രണ്ടായിരത്തിന്റെ പേടി [ചെറുകഥ]
[ചെറുകഥ]
"ഹോ.... എന്തൊരു മഴയാണ് ദൈവമേ ഇത് .... ഇന്നലെ രാത്രി മുതൽ തുടങ്ങിയതാണല്ലോ ... ഇങ്ങിനെ പോയാൽ, ഇത്തവണയും വെള്ളപ്പൊക്കം വരുമെന്നാ തോന്നുന്നേ ...."
ആരോടെന്നില്ലാതെ പിറുപിറുത്തുകൊണ്ട്, സോമൻ ഒരു കുടയും എടുത്ത് മഴയത്തേയ്ക്കിറങ്ങി.
ആശാന്റെ ചായക്കടയിലേക്കാണ്. വർഷങ്ങളായുള്ള ശീലം. കടുപ്പത്തിലൊരു ചായയും കുടിച്ച്, കുറെ നാട്ടുവർത്തമാനങ്ങളും പറഞ്ഞ്, കൂട്ടത്തിൽ ഇത്തിരി രാഷ്ട്രീയചർച്ചകളും ഒക്കെ ആയി കുറച്ചു സമയം അവിടെ. അതാണ് പതിവ്.
മഴ കാരണം കുട നന്നേ താഴ്ത്തിപ്പിടിച്ചാണ് നടപ്പ്. കുറച്ചങ്ങു നടന്നപ്പോൾ പിന്നിൽ നിന്നും ഒരു വിളി.
"ഡാ.. സോമ ... ഒന്ന് നിന്നേ ... "
ആരാണ് പതിവില്ലാതെ പുറകിൽ നിന്നും വിളിയ്ക്കുന്നത് എന്ന സന്ദേഹത്തോടെ, സോമൻ തിരിഞ്ഞു നോക്കി ...
"ഡാ... ദേ ... ഇവിടെ ..."
"ആ .... ശശിമുതലാളിയോ ...?"
അതു നമ്മുടെ ശശിമുതലാളിയാ. പണ്ട് സോമന്റെ കൂട്ടുകാരൻ ആയിരുന്നു. നാട്ടിൽ വെറുതെ തേരാപാരാ നടന്നിരുന്നവൻ. പിന്നെ, മക്കൾ മൂന്നുപേരും അങ്ങ് വിദേശത്തായപ്പോൾ ആളങ്ങു വല്യ മുതലാളിയായി. അതോടെ, സോമനോടെന്നല്ല നാട്ടിൽ തന്നെ ആരോടും മിണ്ടാതെയായി. തന്റെ ബെൻസിൽ മുതലാളി അങ്ങിനെ പറപറക്കും.
'ഇയാളെന്താ പതിവില്ലാതെ തന്നോടൊരു കുശലം പറച്ചിൽ? എന്തോ ഉണ്ടല്ലോ'... സോമൻ മനസ്സിൽ ഓർത്തു.
"ഡാ ..അതേ ... നിന്റെ കൈയിൽ ഒരു 50 രൂപ എടുക്കാൻ കാണുമോ ?"
"അമ്പതു രൂപയോ..? എന്താ മുതലാളീ രാവിലെ കളിയാക്കുവാണോ?"
"അല്ലടാ ... കാര്യമായിട്ടാന്നെ...."
ശശിമുതലാളി പകുതി തുറന്നു പിടിച്ച, വലിയ ഗേറ്റിൽ കൂടി സോമൻ മുതലാളിയുടെ വീട്ടുമുറ്റത്തേയ്ക്കൊന്നു നോക്കി. കറുകറുത്ത ബെൻസ് അവിടെ അങ്ങിനെ തിളങ്ങുന്നു. തൊട്ടടുത്താവട്ടെ നമ്പർ പോലും കിട്ടാത്ത വെളുവെളുത്ത, പുതുപുത്തൻ ഇന്നോവ ക്രിസ്റ്റ. പോരെങ്കിൽ, ഈ കഴിഞ്ഞ മാസമാണ് മുതലാളി കുടുംബസമേതം വിദേശത്തുള്ള മൂന്ന് മക്കളുടെയും അടുത്തൊക്കെ കറങ്ങി തിരിച്ചെത്തിത്. എന്നിട്ടിപ്പോ, തന്നോട് ദേ രാവിലെ 50 രൂപ കടം ചോദിയ്ക്കുന്നു. സോമൻ ആകെ സംശയത്തിലായി.
