ശബരിമല വിവാദം - ബാക്കി വയ്ക്കുന്നത് [ലേഖനം]
ആദ്യമേ തന്നെ ഒരു കാര്യം പറയട്ടെ.
ഈ ലേഖനം, ശബരിമലയിൽ പത്തുവയസിനും അമ്പതുവയസിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾ കയറുന്നതിനെ അനുകൂലിച്ചോ, പ്രതികൂലിച്ചോ ഉള്ള ഒന്നല്ല.
[കാരണം, ആ വിഷയം ആവശ്യത്തിനും, (ഒരുപക്ഷെ) ആവശ്യത്തിൽ കൂടുതലും, എല്ലാവരാലും ഇവിടെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുകയാണല്ലോ!].
പ്രസ്തുത വിഷയം ബാക്കിയാക്കുന്ന ചില വസ്തുതകളെയും, ഉയർത്തുന്ന ചില ചോദ്യങ്ങളെയും, പിന്നെ ചില സംശയങ്ങളെയും കുറിച്ചാണ് ഈ ലേഖനം. ഇവ മൂന്നും, നമ്മുടെ ചാനൽ-രാഷ്‌ടീയ പ്രഭൃതികൾക്കു വലിയ താല്പര്യം ഇല്ലാത്ത വിഷയങ്ങളായതു കൊണ്ടുതന്നെ, മുഖ്യധാരാ ചർച്ചകളിലൊന്നും അവ വരാനും സാധ്യതയില്ല.
1. 'ശബരിമല വിവാദം' കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഏൽപ്പിക്കുന്ന ആഘാതം എന്ത്, എത്ര?
2 . ഈ ഒരു വിഷയം, പലരും പറയുന്നതു പോലെ ഇവിടെ സ്ത്രീ സമത്വം കൊണ്ടുവരുമോ? ഇനി അഥവാ കൊണ്ടുവരുമെങ്കിൽ തന്നെ, ഇതാണോ അടിയന്തിര പ്രാധാന്യം നൽകി നടപ്പാക്കേണ്ട സ്ത്രീ സമത്വ മാർഗം?
ഈ രണ്ടു കാര്യങ്ങളാണ്, പ്രധാനമായും നമ്മൾ ഇവിടെ വിശകലനം ചെയ്യാൻ ശ്രമിയ്ക്കുന്നത്.
അതിനു മുൻപേ, ഒരൊറ്റ ചോദ്യം.
ശരിയ്ക്കും നമ്മുടെ ഈ കേരളം, മതേതര/മതനിരപേക്ഷ സ്വഭാവം കാത്തു സൂക്ഷിയ്ക്കുന്ന ഒരു സംസ്ഥാനം അഥവാ സമൂഹം ആണോ ?
അല്ല എന്നാണ് എന്റെ പക്ഷം.
നിങ്ങൾ നെറ്റി ചുളിയ്ക്കേണ്ട. അതിന്റെ കാരണങ്ങളും ഞാൻ തന്നെ പറയാം.
ശബരിമല വിഷയത്തിന്റെ ചുവട് പിടിച്ച്, കേരളാ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഒരു (മതിൽ) യോഗത്തിനെ കുറിച്ച് നിങ്ങൾക്ക് ഓർമയുണ്ടല്ലോ. 190 ഓളം ഹൈന്ദവ ജാതി-സമുദായ സംഘടനകളെയാണത്രെ അതിനു ക്ഷണിച്ചിരുന്നത്. [ആ സംഖ്യ കണ്ടപ്പോൾ ശരിക്കും ഒന്ന് ഞെട്ടി എന്നത് വേറെ കാര്യം]. ആ യോഗത്തിനു ക്ഷണിക്കപ്പെടാതിരുന്ന, ക്രിസ്ത്യൻ/ മുസ്ലിം വിഭാഗത്തിൽ പെട്ടവ എല്ലാം കൂടെ, ഏറ്റവും കുറഞ്ഞത് ഒരു 60 സംഘടനകൾ ഈ കൊച്ചു കേരളത്തിൽ വേറെയും ഉണ്ട് എന്ന് കരുതുക. അപ്പോൾ മൊത്തം 250.
സ്വന്തം സമുദായത്തിന്റെ അവകാശങ്ങൾ സംരക്ഷിയ്ക്കുക എന്നുള്ളതാവുമല്ലോ ഈ 250 സംഘടനകളുടെയും പ്രഥമ ലക്ഷ്യം അല്ലേ?
[ഈ സംസ്ഥാനം നിലവിൽ വന്നിട്ട് ഇത്രയേറെ വർഷങ്ങൾ ആയിട്ടും, സ്വന്തം സമുദായതാല്പര്യങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന ഇത്രയധികം സംഘടനകൾ ഇവിടെ ഇപ്പോഴും ഉണ്ട് എന്നതു തന്നെ എന്തിന്റെ തെളിവാണ്? അല്ലെങ്കിൽ സ്വന്തം സമുദായ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടണമെങ്കിൽ, അതിനു സ്വന്തമായി ഒരു സമുദായ സംഘടന തന്നെ ഉണ്ടായേ പറ്റൂ, എന്ന സ്ഥിതിവിശേഷം ഉണ്ട് എങ്കിൽ അത് ആരുടെ പരാജയമാണ്?]
