ആഹാ ....ചൊറിയാനെന്തു സുഖം ..!! [ലേഖനം]

ആഹാ ....ചൊറിയാനെന്തു സുഖം ..!!

[ലേഖനം]

ഒരിയ്ക്കൽ, അതിപ്രശസ്തനും, അതിലേറെ രസികനുമായ, ഒരു വിശിഷ്ട അതിഥിയുമായുള്ള  അഭിമുഖം നടക്കുകയായിരുന്നു. പരിപാടി, ഏതാണ്ട് അവസാന ഭാഗത്തോടടുക്കുന്നു.  

അവതാരകൻ: സാർ ... ഇത്രയും നേരം ഞങ്ങളോട് സംവദിച്ച അങ്ങേയ്ക്ക് ഒരായിരം നന്ദി. അവസാനമായി, ഒരൊറ്റ ചോദ്യം കൂടി. ജീവിതത്തിൽ അങ്ങ് ഏറ്റവും ആസ്വദിച്ച് ചെയ്യുന്നത്, എന്താണ്?

അതിഥി: അത് ....

അർധോക്തിയിൽ ഒന്ന് നിർത്തിയ, അതിഥിയുടെ മുഖത്ത് ഒരു ഗൂഢസ്മിതം തെളിഞ്ഞു.

അപകടം മണത്ത അവതാരകൻ, ചെറിയ ജാള്യതയോടെ ഉടൻ ഇടപെട്ടു.

അവതാരകൻ: അല്ല സാർ ...ഞാൻ ഉദ്ദേശിച്ചത്...  വായന, എഴുത്ത്, സംഗീതം, കായിക വിനോദങ്ങൾ, യാത്ര ..... ഇങ്ങിനെയൊക്കെ ഉള്ളവയിൽ വച്ച്, സാർ ഏറ്റവും നന്നായി ആസ്വദിയ്ക്കുന്നത്, ഏതാണ്? അഥവാ എന്താണ്? എന്നാണ്.

അതിഥി: അതെ.... അതെ ... അതുതന്നെയാണ് ഞാൻ പറയാൻ വന്നത്... ഞാൻ ഏറെ ആസ്വദിയ്ക്കാറുള്ളത് സത്യത്തിൽ ഇതൊന്നുമല്ല.... എന്റെ ശരീരത്തിലെ ആ നിമ്നോന്നതങ്ങളിൽ എവിടെയെങ്കിലും ഒരു ചൊറിച്ചിൽ വരുമ്പോൾ, എല്ലാം മറന്ന്, എല്ലാരേം മറന്ന്, സകല പരിസരോം മറന്ന്, ഈ ലോകം തന്നെ മുഴുവനായങ്ങ് മറന്ന്.... കുറച്ചു നേരം അവിടെ  ഒന്നു ചൊറിയാൻ പറ്റിയാൽ ... അതാണെടോ ലോകത്തിലേയ്ക്കും വച്ച് ഏറ്റവും വലിയ സുഖം .....!!

തീരെ പ്രതീക്ഷിയ്ക്കാത്ത ആ മറുപടി കേട്ട, നമ്മുടെ അവതാരകന്റെ  മുഖഭാവം  എന്തായിരുന്നു എന്ന്, പ്രത്യേകം പറയേണ്ടതില്ലല്ലോ?

നമുക്ക്, ഒരു വലിയ ചിരിയ്ക്ക് ഇട നൽകുന്നതാണ് ഈ രസികൻ മറുപടി എങ്കിലും, അതിൽ വലിയ ഒരു സത്യം ഒളിഞ്ഞിരിപ്പില്ലേ? 

ഉണ്ട്.... എന്നാണ് എന്റെ പക്ഷം.

ഞാൻ വിശദമാക്കാം.

പുറത്തേയ്ക്കു പറയില്ലെങ്കിലും (അഥവാ സമ്മതിയ്ക്കില്ലെങ്കിലും), നമ്മളിൽ പലർക്കും, ഏറെ ഇഷ്ടമാണ് മേല്പറഞ്ഞ തരം 'ചൊറിച്ചിലുകൾ'. 

