ഒരു വാലുമുറിയൻ പ്രതികാര കഥ [ചെറുകഥ]

ഒരു വാലുമുറിയൻ പ്രതികാര കഥ

കഥ തുടങ്ങുന്നതിനു മുൻപേ തന്നെ ഒരു അഭ്യർത്ഥന ഉണ്ട് കേട്ടോ ....

ദേ .... ഈ വായന ഇങ്ങനെ പകുതി വച്ച് മതിയാക്കി അങ്ങ് പോയേക്കല്ല് ...

വേറൊന്നുമല്ല, ഇതേ... ഇത് എന്റേം കൂട്ടുകാരുടെം മാത്രമല്ല ഞങ്ങളുടെ വർഗ്ഗത്തിന്റെ മൊത്തം ആത്മനൊമ്പരങ്ങൾ ആണേ .... പിന്നെ പ്രതികാരവും..!!

അതുകൊണ്ട് , എന്റെ പൊന്നു ടീമേ .. ഇടയ്ക്കു വച്ച് മുങ്ങിയേക്കല്ലേ....

അപ്പൊ തുടങ്ങാം .... അല്ലേ ?

ദാ ..നല്ലരീതിയിൽ കഥ തുടങ്ങാം എന്ന് കരുതിയപ്പോഴേയ്ക്കും ഇയാള് എന്നെ പിടിച്ചു ഞെക്കാനും, തേയ്ക്കാനും തുടങ്ങിയല്ലോ .... ഇങ്ങിനെ ആയാൽ ഞാൻ എങ്ങിനെ കഥ പറയും ?

മുൻപൊക്കെ ഇവന്മാർ, ഈ മൊയ്‌ലാളിമാർ എത്ര ഡീസന്റ് ആയി, കരുതലോടെയാണ് ഞങ്ങളെ കൈകാര്യം ചെയ്തിരുന്നത് എന്നറിയാമോ ? വളരെ സൂക്ഷിച്ച്, തൂത്തു തുടച്ച്, സാവധാനം  ഞങ്ങളെ മേശപ്പുറത്തു വയ്ക്കുമായിരുന്നു. അതും മേശയ്ക്കു പോലും വേദനിയ്ക്കാതെ. ഇടയ്ക്കൊക്കെ എടുത്തു ഒന്ന് നോക്കും, എന്നിട്ട്  അതേപടി മേശമേൽ വയ്ക്കും. 'പൊന്നു പോലെ' എന്നൊക്കെ പറയില്ലേ ..? ഏതാണ്ട് അതു തന്നെ.

ഓ ..അന്നൊക്കെ ഒരു സന്ദേശം വരുന്നത് ഞങ്ങൾക്ക് എന്തൊരു ഗമ ആയിരുന്നെന്നോ ? ണിം...ണിം എന്ന് കേൾക്കുന്നതും ഓടിവന്നു ഞങ്ങളെ എടുക്കും ..എന്നിട്ടോ, ഞങ്ങടെ ഒരു ബട്ടണു പോലും വേദനിയ്ക്കാതെ, ആ സന്ദേശം നോക്കും .. ഒരു മറുപടിയും അയയ്ക്കും .... പിന്നെ ചിലപ്പോൾ മണിക്കൂറുകൾ കഴിയാം, അതിന്റെ മറുപടിയോ അല്ലെങ്കിൽ മറ്റൊരു സന്ദേശമോ എത്താൻ.

അതൊക്കെ ഒരു കാലം ...!

വിളികളാവട്ടെ, വല്ലപ്പോഴും ഒരിയ്ക്കൽ മാത്രം വിരുന്നു വരുന്ന വി വി ഐ പി കൾ ആയിരുന്നു. വന്നാലും ഒന്നോ രണ്ടോ പറഞ്ഞ് വേഗം വയ്ക്കും. കാരണം, അന്നൊക്കെ ഞങ്ങളുടെ ഒരു സെക്കന്റിനു പോലും പൊന്നുംവില ആയിരുന്നന്നേ ....

അങ്ങിനെ, സർവ ഗമയോടെയും, രാജകീയ പ്രൗഢിയോടെയും  കഴിഞ്ഞിരുന്ന ഞങ്ങളാ  .... പക്ഷെ ഇന്നോ ?