അങ്ങിനെ വരുമ്പോൾ, നമ്മൾ ഈ മേനി പറയുന്ന, ഉണ്ടെന്നു നടിയ്ക്കുന്ന ആ മതനിരപേക്ഷതയും, മതേതരത്വവും ഒക്കെ എവിടെ?
ഇത്രയും സമുദായസംഘടനകൾ, ഇവിടെ ഇങ്ങിനെ നിലനില്ക്കുമ്പോൾ, ഈ പറയുന്ന 'സാമൂഹിക നവോത്ഥാനം' പിന്നെ ഏതു വഴി വരും?
അത്യന്തം ഗൗരവമേറിയ, സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ പോലും, ഒരു മേശയ്ക്കു ചുറ്റും ഇരുന്നൊന്നു ചർച്ച ചെയ്യാൻ തയ്യാറാകാത്ത, പത്ര-ദൃശ്യ മാധ്യമങ്ങളിൽ കൂടി എതിർ നേതാവിനെ പുളിച്ച പുലഭ്യം പറയുന്ന നേതാക്കളല്ലേ, ഈ പറയുന്ന പല സംഘടനകൾക്കുമുള്ളത്?
അപ്പോൾ, സത്യമെന്താണ് ?
ഏതാണ്ട്, എല്ലാ കേരളീയന്റെയും മനസ്സിൽ, എല്ലാ കാലത്തും, ജാതിയും മതവും, സമുദായവും, പിന്നെ അതിനെയൊക്കെ അടിസ്ഥാനമാക്കിയുള്ള ചിന്തകളും, വിചാരങ്ങളും എല്ലാം ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്. പക്ഷെ, കാലത്തിന്റെ ഒഴുക്കിൽ, സ്വന്തം ജീവിതപ്രാരാബ്ധങ്ങളുടെ ചാരം മൂടിയ (അല്ലെങ്കിൽ... അകമേ ഇല്ലാത്ത പുരോഗമന ചിന്തയുടെ, കപട മുഖംമൂടിയിൽ ഒളിപ്പിച്ചു വച്ച) ആ കനലുകൾ, അതങ്ങിനെ അധികം ജ്വലനം ഇല്ലാതെ കിടന്നു അഥവാ കിടക്കുന്നു, എന്നു മാത്രം.
ഉദാഹരണത്തിന്; ഭൂരിഭാഗം മലയാളിയും, സ്വന്തം കുടുംബത്തിലെ അഥവാ ഏറ്റവും അടുത്ത ബന്ധുവിന്റെ വിവാഹകാര്യം വരുമ്പോൾ , അധികമാരുമറിയാതെ ആ കനലുകളെ സ്വയം ഒന്നു ജ്വലിപ്പിയ്ക്കും. കാര്യം എല്ലാം കഴിഞ്ഞാൽ പിന്നെ, ആരുമറിയാതെ അതിനെ വീണ്ടും പഴയ ചാരം കൊണ്ട് മൂടും. എന്നിട്ടോ, ഉറക്കെ അങ്ങു വിളിച്ചു പറയും 'ഞാൻ മതേതരൻ'!
സമ്മതിയ്ക്കാൻ നിങ്ങൾക്കും എനിയ്ക്കും ഒരൽപം ബുദ്ധിമുട്ടുണ്ട് എങ്കിൽത്തന്നെയും, ഇതല്ലേ ശരിയ്ക്കും സത്യം?
ശബരിമല വിഷയം, ഇന്ന് കാണുന്ന ഈ വിധത്തിൽ ഊതിപ്പെരുപ്പിച്ച, ഇവിടുത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും, സർവോപരി അധികാരി വർഗ്ഗവും, ഒക്കെ ഒരു കാര്യം നല്ല വെടിപ്പായി അങ്ങ് ചെയ്‌തു. സ്വന്തം ജനതയുടെ ഉള്ളിൽ ചാരം മൂടി കിടന്ന, മേൽപ്പറഞ്ഞ ആ കനലുകളെ ഒന്നാകെ തടുത്തുകൂട്ടി, അങ്ങ് ഊതി ജ്വലിപ്പിച്ചു.
ഫലമോ ?
കേരള ജനത...... അവർ...
ഹിന്ദുവെന്നും, ക്രിസ്ത്യനെന്നും, മുസ്ലിമെന്നും വേറിട്ട് ചിന്തിച്ചു.......
ഹിന്ദുവിൽ തന്നെ, അവർണ്ണനെന്നും സവർണ്ണനെന്നും ചിന്തിച്ചു....
ക്രിസ്ത്യനിൽ, യാക്കോബായ എന്നും ഓർത്തഡോക്സ് എന്നും ചിന്തിച്ചു....
മുസ്ലിമിൽ, സമസ്തയെന്നും സുന്നി എന്നും ചിന്തിച്ചു.....
