കത്തുകൾ പറയുന്നത്


കത്തുകൾ പറയുന്നത്

ഇന്നലെയും, പതിവ് പോലെ ഓഫീസ് ജോലികളിൽ വ്യാപൃതനായിരിയ്ക്കവേ ആണ്, പെട്ടെന്ന് ഇന്റർകോം ചിലച്ചത്. താഴെ ഫ്രണ്ട്‌-ഓഫീസിൽ നിന്നാണ്.

തപാലിൽ ഒരു എഴുത്ത് എത്തിയിട്ടുണ്ടത്രെ, അത് 'ബിനു മോനിപ്പള്ളി' എന്നുള്ള പേരിൽ ആയതു കൊണ്ട് അവർക്കൊരു സംശയം,  അതെനിയ്ക്കുള്ളത് തന്നെയാണോ എന്ന്. [സാധാരണ, ബിനു എം പി എന്ന പേരിലാണല്ലോ ഓഫീസിൽ എനിയ്ക്ക് കൊറിയറുകളും മറ്റുമൊക്കെ വരാറുള്ളത്].

ഞാൻ അതു വാങ്ങി തുറന്നു. അതിമനോഹരമായ കയ്യക്ഷരത്തിൽ ഒരു ചെറിയ കത്ത്. നേരത്തെ ഞാൻ ബ്ലോഗിൽ എഴുതുകയും, പിന്നീട് ശ്രീ ഞെരളത്ത് ഹരിഗോവിന്ദൻ മനോഹരമായി പാടി, പല വാട്സപ്പ് ഗ്രൂപ്പുകളിലും, ഫേസ്‌ബുക്കിലും ഒക്കെ സാമാന്യം ഹിറ്റാവുകയും ചെയ്ത (പിന്നീട് ഈയിടെ ബഹുമാനപ്പെട്ട തിരുവനന്തപുരം മേയർ ശ്രീ പ്രശാന്ത് അദ്ദേഹത്തിന്റെ FB പേജിൽ ഷെയർ ചെയ്ത) "വേണ്ട നമുക്കിന്നു കപ്പ" എന്ന ചെറുകവിതയെ കുറിച്ചുള്ള, ഒരു വായനക്കാരിയുടെ കത്തായിരുന്നു അത്.

സത്യത്തിൽ ഒരുപാട് സന്തോഷം തോന്നി. കാരണം കുറെയേറെ നാളുകൾ കൂടിയാണ് ഇത്തരത്തിൽ, സ്വന്തം കൈപ്പടയിൽ എഴുതിയ ഒരു കത്ത് കിട്ടുന്നത്. കാരണം, ഞാനും നിങ്ങളും ഉൾപ്പെടെ എല്ലാവരും ഇപ്പോൾ നവമാധ്യമങ്ങൾ അഥവാ സാങ്കേതികവിദ്യകൾ മാത്രമാണല്ലോ, പരസ്പരമുള്ള ആശയവിനിമയത്തിന് ഉപയോഗിയ്ക്കാറുള്ളത്.

എന്തിന്, ഇപ്പോൾ അച്ഛൻ/ അമ്മ മക്കളോട് സംസാരിയ്ക്കുന്നതു പോലും (തിരിച്ചും) വാട്സാപ്പ് വഴിയല്ലേ? (ചിലരൊക്കെ അതു വഴി മാത്രവും!).

"ഞാൻ ഇന്ന് ലേറ്റ് ആകും.."

വൈകുന്നേരം മകന്റെ/മകളുടെ വാട്സാപ്പ് മെസ്സേജ്, ഓഫീസിൽ ഇരിയ്ക്കുന്ന അച്ഛന്.

"കാര്യം?"

"ബെർത്ത് ഡേ പാർട്ടി ..."

"ഒകെ .."

"500 രൂപ ...ജി പേ ചെയ്യണം ..."

"ഓകെ"

പിന്നെ ഈ മെസ്സേജുകൾ അച്ചൻ, അമ്മയ്‌ക്ക്‌ അങ്ങു 'ഫോർവാർഡ്' ചെയ്തു കൊടുക്കും.