ഇന്നിപ്പോൾ ഞങ്ങളെ ഇവന്മാർ (ഇവളുമാരും) കയ്യിൽ നിന്നും ഒന്ന് നിലത്തു വച്ചിട്ട് വേണ്ടേ ?  സദാ സമയവും ഞങ്ങളുടെ നെഞ്ചിൽ ഈ കുത്തോട് കുത്ത് ... പിന്നെ  വെറ്റിലയിൽ ചുണ്ണാമ്പ് തേയ്ക്കുന്നത് പോലെ ഈ തേയ്ക്കലും .....!

[അവന്മാർ എന്ന് പറയുമ്പോൾ അവളുമാർ എന്ന് കൂടി പറഞ്ഞില്ലെങ്കിൽ, ഇനി അതെങ്ങാൻ ലിംഗനീതി-തുല്യനീതി-ലംഘനം ആയാലോ ? വെറുതെ ആ കുറ്റം കൂടി തലയിൽ വയ്ക്കാൻ ഞങ്ങക്ക് വയ്യേ ...!]

എന്തൊക്കെ സന്ദേശങ്ങൾ ആണെന്നോ ഞങ്ങളെ കൊണ്ട് ഇപ്പോൾ ചുമപ്പിയ്ക്കുന്നത് ... ഓർക്കുമ്പോൾ തന്നെ നാണം വരുന്നു ... അവന്മാർക്ക് (അവളുമാർക്കും) അതൊന്നും ഒരു പ്രശ്നമേയല്ല .... സന്ദേശങ്ങൾ മാത്രമോ ? ചിത്രങ്ങളോ ? ഒന്നും പറയണ്ട....!

ചില മൊയ്‌ലാളിമാർ അയയ്ക്കുന്ന ചില വീഡിയോകൾ ഒക്കെ കണ്ടു, ഞങ്ങൾ തന്നെ കണ്ണ് പൊത്താറുണ്ട്.

ഇടയ്ക്കു തീർത്തും മടുക്കുമ്പോൾ ഞങ്ങൾ ഒന്ന് പണിമുടക്കും .... അപ്പോൾ ആണ് പുകില് ... ഉടനെ ഞങ്ങടെ നിറുകംതലയിൽ ദേഷ്യത്തോടെ ഞെക്കി പിടിയ്ക്കും. ഞങ്ങൾ വേദന കൊണ്ട് പിടയുമ്പോൾ അവർ കയ്യെടുക്കും.  വീണ്ടും ഞെക്കും. നിറകണ്ണുകളോടെ ഞങ്ങൾ പാവങ്ങൾ, വീണ്ടും ഞങ്ങടെ പണി തുടങ്ങും .....

ഈ നിറുകംതല പ്രയോഗം കാരണം ഞങ്ങളുടെ കൂട്ടരിൽ പെട്ട ചിലർ ദാ ഹെൽമെറ്റ് വച്ചു. അപ്പോൾ നെഞ്ചിന്റെ വശം ചേർന്നായി ഈ ഞെക്കൽ .... എന്തായാലും ഞങ്ങളെ വിടില്ല ഇവന്മാർ .... ഇവളുമാരും ....!

ഇനി ഞങ്ങളുടെ ചില കൂട്ടുകാർ പറയുന്നത് കേൾക്കണം ... അവൻമാരുടെ മൊയ്‌ലാളിമാർക്ക് എന്തോ ഒരു രോഗം ഉണ്ടത്രെ .... എന്താ അത് ? 'സെൽഫി മാനിയ' പോലെ എന്തോ ഒരു കുന്ത്രാണ്ടം പിടിച്ച പേരാ അതിന്  ....

ചാഞ്ഞും, ചരിഞ്ഞും. മറിഞ്ഞും. കിടന്നും. ഇരുന്നും....  ഒക്കെയുള്ള അവരുടെ സ്വന്തം ഫോട്ടോ എടുത്തു കൊടുക്കണം ഞങ്ങൾ. അതും എല്ലാ നേരവും ... അങ്ങോട്ടു തിരിഞ്ഞാൽ ഫോട്ടോ, ഇങ്ങോട്ടു തിരിഞ്ഞാൽ ഫോട്ടോ, ആഹാരം കഴിയ്ക്കുന്നതിനു മുൻപ്, ശേഷം, ബാത്റൂമിൽ പോകുന്നതിനു മുൻപ്, ശേഷം ... അങ്ങിനെ ഫോട്ടോയോടു ഫോട്ടോ .... !