ഒരു ഉളുപ്പുമില്ലാതെ, പാർട്ടി-സംഘടനാ ഭേദങ്ങളില്ലാതെ, ചാനലുകളിൽ വന്നിരുന്ന് നേതാക്കന്മാർ തീർത്തും തരംതാണ രീതിയിൽ എതിരാളികളെ ഭർത്സിച്ചു. അവരുടെ ജാതിയും, ഉപജാതിയും, സമുദായവും ഒക്കെ പറഞ്ഞു. ഒരുപാട് വർഷങ്ങൾക്കു മുൻപ് അവരുടെ പൂർവികർ, മാറും മുലയും മറച്ച കഥകൾ പറഞ്ഞു. പിന്നെ അവസാനം, തന്റെ എതിരാളിയെ താൻ മലർത്തിയടിച്ചു എന്ന പുച്ഛഭാവത്തിൽ ആർത്തട്ടഹസിച്ചു.
ഇനി മറ്റൊരു നേതാവാകട്ടെ ആകട്ടെ, എതിരാളിയുടെ അടിവസ്ത്രം പോലും ചർച്ചാവിഷയമാക്കി. എന്നിട്ട് അതിങ്ങനെ വീണ്ടും വീണ്ടും ചാനൽ മൈക്കുകൾക്കു മുൻപിൽ വന്നു വിളിച്ചു പറയുമ്പോൾ, അദ്ദേഹം എന്തോ ഒരു ആത്മാനന്ദം അനുഭവിയ്ക്കുന്നതു പോലെ കാണുന്നവർക്കു തോന്നിപ്പോകും എന്നതാണ് സത്യം.
ഇനിയും മറ്റു ചില നേതാക്കൾ, മണിക്കൂറിനു മണിക്കൂറിനു, ചാനൽ ക്യാമറകൾക്കു മുൻപിൽ, തന്റെ അഭിപ്രായങ്ങൾ യാതൊരുളുപ്പുമില്ലാതെ മാറ്റിമാറ്റി പറഞ്ഞു. ഈ ഗണത്തിൽ പെടുന്ന ഒരു നേതാവിനാകട്ടെ, തന്റെ നിലപാടും നിലപാടുമാറ്റങ്ങളും, അണികളെ പോയിട്ട് സ്വന്തം വീട്ടുകാരെ പോലും ബോധ്യപ്പെടുത്താൻ പറ്റുന്നില്ല.
നിറം മാറുന്ന ഒരു ജീവി ഉണ്ടല്ലോ, അതൊക്കെ ഇത്തരക്കാർക്ക് മുൻപിൽ നാണം കൊണ്ട് ചൂളും.
ഇനിയും ചിലരോ? കൂടെയുള്ളവരെ സത്യാഗ്രഹത്തിന് വിട്ടിട്ട്, അവർ ചാനൽ അഭിമുഖങ്ങളിലൂടെ സ്വന്തം ജനപ്രീതി വർദ്ധിപ്പിയ്ക്കുവാനുള്ള വൃഥാ ശ്രമത്തിൽ മുഴുകി.
എനിയ്ക്കു ജാതിയും മതവും ഒന്നുമില്ലേ എന്ന് വിളിച്ചു പറഞ്ഞിരുന്ന ചില പുരോഗമന-പ്രസ്ഥാന നേതാക്കക്കളാവട്ടെ, മറ്റാരോ അവരെ, അവരുടെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിയ്ക്കുന്നു എന്ന് സങ്കടപ്പെടുന്നു. [ജാതിയും മതവും ഇല്ലാത്തവർക്ക് എന്ത് ജാതിപ്പേര്? ഇല്ലാത്ത ജാതിപ്പേര് പറഞ്ഞാൽ അതിൽ എന്ത് ആക്ഷേപം? എന്നൊന്നും ചോദിയ്ക്കരുത്].
മറ്റുള്ളവരുടെ ജാതിയും മതവും പറഞ്ഞ്, അവരെ അധിക്ഷേപിച്ചു മടുത്തപ്പോൾ, ഈ അഭിനവ നേതാക്കൾ സ്വയം 'മതേതരർ' ആയി ചമഞ്ഞു. പക്ഷേ, പിറ്റേന്ന് വീണ്ടും ജാതിയും മതവും പറഞ്ഞു.
ഇത്തരം കോപ്രായങ്ങൾ കാട്ടിക്കൂട്ടാൻ, ഇവിടുത്തെ എല്ലാ രാഷ്ട്രീയ കക്ഷികളും പരസ്പരം മത്സരിയ്ക്കുകയല്ലേ എന്നു പോലും തോന്നിപ്പോയി, പലപ്പോഴും.
എന്നിട്ടും ഇവരെയൊക്കെ, 'സാംസ്‌കാരിക കേരളം' ഇപ്പോഴും നേതാക്കന്മാർ എന്ന് തന്നെ വിളിയ്ക്കുന്നു. അത് നമ്മുടെ സംസ്കാരമോ അതോ സാംസ്‌കാരിക അടിമത്തമോ?
തങ്ങളുടെ ചില വിലകുറഞ്ഞ താൽക്കാലിക ലാഭങ്ങൾക്കു വേണ്ടി, ഇവരൊക്കെ പറഞ്ഞും ചെയ്തും കൂട്ടുന്ന ഇത്തരം പ്രവൃത്തികൾ, എത്ര ആഴത്തിലാണ് നമ്മുടെ കേരള സമൂഹത്തിനെ മുറിവേല്പിയ്ക്കുന്നത് എന്ന് ഇവരാരും ഒരിയ്ക്കലും ചിന്തിച്ചു കാണില്ല. പക്ഷെ, നിങ്ങൾ എപ്പോഴെങ്കിലും അതിനെ കുറിച്ച് ആലോചിച്ചു നോക്കിയോ? ഇല്ലെങ്കിൽ നോക്കണം.
