എല്ലാമെല്ലാം അയ്യപ്പൻ [ഭക്തിഗാനം]
ആലംബമില്ലാത്തൊരടിയന്റെ മനസിന്റെ
ഒരു കോണിൽ നീയെന്നുമുണ്ടാകണം
കണ്ണുനീർ കൊണ്ടു ഞാൻ നല്കിടാമർച്ചന
കൈകൂപ്പിയെന്നുമേ പ്രാർത്ഥിച്ചിടാം
കലികാല ദുഃഖങ്ങൾ നിഴൽ വീശിയാടുന്നൊ-
രടിയന്റെ മനസ്സിലെ അന്ധകാരം
കലിയുഗവരദനാം അവിടുത്തെ കൃപയിലി-
ന്നടിയോടെ മാറണേ തമ്പുരാനേ .....
ഇഹലോക ദുഖങ്ങൾ ഇരുമുടിയാക്കി ഞാൻ
പതിനെട്ടുപടി കേറി എത്തിടുമ്പോൾ
അഭിഷേകവേളയാണെങ്കിലും നീയെനി-
യ്ക്കൊരുവേള ദർശനം നല്കീടണേ ....
നെയ്‌ത്തേങ്ങയുടയുന്നൊരവിടുത്തെ നടയിൽ ഞാൻ
അഞ്ജലി ബദ്ധനായ് നിന്നിടുമ്പോൾ
കർപ്പൂര ദീപമായ് നീയെന്നിലെരിയണേ
കന്മഷമൊക്കെയും നീക്കീടണേ ....
അരവണപ്പായസം രുചിയായ് കഴിച്ചു ഞാൻ
ശബരി തൻ മാമല വിട്ടിടുമ്പോൾ
എന്നുള്ളിലെന്നുമേ കുടികൊണ്ടു വാഴണേ
ഹരിഹര തനയനാം അയ്യപ്പനേ .....
--ബിനു മോനിപ്പള്ളി
*************
Blog: https://binumonippally.blogspot.com
Comments
Post a Comment