വന്ധ്യത ചികിത്സയുടെ ചില കാണാപ്പുറങ്ങൾ [ലേഖനം]
വന്ധ്യത ചികിത്സയുടെ ചില കാണാപ്പുറങ്ങൾ
[ലേഖനം]
'അനപത്യ ദുഃഖത്താൽ കരയുന്നവരുടെ കണ്ണീരൊപ്പാൻ വേണ്ടി', എന്ന നിലയിലാണ് ഇപ്പോൾ നമ്മുടെ നാട്ടിലെങ്ങും കൂണുപോലെ മുളച്ചു പൊന്തുന്ന വന്ധ്യത ചികിത്സാകേന്ദ്രങ്ങൾ. കുറച്ചു നാൾ മുൻപ് വരെ, 'സൂപ്പർ സ്പെഷ്യാലിറ്റി' ആശുപത്രികളായിട്ടാണ് ഇവ തുടങ്ങിയിരുന്നതെങ്കിൽ, ഇപ്പോൾ പല ഗൈനക്കോളജിസ്റ്റുകളും, അവർ സ്വന്തമായി തുടങ്ങുന്ന ചെറിയ ക്ലിനിക്കുകൾ പോലും 'സമ്പൂർണ്ണ വന്ധ്യത ചികിത്സാകേന്ദ്രങ്ങൾ' ആക്കിയിരിയ്ക്കുന്നു, എന്നതാണ് സത്യം. ഏറ്റവും കുറഞ്ഞത്, ക്ലിനിക്കുകൾക്കു മുന്നിലെ ആ ബോർഡിൽ എങ്കിലും.
എന്താവും കാരണം?
നമ്മൾ ആദ്യം പറഞ്ഞ ആ 'കണ്ണീരൊപ്പൽ' തന്നെ ആണോ ഈ കേന്ദ്രങ്ങളുടെ ഒക്കെ പൊതു ലക്ഷ്യം?
എത്ര വിശ്വസനീയമാണ് ഇവിടങ്ങളിലെ ചികിത്സകൾ?
പലപ്പോഴും ഇവർ ഈടാക്കുന്ന ഭീമമായ തുകകൾ ഇത്തരം ചികിത്സാ രീതികളിൽ ന്യായീകരിയ്ക്കാവുന്നതും, ഈടാക്കാനാവുന്നതാണോ?
ഇത്തരം ചികിത്സകളുടെ യഥാർത്ഥ വിജയശതമാനം എത്ര?
ഇത്തരം ചികിത്സകളുടെ 'പാർശ്വ ഫലങ്ങൾ' എന്തൊക്കെ? അതിനെക്കുറിച്ച് ഇവർ രോഗികളെ കൃത്യമായി ധരിപ്പിയ്ക്കാറുണ്ടോ?
ഇങ്ങനെ കുറെയേറെ ചോദ്യങ്ങൾ നമ്മുടെ മനസ്സിൽ ഉയരും, ഈ വന്ധ്യത ചികിത്സാ കേന്ദ്രങ്ങളുടെ കണ്ണഞ്ചിപ്പിയ്ക്കുന്ന ആ പരസ്യങ്ങൾ കാണുമ്പോൾ. അല്ലേ?
ആ ഉത്തരങ്ങളിലേയ്ക്ക് പോകുന്നതിനു മുൻപ്, ഈ ലേഖകന് നേരിൽ അറിയാവുന്ന രണ്ടു ചികിത്സാ സംഭവങ്ങൾ നമുക്കൊന്ന് നോക്കാം.
