ഗണപതി ക്ഷേത്രങ്ങളിലെ ഏത്തമിടീൽ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-4]

ഗണപതി ക്ഷേത്രങ്ങളിലെ ഏത്തമിടീൽ
[ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-4]

നമസ്കാരം പ്രിയരേ,

ഈ പുതുവർഷത്തിലെ ആദ്യ ലേഖനം വിഘ്നേശ്വരനായ ആ ഗണപതിയെ കുറിച്ച് തന്നെ ആകട്ടെ അല്ലേ? ജീവിതയാത്രയിലെ വലുതും ചെറുതുമായ എല്ലാ വിഘ്‌നങ്ങളും മാറി നിങ്ങളുടെ യാത്ര സുഗമമാകട്ടെ എന്ന പ്രാർത്ഥനയോടെ, തുടങ്ങാം.

"ഹൈന്ദവ പുരാണങ്ങളിലൂടെ" എന്ന പരമ്പരയിലെ നാലാമത്തെ ലേഖനമാണിത്. ഗണപതി ക്ഷേത്രങ്ങളിലെ ഏത്തമിടീൽ.

ഗണപതി ക്ഷേത്രങ്ങളിൽ മാത്രം കാണപ്പെടുന്ന ഒരു ആചാരമാണ് 'ഏത്തമിടീൽ'. അതെന്തുകൊണ്ട് എന്ന്, നിങ്ങൾ ആലോചിച്ചിട്ടുണ്ടോ?

ആ ഐതിഹ്യം അറിയാത്തവർക്ക് വേണ്ടിയാണ് ഈ ലേഖനം. ഈയൊരു ആചാരത്തിനു പിന്നിൽ, വളരെ രസകരമായ ഒരു കഥയാണുള്ളത്.

ഗണപതി ചെറിയ കുട്ടിയായിരിക്കുന്ന സമയം. അന്ന് കൈലാസത്തിൽ  എല്ലാവരും പതിവിലും തിരക്കിലായിരുന്നു. പരമശിവൻ ആരെയോ പ്രതീക്ഷിച്ച് അങ്ങിനെ അക്ഷമനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് നേരമേറെയായി. പാർവതീദേവിയാകട്ടെ കിട്ടിയ ഒഴിവു സമയത്ത്, സ്വന്തം കേശഭാരം ചീകിയൊതുക്കുന്ന തിരക്കിലും.  സുബ്രഹ്മണ്യൻ തനിയെ ഏതൊക്കെയോ  കളികളിൽ മുഴുകിയിരിയ്ക്കുന്നു. പാവം കുഞ്ഞുഗണപതി മാത്രം കൂടെ കളിക്കാൻ ആളില്ലാതെ, അങ്ങിനെ കറങ്ങിത്തിരിയുന്നു.

അച്ഛൻറെയടുത്തു ചെന്നു നോക്കി. രക്ഷയില്ല. നേരെ അമ്മയുടെ അടുത്തുപോയി. അമ്മ വിളിച്ചു "വാ മോനെ നിന്നെ ഞാൻ ഒരുക്കി തരാം". വേണ്ട എന്നും പറഞ്ഞ് ചേട്ടന്റെയടുത്തേയ്ക്ക്. ഗൗരവമായി എന്തോ കളിച്ചു കൊണ്ടിരുന്ന സുബ്രഹ്മണ്യൻ കുഞ്ഞുഗണപതിയെ, തീരെയും ഗൗനിച്ചില്ല.

കളിക്കാൻ ആരും ഇല്ലാതെ, എല്ലാവരോടും കെറുവിച്ച് പാവം ഒരു മൂലയ്ക്കങ്ങിനെ ഇരിപ്പായി. പെട്ടെന്ന് ശക്തമായ കാറ്റടിക്കുന്നു, കാലാവസ്ഥ ആകെ മാറുന്നു. കുഞ്ഞുഗണപതിയ്ക്ക് സന്തോഷമായി. മഴ പെയ്യാൻ പോവുകയാണ്. മഴയത്തു കളിക്കാൻ ആഹാ എന്ത് രസമായിരിക്കും.

പക്ഷേ, പാവത്തിന്റെ പ്രതീക്ഷകൾ പാടേയും തെറ്റിച്ചു കൊണ്ട് അതാ നമ്മുടെ ഗരുഡൻ സുരക്ഷിതമായി ലാൻഡ് ചെയ്തു. പുറത്തു നിന്ന് മഹാവിഷ്ണു ഇറങ്ങി നേരെ പരമശിവന്റെ അടുത്തേക്ക് ചെന്നു. രണ്ടുപേരും വളരെ ഗൗരവതരമായ എന്തൊക്കെയോ ചർച്ചകളിൽ മുഴുകി.