ഇനി എടുക്കുന്ന ഫോട്ടോ സിനിമാതാരത്തിന്റേതു പോലെ ആയില്ല എന്നും പറഞ്ഞ് അതിനും ചീത്ത പാവം ഞങ്ങൾക്കാ.  ഞങ്ങളിൽ എത്ര പേരെയാണ് ആ പേരും പറഞ്ഞു വെറുതെ കണ്ണിൽച്ചോരയില്ലാതെ നിലത്ത്  എറിഞ്ഞുടച്ചിരിയ്ക്കുന്നത് എന്നറിയാമോ?
("കാക്ക കുളിച്ചാൽ കൊക്കാകില്ല എന്ന് ഈ മറുതയോട് ആരേലും ഒന്നു പറഞ്ഞു കൊടുക്ക്വോ ....." എന്നു വരെ മനസ്സിൽ പറഞ്ഞിട്ടുണ്ട് ഞങ്ങൾ....  ഒന്നല്ല, ഒരായിരം വട്ടം).

മൊട്ടേന്നു വിരിയാത്ത പൊടികൾ മുതൽ കുഴിയിലേക്കു കാലും നീട്ടി ഇരിയ്ക്കുന്ന മുതുമുതുക്കർ വരെ ഞങ്ങളെ കൊണ്ട് ചെയ്യിപ്പിയ്ക്കുന്ന (മൂരി)ശൃംഗാരവും കൊഞ്ചികുഴയലും ഒക്കെ  വേറെ ആരേലും കേട്ടാൽ ..... അയ്യയ്യേ ......!

എന്റെ ദൈവമേ .. അത് പറഞ്ഞപ്പോൾ ആണ് ഓർത്തത് .... പണ്ട് പണ്ടൊരു മന്ത്രിയും പിന്നെ കുറെ പരിവാരങ്ങളും കൂടെ സൗരോർജംന്നു പറഞ്ഞ് ഞങ്ങളെ കൊണ്ട് എന്തൊക്കെയാ ചെയ്യിച്ചേന്നു നിങ്ങൾക്കറിയോ ? ഓ... ആ സമയത്ത് അത് നമ്മടെ യൂട്യൂബിൽ തേടാൻ ഈ നാട്ടാർക്കൊക്കെ എന്തായിരുന്നു ഊർജ്ജം.... ഞങ്ങളെ കൊണ്ട് പെടാപ്പാടല്ലേ പെടീച്ചത്? അല്ലേ വേണ്ട.... അതൊന്നും ഇവിടെ പറയാൻ പറ്റണ കാര്യങ്ങളല്ലന്നേ ... !

പിന്നെ, ആ ഏടാകൂടത്തിൽ നിന്നും, ഒരു കണക്കിന് ഞങ്ങൾ രക്ഷപെട്ടിരിക്കുമ്പോൾ ആണ് ദാ വേറൊരു മൂപ്പിലാൻ  ഒരു പൂച്ചക്കുട്ടിയും ആയി വരുന്നത് ..... ആ.... കടിയ്ക്കുമെന്നോ തിന്നുമെന്നോ പിന്നെ വേറെ എന്തൊക്കെയോ പറഞ്ഞു .... നാണിച്ചു ചെവി പൊത്തിയതിനാൽ ബാക്കി ഞങ്ങൾ പോലും കേട്ടില്ല. പക്ഷെ ഏതോ എരണംകെട്ട ചില ചാനലുകാർ അതെല്ലാം ചോർത്തി....  നാട്ടാര് മുഴുവനും കേക്കുകേം ചെയ്തു. അയ്യേ ..അതൊക്കെ പറഞ്ഞാൽ കഥ ആകെ പൈങ്കിളിയാകും .. അതും വേണ്ട .... വിട്ടേക്കാം.

പകലത്തെ ഈ വക തക്കിട, തരികിട പരിപാടി ഒക്കെ കഴിയുമ്പോൾ, മിക്കവരും രാത്രി പതുങ്ങി പതുങ്ങി ഞങ്ങളുടെ അടുത്തു വരും ... അവർക്ക്‌ വീഡിയോ വേണമത്രേ .. ഏത്? ങ്ങക്ക് മനസ്സിലായോ ? അത് തന്നെ. അനുസരിച്ചല്ലേ പറ്റൂ ... മൊയ്‌ലാളി അല്ലെ ? അതും ഞങ്ങൾ വരുത്തി കൊടുക്കും ...