ഒന്ന്:
മധ്യകേരളത്തിലെ അതിപ്രശസ്തമായ ഒരു വന്ധ്യത ചികിത്സാകേന്ദ്രത്തിൽ വിദഗ്‌ധ ചികിത്സ തേടിയാണ് എന്റെയൊരു സുഹൃത്തും ഭർത്താവും പോയത്. മറ്റു പല ചികിത്സകളും നേരത്തെ തന്നെ ചെയ്തിരുന്നതിനാൽ തന്നെ , ആശുപത്രിക്കാർ നേരെ IVF നിർദ്ദേശിയ്ക്കുകയും, ഇവർ അതിനു തയ്യാറാവുകയും ചെയ്തു. ഏതാണ്ട് 90% ഫലം ഉറപ്പാണ് എന്ന രീതിയിലാണ് ആശുപത്രിക്കാർ പറഞ്ഞിരുന്നത്. ഇനി അഥവാ, ഏതെങ്കിലും കാരണവശാൽ ആദ്യശ്രമം പരാജയപ്പെട്ടാൽ, രണ്ടാമതൊന്നു കൂടി ശ്രമിയ്ക്കാമെന്നും അതിന് വലിയ 'കിഴിവുകൾ' തന്നെ തരാം, എന്നുമായിരുന്നു വാഗ്‌ദാനം. (ലക്ഷങ്ങൾ ആയിരുന്നു IVF നു ഫീസ് ആയി പറഞ്ഞിരുന്നത്).
മുന്നൊരുക്കം എന്ന നിലയിൽ, കുറെയേറെ മാസങ്ങൾ, പരിശോധനകളും കൂടെ പതിനായിരങ്ങളുടെ മരുന്നുമായി അവർ നടന്നു. അവസാനം, പറഞ്ഞ മുഴുവൻ തുകയും മുൻകൂറായി കൊടുത്ത് IVF ഉം ചെയ്തു. ചികിത്സയുടെ കുഴപ്പമോ, അതോ അവരുടെ നിർഭാഗ്യമോ, അത് പരാജയമായി. ആകെ തകർന്ന അവർ, 'രണ്ടാമതൊന്നു കൂടി ചെയ്യാം' എന്ന ആ ഓഫറിനെക്കുറിച്ച് അന്വേഷിച്ചു. വളരെ നിഷേധാത്മകമായിരുന്നു ആശുപതി അധികൃതരുടെ മറുപടി. വീണ്ടും ഒന്നുകൂടി ചെയ്യാൻ തങ്ങൾ തയ്യാറാണ്, എന്നാൽ, അതിന് ആദ്യം അടച്ചതു പോലെ തന്നെ മുഴുവൻ തുകയും വീണ്ടും അടയ്ക്കണം എന്നായിരുന്നു അവരുടെ നിലപാട്. ആദ്യ IVF നു മുൻപ് പറഞ്ഞ ആ 'കിഴിവുകൾ' അവർ ഓർക്കുന്നേയില്ല എന്ന തരത്തിലായിരുന്നു അവരുടെ പ്രതികരണം. 'വേണെങ്കിൽ പൈസ അടച്ചു ചെയ്തോ ..അല്ലേൽ നിങ്ങൾക്ക് പോകാം..' എന്നു തന്നെ അവസാനം അവർ പറഞ്ഞു. അവരുടെ ആ 'കിഴിവ് വാഗ്ദാനം' രേഖാമൂലം എഴുതി വാങ്ങാതിരുന്നതിനാലും, വീണ്ടും ലക്ഷങ്ങൾ മുടക്കാൻ ഉള്ള സാമ്പത്തികശേഷി ഇല്ലാതിരുന്നതിനാലും, കണ്ണീരോടെ അവിടെ നിന്നും പോരുക എന്നതല്ലാതെ, പാവം ആ ദമ്പതികൾക്ക് മുന്നിൽ വേറെ വഴികൾ ഇല്ലായിരുന്നു. ചെയ്ത ചികിത്സയുടെ 'പാർശ്വ ഫലങ്ങൾ' മൂലം ഏതാണ്ട് പൂർണ്ണമായും ശയ്യാവലംബിയാണ് ഇപ്പോഴും ആ സുഹൃത്ത്.