കുഞ്ഞുഗണപതി പ്രതീക്ഷയോടെ ഗരുഡനെ സമീപിച്ചു. "ഓഹ്... ഈ പിള്ളേര് കളിയ്ക്ക് ഞാനില്ലേ ...." എന്ന ഭാവത്തിൽ ഗരുഡനും ഗണപതിയെ  ഒഴിവാക്കി. പിന്നെ ഒരു മൂലയ്ക്ക് പോയി വിശ്രമിയ്ക്കാൻ തുടങ്ങി.

നമ്മുടെ കുഞ്ഞുഗണപതിയ്ക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു. എത്രനേരമായി, എത്രപേരെ കളിക്കാൻ വിളിക്കുന്നു. ഇവരിൽ ആർക്കെങ്കിലും ഒന്ന് വന്നു കൂടെ?

ഗണപതി നേരെ മഹാവിഷ്ണുവിന്റെ അടുത്ത് പോയി. തുമ്പിക്കൈകൊണ്ട് മഹാവിഷ്ണുവിനെ ഒന്ന് തൊട്ടു നോക്കി. പരമശിവനുമായി ചർച്ച നടത്തുന്ന വിഷ്ണുവാകട്ടെ, ഗണപതി തന്റെ അടുത്തെത്തിയത് അറിഞ്ഞത് പോലുമില്ല.

അങ്ങിനെ, ഗണപതി കളിച്ച് കളിച്ച്, നോക്കുമ്പോഴതാ മഹാവിഷ്ണുവിന്റെ ഒരു കയ്യിൽ ഭംഗിയുള്ള ഒരു ചക്രം. അതങ്ങിനെ കറങ്ങി തിരിഞ്ഞു കൊണ്ടൊരിയ്ക്കുന്നു. അതിനെയൊന്നു  തൊട്ടു നോക്കി. പിന്നെ പതുക്കെ കൈക്കലാക്കി. തിരിച്ചും, മറിച്ചും, ഉരുട്ടിയും ഒക്കെ കളിക്കാൻ തുടങ്ങി. അവസാനം, അതും ബോറടിച്ചു.

പക്ഷേ, അവസാനം കളിച്ച് കളിച്ച്, അറിയാതെ ആ ചക്രം അങ്ങ് വിഴുങ്ങിപ്പോയി.

അതോടെ കുഞ്ഞുഗണപതിയ്ക്ക് ആകെ ഭയമായി. അച്ഛനുമമ്മയും അറിഞ്ഞാൽ തീർച്ചയായും നല്ല അടി കിട്ടിയത് തന്നെ. മഹാവിഷ്ണു ചോദിച്ചാൽ എങ്ങിനെ തിരിച്ചു കൊടുക്കും? പാവം, മിണ്ടാതെ മാറി, ഒരു സ്ഥലത്ത് പോയി, വളരെ നല്ല കുട്ടിയായി ഇരിപ്പായി. ഇടയ്ക്കു തന്റെ കുഞ്ഞു കുടവയറിൽ കൈകൊണ്ടു  തടവി നോക്കുന്നുമുണ്ട്. ഇനി ആ ചക്രമെങ്ങാൻ അവിടെ കിടന്ന് പ്രശ്നമുണ്ടാക്കിയാലോ?

ചർച്ചകളൊക്കെ കഴിഞ്ഞ്, പരമശിവനോട് യാത്രയും പറഞ്ഞ്, മഹാവിഷ്ണു പുറപ്പെടാനൊരുങ്ങി. അപ്പോഴാണ്, എന്തോ ഒരു മിസ്സിംഗ്. അന്വേഷിച്ച്,  അന്വേഷിച്ച് നോക്കിയപ്പോൾ സുദർശന ചക്രം കാണുന്നില്ല. തന്റെ ദിവ്യദൃഷ്ടിയാൽ ഒന്ന് കൂടി നോക്കിയപ്പോൾ, സാധനം ദാ തെല്ലകലെ മിണ്ടാതെയിരിയ്ക്കുന്ന കുഞ്ഞുഗണപതിയുടെ വയറ്റിൽ കിടക്കുന്നു. 