ആ മുറിവിന്റെ ആഴം എത്രയെന്നറിയാൻ ഏറ്റവും എളുപ്പമാർഗം, ഇന്ന് നവ മാധ്യമങ്ങളിൽ നടക്കുന്ന വിവിധ ചർച്ചകൾ ഒന്ന് ശ്രദ്ധിച്ചാൽ മാത്രം മതി.
തൊട്ടു മുൻപ് വരെ, വളരെയേറെ സൗഹാർദ്ദപരമായി, കലയും സാഹിത്യവും, പിന്നെ മറ്റു നാട്ടുവർത്തമാനങ്ങളും ഒക്കെ വളരെ വിശാലമായി ചർച്ച ചെയ്തിരുന്നവർ, ഇപ്പോൾ പരസ്പരം ജാതിയുടെ പേരിൽ പച്ചത്തെറി വിളിയ്ക്കുന്നു. എതിർ അഭിപ്രയക്കാരെ, കേട്ടാൽ അറയ്ക്കുന്ന രീതിയിൽ ചീത്ത പറയുന്നു.
വർഷങ്ങളായി ഒരേ ഗ്രൂപ്പിൽ (ഫേസ്ബുക്, വാട്സാപ്പ്) അംഗങ്ങളായിരുന്നവർ, ജാതിയുടെ/മതത്തിന്റെ പേരിൽ 'എക്സിറ്റ്' ചെയ്യുന്നു. മറ്റു ചിലരെ അഡ്മിൻ അതേ കാരണത്താൽ 'റിമൂവ്' ചെയ്യുന്നു !
വർഷങ്ങളായി ഒരുമിച്ചു പഠിയ്ക്കുന്നവരും, ജോലി ചെയ്യുന്നവരും, ആദ്യം രഹസ്യമായും പിന്നെ പരസ്യമായും, സഹപാഠിയുടെ/സഹപ്രവർത്തകരുടെ ജാതിയും മതവും അന്വേഷിച്ചു തുടങ്ങിയിരിയ്ക്കുന്നു.
വർഷങ്ങളോളം ഒരുമിച്ച്, ഒരേ ഹോസ്റ്റൽ മുറിയിൽ ഉണ്ടുറങ്ങിയ, ഈ പുതു തലമുറയും, ഇതാ ഇപ്പോൾ സഹമുറിയന്റെ/മുറിച്ചിയുടെ ജാതിയും മതവും തിരക്കാൻ തുടങ്ങിയിരിയ്ക്കുന്നു.
ഓരോ മലയാളിയും, തന്റെ അയല്പക്കക്കാരൻ 'ജ്യോതി'ക്കാണോ അതോ 'മതിലി'നാണോ പോയത് എന്ന് ചുളുവിൽ അന്വേഷിച്ചറിയുന്നു. [എന്നിട്ടു വേണം അടുത്ത തവണ ഏതെങ്കിലുമൊക്കെ പിരിവിന്റെ പേരും പറഞ്ഞ് അവൻ/അവൾ തന്റെ വീട്ടിൽ വരുമ്പോൾ നല്ല നാലു വർത്തമാനം പറയാൻ, എന്ന് ഇന്നേ മനസ്സിൽ കുറിച്ചിടുന്നു].
എന്തിനേറെ പറയുന്നു.....
വലിയ പ്രശ്നങ്ങളില്ലാതെ, അങ്ങിനെയൊക്കെ ഒരു വിധം നന്നായി മുന്നോട്ട് പോയിരുന്ന ഈ കൊച്ചു കേരളത്തിന്റെ മത-രാഷ്ട്രീയ മേഖലകളെ, ഈ വിധത്തിൽ പ്രക്ഷുബ്ധവും, മലീമസവും ആക്കിയപ്പോൾ, അതിനുത്തരവാദിത്വപ്പെട്ടവരൊക്കെ എന്തു നേടി?
ഒന്ന് ഉറക്കെ ചിന്തിക്കേണ്ടതല്ലേ?
***
ഇനി രണ്ടാമത്തെ വിഷയത്തിലേയ്ക്ക് വന്നാൽ......
ശബരിമലയിൽ, പത്തിനും അന്പതിനും ഇടയിൽ പ്രായമുള്ള കുറച്ചു സ്ത്രീകൾ കയറിയാൽ, അതു കൊണ്ട് കേരളത്തിൽ സ്ത്രീ സമത്വം വരുമോ?
ശബരിമലയിലെ സ്ത്രീ പ്രവേശന നിയന്ത്രണം ആണോ ഇന്ന് കേരളത്തിലെ സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം? അല്ലെങ്കിൽ, ഏറ്റവും മുൻഗണനാ അടിസ്ഥാനത്തിൽ പരിഹരിയ്ക്കപ്പെടേണ്ട വിഷയം?