ഇവിടെ IVF പരാജയപ്പെട്ടതല്ല വിഷയം (എവിടെയും, ഏതു ചികിത്സാ രീതികളിലും, പരാജയം സംഭവിയ്ക്കാമല്ലോ); മറിച്ച്, എങ്ങിനെയും ഒരു 'ഉപഭോക്താവിനെ' ('രോഗി' എന്നതിനേക്കാൾ ഈ വാക്ക് ആകും ഇവിടെ കൂടുതൽ ഉചിതം) 'വലയിൽ ചാടിയ്ക്കാനുള്ള' ആശുപത്രികളുടെ ആ 'കച്ചവട തന്ത്രങ്ങളും' അതിനു കൊടുക്കുന്ന 'വമ്പൻ ഓഫറുകളും' ആണ് യഥാർത്ഥ പ്രശ്നം.
രണ്ട്:
ഒരു സംഭവകഥ കൂടി പറയാം. മുകളിൽ പറഞ്ഞതിനേക്കാൾ വലുതും, കൂടുതൽ ശാഖകളുള്ളതുമായ മധ്യകേരളത്തിലെ തന്നെ മറ്റൊരു വന്ധ്യത ചികിത്സാകേന്ദ്രത്തിൽ, അടുത്ത ബന്ധുവും ഭാര്യയും കൂടി ആദ്യമായി ചികിത്സയ്ക്കെത്തുന്നു. രാവിലെ 9 മണി മുതൽ വൈകിട്ട് 3 മണി വരെ നീണ്ട വിവിധതരം പരിശോധനകൾ. രണ്ടുപേർക്കും വെവ്വേറെയായി, ഓരോന്നും ഓരോ മുറികളിൽ; അതും വിവിധ ഡോക്ടർമാർ. അതിനിടയിൽ രണ്ടുപേർക്കും സ്കാനിംഗ്, ലാബ് ടെസ്റ്റിംഗ് എല്ലാം നടത്തി. ഇടയ്ക്ക്, ഉച്ചയ്ക്ക് ആഹാരം കഴിയ്ക്കാൻ 15 മിനിറ്റ് മാത്രം ഇടവേള. ആശുപത്രിയുടെ 'ഊർജ്ജസ്വലമായ' നടപടികളിൽ ഭർത്താവും ഭാര്യയും 'പരമ സന്തുഷ്ടർ'. അടുത്തെങ്ങും വേറെ ഭക്ഷണശാലകൾ ഇല്ലാത്തതിനാൽ, ഹോസ്പിറ്റലിന്റെ തന്നെ ഏറ്റവും മുകളിലത്തെ നിലയിൽ ഉള്ള കാന്റീനിൽ ചെന്നു. പേരിലും കാഴ്ചയിലും സാദാ കാന്റീൻ, എങ്കിലും വിലയിൽ ഫൈവ് സ്റ്റാർ തന്നെ. കനച്ച എണ്ണയുടെയോ മറ്റോ അരുചി പേറുന്ന വെജിറ്റബിൾ കറിയും ചപ്പാത്തിയും ഒരല്പം കഴിച്ചെന്നു വരുത്തി, രണ്ടുപേരും വീണ്ടും അവസാനവട്ട പരിശോധനയ്ക്കു തയ്യാറായി കാത്തിരിന്നു.
രണ്ടുപേരെയും അകത്തേയ്ക്കു വിളിച്ചു. കേരളത്തിലെ അതിപ്രശസ്തനായ പ്രധാന ഡോക്ടർ (ആശുപതി ഉടമയും അദ്ദേഹം തന്നെ) നേരെ മുന്നിൽ. ഇരു വശത്തുമായി മൂന്ന് പേർ വീതം ആറു ഡോക്ടർമാർ. അവരാണ് രാവിലെ മുതൽ മാറി മാറി, ഭർത്താവിനെയും ഭാര്യയെയും പരിശോധിച്ചത് കേട്ടോ. ഭർത്താവ് കയ്യിലിരുന്ന മുൻകാല പരിശോധനകളുടെ (മറ്റ് ആശുപത്രികളിലെ സാദാ ഗൈനക്കോളജിസ്റ്റുകൾ നടത്തിയ) ഫയൽ പ്രധാന ഡോക്ടറുടെ നേരെ നീട്ടുന്നു. അദ്ദേഹം അലസമായൊന്നു മറിച്ചു നോക്കി, പിന്നെ വളരെ വേഗം തിരികെ നൽകി. ശേഷം, തന്റെ ടീമിലെ ഡോക്ടർമാർ രാവിലെ മുതൽ നടത്തിയ ടെസ്റ്റുകളുടെ റിപ്പോർട്ടുകൾ ഒന്ന് നോക്കി. എന്നിട്ട്, ആദ്യ ചോദ്യം. "വയസ് 30 കഴിഞ്ഞില്ലേ? ഇനി IVF തന്നെ ചെയ്യണം. ഇപ്പോൾ തന്നെ തീയതി ഫിക്സ് ചെയ്യട്ടെ?".