നമ്മൾ അത് നന്നായി ആസ്വദിയ്ക്കുകയും ചെയ്യും.

ശേഷം, നമ്മൾ എന്ത് ചെയ്യും? ഒരു 'വെറൈറ്റി'യ്ക്ക് വേണ്ടി മറ്റുള്ളവരെ ഒന്നു ചൊറിയാൻ നോക്കും. ഒരു മയത്തിലൊക്കെ ആണെങ്കിൽ, അതും രസമാ. ചൊറിയുന്നവനും, ചൊറിച്ചിൽ ഏല്ക്കുന്നവനും. 

ഇടയ്ക്കുവച്ച് (അല്ലെങ്കിൽ, ഒന്നാമൻ പരിധി വിടുമ്പോൾ), ചിലപ്പോൾ രണ്ടാമൻ ഒന്നു തിരിച്ചു ചൊറിയും. ചില ഒന്നാമന്മാർക്ക് അതങ്ങിഷ്ടമാകില്ല. (അവർ റേഡിയോ ടൈപ്പ് ആണേ. അങ്ങോട്ട് മാത്രമേ പറ്റൂ, ഇങ്ങോട്ടൊന്നും പറ്റില്ല). അപ്പോൾ ആണ് പ്രശ്നം. പരസ്പരമുള്ള ആ ചൊറിച്ചിലിന്റെ ശക്തി ഒന്നിനൊന്ന് കൂടും. 

ആദ്യത്തെ ആ സുഖമൊക്കെ അങ്ങു മാറി, അവസാനം ചൊറിഞ്ഞേടം മിക്കവാറും, തരക്കേടില്ലാത്ത ഒരു വൃണമായി മാറുകയും ചെയ്യും.

പിന്നെ, ഒന്നാമനും രണ്ടാമനും, കുറെയേറെ മരുന്ന് വാരിപ്പുരട്ടേണ്ടി വരും, അതൊന്നു മാറാൻ. ചിലപ്പോൾ മാറിയില്ലെന്നും വരാം. ഇനി, മാറിയാലും ആ കറുത്ത പാടുകൾ കുറേക്കാലം അവശേഷിയ്ക്കുകയും ചെയ്യും.

എന്താ, ശരിയല്ലേ?

മാത്രവുമല്ല, ഒന്നാമന്റെയും രണ്ടാമന്റെയും ഇത്തരം ചൊറിച്ചിലുകൾ, ചുറ്റുമുള്ളവർക്ക് ആകെ അരോചകമാവുകയും ചെയ്യും. (ഇനി, അപൂർവ്വം കാണികൾക്ക് അത് നന്നേ രസിച്ചെന്നും വരാം, കേട്ടോ. ആഹാ .... അവരുടെ ചൊറിച്ചിൽ കാണാനെന്തു സുഖം ... എന്നൊരു ലെവൽ).

അതവിടെ നിൽക്കട്ടെ. എന്താണ് ഇതിനൊരു പ്രതിവിധി?

ഓ ... അതോ? അത് വളരെ സിമ്പിളാണ്.... ബട്ട് പവർഫുള്ളും...

ചൊറിച്ചിൽ വരുമ്പോൾ സ്വയം ചൊറിയുക; ആസ്വദിയ്ക്കുക. ഒരു കാരണവശാലും, മറ്റുള്ളവരെ ചൊറിയാതിരിയ്ക്കുക.

ഇത് പറയാനായിരുന്നോ ഇയാൾ ഇത്രേം നേരം പറഞ്ഞത്? എന്നാണോ?

അല്ല, ഒരു കാര്യം കൂടി ഇതിനോട് ചേർത്ത് പറയാനാണ്.

ഈ ചൊറിച്ചിലിന്റെ കൂടെ ചേർന്ന് വരുന്ന, വേറെ ഒരു സംഗതി കൂടിയുണ്ട്. "ഒന്നെടുത്താൽ ഒന്ന് ഫ്രീ" എന്നൊക്കെ പറയുമ്പോലെ. വേറൊന്നുമല്ല, നമ്മുടെ ആ 'ഒളിഞ്ഞുനോട്ടം'. 