പിന്നെ ഇപ്പോൾ ചെറിയ ഒരു ആശ്വാസം ഉണ്ട്. പലർക്കും ആ വീഡിയോസ് ഒന്നും, എത്ര ചോദിച്ചാലും കൊടുക്കേണ്ട എന്നാ ഞങ്ങളോട് ഞങ്ങടെ നേതാവ് പറഞ്ഞേക്കുന്നെ ....മനസിലായില്ലേ ? വേറെ ആരുമല്ല ഞങ്ങടെ ട്രായി ഭായി. പക്ഷെ വീഡിയോ നോക്കിയിട്ടു കിട്ടാതെ വരുമ്പോൾ ഇവന്മാരുടെ (ഇവളുമാരുടെ) തെറിവിളി ഉണ്ടല്ലോ .... അസഹനീയം പ്രഭോ അസഹനീയം....

ഞങ്ങടെ ടവറമ്മച്ചിയാണെ... അത് സഹിയ്ക്കാൻ പറ്റൂല്ല കേട്ടോ .....

അയ്യയ്യോ ... പറഞ്ഞു പറഞ്ഞു വന്നപ്പോൾ, പറയാൻ വന്ന കാര്യം മറന്നും പോയി. കഥയിപ്പം, കപ്യാര് പണ്ട് ചുങ്കത്തിന് പോയപോലെ ആയിപ്പോയേനെ.

എന്താന്നോ ? ങാ ... നമ്മടെ വാലുമുറിഞ്ഞ പ്രതികാരത്തിന്റെ കാര്യം തന്നെ... അതല്ലേ നമ്മള് പറയാനെക്കൊണ്ട് വന്നത്....

മേൽപ്പറഞ്ഞ എല്ലാ പണികളും, ഞങ്ങളും ഞങ്ങടെ വർഗക്കാരും ഇവന്മാർക്ക് ചെയ്തു കൊടുത്തു ...ഇപ്പോഴും ചെയ്തു കൊടുക്കുന്നു ..

പക്ഷെ തിരിച്ച് ഇവന്മാർ എന്താ ഞങ്ങളോട് ചെയ്തത് എന്നറിയാമോ ? ഞങ്ങടെ കുടുംബപേര് തന്നെ അവന്മാർ അങ്ങ് മുറിച്ചു മാറ്റിയെന്നെ .... അതും കൂടെ ചേർത്ത് നീട്ടിവിളിയ്ക്കാൻ അവന്മാർക്ക്  വല്യ ബുദ്ധിമുട്ടാണെന്ന് ....

മനസിലായില്ലേ? "മൊബൈൽ ഫോൺ" എന്ന ഞങ്ങളുടെ മുഴുവൻ പേര് ഇവന്മാർ "മൊബൈൽ" എന്നാക്കി വെട്ടിച്ചുരുക്കി. "ഫോൺ" എന്ന ഞങ്ങടെ പുന്നാര തറവാട്ടുപേര് പോയപ്പോൾ, അതിനു പിന്നെന്തെങ്കിലും അർഥം ഉണ്ടോ ? "മൊബൈൽ" എന്ന് പറഞ്ഞാൽ ശരിയ്ക്കും ഞങ്ങളെ കളിയാക്കുന്ന പേരല്ലേ? ഞങ്ങളുടെ ജോലിയുമായി അതിനു വല്ല ബന്ധവും ഉണ്ടോ?

കാലങ്ങളായി, ഞങ്ങളുടെ പിതാക്കന്മാരും പ്രപിതാക്കന്മാരും ഒക്കെ മതിപ്പോടെ കൊണ്ടു നടന്ന "ഫോൺ" ആണ് ഇവന്മാർ ഒന്നും പറയാതെ നിഷ്കരുണം അങ്ങ് വെട്ടി മാറ്റിയത് ...ഞങ്ങടെ ആ കുടുംബപ്പേര് അങ്ങിനെ മാറ്റേണ്ട വല്യ കാര്യവും ഉണ്ടോ ? ഇനി ചെല്ലപ്പര്  വിളിയ്ക്കാൻ വേണ്ടി ആണേൽ "ഫോൺ" എന്ന് വിളിച്ചാൽ പോരേ? എന്തിനാ "മൊബൈൽ" എന്ന് വിളിച്ചേ? ദുഷ്ടന്മാർ..!

എന്തായാലും ഞങ്ങടെ കുടുംബപേര് വെട്ടിയവരെ ഞങ്ങളും വെറുതെ വിട്ടില്ല. അവർ വെട്ടിയത് ഞങ്ങടെ കുടുംബപേര് മാത്രമെങ്കിലും, ഞങ്ങൾ ഇവന്മാരുടെയും/ഇവളുമാരുടെയും കുടുംബം തന്നെയാ ഇപ്പോൾ തച്ചുതകർക്കുന്നത്.....