"ആട്ടെ .... എന്താ മുതലാളി, ഈ രാവിലെ ഇത്രയ്ക്ക് അത്യാവശ്യം?"
സോമന്റെ അകത്തേയ്ക്കുള്ള നോട്ടത്തിൽ പന്തികേട് തോന്നിയ മുതലാളി, ഗേറ്റ് കുറച്ചുകൂടെ ചേർത്ത് ചാരിയിട്ടു.
"അത് സോമ .... ഇന്ന് രാവിലെ നേരം വെളുത്തപ്പോൾ തന്നെ നമ്മുടെ ആ രാജനില്ലേ, അവൻ ഇവിടെ വന്നു ... കുറച്ച് കാശു കടം ചോദിച്ചു ... അതിനാ ?"
"ഏതു രാജൻ ? എന്തിന് ..?"
"ഡാ... നമ്മുടെ ആ റോഡുപുറമ്പോക്കിൽ താമസിയ്ക്കുന്ന രാജനില്ലേ ? അവൻ. ഇന്നലത്തെ മഴയിൽ അവന്റെ കൂരയുടെ കുറെ ഷീറ്റെന്തോ പറന്നു പോയത്രേ. അതൊന്നു മാറ്റാനാണെന്ന്"
"അതിനാണോ മുതലാളി അമ്പതു രൂപ ചോദിച്ചത് ?"
"അല്ല ..അത് പിന്നെ ... വേറെ കാശൊന്നും എന്റെ കയ്യിൽ കിടപ്പില്ല ..അതാ .."
അപ്പോഴാണ് സോമൻ കണ്ടത്, മുതലാളിയുടെ ആ വെളുവെളുത്ത ഷർട്ടിന്റെ പോക്കറ്റിൽ ഒരു 2000 ത്തിന്റെ നോട്ടങ്ങനെ ചിരിയ്ക്കുന്നു. നല്ല പുതുപുത്തൻ നോട്ട്. അതിനുള്ളിൽ വേറെയും നോട്ടുകൾ ഉണ്ട് എന്നാ തോന്നുന്നത്.
സോമന്റെ നോട്ടത്തിലെ പിശക് മനസിലായ ശശിമുതലാളി മുൻകൂട്ടി തന്നെ പറഞ്ഞു ..
"അത് പിന്നെ സോമ .. ഈ പോക്കറ്റിൽ കിടക്കുന്ന 2500 ഇല്ലേ? ഇതേ, ഇത് പെട്ടെന്ന് എടുക്കാൻ പറ്റില്ല.. അതാ "
"അതെന്താ?"
"അതിനു ചില നടപടിക്രമങ്ങൾ ഒക്കെ ഉണ്ടന്നെ.."
"ങേ ....... നടപടിക്രമങ്ങളോ? മുതലാളിയുടെ പോക്കറ്റിൽ കിടക്കുന്ന ഈ കാശ്, മുതലാളിയ്ക്ക് എടുക്കാനോ?"
"അതേന്ന് ... പറഞ്ഞാൽ നിനക്ക് വിശ്വാസം വരില്ല... എന്നാലും പറയാം. രണ്ടായിരത്തിൽ, ദേ ആയിരം, അത് മൂത്തവന്റെയാണ്. പിന്നെ ബാക്കി ആയിരം, അത് ഇളയവന്റെ. പിന്നെ ദാ ഈ അഞ്ച് നൂറിന്റെ നോട്ടില്ലേ, അത് ഇളയവൾ ഇല്ലേ? എന്റെ റാണിമോൾ; അതവളുടെ വകയാന്നേ ..."