മഹാവിഷ്ണു ആകെ അങ്കലാപ്പിലായി. ഇതെങ്ങനെ താൻ ശിവനോടോ പാർവതിയോടോ പറയും? സ്വന്തം സാധനങ്ങൾ പോലും സൂക്ഷിയ്ക്കാൻ അറിയാത്തവൻ എന്ന് അവർ കരുതില്ലേ? അതുമല്ല, ചക്രം കുഞ്ഞുഗണപതിയുടെ വയറ്റിൽ ആണ് എന്നവരറിയുമ്പോൾ ഇനിയെന്തൊക്കെ പുകിലായിരിയ്ക്കുമോ ആവോ സംഭവിയ്ക്കുക?

വിഷ്ണുഭഗവാൻ തലപുകഞ്ഞാലോചിച്ചു. ഒരു കാര്യം ചെയ്യാം. കുഞ്ഞുഗണപതിയെ നന്നായി ചിരിപ്പിക്കാം. ചിരിച്ചുചിരിച്ച് അകത്തു കിടക്കുന്ന ചക്രം എങ്ങാൻ പുറത്തു വന്നാലോ? അതോടെ താൻ രക്ഷപെട്ടില്ലേ?

അങ്ങിനെ, കപടഗൗരവത്തിൽ ഇരിക്കുന്ന കുഞ്ഞുഗണപതിയുടെ മുന്നിൽ ചെന്ന് മഹാവിഷ്ണു തമാശകൾ പറഞ്ഞു തുടങ്ങി. പക്ഷേ, പേടിച്ചിരിയ്ക്കുന്ന കുഞ്ഞുഗണപതിയാകട്ടെ അതൊന്നും മൈൻഡ് ചെയ്തതേയില്ല. എങ്ങനെയെങ്കിലും വിഷ്ണുഭഗവാൻ ഒന്ന് പോയി കിട്ടിയിട്ടു വേണം ഒന്ന് നേരെ ശ്വാസം വിടാൻ, എന്നുള്ള രീതിയിലാണ് പാവത്തിന്റെ ഇരിപ്പ്. പിന്നെങ്ങനെ ചിരിക്കും?

മഹാവിഷ്ണു വീണ്ടും ആലോചനയിൽ മുഴുകി, പുതിയ തന്ത്രങ്ങൾക്കായി. അവസാനം തന്റെ രണ്ട് കൈകളും പിണച്ച്, ചെവികളിൽ പിടിച്ച് ഏത്തമിടാൻ തുടങ്ങി. ഒന്ന്... രണ്ട്... മൂന്ന്... നാല്... അഞ്ച്.... അങ്ങനെ എണ്ണം കൂടിക്കൊണ്ടിരുന്നു. ആദ്യമൊന്നും ഇത് ശ്രദ്ധിയ്ക്കാതിരുന്ന കുഞ്ഞുഗണപതി, പതിയെ വിഷ്ണുഭഗവാനെ നോക്കി. അദ്ദേഹം ഇതെന്താണീ കാണിക്കുന്നത്..? കൊള്ളാമല്ലോ.... നല്ല രസം കാണാൻ. 


നോക്കിയിരിയ്ക്കേ കുഞ്ഞുഗണപതിയ്ക്കു ചിരിയടക്കാനായില്ല. പിന്നെയത് പതിയെ പൊട്ടിച്ചിരിയായി മാറി. കുടുകുടെ ചിരിച്ചു ചിരിച്ച്, കണ്ണിൽ നിന്നും വെള്ളം വരാൻ തുടങ്ങി. എന്നിട്ടും വിഷ്ണുഭഗവാൻ നിർത്തുന്നില്ല. 

അവസാനം തലകുടഞ്ഞു ചിരിയ്ക്കുന്ന ഗണപതിയുടെ വയറ്റിൽനിന്നും നമ്മുടെ സുദർശന ചക്രം വായിലൂടെ പുറത്തേക്കു ചാടി. കാത്തിരുന്ന വിഷ്ണുഭഗവാൻ  ഒറ്റച്ചാട്ടത്തിനു സാധനം കൈയിലാക്കി, വേഗം ഗരുഡന്റെ അടുത്തേയ്ക്കോടി. ഗണപതിയ്ക്കും ആശ്വാസമായി. 

സുഹൃത്തുക്കളെ, ഇതാണ് ആ ഏത്തമിടീലിന്റെ പിന്നിലെ കഥ. അതായത്, മഹാഗണപതിയെ ഏറ്റവും പെട്ടെന്നും, ഏറ്റവും അധികവും  പ്രസാദിപ്പിക്കാൻ പറ്റുന്ന മാർഗമെന്ന രീതിയിലത്രേ, ഭക്തർ ഭഗവാന് മുന്നിൽ ഏത്തമിടീൽ നടത്തുന്നത്. 