ഓർക്കുക........
വയോവൃദ്ധകൾ മുതൽ പിഞ്ചുകുഞ്ഞുങ്ങൾ വരെ പീഡിപ്പിയ്ക്കപ്പെടുന്ന ഒരു നാടാണ് ഇന്ന് നമ്മുടെ കേരളം.
സ്വന്തം വീടിനുള്ളിൽ വച്ചോ, ഏറ്റവും അടുത്ത ബന്ധു/പരിചയക്കാരൻ മൂലമോ ആണ് മിക്ക പീഡനങ്ങളും പെൺകുട്ടികൾ നേരിടുന്നത്, എന്ന ഞെട്ടിയ്ക്കുന്ന സർവേ ഫലം തന്ന നാടാണ് കേരളം.
വിവിധ കോടതികളിലായി ഏതാണ്ട് 38000 ലേറെ വിവാഹ മോചന കേസുകൾ ഇന്നും വിധികാത്തു കഴിയുന്ന നാടാണ് കേരളം.
സ്ത്രീധനം എന്ന നിയമവിരുദ്ധ കടമ്പയിൽ തട്ടി, ഒട്ടനവധി പെൺകുട്ടികളുടെ മംഗല്യസ്വപ്‌നങ്ങൾ, ഇന്നും കരിഞ്ഞുവീഴുന്ന നാടാണ് കേരളം. ഇതേ കാരണത്താൽ തന്നെ, ഇപ്പോഴും ധാരാളം 'അടുക്കള മരണങ്ങൾ' റിപ്പോർട്ട് ചെയ്യപ്പെടുന്ന നാടുമാണ് കേരളം.
മദ്യപാനം എന്ന മഹാവിപത്തിനാൽ, ഒരായിരം കുടുംബിനികൾ (പെൺമക്കളും) ഇന്നും കണ്ണീരു കുടിയ്ക്കുന്ന നാടാണ് കേരളം.
'വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ' എന്ന തലക്കെട്ടിൽ ഒരു വാർത്തയെങ്കിലുമില്ലാതെ, ഒരൊറ്റ ദിവസം പോലും ദിനപത്രമിറങ്ങാത്ത നാടാണ് കേരളം. [സർക്കുലേഷൻ കൂട്ടാൻ, കഴിയുമെങ്കിൽ ഇരയുടെ കൂടെ 'ദളിത്' എന്നു കൂടി പ്രയോഗിയ്ക്കുന്ന പത്രമാധ്യമങ്ങളുടെ നാടുമാണിത്]
ജനിച്ചു വളർന്ന സ്വന്തം നാട്ടിലെ നാൽക്കവലയിൽ, പതിവിലും ഒരല്പം താമസിച്ചു ബസിറങ്ങിയാൽ, തനിയ്ക്ക് നേരെ നീളുന്ന ഒട്ടനവധി സംശയദൃഷ്ടികളിലും, ഇരുട്ടിൽ ഉയരുന്ന ദ്വയാർത്ഥ കമന്റുകളിലും ചൂളി, പേടിച്ചോടി, വീടണയേണ്ടി വരുന്ന പാവം പെൺകുട്ടികളുടെ നാടാണ് കേരളം.
ഇപ്പോഴും, ഒരു ഇന്റർവ്യൂവിനു പോകുമ്പോൾ, സ്വന്തം അച്ഛന്റെയോ, ആങ്ങളയുടെയോ, ഭർത്താവിന്റെയോ കൂട്ട്, ഒരു പെണ്ണിന് അനിവാര്യതയായ (അല്ലെങ്കിൽ അങ്ങിനെ കരുതുന്നവരുടെ) നാടാണ് കേരളം.
തട്ടലും മുട്ടലും തോണ്ടലും ഒഴിവാക്കാൻ, ബസുകളിൽ ഇപ്പോഴും സ്ത്രീകൾക്ക് സീറ്റ് സംവരണം ഏർപ്പെടുത്തേണ്ടി വരുന്ന നാടാണ് കേരളം.
ഏറെ പ്രശസ്തയായ ഒരു നടി പീഡിപ്പിയ്ക്കപ്പെട്ടപ്പോൾ, അതിന്റെ പേരിൽ വെള്ളിത്തിരയിലെ 'താരങ്ങൾ' ചേരിതിരിഞ്ഞു പോരടിച്ച നാടാണിത്. ആ സംഭവം നടന്ന് ഏറെ നാളായിട്ടും അതിന്റെ വിചാരണ പോലും തുടങ്ങാനാവാത്ത നാടാണ് നമ്മുടെ ഈ കേരളം.
രാഷ്ട്രീയ/സാമ്പത്തിക സ്വാധീനമുള്ളവരുടെ സ്ത്രീ പീഡനങ്ങൾ, നാട്ടിലെ നിയമ വ്യവസ്ഥയെ ആകെ വെല്ലുവിളിച്ചുകൊണ്ട്, സ്വന്തമായി രൂപീകരിച്ച അന്വഷണകമ്മീഷനുകളെ വച്ച് അന്വേഷിപ്പിക്കുന്ന, പുരോഗമന/ദേശീയ രാഷ്ട്രീയപാർട്ടികളുടെ നാടാണ് കേരളം.