എളുപ്പമായില്ലേ? അച്ഛനോടും അമ്മയോടും ഈ കാര്യം പറഞ്ഞു സമ്മതിപ്പിച്ച്, പാർട്ടിയ്ക്ക് പോകേണ്ട ബുദ്ധിമുട്ടില്ല, മാത്രമല്ല അതിന്റെ വിശദാംശങ്ങൾ അവരോട് പറയുകയും വേണ്ട. ഇനി അവർക്കാകട്ടെ, മക്കളോട് സംസാരിച്ചു 'വെറുതെ' സമയം കളയേണ്ടതില്ല. ഏറ്റവും ചുരുക്കം വാക്കുകളിൽ ആ കാര്യം അങ്ങു തീർപ്പാക്കി. അല്ല പിന്നെ !!

പരസ്പരമുള്ള അച്ഛാ/മോനെ (അമ്മേ/മോളെ) വിളികൾ പോലും ഇവിടെ വേണ്ടേ വേണ്ട ! [ഓ... അതൊക്കെ 'ഔട്ട് ഓഫ് ഫാഷൻ' ആണന്നെ .... ഇനി നിർബന്ധമാണെങ്കിൽ, വല്ല 'ഡൂഡ്' എന്നോ മറ്റോ വിളിയ്ക്കാം..!].

എല്ലാവരും തിരക്കിലല്ലേ? വെറുതെ തമ്മിൽ തമ്മിൽ സംസാരിച്ചു കളയുന്ന സമയം ഉണ്ടെങ്കിൽ, വേറെ എന്തൊക്കെ കാര്യങ്ങൾ ചെയ്യാം. ഒന്നുമല്ലെങ്കിൽ ആരോടെങ്കിലും ഇത്തിരി ചാറ്റുകയെങ്കിലും ചെയ്യാമല്ലോ, ആ നേരത്ത്.

അതെ .... ഈ ഒരു കാലത്തിലാണ് ഞാനും നിങ്ങളും ഒക്കെ ജീവിയ്ക്കുന്നത്. അപ്പോൾ നമുക്കും അങ്ങിനെ ഒക്കെ ആയല്ലേ പറ്റൂ?

പക്ഷെ, ഇത്തരം യാന്ത്രിക-ആശയവിനിമയങ്ങളിൽ നമ്മൾ വല്ലാതെ നഷ്ടപ്പെടുന്ന ഒന്നുണ്ട്. എന്താണത് ?

മറ്റൊന്നുമല്ല. ബന്ധങ്ങളിലെ ആ ഊഷ്മളത, ആ ശാലീനത, ആ സ്നേഹം, ആ കരുതൽ .... അങ്ങിനെ എല്ലാം ... എല്ലാം.

മറ്റൊരുതരത്തിൽ പറഞ്ഞാൽ, "നമ്മളെത്തന്നെ".

ശരിയല്ലേ?

പണ്ട്, നമുക്കൊക്കെ വല്ലപ്പോഴുമൊരിയ്ക്കൽ കിട്ടുന്ന കത്തുകളിൽ, പിന്നെ നമ്മൾ വല്ലപ്പോഴും അയയ്ക്കുന്ന കത്തുകളിൽ, ഒക്കെ ഈ പറഞ്ഞ കാര്യങ്ങൾ ഉണ്ടായിരുന്നു. അഥവാ, ആ കത്തുകൾ വായിയ്ക്കുന്ന ഒരാൾക്ക് അതൊക്കെ ആ വരികളിൽ നിന്നും നേരിട്ടനുഭവിച്ചറിയാൻ പറ്റുമായിരുന്നു.

