നാട്, തോട്, പിന്നെ .... ഭാഷ [കവിത]


നാട്, തോട്, പിന്നെ .... ഭാഷ 
[കവിത]

"നാടു മുടിഞ്ഞേ, നാടു മുടിഞ്ഞേ ....."
കേഴുവതെല്ലാരും
നാടിനു വേണ്ടിയിട്ടെന്തൊക്കെ
ചെയ്തുവെന്നോർക്കുവതില്ലാരും

വീടു നന്നാക്കുവാൻ നാടിനെ വിട്ടെന്നു
ന്യായം പറഞ്ഞവർ നാം
വീടും വിട്ടിന്നങ്ങു തൻകാര്യം നോക്കുന്ന
സ്വാർത്ഥരായ് മാറിയോർ നാം !

"തോടു നികന്നേ, തോടു നികന്നേ...."
കരയുവതെല്ലാരും
തോടിനു വേണ്ടി നാം എന്തൊക്കെ
ചെയ്തുവെന്നോർക്കുവതില്ലാരും 

മാളിക കെട്ടുവാൻ തോട് നികത്തിയോർ
തൂകുന്ന കണ്ണുനീരിൻ
ഉപ്പുരസത്തിന്റെ ഗാഢത നോക്കുന്ന
മണ്ടരായ് മാറിയോർ നാം!

"ഭാഷ ക്ഷയിച്ചേ, ഭാഷ ക്ഷയിച്ചേ...."
തേങ്ങുവതെല്ലാരും
ഭാഷയെ പോറ്റുവാൻ എന്തൊക്കെ
ചെയ്തുവെന്നോർക്കുവതില്ലാരും

'പെറ്റമ്മ'യെന്നോതി കൂട്ടിലടയ്ക്കുകിൽ
ഭാഷ വളരുകില്ല
ആംഗലേയത്തിന്റെ അറ്റത്തു കെട്ടുവാൻ
ഭാഷയെ കൊല്ലുവോർ നാം!

ഏറെപ്പറയുവാൻ മോഹമുണ്ടെങ്കിലും
ഒട്ടു കുറച്ചിടുന്നു
കൂട്ടത്തിൽപ്പെട്ടവനെന്നുള്ള ചിന്തയിൽ
നെഞ്ചകം പൊള്ളിടുന്നു!

നാടുകരയുമ്പോൾ കൂടെക്കരയുവാൻ
പോലുമശക്തനിന്നീ-
നാടിന്റെ ദുർഗ്ഗതിയ്ക്കെങ്ങിനെയൊക്കെയോ
ഹേതുവായ്‌ തീർന്നു ഞാനും !!

- ബിനു മോനിപ്പള്ളി
**************

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

 
പിൻകുറിപ്പ്: നാടും, നദികളും, പിന്നെ മാതൃഭാഷയുമൊക്കെ, ഇവിടെ നശിയ്ക്കുന്നേ, എന്ന്  കരയുന്ന നാം ഓരോരുത്തരും , അത് തടയാൻ നമ്മെക്കൊണ്ട് ആവുന്നതുപോലെ എന്തൊക്കെ ചെയ്തു, അഥവാ എന്തൊക്കെ ചെയ്യുന്നു, എന്ന് കൂടി ചിന്തിക്കേണ്ടതല്ലേ?

.

Comments

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]