സ്ത്രീ പീഡന കേസുകളിൽ ആരോപണ വിധേയരായവരെയും, വിചാരണ നേരിട്ടവരെയും ഒക്കെ, ഒരു ഉളുപ്പുമില്ലാതെ വീണ്ടും വീണ്ടും തങ്ങളുടെ ജനപ്രതിനിധികളായി തിരഞ്ഞെടുക്കുന്നവരുടെ നാടാണ് കേരളം.
ആരാധനാലയങ്ങളിലെ തിരക്കുകളിൽ, പ്രായമായ അമ്മമാരെ നിഷ്കരുണം നടതള്ളുന്ന മക്കളുള്ള നാടാണ് കേരളം.
നാൾക്കുനാൾ, നാട്ടിലാകെ വൃദ്ധസദനങ്ങൾ മുളച്ചു പൊന്തുന്ന നാടാണ് കേരളം.
സ്വന്തം പെൺമക്കളുടെ മാനം കാക്കാൻ, ഇപ്പോഴും തലയണക്കീഴിൽ വെട്ടുകത്തിയും സൂക്ഷിച്ച്, ചെറ്റക്കുടിലിൽ ഉറക്കമിളയ്‌ക്കേണ്ടി വരുന്ന അമ്മമാർ, ഇനിയും കുറെയെങ്കിലും അവശേഷിയ്ക്കുന്ന നാടാണ് കേരളം.
പോഷകാഹാര കുറവിനാൽ തന്റെ പൊന്നോമന, മരണത്തിന്റെ ആഴങ്ങളിലേയ്ക്ക് പതിയെ ഇറങ്ങിയിറങ്ങി പോകുന്നത് നിസ്സഹായതയോടെ കണ്ടു നിൽക്കേണ്ടി വരുന്ന, എത്രയോ ആദിവാസി അമ്മമാരുള്ള നാടാണ് കേരളം.
സ്‌കൂൾ/കോളേജ് കുട്ടികളുടെ (പ്രത്യേകിച്ച് പെൺകുട്ടികളുടെ) ഇടയിൽ മയക്കു മരുന്നിന്റെ ഉപയോഗം അപകടകരമാം വിധം കൂടുന്നു എന്ന ഞെട്ടിപ്പിയ്ക്കുന്ന യാഥാർഥ്യം, കണ്ടില്ലെന്നു നടിയ്ക്കാൻ ഇഷ്ടപെടുന്ന മാതാപിതാക്കളുടെ നാടാണ് കേരളം.
ഒരു ജീവിതകാലം മുഴുവൻ കുട്ടികൾക്ക് അറിവ് പകർന്ന്, ശേഷം ഔദ്യോഗികജീവിതത്തിൽ നിന്നും വിരമിച്ച ദിവസം, തങ്ങളുടെ അധ്യാപികയ്ക്ക് സമ്മാനമായി, അവരുടെ 'പ്രതീകാത്മക ശവസംസ്‌കാരം' നടത്തിയ, പ്രിയശിഷ്യരുടെ നാടാണ് കേരളം.
അമ്മത്തൊട്ടിലുകളിൽ, ഇപ്പോഴും മുടങ്ങാതെ കുഞ്ഞുങ്ങളെ ലഭിയ്ക്കുന്ന നാടാണ് കേരളം.
മൊബൈലും അതുവഴിയുള്ള പരിചയവും വച്ച് മാത്രം നടക്കുന്ന 'ഒളിച്ചോട്ടങ്ങൾ' ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിൽ ഒന്നും നമ്മുടെ കേരളമാണ്.
എന്തിനേറെ, തനിക്കു നേരെ ഒരു പീഡനശ്രമം നടന്നാൽ, അത് പോലീസ് സ്റ്റേഷനിൽ പരാതിയായി നൽകാതെ, ആ പീഡകന്റെ രാഷ്ട്രീയ പാർട്ടി ഓഫിസിലെത്തി അവിടെ പരാതി പറയും എന്ന്, 'അഭിമാന' (?)ത്തോടെ പ്രഖ്യാപിച്ച ചില സ്ത്രീ സംരക്ഷകരുടെ നാടും കൂടി ആണ് നമ്മുടെ ഈ കേരളം.
ഇനിയും ഈ ലിസ്റ്റ് ഒരുപാട് നീളും .....
ഇനി, മുകളിൽ പറഞ്ഞവയൊക്കെ, പർവ്വതീകരിയ്ക്കപ്പെട്ട, അല്ലെങ്കിൽ ചില ബൂർഷ്വാ മാധ്യമങ്ങൾ വളച്ചൊടിച്ച, അതുമല്ലെങ്കിൽ വെറും കേട്ടറിവ് മാത്രമുള്ള വാർത്തകൾ അല്ലേ എന്ന്, നിങ്ങളിൽ ചിലരെങ്കിലും ഇപ്പോൾ ചിന്തിയ്ക്കുന്നുണ്ടാവും.
അങ്ങിനെയുള്ളവർ, ഏതെങ്കിലും ഒരു ദിവസം വെറും ഒരു മണിക്കൂർ നമ്മുടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ഒന്നു വരൂ. ഞാൻ ചില കാഴ്ചകൾ കാണിച്ചു തരാം.