ഏയ് ..മൊബൈലും കയ്യിൽ വച്ച്, പാത്തുംപതുങ്ങിയുമുള്ള ആ  ഒളിഞ്ഞുനോട്ടം അല്ല. അത് വേറെ ജനുസ്. ഇത്, മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്കുള്ള, ആ ഒളിഞ്ഞുനോട്ടമില്ലേ? അതാണ്.

സ്വന്തം കാര്യത്തിലും, സ്വന്തം വീട്ടിലും, ഒക്കെ ഒരുപാട് കാര്യങ്ങൾ അങ്ങിനെ കുത്തഴിഞ്ഞു കിടക്കുമ്പോഴും, നമ്മളിൽ പലർക്കും ഇഷ്ടം (ഏറെ ഉത്സാഹവും) മറ്റുള്ളവരുടെ ജീവിതത്തിലേയ്ക്ക്, അവരുടെ കുടുംബത്തിലേയ്ക്ക്, ഒക്കെ ഒന്ന് ഒളിഞ്ഞു നോക്കാനാണ്. അതും പറ്റുമെങ്കിൽ, ഇത്തിരി വിശാലമായി തന്നെ.

അതിനു വേണ്ടി, നമ്മൾ വേണമെങ്കിൽ ഒരു 'ഛോട്ടാ സേതുരാമയ്യർ' വരെയാകും. (ഠൻ... ഠൻ ....ഠൻ ..... ടക.. ടക.. ഠൻ.....). തെളിവുകൾക്കായി നമ്മൾ  കോഴികളെപ്പോലെ ചിക്കിച്ചികയും. കിട്ടിയില്ലെങ്കിൽ കുറെയൊക്കെ നമ്മൾ സ്വന്തമായി അങ്ങ് ഉണ്ടാക്കുകയും ചെയ്യും. അതിനൊക്കെയുള്ള ഭാവന എപ്പോഴും നമ്മുടെ കയ്യിൽ 'റെഡി സ്റ്റോക്ക്' അല്ലേ? 

നാട്ടിലുള്ള മാതാപിതാക്കളെ ഒന്ന് വിളിയ്ക്കാൻ, അവരുമായി ഇത്തിരി വിശേഷം പങ്കുവയ്ക്കാൻ തീരെ സമയമില്ലാത്ത നമ്മൾ, സ്വന്തം കുട്ടികളോടൊപ്പം ഒരല്പം കളിതമാശകൾ പറയാൻ സമയമില്ലാത്ത നമ്മൾ, എന്തിന്? സ്വന്തം പങ്കാളിയോട് മനസ്സുതുറന്ന് ഒരുനേരം സംസാരിയ്ക്കാൻ തീരെ സമയമില്ലാത്ത നമ്മൾ..... ആ നമ്മൾ, ഇതിനൊക്കെ വേണ്ടി,  ആരൊയൊക്കെ വിളിയ്ക്കാമോ? അവരെയൊക്കെ വിളിയ്ക്കും. ഇനി അഥവാ, വിളിച്ചിട്ടു കിട്ടിയില്ലെങ്കിലോ? 

എന്നാലും വിടില്ല നമ്മൾ. വാട്സാപ്പിൽ ഓഡിയോ മെസ്സേജുകൾ ചറപറാ അങ്ങ് പറത്തും. നമ്മളോടാ അവരുടെ കളി !! 