ഞെട്ടിപ്പോയ ഭർത്താവ്, ഒന്ന് വിളറി. പിന്നെ ഉള്ള അറിവു വച്ച് ആദ്യം ചെയ്യാവുന്ന, IVF അല്ലാതെയുള്ള മറ്റു ചില ചികിത്സാരീതികളെ കുറിച്ചു ചോദിയ്ക്കാൻ ശ്രമിച്ചു. അതൊന്ന് കേൾക്കാൻ പോലും തയ്യാറാകാതെ, വീണ്ടും പ്രധാന ഡോക്ടർ പറഞ്ഞു "____ രൂപയാകും; ഉടനെ IVF തീയതി ഫിക്സ് ചെയ്യണം... രണ്ടു ദിവസത്തെ സമയം തരാം.....". പറഞ്ഞ തുകയുടെ വലുപ്പം മൂലം, തീരുമാനമെടുക്കാൻ നൽകിയ രണ്ടു ദിവസത്തെ ആ സാവകാശവും വാങ്ങി, അന്നത്തെ ഒരൊറ്റ 'കൺസൽട്ടിങ്' വഴി കിട്ടിയ 'വളരെ കനത്ത' ബില്ലും അടച്ച് അവർ മടങ്ങി.
തൊട്ടുപിറ്റേന്ന്, രാവിലെ ഭാര്യയ്ക്ക് കലശലായ ഛർദ്ദി. തലേന്നത്തെ കനച്ച ആ വെജിറ്റബിൾ കറി, തനിയ്ക്കും തലേന്ന് രാത്രി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു എന്നതിനാൽത്തന്നെ, ഒരു ഭക്ഷ്യവിഷബാധ സംശയിച്ച ഭർത്താവ് നേരെ അടുത്തുള്ള ഒരു ചെറിയ ആശുപത്രിൽ കൊണ്ടു പോയി. അവിടുത്തെ ജൂനിയർ ഡോക്ടർ, ഇൻജെക്ഷൻ എടുക്കുന്നതിനു മുൻപേ "പ്രെഗ്നൻസി ചെക്ക് ചെയ്യണോ?" എന്നൊരു ചോദ്യം. തലേന്നത്തെ ആ 'വിശദമായ' ആശുപത്രി സന്ദർശനത്തിന്റെ പേരിൽ 'ഏയ് .... വേണ്ട' എന്നായിരുന്നു ഭാര്യയുടെ ഉത്തരം. എന്നാലും ഒന്ന് ചെക്ക് ചെയ്തേക്കാം എന്നായി ആ 'പയ്യൻ' ഡോക്ടർ. ഒരുപക്ഷേ, താൻ ജൂനിയർ ആയതിനാൽ, വെറുതെ ഒരു റിസ്ക് വേണ്ടല്ലോ എന്ന് കരുതി ആകും.
ഇനിയാണ് ട്വിസ്റ്റ്. നിങ്ങളിൽ ആരും തന്നെ അത് വിശ്വസിയ്ക്കില്ല. ടെസ്റ്റ് പോസിറ്റീവ്.
അതായത്, തൊട്ടു തലേന്ന് ആ വന്ധ്യതാ കേന്ദ്രത്തിലെ 7 ഡോക്ടർമാർ, സ്കാനിംഗ് ഉൾപ്പെടെ മാറിമാറി പരിശോധന നടത്തിയ ഭാര്യ, പിറ്റേന്നത്തെ പ്രെഗ്നൻസി ടെസ്റ്റിൽ പോസിറ്റിവ്.