ഇന്നലെ, ആ കത്ത് എന്റെ കയ്യിൽ കിട്ടിയപ്പോൾ എനിയ്ക്കു പെട്ടെന്നോർമ്മ വന്നത്, കത്തുകൾ ഉണ്ടോ എന്നറിയാൻ പോസ്റ്റുമാൻ വരുന്നതും നോക്കി, വീടിനടുത്ത ഇടവഴിയിൽ വെറുതെ കാത്തുനിന്നിരുന്ന ആ പഴയ കാലമാണ്. ['വെറുതെ' എന്ന് ഞാൻ പറഞ്ഞത്, മിക്കവാറും കത്തുകൾ ഒന്നും ഇല്ലാതെ നിരാശയോടെ മടങ്ങുകയാവും ചെയ്യാറുള്ളത്, എന്നതുകൊണ്ടാണ്].

അന്നൊക്കെ ക്രിസ്തുമസ്-നവവത്സര വേളകളിൽ തങ്ങൾക്കു കിട്ടുന്ന ആശംസാകാർഡുകൾ എത്ര ആഹ്ലാദത്തോടെയും, അഭിമാനത്തോടെയും ആണ് കുട്ടികൾ കണ്ടിരുന്നത്? തങ്ങളുടെ ക്ലാസുകളിൽ കൊണ്ടുചെന്ന് കൂട്ടുകാരെ കാണിച്ചിരുന്നത്? ആ കവറുകളിൽ ഒട്ടിച്ചിരുന്ന സ്റ്റാമ്പുകൾ വളരെ ശ്രദ്ധാപൂർവ്വം ഒട്ടും കേടുവരാതെ, വിരൽത്തുമ്പിൽ ഇറ്റു വെള്ളം തൊട്ട്, അടർത്തിയെടുക്കും, പിന്നെ അതിനെ വെയിലത്ത് ഉണക്കി, തന്റെ സ്റ്റാമ്പ്-ശേഖരണ- നോട്ടുബുക്കിൽ  അങ്ങ് ഒട്ടിച്ചുവയ്ക്കും.

അങ്ങിനെ കത്തുകളുമായി ബന്ധപ്പെട്ട ഓർമ്മകൾ എത്രയോ ഉണ്ട്. അല്ലേ?

മിക്കവാറും, ബ്ലോഗ് വായിക്കുന്നവർ പലരും അവരുടെ അഭിപ്രായം നേരിട്ട് അറിയിക്കാറുണ്ട്. ചിലരൊക്കെ വിദേശത്തു നിന്നുൾപ്പെടെ വിളിയ്ക്കാറുണ്ട്. മറ്റു ചിലർ ഇമെയിൽ ആയി അയയ്ക്കും, വേറെ ചിലർ മെസ്സേജ് ആയും.

അതിൽ അഭിനന്ദനങ്ങൾ ഉണ്ടാകും, നിർദ്ദേശങ്ങൾ ഉണ്ടാകും, വിമർശനങ്ങൾ ഉണ്ടാകും. അടുത്തതായി എഴുതിക്കാണണം എന്നവർ താല്പര്യപ്പെടുന്ന വിഷയങ്ങളും ചിലപ്പോഴൊക്കെ പറയാറുണ്ട്. മറ്റു ചിലരാകട്ടെ കവിതയിലെ താളബോധത്തെപ്പറ്റിയും, ചില വരികളിലെ താളഭംഗത്തെപ്പറ്റിയും ഒക്കെ പറയാറുണ്ട്. എല്ലാം സ്നേഹത്തോടെ.....

എല്ലാത്തിനും കഴിയുന്നതും മറുപടി നൽകാറുമുണ്ട്. ആ കാര്യങ്ങൾ എല്ലാം പിന്നീടുള്ള എന്റെ രചനകളിൽ തീർച്ചയായും ശ്രദ്ധിയ്ക്കാറുമുണ്ട്.

പക്ഷേ, വീണ്ടും പറയട്ടെ..... അതിനൊന്നും ഇല്ലാത്ത എന്തോ ഒരു പ്രത്യേകതയാണ്, മറ്റൊരാൾ സ്വന്തം കൈപ്പടയിൽ എഴുതി അയയ്ക്കുന്ന ഒരു കത്ത് വായിയ്ക്കുമ്പോൾ നമുക്ക് തോന്നുന്നത്. സത്യം.