പിന്നെ, അത്തരം മെസേജുകൾക്ക് പ്രോത്സാഹജനകമായ ഒരുപാട് മറുപടികളും നമുക്ക് കിട്ടും. "ഇതെങ്ങിനെ ഒപ്പിച്ചെടിയെ?", "നീ ആളൊരു പുലി തന്നെടേയ്", "ഹോ ..നിന്നെ സമ്മതിച്ചിരിയ്ക്കുന്നു", "അവക്കിട്ടെ ഒരു പണി വേണ്ടതായിരുന്നു... നന്നായി", "നിന്നെ അവൾ/അവൻ തീരെ  മനസിലാക്കിയിട്ടില്ല", "അവൾടെ/അവന്റെ ആ ജാഡ ഇതോടെ തീരും". ഏതാണ്ട് ഈ തരത്തിലുള്ളവ. ഇതങ്ങ്  വായിക്കുമ്പോൾ നമ്മൾക്ക് തോന്നുന്ന ആ ഒരു സുഖമുണ്ടല്ലോ? അതാണ് പരമസുഖം. [ആ സുഖം, "ആത്മരതി"യുടെ പരിധിയിൽ വരുമോ എന്നൊരു അസാരം സംശയം ഉള്ളതുകൊണ്ട് മാത്രം, ആ കടുത്ത പ്രയോഗം നമ്മൾ ഇവിടെ ഒഴിവാക്കുകയാണ്. ക്ഷമിയ്ക്കുക].

ആ ... എന്നിട്ടോ? ആ വിശേഷങ്ങൾ അല്പം പൊടിപ്പും തൊങ്ങലും, പിന്നെ മേമ്പൊടിയ്ക്ക് ഇത്തിരികൂടി മസാലയും ഒക്കെ വച്ച്, ഭേഷായി ചൂടോടെ,  വാട്സാപ്പിലൊന്നും ഇല്ലാത്ത, ബാക്കി നാട്ടാർക്കുകൂടി വിളമ്പും. [നമ്മുടെ സൂപ്പർസ്റ്റാറിന്റെ ആ സിനിമാ ഭാഷയിൽ പറഞ്ഞാൽ "...... ന്റെ ഉച്ചിഷ്ടവും, അമേദ്യവും കൂട്ടിക്കുഴച്ച്, നാലുനേരം മൃഷ്ടാന്നം ......" തന്നെ]

ആഹാ ... അപ്പോൾ ദേ വീണ്ടും വരുന്നു...  ആ പഴയ സുഖം ഒന്ന് കൂടി ..! 

ആ സുഖമാണ് നമ്മൾ ഈ ലേഖനത്തിന്റെ തലക്കെട്ടിൽ ആദ്യമേ പറഞ്ഞ, ആ "ആഹാ ....ചൊറിയാനെന്തു സുഖം ..!!"

ഇത്തരം 'സുഖചൊറിച്ചിലു'കളുമായി ചേർന്ന് വരുന്ന, ചില നാടൻ സംഭാഷണ ശകലങ്ങൾ കൂടി നമുക്കൊന്ന് നോക്കിയാലോ? ചുമ്മാ ഒരു രസത്തിന്.

കല്യാണി: എടിയേ ...നീയറിഞ്ഞോ ? നമ്മുടെ തെക്കേലെ രമണിയില്ലേ? അവളുടെ മൂത്തമോൾക്ക് സർക്കാർ ജോലി കിട്ടീന്ന് ... ഇന്നലെ ലെറ്റർ വന്നൂത്രേ....

കളവാണി : ഓഹ് ...ചുമ്മാ പറയുവാരിയ്ക്കും .... അവൾക്കൊക്കെ എന്നാ സർക്കാർ ജോലി കിട്ടാനാ? അവൾടെ ഒരു ഗമേം, ആ പത്രാസും ഒക്കെ കണ്ടാ മതി... ഇനി അഥവാ കിട്ടീങ്കിലും അത് വല്ല 'താൽക്കാലികോം' ആയിരിയ്ക്കും.

വിഷയം, ഒരു നല്ലകാര്യം ആയതു കൊണ്ട് തന്നെ, നമ്മടെ കല്യാണീടേം, കളവാണീടേം വർത്തമാനം ഇവിടെ തീരും. ഓ ... ഇതുപറയാൻ, ഒരു സുഖമില്ലാന്നേ ...

ഇനി, ഇതുതന്നെ വിഷയം മറ്റൊന്നായിരുന്നെങ്കിലോ?

കല്യാണി: എടിയേ ...നീയറിഞ്ഞോ? നമ്മുടെ തെക്കേലെ രമണിയില്ലേ? അവളുടെ ആ മൂത്ത മോളില്ലേ? അവളെ ഇന്നലെ, നമ്മടെ കോട്ടയത്തെ  അനുപമ തിയേറ്ററിന്റെ അടുത്തു വച്ച് കണ്ടൂന്ന്....