"എന്തോന്ന് ...?"
സോമന് ഒന്നും മനസിലായില്ല.
"സോമാ ... പറയാം... ദേ, ഇതിലെ ആയിരം എടുക്കണമെങ്കിൽ ഞാൻ മൂത്തവനെ അമേരിക്കയിലേക്ക് ഐ.എസ്.ഡി വിളിക്കണം. സമ്മതം വാങ്ങണം. പിന്നെ, ബാക്കി ആയിരം എടുക്കണമെങ്കിൽ യുകെയിൽ വിളിയ്ക്കണം. പിന്നെ ഈ അഞ്ഞൂറ്.... അതിനിപ്പം ഞാൻ ഇറ്റലിയിൽ വിളിയ്ക്കണം.... അപ്പൊ ആകെ എത്ര ഐ.എസ്.ഡി കാൾ ആയി?"
"ഹെന്റെ ദൈവമേ ...!!"
"കണ്ടോ ... ഇപ്പം നിനക്ക് മനസിലായില്ലേ, എന്തൊക്കെ നടപടിക്രമങ്ങൾ ആണ് ഇതിലുള്ളത് എന്ന് ? ഞാൻ ചുമ്മാ പറഞ്ഞതല്ല എന്ന്?"
ഇത്രയും ആയപ്പോൾ സോമന്റെ സകല നിയന്ത്രണങ്ങളും വിട്ടു. അയാൾ പരിസരം പോലും മറന്നു.
"എടോ ..ശശിമുതലാളീ ... നീ എന്നാടാ വല്യ മുതലാളി ആയത്? നീയൊക്കെ ഇതിലെ തേരാപ്പാരാ ....."
മുതലാളിയ്ക്കു മനസിലായി, കളി കൈവിട്ടു പോകുകയാണെന്ന്.
"സോമ.... വേണ്ട സോമ ... നീ ഒന്നും വിളിച്ചു പറയല്ലേ .... ആരേലും കേട്ടാൽ എന്റെ മാനം പോകും .. നീ കാശൊന്നും തരേണ്ട ... ദേ...ദേ ഒരു നടപടിക്രമങ്ങളും ഇല്ലാതെ ഞാൻ നിനക്ക് അമ്പതുരൂപ തരാം, നീ അത് ആ രാജന് കൊടുത്തേക്ക്".
"താനും തന്റെയൊരു നടപടിക്രമോം.... ആ അമ്പതു ഉലുവാ ആർക്കു വേണം ? അത് കൊണ്ട് നീ നിന്റെ ....."
"വേണ്ട സോമ ..... ഒന്നും പറയല്ലേ ... ഞാൻ നിന്റെ കാലു പിടിയ്ക്കാം ... എനിയ്ക്കൊരു അബദ്ധം പറ്റിയതാ .. ഇല്ല ... ഇനി ഞാൻ ചോദിയ്ക്കില്ല ..."
ജീവിതത്തിൽ അന്ന് ആദ്യമായി സോമന് തന്നോടു തന്നെ ഒരു ബഹുമാനം തോന്നി. കാരണം, എല്ലായ്‌പ്പോഴും എല്ലാവരും ഈ സോമനെ ഊളയാക്കാറാണല്ലോ പതിവ്. ഇത്തവണ ഒരാളെ തനിയ്ക്ക്, ഊളയാക്കിയില്ലേലും വേണ്ട ശശിയെങ്കിലും ആക്കാൻ പറ്റിയല്ലോ. തനി ശശി.
സോമൻ ഇതും ആലോചിച്ചുകൊണ്ടു നിൽക്കുന്നതിനിടയിൽ തന്നെ, നമ്മുടെ ശശിമുതലാളി ഗേറ്റും പൂട്ടി വീട്ടിലേക്കോടി.