ഭർത്താവ് ജൂനിയർ ഡോക്ടറിനോട് തലേന്നത്തെ കാര്യം പറഞ്ഞു. സംശയ നിവാരണത്തിന്, ഒരു കിറ്റ് കൂടി വരുത്തി ടെസ്റ്റ് ചെയ്യിപ്പിച്ചു, അതും പോസിറ്റീവ്.
അപ്പോൾ, തലേന്നത്തെ പരിശോധനയിൽ എന്താണ് സംഭവിച്ചത്? രണ്ടു സാധ്യതകളേയുള്ളൂ.
1. പരിശോധിച്ച ഡോക്ടേഴ്‌സ് എല്ലാവരും തികഞ്ഞ അലംഭാവം കാട്ടി. (പക്ഷേ, ഈ രംഗത്ത് അതിവിദഗ്ദനെന്നു പേരു കേട്ട ആ പ്രധാന ഡോക്ടറിനും ഈ ഗർഭം മനസിലാക്കാൻ പറ്റിയില്ല എന്നത് വിശ്വസിയ്ക്കാൻ തീർത്തും ബുദ്ധിമുട്ടാണ്). അല്ലെങ്കിൽ പിന്നെ, ആ പരിശോധനകൾ എല്ലാം വെറും ഒരു നാടകം മാത്രമായിരിന്നു എന്ന് കരുതേണ്ടിവരും. പക്ഷെ, അപ്പോഴും അവർ നടത്തിയ ആ സ്കാൻ റിസൾട്ടിൽ, ഇത് എങ്ങിനെ അറിയാതെ പോകും? എന്ന ചോദ്യം ബാക്കിയാവുന്നു.
2. ഗർഭിണി ആണ് എന്ന് അവർ കൃത്യമായി അറിയുക തന്നെ ചെയ്തു. പക്ഷെ അത് മറച്ചു വച്ച്, പറ്റിയാൽ IVF തുടങ്ങുകയും, ശേഷം തങ്ങൾ നടത്തിയ ആ ചികിത്സയിൽ ആണ് ഗർഭിണി ആയത് എന്ന് വരുത്തി, ചികിത്സാ തുക ഇനത്തിൽ ലക്ഷങ്ങൾ തന്നെ ഫീസ് ആയി ഈടാക്കാം എന്ന 'മനുഷ്യത്വരഹിത' കുതന്ത്രം. അതിനാവും തീരുമാനം എടുക്കാൻ അവർക്ക് വെറും രണ്ടു ദിവസം മാത്രം നൽകിയത് എന്നും കരുതേണ്ടി വരും.
മുകളിലെ സാധ്യതകളിൽ, രണ്ടാമത്തേതാകാം സംഭവിച്ചിരിയ്ക്കുക.
***
എല്ലാ വന്ധ്യത ചികിത്സാകേന്ദ്രങ്ങളിലും ഇങ്ങിനെയാണ് അവസ്ഥ എന്നല്ല കേട്ടോ പറഞ്ഞു വയ്ക്കുന്നത്. എല്ലാ വന്ധ്യത ചികിത്സാകേന്ദ്രങ്ങളും ലാഭക്കൊതിയന്മാർ ആണ് എന്നുമല്ല. പല ചികിത്സാകേന്ദ്രങ്ങളിലും, ഇത്തരം മോശമായ പ്രവണതകൾ നിലവിലുണ്ട് എന്നും, അത് നാൾക്കുനാൾ കൂടി വരുന്നു എന്നുമുള്ള ഒരു മുന്നറിയിപ്പ് നൽകുവാൻ മാത്രമാണ്, നമ്മൾ ഈ രണ്ട് യഥാർത്ഥ സംഭവങ്ങളും ഇവിടെ എടുത്തു പറഞ്ഞത്.
ഇനി, എന്താണ് ഇത്തരം ചൂഷണങ്ങളെ എതിരിടാനുള്ള പ്രതിവിധികൾ?