കളവാണി: ഏഹ് ...എന്നിട്ട് ...എന്നിട്ട്?

കല്യാണി: കൂടെ ഒരു പയ്യൻ ഉണ്ടായിരുന്നെന്നോ ... അവർ സിനിമയ്ക്ക് കേറീന്നോ ഒക്കെ പറയുന്നു ....

കളവാണി: ശരിയ്ക്കും സിനിമയ്‌ക്ക്‌ കേറിയോ ?

കല്യാണി: അല്ല ..അതിപ്പം.... എന്നോടിത് പറഞ്ഞത് ദേ ഈ ജാനുവാ ...

ജാനു: എന്നൊക്കെ ചോയ്ച്ചാൽ ...കയറാൻ ആകുമല്ലോ തീയേറ്ററിന്റെ അടുത്തു നിന്നത്  ...അല്ലാതെ ...പിന്നെ .... റേഷൻ മേടിയ്ക്കാനാണോ ..?

കളവാണി: ജാന്വേ ... സത്യം പറ .... നീ കണ്ടതാണോ? 

ജാനു: ഏയ് .... ഞാൻ കണ്ടില്ല .... ഇതേ ..... എന്നോട് പറഞ്ഞത് വടക്കേലെ  ശോശാമ്മയാ .....

കളവാണി: ശരിയാരിയ്ക്കും ...ആ രമണീടെ മൂത്തവളേ .... അവൾ ആള് ചില്ലറക്കാരിയല്ല ......കഴിഞ്ഞ ആഴ്ച്ച എന്നെ കണ്ടപ്പം മുഖം വീർപ്പിച്ചൊരു പോക്ക് .... അവടെ മൊബൈലും കുത്തി .... പക്ഷെ ... എന്നാലും .... ആ ശോശാമ്മ ഇതൊക്കെ എങ്ങിനെ അറിയും? അവളീ നാട് വിട്ടു പുറത്തേയ്ക്ക് പോകാറേ ഇല്ലാലോ ....?

ജാനു: എന്റെ കളൂ..... അവടെ പെണ്ണിനെ കെട്ടിച്ചേക്കണത് കോട്ടയത്തല്ലേ ..... സംക്രാന്തീലോ മറ്റോ ..... ആ പെണ്ണ് വിളിച്ചപ്പം വല്ലോം പറഞ്ഞതായിരിയ്ക്കും .....

കല്യാണി: നമുക്ക് ശോശാമ്മേടെ കയ്യിന്ന് നമ്പർ വാങ്ങി അവളെ ഒന്ന് വിളിച്ചാലോ .... അവള് മൊബൈലിൽ വല്ല ഫോട്ടോയും പിടിച്ചിട്ടുണ്ടേലോ ?....  ഇപ്പ അതാണല്ലോ ട്രെൻഡ് ....

കളവാണി: അത് വേണ്ട കല്ലൂ ...ഞാനേ ശോശയ്ക്കൊരു വാട്സാപ്പ് മെസ്സേജ് ഇടാം ..... അപ്പൊ... ഫോട്ടോ ഉണ്ടേൽ അവള് അതും അയയ്ക്കൂലോ .....

ഈ ഒരു സംഭാഷണം, ഏറ്റവും ചുരുങ്ങിയത് ഒരു മണിക്കൂർ എങ്കിലും നീളും. ആ നാട്ടിലെ സകല ചെറുപ്പക്കാരുടേം, പേരും, നാളും മാത്രമല്ല, വേണമെങ്കിൽ  ജാതകങ്ങൾ വരെ തപ്പിയെടുത്ത്, പിന്നെ ഹരിച്ചും, ഗുണിച്ചും, മറിച്ചും നോക്കി ..... ആ പെങ്കൊച്ചിന്റെ കൂടെ സിനിമയ്ക്ക് അവരിലൊരാളെ കയറ്റാൻ നോക്കും.

എന്താ ശരിയല്ലേ?

എന്താണ്, ഈ രണ്ടു സന്ദർഭങ്ങളും തമ്മിലുള്ള വ്യതാസം?