ചില സന്നദ്ധസംഘടനകൾ സൗജന്യമായി നൽകുന്ന പൊതിച്ചോറിനായി അനേകം അമ്മമാർ വരി നിൽക്കുന്നത് നിങ്ങൾക്കവിടെ കാണാം. തണുത്ത നിലത്തു വിരിയ്ക്കാൻ ഒരു പുൽപ്പായ പോലുമില്ലാതെ, കൈവശമുള്ള കീറത്തുണിയും പുതച്ച്, രോഗിയുടെ കട്ടിലിനു കീഴിൽ അവരെക്കാൾ അവശതയോടെ ചുരുണ്ടുറങ്ങുന്ന അസംഖ്യം കൂട്ടിരിപ്പുകാരെ (അവർ ഭൂരിഭാഗവും സ്ത്രീകളാണ്) അവിടെ നിങ്ങൾക്ക് കാണാം. അവരുടെ സ്വപ്നങ്ങൾ മരവിച്ച, നിസ്സഹായത മുറ്റിയ ആ കണ്ണുകളെ അധികനേരം നിങ്ങൾക്ക് നേരിടാനാവില്ല, തീർച്ച.
രോഗിയ്ക്ക് വേണ്ട മരുന്നും ചായയും ഒക്കെ വാങ്ങിയ്ക്കുവാൻ, അലറിക്കുതിയ്ക്കുന്ന വാഹനങ്ങൾക്കിടയിലൂടെ (ദോഷം പറയരുതല്ലോ ... മിക്കതും ലക്ഷ്വറി വാഹനങ്ങൾ), അങ്ങോട്ടുമിങ്ങോട്ടും റോഡുമുറിച്ചു കടക്കാൻ പെടാപ്പാട് പെടുന്ന ഒട്ടേറെ ആളുകളെ, നിങ്ങൾക്കാ മെഡിക്കൽ കോളേജ് ജംങ്ഷനിൽ കാണാം. ശരീരം കൊണ്ട് അവരൊക്കെ റോഡിൽ ആണെങ്കിലും, മനസ് കൊണ്ട് മറ്റെവിടെയോ ആണെന്ന് ഒറ്റനോട്ടത്തിൽ നിങ്ങൾക്ക് മനസിലാകും (കാരണം, അവരിൽ പലരുടെയും ഉറ്റബന്ധു(ക്കൾ) ആകും അവിടെ അകത്ത് ആശുപത്രിയിൽ അത്യാസന്ന നിലയിൽ കിടക്കുന്നത്).
ഇനി, ഒന്നു കൂടി നിങ്ങൾക്കാ ജംങ്ഷനിൽ ധാരാളമായി കാണാം. എന്താണെന്നോ? കേരളത്തിലെ എല്ലാ സ്വകാര്യ സ്വർണപ്പണയ സ്ഥാപനങ്ങളുടെയും ശാഖകൾ. പലതും ഇരുപത്തിനാലു മണിക്കൂറും തുറക്കുന്നവ. പലരുടെയും കെട്ടുതാലി വരെ പണയപ്പെടുത്തേണ്ടി വരുന്ന സ്ഥലം, അതാണല്ലോ.
[ഇത്രയൊക്കെ പറഞ്ഞത്, എന്റെയും, നിങ്ങളുടെയും, പിന്നെ ദൈവത്തിന്റെയും സ്വന്തമായ ഈ നാട്, അത്രകണ്ട് മോശമാണ് എന്ന് സമർത്ഥിയ്ക്കാൻ അല്ല; മറിച്ച്, നമ്മുടെ അടിയന്തിര ശ്രദ്ധ വേണ്ട ഇത്തരം ഒരു പാട് കാര്യങ്ങൾ (അവയിൽ മിക്കതും സ്ത്രീയും, സ്ത്രീസുരക്ഷയും ആയി നേരിട്ട് ബന്ധപ്പെട്ടവ) ഇവിടെ ഇപ്പോഴും ഇങ്ങനെ നിലനിൽക്കുന്നു എന്ന് പറയാൻ വേണ്ടി മാത്രമാണ്].
അപ്പോൾ, നമ്മുടെ അമ്മമാരുടെ, സഹോദരിമാരുടെ, പെൺകുട്ടികളുടെ ഒക്കെ ജീവിതം ദുരിതപൂർണ്ണമാക്കുന്ന ഇത്തരം അനാചാരങ്ങൾക്കെതിരെ അഥവാ ദുഷ്പ്രവണതകൾക്കെതിരേ ഒക്കെ അല്ലേ നമ്മൾ ആദ്യം പ്രതികരിയ്ക്കേണ്ടതും പ്രവർത്തിയ്ക്കേണ്ടതും, അവയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടതും?
ആദ്യം, അവർക്ക് ഒരല്പം സമാധാനജീവിതം അഥവാ സ്വസ്ഥജീവിതം പ്രദാനം ചെയ്തിട്ട്, ശേഷം (വിവിധ) മത-ജാതി-സമുദായ-ആരാധനാലയങ്ങളിൽ, ഏതെങ്കിലും തരത്തിലുള്ള സ്ത്രീ വിവേചനം ഉണ്ടെങ്കിൽ അത് മാറ്റുന്നതിനെ കുറിച്ച് ആലോചിയ്ക്കുന്നതല്ലേ നല്ലത്?