സോമൻ നേരെ ചായക്കടയിലേയ്ക്ക് നടന്നു. കുറച്ചകലെ നിന്നേ കണ്ടു, ഉണ്ട്, എല്ലാവരും ഹാജരുണ്ട്.
"അബൂക്ക .. ഒന്നിങ്ങു വന്നേ ... ഡാ ഇത്താക്കേ നീയും വാ ..."
സോമന്റെ മുഖഭാവം കണ്ടപ്പോഴേ, എന്തോ ഗൗരവമുള്ള കാര്യമാണെന്ന് രണ്ടുപേർക്കും മനസിലായി. അവർ ചായക്കടയുടെ ഇറമ്പിലേയ്ക്ക് ഇറങ്ങിവന്നു കാര്യം തിരക്കി.
"അതേ ... നമ്മുടെ ആ രാജന്റെ കൂരയുടെ ഷീറ്റ് എല്ലാം ഇന്നലെ രാത്രി പറന്ന് പോയി, അടിയന്തിരമായി എന്തേലും ചെയ്യണം".
പക്ഷെ, ആരുടെ കയ്യിലും പെട്ടെന്ന് കാശൊന്നും എടുക്കാനില്ല.
കൂട്ടത്തിൽ, ഇത്താക്കാണ് പറഞ്ഞത്, നമുക്ക് ആശാനോട് ഒന്നു ചോദിച്ചു നോക്കിയാലോ എന്ന്.
അബൂക്കയും പറഞ്ഞു. "അതു ശരിയാ... നമുക്ക് നമ്മുടെ പറ്റിൽ വാങ്ങാം".
അബൂക്കയാണ് ചോദിച്ചത്. അതും 1500 രൂപ. മൂന്ന് പേരുടെ പേരിൽ അഞ്ഞൂറ് വച്ച് പറ്റും എഴുതിക്കോളാൻ പറഞ്ഞു. അതു കേട്ടതും ആശാൻ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു. അബൂക്കയും, സോമനും, ഇത്താക്കും പരസ്പരം നോക്കി.
അകത്തേയ്ക്കു പോയ ആശാൻ, പെട്ടിയിൽ നിന്നും 2000 ന്റെ ഒരു നോട്ടെടുത്തു സോമന് നേരെ നീട്ടി. "എന്റെ ദൈവമേ ദേ വീണ്ടും രണ്ടായിരം" എന്ന പേടിയോടെ സോമൻ അതു കയ്യിൽ വാങ്ങി. പക്ഷെ വാങ്ങിയപ്പോൾ മനസിലായി, ഇത് ശശിമുതലാളിയുടെ പോക്കറ്റിൽ കണ്ട ആ രണ്ടായിരമല്ല. മറിച്ച്, ഒട്ടേറെ പേരുടെ കയ്യിൽകൂടി കടന്നു വന്ന, അവരുടെ വിയർപ്പുപറ്റി മുഷിഞ്ഞ വേറെയൊരു തരം രണ്ടായിരം ആണെന്ന്.
കാശും വാങ്ങിയിട്ട് സോമൻ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടതുകൊണ്ടാകണം ആശാൻ പറഞ്ഞു.
"സോമാ ... ദേ ഇതിൽ ആയിരത്തിഅഞ്ഞൂറ് നിങ്ങളുടെ പറ്റിൽ; ബാക്കി അഞ്ഞൂറ് എന്റെ വക. ആ ചായയും കുടിച്ചിട്ടു നിങ്ങള് വേഗം ചെല്ല്.. പാവം അവൻ അവിടെ കാശിന് വിഷമിച്ചിരിക്കുകയാവും "
ഇവരുടെ കൂടിയാലോചനകളിൽ നിന്നും എന്തോ പന്തികേട് മണത്ത, ചായക്കടയിലെ ബാക്കിയുള്ളവർ കാര്യം തിരക്കി. അറിഞ്ഞപ്പോൾ അവരും രാജന്റെ വീട്ടിലേയ്ക്കു പോകാൻ തയ്യാർ.