സന്താനഭാഗ്യം ലഭിയ്ക്കാൻ വേണ്ടി, ഉള്ളതൊക്കെ പണയപ്പെടുത്തിപ്പോലും, ഏതു ചികിത്സാ മാർഗ്ഗങ്ങളും തേടാൻ തയ്യാറാവുന്നവരാണ് ഇന്ന് പല ദമ്പതികളും. അതിനി എത്ര തന്നെ ചിലവേറിയതായാൽ പോലും. ഈ സത്യം, നമ്മൾ പറഞ്ഞ തരത്തിലുള്ള വന്ധ്യത ചികിത്സാകേന്ദ്രങ്ങൾക്ക് നന്നായി അറിയുകയും ചെയ്യാം. അല്ലെങ്കിൽ അത് തന്നെയാണവരുടെ തുറുപ്പു ചീട്ടും.
അതുകൊണ്ടു തന്നെ, ഇത്തരം ചൂഷണങ്ങളിൽ നിന്നും രക്ഷപെടാനുള്ള ഒരേയൊരു മാർഗം അത്തരം ചൂഷണങ്ങളിൽ ചെന്ന് പെടാതിരിയ്ക്കുക എന്നത് മാത്രമാണ്.
വന്ധ്യത ചികിത്സാ മാർഗ്ഗങ്ങൾ തേടുന്ന ദമ്പതികൾക്കുള്ള ചില ലളിതമായ നിർദ്ദേശങ്ങൾ തവ മുന്നറിയിപ്പുകൾ കൂടി പറഞ്ഞ്, നമുക്കീ ലേഖനം അവസാനിപ്പിയ്ക്കാം.
1. ഏതെങ്കിലും വന്ധ്യത ചികിത്സാകേന്ദ്രത്തിൽ പോകുന്നതിനു മുൻപ്, നിങ്ങളുടെ സംശയങ്ങൾ വളരെ വിശദമായി തന്നെ, നിങ്ങളുടെ സ്ഥിരം ഗൈനക്കോളജിസ്റ്റുമായി (അഥവാ ആൻഡ്രോളജിസ്റ്റുമായി) സംസാരിയ്ക്കുക. വന്ധ്യത ചികിത്സയുടെ ഫലം, അതിന്റെ വിജയശതമാനം, ആ ചികിത്സയുടെ 'പാർശ്വ ഫലങ്ങൾ', ഇങ്ങിനെ എല്ലാം.
2. നിങ്ങളുടെ കാര്യത്തിൽ ഇത്തരം ചികിത്സകൾ ആവശ്യമാണോ എന്നതിൽ, അവരുടെ അഭിപ്രായവും തേടുക. പറ്റുമെങ്കിൽ ഓവുലേഷൻ ടെസ്റ്റ്, പിസിഒഡി, ശുക്ലപരിശോധന തുടങ്ങിയവ നിങ്ങളുടെ ഗൈനക്കോളജിസ്റ്റിന്റെ/ആൻഡ്രോളജിസ്റ്റിന്റെ നിർദ്ദേശാനുസരണം, നല്ല ഒരു ലാബിൽ നടത്തുകയും അതിന്റെ ഫലങ്ങൾ നിങ്ങൾ കൈവശം സൂക്ഷിയ്ക്കുകയും ചെയ്യുക. പിന്നീട്, നിങ്ങൾ പോകുന്ന വന്ധ്യത ചികിത്സാകേന്ദ്രത്തിൽ നിന്നും നൽകുന്ന, സമാന പരിശോധനകളുടെ ഫലങ്ങളുമായി നിങ്ങൾക്കു തന്നെ അവ ഒന്ന് ഒത്തുനോക്കാവുന്നതാണ്.
3. വളരെ ബുദ്ധി/യുക്തിപൂർവം മാത്രം വന്ധ്യത ചികിത്സാകേന്ദ്രം തിരഞ്ഞെടുക്കുക. പരസ്യമോ, കേട്ടറിവോ വഴി അല്ലാതെ, ആ സ്ഥാപനത്തിൽ മുൻപ് വിജയകരമായി ഇത്തരം ചികിത്സ തേടിയവരുടെ സഹായത്തോടെ ചെയ്യാനാകും ഈ തിരഞ്ഞെടുപ്പ് എങ്കിൽ, അതാകും ഏറെ നല്ലത്.