അതല്ലാതെ, വലിയ സമരം ചെയ്തു പ്രവേശനം നേടിയ ആ ആരാധനാലയങ്ങൾ ഒക്കെ സന്ദർശിച്ച്, സന്തോഷത്തോടെ, സമത്വചിന്തയോടെ, തുല്യനീതിയോടെ വീട്ടിലേയ്ക്ക് വരുമ്പോൾ, നാട്ടിലും വഴിയിലും വീട്ടിലും ഒക്കെ മേൽപ്പറഞ്ഞ തരത്തിൽ ഉള്ള മാനസിക/ശാരീരിക പീഡനങ്ങൾ ആണ് ഒരു സ്ത്രീയ്ക്ക് നേരിടേണ്ടി വരുന്നതെങ്കിലോ?
മുകളിൽ നമ്മൾ എണ്ണിയെണ്ണിപ്പറഞ്ഞ ഗുരുതര-സാമൂഹിക പ്രശ്നങ്ങൾ ഒന്നും പരിഗണിയ്ക്കാതെ, ആ അമ്മമാരെയും സഹോദരിമാരെയും, പെൺകുട്ടികളെയും ഒന്നും ശാക്തീകരിയ്ക്കാതെ, ഏതാനും വോട്ടുകൾക്ക് വേണ്ടി മാത്രം ഇന്നിവിടെ പകർന്നാടുന്ന ഇത്തരം രാഷ്ട്രീയ പൊറാട്ടുനാടകങ്ങൾക്ക്, നമ്മൾ സാധാരണ പൗരന്മാർ ഇനിയും നമ്മുടെ കണ്ണും, കാതും കൊടുക്കണോ?
ഉറക്കെ ചിന്തിയ്ക്കു, എന്നിട്ട് അതിശക്തമായി, എന്നാൽ സമാധാനപരമായി പ്രതികരിയ്ക്കൂ.
എന്തു തന്നെ ആയാലും ഒരു കാര്യം ഉറപ്പിച്ചു പറയാം. കേരളം കഴിഞ്ഞ കുറച്ചു നാളുകളായി കണ്ടുകൊണ്ടിരിയ്ക്കുന്നത്, ചിലരൊക്കെ പറയുന്നത് പോലെ 'നവോത്ഥാന'മല്ല, മറിച്ച് 'നവ-അധഃപതനം' ആണ്.
കഴിഞ്ഞ പ്രളയകാലത്ത്, ജാതി-മത-ലിംഗ-രാഷ്ട്രീയ ഭേദമില്ലാതെ ഒത്തൊരുമിച്ച ആ നല്ല കേരളം, ഈ വിധം കുട്ടിച്ചോറാക്കാൻ ഈ 'അഭിനവ' (അഭിനയ?) നേതാക്കളെയും പ്രസ്ഥാനങ്ങളെയും, നമ്മൾ കേരളമക്കൾ ഇനിയും അനുവദിക്കേണ്ടതുണ്ടോ?
നന്നായി ആലോചിയ്ക്കണം... നിങ്ങളും ഞാനും.... പിന്നെ ബാക്കി ഓരോരുത്തരും.
എന്നിട്ട് സ്വന്തമായി, സ്വതന്ത്രമായി, തീരുമാനം എടുക്കുക. അതിൽ ഉറച്ചു നിൽക്കുക.
നമ്മുടെ തീരുമാനങ്ങൾ നമ്മുടേതായിരിക്കട്ടെ. അതിൽ അനാവശ്യമായി കൈകടത്താൻ ഒരു രാഷ്ട്രീയ/മത/ജാതി/സമുദായ നേതാവിനെയും ഒരിയ്ക്കലും അനുവദിക്കാതിരിയ്ക്കുക.
ഇന്നലത്തെ കേരളത്തെ ഓർത്ത് ഒരുപാട് അഭിമാനത്തോടെ....... ഇന്നത്തെ കേരളത്തെ ഓർത്ത് ഒരുപാട് സങ്കടത്തോടെ........ നാളത്തെ കേരളത്തെ ഓർത്ത് ഒരുപാട് പ്രതീക്ഷകളോടെ.....
സ്വന്തം
-- ബിനു മോനിപ്പള്ളി
*************
Blog: https://binumonippally.blogspot.com
പിൻകുറിപ്പ്: വ്യക്തികളുടെയോ, സംഘടനകളുടെയോ, വിശ്വാസികളുടെയോ, അവിശ്വാസികളുടെയോ ഒന്നും വികാരം വ്രണപ്പെടുത്താൻ ഈ ലേഖനം വഴി ഉദ്ദേശിച്ചിട്ടില്ല. ഇതിലെ ഏതെങ്കിലും പരാമർശങ്ങൾ ഏതെങ്കിലും വിധത്തിൽ ആർക്കെങ്കിലും ആക്ഷേപകരമായി തോന്നുന്നുവെങ്കിൽ അറിയിയ്ക്കുക. ഉടൻ നീക്കം ചെയ്യുന്നതാണ്.
Comments
Post a Comment