അപ്പോഴാണ് വീണ്ടും ആശാൻ പറഞ്ഞത്.
"നിക്ക് ... ഞാൻ കുറച്ചു പുട്ടും പഴവും പൊതിഞ്ഞു തരാം,.... അവന്റ്റെ കുട്ടികൾ ഇന്ന് ഒന്നും കഴിച്ചു കാണില്ല ... ദേ ... പിന്നെ ഉച്ചയ്ക്ക് ആ പണിയും കഴിഞ്ഞ് എല്ലാരും കൂടെ ഇങ്ങോട്ടു പോരണം കേട്ടോ ..... ഇന്നത്തെ ഊണ് ഇവിടെ എന്റെ വക. രാജനെയും കുടുംബത്തെയും കൂടി നിങ്ങൾ കൂടെ കൂട്ടിയേക്കണം....".
വെറും ഒരു നാട്ടിൻപുറക്കവലയിൽ ചായക്കട നടത്തുന്ന, സ്കൂളിൽ പോകാത്ത, ആശാന്റെ ആ സ്നേഹവും കരുതലും ഒക്കെ കണ്ടപ്പോൾ, എന്താണ് മറുപടി പറയേണ്ടത് എന്നുപോലും അവർ മറന്നു. പക്ഷെ എന്തിനെന്നറിയില്ല, അവരിൽ ചിലരുടെയെങ്കിലും കണ്ണുകൾ അവരറിയാതെ നിറഞ്ഞു.
ശേഷം, പാഴ്സലുമായി അവർ രാജന്റെ വീടിനെ ലക്ഷ്യമാക്കി നടക്കുമ്പോൾ, തന്റെ ബംഗ്ളാവിന്റെ രണ്ടാം നിലയിലെ പുറവരാന്തയിൽ, ശശിമുതലാളി എന്തൊക്കെയോ നടപടിക്രമങ്ങൾ പാലിയ്ക്കാനുള്ള തത്രപ്പാടിൽ, അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നുണ്ടായിരുന്നു.
ഇപ്പോഴും തോരാതെ പെയ്യുന്ന ഈ മഴയൊന്നു കനത്താൽ, ആ രണ്ടാം നിലയും, പിന്നെ താനുമൊക്കെ, പുറമ്പോക്കിലെ ആ രാജനും അവന്റെ കൂരയ്ക്കും തുല്യമാകും എന്നോർക്കാനുള്ള സാമാന്യബുദ്ധി ഇല്ലാതായിപ്പോയത് ശശിയുടെ, അയ്യോ അല്ലല്ല... നമ്മുടെ ശശിമുതലാളിയുടെ കുഴപ്പമല്ലല്ലോ അല്ലേ? ആണോ ?......
അല്ല .... ഇനി ശരിയ്ക്കും .... ആണോ ?
ഏയ് ...ആയിരിയ്ക്കില്ല ..!!
===============================
-- ബിനു മോനിപ്പള്ളി
*************
Blog: https://binumonippally.blogspot.com
ചിത്രത്തിന് കടപ്പാട് : ഗൂഗിൾ ഇമേജസ്
പിൻകുറിപ്പ്: ഈ കഥ തികച്ചും സാങ്കൽപ്പികം മാത്രം; കഥാപാത്രങ്ങൾ വെറും സാങ്കല്പികങ്ങളും. എന്നാൽ, ഈ കഥാസന്ദർഭത്തിന്, കേരളത്തിലെ പ്രളയകാലവുമായി എന്തെങ്കിലും സാമ്യം തോന്നിയാൽ, അത് തികച്ചും യാദൃശ്ചികം മാത്രം.
Comments
Post a Comment