അതിജീവനം [കവിത]
അതിജീവനം
[കവിത]
അതിജീവനത്തിന്നു കൂട്ട് വേണോ?
അതിജീവനത്തിന്നു മണ്ണ് വേണോ?
അതിജീവനത്തിന്നു വേണ്ടിയെത്ര,
അധികമായ് ഞാൻ കാത്തുവയ്ക്ക വേണം?
ചോദ്യങ്ങളെന്നോട് ചോദിയ്ക്കുകിൽ
ഉത്തരം ചൊല്ലിടാം ഒറ്റവീർപ്പിൽ
"നീയെന്റെ ജീവിതം നോക്കീടുക,
നീയത് നേരിൽ പകർത്തീടുക"
കായായ് അലഞ്ഞ ഞാൻ എങ്ങിനെയോ
കാണുകീ ദ്വാരത്തിൽ വന്നു പെട്ടു
കണ്ണെത്താ ദൂരത്തു പോലുമില്ല
ഹരിതാഭ പേറുമൊരു പൊട്ടു പോലും
ഒരുതരി മണ്ണിന്റെ പിൻബലത്തിൽ
ഒരു തുള്ളി നീരിന്റെ പോഷകത്തിൽ
ഒരു കുഞ്ഞു കാറ്റിന്റെ ലാളനയിൽ
ഓമനയായ് ഞാൻ വളർന്നുപൊങ്ങി
'ഇല്ലായ്മയിൽ ഞാൻ തളർന്നുവെന്നാൽ
ഇല്ലൊരു ജീവിതം എന്റെ മുൻപിൽ'
ഒട്ടല്ല നല്കിയതാ ചിന്തയെൻ, നെഞ്ചിൽ
ഇരുമ്പൊത്തൊരുൾക്കരുത്ത്
ഇന്നു ഞാൻ പുഷ്പ്പിച്ചു, ജന്മചക്രം
പൂർത്തീകരിച്ചിതാ സുസ്മേരയായ്
എങ്ങുനിന്നറിയില്ല ഭൃംഗങ്ങളും
മൂളിപ്പറന്നിങ്ങു വന്നുചേർന്നു
"നീയെന്റെ ജീവിതം നോക്കീടുക,
നീയത് നേരിൽ പകർത്തീടുക
അതിജീവനത്തിന്റെ സാക്ഷ്യപത്രം
മമ ജീവനെന്നു നീ ഓർത്തു വയ്ക്ക !!"
- ബിനു മോനിപ്പള്ളി
ഈ കവിതയുടെ ദൃശ്യാവിഷ്ക്കാരം കാണുന്നതിന്: https://youtu.be/E6JdLLp9hM4
**************
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
Comments
Post a Comment