ഒരു പക്ഷെ, പുതിയ തലമുറയിലെ മിക്കവരും, (ചിലപ്പോൾ ഇന്നേവരെ) ഒരു കത്തും എഴുതാത്തവരാകാം, അതല്ലെങ്കിൽ ഒരു കത്തുപോലും സ്വന്തം മേൽവിലാസത്തിൽ കൈപ്പറ്റാത്തവരും ആകാം. അതുകൊണ്ടു തന്നെ, മേൽപ്പറഞ്ഞ ആ സന്തോഷം അനുഭവിയ്ക്കാൻ പറ്റാത്തവരും.

എങ്കിൽ, ഇന്നു തന്നെ നിങ്ങൾ വിശദമായ ഒരു കത്തെഴുതി, ഏറ്റവും പ്രിയപ്പെട്ട നിങ്ങളുടെ സുഹൃത്തിന്റെ മേൽവിലാസത്തിൽ അയയ്ക്കണം. ഒരു സർപ്രൈസ് ആകട്ടെ. എന്താ ?

പ്രിയപ്പെട്ട  വായനക്കാരീ,
താങ്കളുടെ കത്തിന് നന്ദിസൂചകമായി ഒരു  ചെറുകുറിപ്പ് എഴുതാം എന്നാണ് കരുതിയത്. പക്ഷേ, എഴുതിവന്നപ്പോൾ കുറച്ചേറെ നീളം കൂടിപ്പോയി. അല്ലേ? സാരമില്ല.
അദ്ധ്യാപന ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ എപ്പോഴോ കുറച്ചു സമയം കണ്ടെത്തി, മേൽവിലാസം തേടിപ്പിടിച്ച്, ഇങ്ങിനെ ഒരു കത്തെഴുതാൻ കാണിച്ച ആ സന്മനസിന് ഒരുപാട് നന്ദി !
പ്രോത്സാഹനത്തിനും.....

താങ്കൾ എഴുത്തിൽ സൂചിപ്പിച്ചുള്ളത് പോലെ, താങ്കളും കുറച്ചൊക്കെ എഴുതുന്ന ആളാണെങ്കിൽ, തീർച്ചയായും അത് തുടരുക. സർവത്ര തിരക്കിൻറെ ഈ കാലത്ത്, അതേ... ആർക്കും ആരെയും വെറുതെ ഒന്നു ഗൗനിയ്ക്കാൻ പോലും, ഒന്നു ചിരിയ്ക്കാൻ പോലും, ഒട്ടും 'സമയമില്ലാത്ത' ഈ കാലത്ത്, എഴുതുക എന്നത്, ഒരു എഴുത്തുകാരന്/എഴുത്തുകാരിയ്ക്ക് നൽകുന്ന മാനസിക ആശ്വാസം/സന്തോഷം, അത് വളരെ വളരെ വലുതാണ്, വിലപ്പെട്ടതാണ്.

സ്നേഹത്തോടെ
ബിനു മോനിപ്പള്ളി


*************
Blog: https://binumonippally.blogspot.com
ചിത്രത്തിന് കടപ്പാട് : ഗൂഗിൾ ഇമേജസ്  

പിൻകുറിപ്പ്: കുറച്ചു മുൻപൊരിയ്ക്കൽ, കൃത്യമായി പറഞ്ഞാൽ 2017 ൽ എഴുതിയ "മൃതനഗരത്തിലേയ്ക്കൊരു കര-കടൽ യാത്ര" എന്ന ധനുഷ്‌കോടി യാത്രാവിവരണം അന്നത്തെ മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചപ്പോൾ, ഒരു വായനക്കാരൻ ഇതേ പോലെ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ എഴുതി അറിയിച്ചിരുന്നു. പിന്നെ, ഇതാ ഇപ്പോൾ 2019 ൽ മറ്റൊരു കത്ത്. എന്നാൽ പിന്നെ, ആ സന്തോഷം എന്റെ പ്രിയപ്പെട്ട മറ്റു വായനക്കാരോട് കൂടി ഒന്നു പങ്കുവയ്ക്കാം എന്ന് കരുതി. അത്രമാത്രം....





Comments

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]