4. നമ്മൾ ആദ്യം പറഞ്ഞ (നിർദ്ദേശം-1 ൽ) അതേ സംശയങ്ങൾ, അവിടുത്തെ ഡോക്ടറിനോടും ചോദിയ്ക്കുക. വിശദമായ ഉത്തരങ്ങൾ തരാൻ അവർ തയ്യാറാകാതിരിയ്ക്കുകയോ, അവരുടെ ഉത്തരങ്ങൾക്ക്, നിങ്ങളുടെ ഗൈനക്കോളജിസ്റ്റ്/ ആൻഡ്രോളജിസ്റ്റ് നൽകിയ ഉത്തരങ്ങളുമായി വിദൂരസാമ്യം പോലും ഇല്ലാതിരിയ്ക്കുകയോ ചെയ്താൽ, അവിടെ തന്നെ ചികിത്സ തുടരണമോ എന്ന്, ഒന്നുകൂടി നന്നായി ആലോചിയ്ക്കുക.
5. നേരിട്ട് IVF നു പോകാതെ, താരതമ്യേന ചെലവ് കുറഞ്ഞ മറ്റു ചികിത്സാമാർഗങ്ങൾ ആദ്യം പരീക്ഷിയ്ക്കാമോ എന്ന് നിങ്ങളുടെ ഡോക്ടറിനോട് ചോദിയ്ക്കുക.
6. വിധേയമാകാൻ പോകുന്ന, ഓരോ ചികിത്സാമാർഗ്ഗത്തിനും വരുന്ന വിശദമായ ചെലവുകൾ, മുൻകൂറായിത്തന്നെ അറിഞ്ഞു വയ്ക്കുക. തുടർചികിത്സയിൽ ഏതെങ്കിലും തരത്തിലുള്ള 'കിഴിവുകൾ' ഉണ്ടെങ്കിൽ അവ വിശദമായി, എഴുതിത്തന്നെ വാങ്ങുക.
7. ചികിത്സ തുടങ്ങുന്നതിനുമുന്പേ തന്നെ, ആ ചികിത്സാരീതിയിൽ പ്രസ്തുത ആശുപത്രിയുടെ വിജയശതമാനം എത്ര എന്ന് കൃത്യമായി തിരക്കുക. കഴിയുമെങ്കിൽ ആ ചികിത്സാരീതിയിൽ വിജയം കൈവരിച്ച ഒരു ദമ്പതികളെയെങ്കിലും നേരിൽ കണ്ടോ, വിളിച്ചോ സംസാരിയ്ക്കാൻ കഴിയുമോ എന്ന് ശ്രമിച്ചുനോക്കുക.
8. വന്ധ്യത ചികിത്സ മറ്റു ചികിത്സകളേക്കാൾ, കൂടുതൽ സമയം എടുത്തേക്കാവുന്ന ഒന്നാണ് എന്ന് ആദ്യം തന്നെ തിരിച്ചറിയുക. അതിനാൽ തന്നെ, അനാവശ്യമായ ഉൽക്കണ്ഠ ഒഴിവാക്കുക. ശാരീരികമായ ആരോഗ്യം പോലെതന്നെയോ, അല്ലെങ്കിൽ അതിനേക്കാളേറെയോ പ്രധാനപ്പെട്ടതാണ് വന്ധ്യത ചികിത്സയിൽ രോഗിയുടെ മാനസിക ആരോഗ്യവും. നിങ്ങളുടെ ചികിത്സാ കേന്ദ്രത്തിൽ 'കൗൺസിലിംഗ്' സേവനങ്ങൾ ലഭ്യമാണെങ്കിൽ, അത് തീർച്ചയായും പ്രയോജനപ്പെടുത്തുക.