സകല വിഘ്നങ്ങളും ദൂരീകരിക്കുന്ന വിഘ്‌നേശ്വരൻ പ്രസാദിച്ചാൽ പിന്നെ, സ്വന്തം ജീവിതത്തിലും കർമ്മങ്ങളിലും ഒക്കെ ഉള്ള ഏതുതരം തടസ്സങ്ങളും ഒഴിവാകും എന്നാണല്ലോ വിശ്വാസം. അതുകൊണ്ടാണ് മറ്റു ദേവീ-ദേവ ക്ഷേത്രങ്ങളിൽ എവിടെയും ഇല്ലാത്ത ഏത്തമിടീൽ എന്ന വഴിപാട് ഗണപതി ക്ഷേത്രങ്ങളിൽ ചെയ്യുന്നത്. 

ഈ ഏത്തമിടീൽ പുരാണം നിങ്ങൾക്ക് ഇഷ്ടമായി എന്ന് കരുതട്ടെ. പതിവിൽ നിന്നും വ്യത്യസ്തമായി, കൊച്ചുകുട്ടികൾക്ക് കൂടി രസിയ്ക്കുന്ന രീതിയിൽ, വളരെ ലളിതമായി, അൽപ്പം നർമ്മം കൂടി കലർത്തിയാണ് ഇത്തവണ നമ്മളീ പുരാണകഥ പറഞ്ഞിരിക്കുന്നത്. കേട്ടോ.

അവസാനിപ്പിക്കുന്നതിന് മുമ്പ്, ഈ കഥയിലെ ഗുണപാഠം കൂടി നിങ്ങൾ ഓർമ്മ വയ്ക്കണം. ചെറിയ കുട്ടികൾ പരിസരത്ത് ഉണ്ടെങ്കിൽ, മുതിർന്നവർ അത് ആരായാലും ശരി, വളരെ ശ്രദ്ധാലുക്കൾ ആയിരിയ്ക്കണം. അപകടകരമായ സാധനങ്ങൾ ആ പരിസരത്ത്  എവിടെയെങ്കിലും ഉണ്ടെങ്കിൽ പ്രത്യേകിച്ചും. ഒരു കാരണവശാലും, കൊച്ചുകുട്ടികളെ ആരാലും ശ്രദ്ധിക്കപ്പെടാത്ത അവസ്ഥയിൽ വിട്ടുകൂടാ, എന്ന് ചുരുക്കം. 

ലോകത്തിലെ ഏറ്റവും നിഷ്കളങ്കർ - അത് കുട്ടികളാണ്. ഒരുപക്ഷേ ദേവീദേവന്മാരെക്കാൾ. കൊച്ചുകുട്ടികളുടെ സന്തോഷം- അതാണ് ഏറ്റവും വലിയ സന്തോഷം. ആ നിഷ്കളങ്കരെ ഭീഷണിപ്പെടുത്തി, പേടിപ്പിച്ച് ഒരു കാര്യം നേടുന്നതിനേക്കാൾ, എത്രയോ എളുപ്പമാണ് അവരെ സന്തോഷിപ്പിച്ച്, ചിരിപ്പിച്ച് അതു നേടിയെടുക്കുന്നത്... !!

ഓർക്കുക, ഇത്തരം കുഞ്ഞുകുഞ്ഞു ഗുണപാഠങ്ങൾ നമുക്ക് മുൻപിൽ തുറന്നു കാട്ടുന്നതാണ്, നമ്മുടെ പുരാണങ്ങളും ഐതിഹ്യങ്ങളും. അതുകൊണ്ടു തന്നെ, അത്തരം പുരാണങ്ങളും ഐതിഹ്യങ്ങളും കഥകളുമൊക്കെ വായിയ്ക്കുമ്പോൾ, നമ്മൾ ചെയ്യേണ്ടത് എന്താണ്? അതിന്റെ ഗുണപാഠം കൂടി മനസ്സിലാക്കുകയും, അതിനെ നമ്മുടെ ജീവിതത്തിൽ, ആവശ്യാനുസരണം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നുള്ളതാണ്.

മറ്റൊരു പുരാണ വിശേഷവുമായി അടുത്ത തവണ വീണ്ടും കാണാം. 

സ്നേഹത്തോടെ സ്വന്തം 
ബിനു മോനിപ്പള്ളി 
[www.binumonippally.blogspot.com]
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ് 


Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]