ആറ്റുകാലമ്മയോട് [ഭക്തിഗാനം]
ആറ്റുകാലമ്മയോട്
[ഭക്തിഗാനം]
ആറ്റുനോറ്റുണ്ടായ കുഞ്ഞാണിവൾ
ആറ്റുകാലമ്മേ നീ കാത്തീടണേ
ആറ്റിക്കുറുക്കിയ പൈമ്പാലുപോൽ
കാരുണ്യമിവളിൽ നീ പകരേണമേ
അനപത്യദുഃഖത്തിന്നറുതി തേടി
നിൻ മുൻപിൽ വന്നെത്ര പ്രാർത്ഥിച്ചു ഞാൻ
തിരി തെളിച്ചന്നു ഞാൻ നാരങ്ങയിൽ
കർപ്പൂര ദീപമായ് അകമെരിഞ്ഞു
പൊങ്കാല വേവുന്ന നേരത്തുമെൻ
അകതാരിൽ അഴലു നിറഞ്ഞിരുന്നു
ഇറ്റിറ്റുവീണൊരാ മിഴിനീരിനാൽ
അനലനന്നണയുമെന്നാധി പൂണ്ടു
ഇരുൾമേഘമെങ്ങോ അകന്നു പോകെ
അമ്മേ നിൻ കാരുണ്യ പൊൻവെയിലിൽ
അരുമയായിവളെന്റെ പൂവാടിയിൽ
അഴകുറ്റ സൂനമായ് വന്നു ചേർന്നു
അമ്മേ നിൻ തിരുനട തന്നിലാക്കും
കുട്ടിക്കുറുമ്പി തൻ കുഞ്ഞൂണ് ഞാൻ
ആയുരാരോഗ്യം പകർന്നിവൾക്ക്
അമ്മയെ പോലെ നീ കൂടെ വേണം
--ബിനു മോനിപ്പള്ളി
പിൻകുറിപ്പ്: ഈ പുതുവർഷത്തിലെ ആദ്യ പോസ്റ്റ് ആറ്റുകാൽദേവീ നടയിൽ ആകട്ടെ..!!
*************
Blog: https://binumonippally.blogspot.com
Comments
Post a Comment