്ലാം
വെളുപ്പായി മാറിയിരുന്നു!
പിന്നെ
അവർ കൈമെയ് മറന്നു
മനസുകളും വെളുപ്പായി മാറി
അവർ
ഉയിർക്കുകയായിരുന്നു..
ദുരിത
'ആശ്വാസ'മെത്തിയപ്പോൾ
അവർക്കു തോന്നി
കൊടികൾക്കു നിറം
അത്ര പോരെന്ന് !
വെള്ളക്കൊടികളിൽ
അവർ
കടുംനിറങ്ങൾ മുക്കി
ഒരു കാവി ചുവപ്പായി
പല ചുവപ്പു കാവിയായി
പിന്നെ
ബാക്കിയായവ
പച്ചയും നീലയും മഞ്ഞയുമായി
ഇടയ്ക്കൊരു വെളുപ്പ് കറുപ്പായി
എന്നാൽ
കാണേണ്ടവർ
അതു കണ്ടെന്നു നടിച്ചില്ല
ആ മാറ്റം,
വിശുദ്ധമായിരുന്നത്രെ... !
അന്ത്യ വിധി വന്നു
ചിലരതിനെ
നവോത്ഥാനം എന്നു വിളിച്ചു
മറ്റുചിലർ
ആചാരലംഘനമെന്നും
പിന്നെ
അവർ സ്വന്തം കൊടികൾ
വാനിലേക്കുയർത്തി
ആരു ജയിക്കുമെന്നറിയാൻ
ആരു തോൽക്കുമെന്നും
കൊടി താഡനത്താൽ ചിനച്ച
മേഘത്തെ
അവർ
'ഗജ'ഭേരിയായ് തെറ്റിദ്ധരിച്ചു
മതേതരം
എവിടെയോ യാത്ര പോയി
പകരം
ഡെപ്യുട്ടേഷനിൽ
മറ്റൊരാൾ എത്തി
പക്ഷെ,
നാമം രഹസ്യമായിരുന്നു
എല്ലാവരും അതൃപ്തർ
തൃപ്തി ആകട്ടെ
ചാനലുകൾക്കു മാത്രമായിരുന്നു
അവർ കണ്ണടച്ചില്ല
പകരം, എല്ലാം കണ്ടു
പിന്നെ
എല്ലാം കാണിച്ചു
അങ്ങിനെ
നാടെരിയുമ്പോൾ,
ആരോ ഒരാൾ വീണ വായിച്ചു.
പക്ഷേ ആരുമത് കേട്ടില്ല
കാരണം
അവിടെ നിരോധനാജ്ഞയായിരുന്നു
ക്ഷമ കെടുമ്പോൾ ?
അവൻ വീണ്ടും വരും
ഒന്നുകൂടി കഴുകിയിറക്കാൻ
നക്കിത്തുടയ്ക്കാൻ
നിറങ്ങളെ മായ്ക്കാൻ...
എല്ലാം
വെളുപ്പിയ്ക്കാൻ..!!
ആ വരവിനായ്
അവർ കാത്തിരിയ്ക്കുന്നു
അത്
സ്വന്തം നാശമെന്നറിയാതെ....
ഇവരെ എന്ത് വിളിയ്ക്കണം?
തനി ശുംഭരെന്നോ?
അതിബുദ്ധരെന്നോ ?
പോവുക
ദർപ്പണം നോക്കുക
സ്വയം
തീരുമാനിയ്ക്കുക
എന്നിട്ട് ?
അവനെ വരവേൽക്കാൻ
ഒരുങ്ങിയിരിയ്ക്കുക.
അവനാണ് ഇനി ഏകരക്ഷ ...!!
*****
ഇതു ബാക്കിപത്രം.....
മഴയുടെ,
മലയുടെ....
പിന്നെ,
എന്റെയീ നാടിന്റെ ......!!
--ബിനു മോനിപ്പള്ളി
*************
Blog: https://binumonippally.blogspot.com
പിൻകുറിപ്പ്: ഗദ്യ കവിതയിലെ എന്റെ ആദ്യ പരീക്ഷണം.
Comments
Post a Comment