ഒന്നുമാത്രം. 

ആദ്യത്തേത്, എരിവും പുളിയും തീരെ ചേർക്കാനില്ലാത്ത, ഒരു നല്ല കാര്യം ആണെങ്കിൽ, രണ്ടാമത്തേത് എരിവും, പുളിയും മാത്രമല്ല, വേണമെങ്കിൽ നവരസങ്ങളും ആവോളം ചേർക്കാൻ പറ്റുന്ന, നല്ല ഒന്നാംതരമൊരു മസാലക്കഥ.

എരിവും, പുളിയും, കൂടെ ഇത്തിരി 'അവിഹിതവും' ഒന്നുമില്ലാത്ത കഥകളൊക്കെ, ഈ കാലത്ത് ആർക്കു കേൾക്കണം? സീരിയലുകാർക്കു പോലും വേണ്ട. പിന്നല്ലേ നമ്മൾക്ക് ....

ഇനി, അപ്പോൾ എന്താണ് ഈ പറഞ്ഞു വരുന്നത്, എന്നാണോ? 

ഒന്നുമല്ല. അവസാനമായി നിങ്ങളോടൊരു ചോദ്യം കൂടി. അത്രയേയുള്ളൂ.

അന്യന്റെ ജീവിതത്തിലേക്കുള്ള ഇത്തരം "ഒളിഞ്ഞുനോട്ടങ്ങൾ", ആശാസ്യമാണോ അല്ലയോ?

നിങ്ങൾ ചിന്തിയ്ക്കുക. ഉത്തരം സ്വയം കണ്ടെത്തുക.

എന്റെ ഉത്തരം "അല്ല" എന്ന് തന്നെ ആണ്. 

ഇനി അഥവാ, അന്യന്റെ ജീവിതത്തിലേയ്ക്കുള്ള  ഒളിഞ്ഞുനോട്ടം, ഒരാൾക്ക് പൂർണ്ണമായും ഒഴിവാക്കാൻ ആവില്ലെങ്കിൽ (ആവില്ലെങ്കിൽ മാത്രം അഥവാ അതില്ലാതെ ജീവിയ്ക്കാൻ പറ്റില്ലെങ്കിൽ മാത്രം), പരമാവധി രണ്ടുതരം നോട്ടങ്ങൾ ആവാം, എന്നാണ്.

1. മറ്റൊരാളുടെ ജീവിതത്തിൽ/കുടുംബത്തിൽ നടക്കുന്ന/നടന്ന വീഴ്ചകളെ/കുറവുകളെ/സംഭവങ്ങളെ കണ്ടു മനസ്സിലാക്കി, ഭാവിയിൽ അത് സ്വന്തം ജീവിതത്തിൽ/കുടുംബത്തിൽ സംഭവിയ്ക്കുന്നത് ഒഴിവാക്കുക എന്ന സദുദ്ദേശത്തിൽ ഉള്ളവ. പക്ഷെ, എന്ത് സദുദ്ദേശം പറഞ്ഞാലും ശരി, ആ നോട്ടം, അത് 'ഒളിഞ്ഞുനോട്ടം' ആകരുത്, മറിച്ച് 'തെളിഞ്ഞുനോട്ടം' ആകണം. 

2. മറ്റൊരാളുടെ ജീവിതത്തിൽ/കുടുംബത്തിൽ നടക്കുന്ന/നടന്ന വീഴ്ചകളെ/ കുറവുകളെ/സംഭവങ്ങളെ കണ്ടു മനസ്സിലാക്കി, ഭാവിയിൽ അത്തരമൊരെണ്ണം വീണ്ടും അവരുടെ ജീവിതത്തിൽ സംഭവിയ്ക്കാൻ പാടില്ല, എന്ന സദുദ്ദേശത്തോടെയുള്ള ഇടപെടൽ. പക്ഷേ, ഇവിടെയും ആ നോട്ടം, അത് ഒളിഞ്ഞുനോട്ടം ആകരുത്, മറിച്ച് തെളിഞ്ഞുനോട്ടം തന്നെ ആകണം. മാത്രവുമല്ല, അത്തരമൊരു ഇടപെടൽ നടത്തണം എങ്കിൽ, ആ ആളുമായോ ആ കുടുംബവുമായോ അത്രയധികം അടുപ്പവും, ഒപ്പം അതിനുള്ള  സ്വാതന്ത്ര്യവും, ഒരാൾക്ക് ഉണ്ടാകുകയും വേണം. 