എത്രയെത്ര കുടുംബങ്ങളെയാ ഞങ്ങൾ ഇതുവരെ തകർത്തു വെറും കുട്ടിച്ചോറാക്കിയത് .... മണ്ടന്മാർ, ഇവന്മാരുണ്ടോ അതറിയുന്നു? അതിനുള്ള പുത്തി ഒന്നും ഞങ്ങടെ ഈ മൊയ്‌ലാളിമാർക്കില്ലാന്നെ....

എങ്ങനാന്നല്ലേ ? പറയാം .....

തമ്മിൽ കൊഞ്ചികുഴയാനും, ശൃംഗരിയ്ക്കാനും, പിന്നെ അവിഹിതം പറയാനുമൊക്കെ ഞങ്ങൾ ഇവർക്ക് ധാരാളം സമയം ഉണ്ടാക്കി കൊടുക്കും .... അതിൽ രസിച്ച്, ഇവരങ്ങിനെ എത്ര നേരം വേണമെങ്കിലും ഇരുന്നോളും .... എന്ന് പറഞ്ഞാൽ എത്ര നേരം വേണേലും .... !

അവസാനം, കുറെ നാൾ കഴിയുമ്പോൾ ആണ്, സ്വന്തം കുടുംബം തകർന്ന് തരിപ്പണമായ വിവരം ഇവന്മാർ/ഇവളുമാർ അറിയുന്നത് തന്നെ ... അപ്പോൾ കരച്ചിലും പിഴിച്ചിലും ഒക്കെ ആയി ഞങ്ങളുടെ അടുത്തു തന്നെ വരും ...

അപ്പോഴല്ലേ നൈസായി അടുത്ത പണി ഞങ്ങൾ കൊടുക്കുന്നത് .... വേറെ ആരെയേലും ഇവന്മാർക്ക് അങ്ങ് മുട്ടിച്ചു കൊടുക്കും .. പിന്നെ അവര് തമ്മിൽ ആയി കിന്നാരം.  ദാ അവിടെ തകരും അടുത്ത കുടുംബം ...

അത് ഞങ്ങളുടെ 'ഫോൺകുടുംബയോഗത്തിന്റെ' ഒറ്റക്കെട്ടായ തീരുമാനം ആണ് ...

തകർക്കും ഞങ്ങ ....
പൊടിയ്ക്കും ഞങ്ങ .....
മൊയ്‌ലാളിമാർക്കിട്ടു .....
പണിയും ഞങ്ങ.....

ഇനി ഏതേലും മൊയ്‌ലാളിമാർ ഇതു മനസിലാക്കി പിന്മാറാൻ ശ്രമിച്ചാൽ... ?

അപ്പോൾ തന്നെ ഞങ്ങൾ കളത്തിലിറക്കും കൂടുതൽ സുന്ദരിയായ, മദാലസയായ ഞങ്ങളുടെ അടുത്ത മോഡലിനെ. എത്ര പൈസ കൊടുത്തും അവളെ സ്വന്തമാക്കാൻ ഈ മരമണ്ടന്മാർ അവിടെ ഓടിയെത്തും  (ചിലരൊക്കെ ലോണെടുത്ത കാശും കൊണ്ടാ ഈ ഓട്ടം... ഹ ...ഹ ...ഹ ..). പിന്നെ അവൾ നോക്കിക്കോളും ബാക്കി കാര്യങ്ങൾ ....!

അവസാനമായി അങ്ങ് പറഞ്ഞേക്കാം .... ഞങ്ങടെ കുടുംബപേര് വെട്ടിയ ഇവന്മാരുടെയൊക്കെ കുടുംബങ്ങൾ, ആകെ അച്ചാലും മുച്ചാലും മുടിയ്ക്കാതെ, കുളം തോണ്ടാതെ, ഞങ്ങൾക്ക് ഇനി ഒരു വിശ്രമം ഇല്ല...

ഞങ്ങടെ ടവർകാവിലമ്മയാണേ... ഫോർജി തമ്പുരാനാണെ ... ഇത് സത്യം .... സത്യം..... സത്യം...!!

കളി ഞങ്ങളോടാ .....?
ഒന്നു പോ മോനെ/മോളെ  മൊയ്‌ലാളീ ...!! ആഹാ ....!!

--ബിനു മോനിപ്പള്ളി

*************
Blog: https://binumonippally.blogspot.com























Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]