ഈ രണ്ടുതരം നോട്ടങ്ങളിലും, വളരെ ശ്രദ്ധിയ്‌ക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ഈ 'തെളിഞ്ഞുനോട്ട'ങ്ങളിൽ നിങ്ങൾ കാണുന്ന കാര്യങ്ങൾ, നാട്ടാർക്കു മുന്നിൽ, പാണനെപ്പോലെ പാടിനടക്കാനുള്ളതാവരുത്; എന്നതാണത്.

ചുരുക്കത്തിൽ, ഏറിയാൽ മുകളിൽ പറഞ്ഞ രണ്ട് അവസരങ്ങളിൽ, അതുതന്നെ, തികഞ്ഞ സദുദ്ദേശങ്ങളോടെയല്ലാതെ, മറ്റൊരാളുടെയും  സ്വകാര്യജീവിതത്തിലേയ്ക്ക് ഒളിഞ്ഞു നോക്കാനോ, അതിൽ ഇടപെടാനോ നമ്മൾ ശ്രമിയ്ക്കേണ്ടതില്ല; അതല്ലെങ്കിൽ നമുക്കതിനുള്ള ഒരു അവകാശവും  ഇല്ല തന്നെ. 

നിങ്ങൾക്ക് ഈ അഭിപ്രായത്തോട്, പൂർണ്ണമായോ, ഭാഗികമായോ യോജിയ്ക്കാം, അല്ലെങ്കിൽ വിയോജിയ്ക്കാം. അതിൽ ഇടപെടാൻ, എനിയ്ക്കും യാതൊരു അവകാശവുമില്ല.

അതേ ...പിന്നേയ് .... ആരോടും പറയില്ലെങ്കിൽ അവസാനമായി ഒരു രഹസ്യം കൂടി പറയാം. എന്തൊക്കെ പറഞ്ഞാലും ശരി, ഈ ചൊറിച്ചിലിനെ പറ്റി ഇങ്ങിനെ കുറെയേറെ അങ്ങ്  പറഞ്ഞു കഴിഞ്ഞപ്പോൾ .... വല്ലാത്ത ഒരു സുഖം...!!

ദേ ...വീണ്ടും ..... അത് വരുന്നു...

"ആഹാ .... ഇങ്ങിനെ .... ചുമ്മാ ... ചൊറിയാനെന്തു സുഖം ..!!"

സ്നേഹപൂർവ്വം

ബിനു മോനിപ്പള്ളി

പിൻകുറിപ്പ്: ഈ ലേഖനത്തിൽ പറഞ്ഞിരിയ്ക്കുന്നത്, വിഷയത്തെക്കുറിച്ചുള്ള, ലേഖകന്റെ  വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമാണ്. ഒരു വായനക്കാരന്റെയും അഥവാ വായനക്കാരിയുടെയും, സ്വകാര്യതയിലേയ്ക്കോ, ഇക്കാര്യത്തിലുള്ള അവരുടേതായ  അഭിപ്രായങ്ങളിലേയ്‌ക്കോ, ഒന്നും നുഴഞ്ഞുകയറുവാനോ, ഒളിഞ്ഞുനോക്കുവാനോ,  ഉദ്ദേശിച്ചുള്ളതല്ല. ഇതിൽ പറയുന്ന കല്യാണി/കളവാണി/ജാനു ... ഇവരൊക്കെ ലിംഗഭേദമില്ലാത്ത, വെറും പ്രതിരൂപങ്ങൾ മാത്രം.

**************

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

Comments

  1. ആഹാ .... ഇങ്ങിനെ .... ചുമ്മാ ... ചൊറിയാനെന്തു സുഖം

    ReplyDelete

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]