9. രോഗി ശാരീരികമായും മാനസികമായും പരിപൂർണ്ണമായും തയ്യാറായി എന്ന് സ്വയം ബോധ്യപ്പെട്ടതിനു ശേഷം മാത്രം IVF പോലുള്ള ചികിത്സകളിലെ, നിർണ്ണായകമായ ആ അവസാന ഘട്ടത്തിന് വിധേയമാകുക.
10. ഏതെങ്കിലും കാരണവശാൽ നിങ്ങളുടെ ചികിത്സ പരാജയപ്പെട്ടാൽ പോലും, അതിൽ വളരെക്കൂടുതൽ നിരാശരാകാതിരിയ്ക്കുക. ശാരീരിക മാനസിക ആരോഗ്യം പൂർണ്ണമായും വീണ്ടെടുത്തതിന് ശേഷം മാത്രം, ആവശ്യമെങ്കിൽ/താല്പര്യമെങ്കിൽ തുടർചികിത്സകൾക്കു വിധേയരാകുക.
കൂട്ടത്തിൽ ഒന്ന് കൂടി പറയട്ടെ. നിങ്ങളുടെ ചികിത്സ തുടങ്ങുമ്പോഴോ, തുടരുമ്പോഴോ, പലതവണ നിങ്ങളെ തേടിയെത്തും എന്നുറപ്പുള്ള "അയ്യോ ...വിശേഷം ഒന്നുമായില്ലേ ..?" എന്ന ആ 'അറുബോറൻ' ചോദ്യങ്ങളെ തീർത്തും അവഗണിയ്ക്കുക.
ഇനി, ഏറെ ചികിത്സകൾ, ഏറെ നാൾ ചെയ്തിട്ടും സന്താനഭാഗ്യം ലഭിയ്ക്കാത്ത ദമ്പതികളോടായി, ഒരു ചെറിയ കാര്യം....
ഓർക്കുക..... സന്താനഭാഗ്യം തീർച്ചയായും നല്ലതു തന്നെയാണ്. എല്ലാ ദമ്പതികളും ഏറെ ആഗ്രഹിയ്ക്കുന്നതും. എന്നാൽ, അതില്ല എന്നോർത്ത് നിങ്ങളുടെ ജീവിതം തീർത്തും വ്യർത്ഥമായി എന്നർത്ഥമില്ല. ഒന്നിലധികം സന്താനങ്ങൾ ഉള്ളപ്പോൾ പോലും, വൃദ്ധസദനങ്ങളിൽ നടതള്ളപ്പെടുന്നവരുടെ എണ്ണം ദൈനംദിനം കൂടിക്കൂടി വരുന്ന ഒരു കാലമാണിത്. കയ്യോ കാലോ ആദ്യം വളരുന്നത്? എന്നു നോക്കി ലാളിച്ചു വളർത്തിയ സ്വന്തം മക്കൾ, ചിലപ്പോഴെങ്കിലും സ്വന്തം മാതാപിതാക്കളുടെ കാലന്മാരാകുന്ന വാർത്തകളും, ഇക്കാലത്ത് അത്ര വിരളമല്ല. അതുകൊണ്ട് തന്നെ, ഇനി അഥവാ ഈ പറഞ്ഞ ആ 'വലിയ ഭാഗ്യം' നിങ്ങൾക്കില്ലെങ്കിൽ പോലും, 'തോൽക്കാൻ ഞാൻ/ഞങ്ങൾ തയ്യാറല്ല തന്നെ ... എനിയ്ക്ക്/ഞങ്ങൾക്ക്, ഈ ജീവിതത്തിൽ... ഈ സമൂഹത്തിൽ, ഇനിയും എത്രയോ നല്ലകാര്യങ്ങൾ വേറെ ചെയ്യാനുണ്ട് ...!!" എന്ന പോസിറ്റീവ് ചിന്ത എപ്പോഴും മനസ്സിൽ അരക്കിട്ടുറപ്പിയ്ക്കുക.
എന്നിട്ടോ? സധൈര്യം മുന്നോട്ടു പോകുക. ജീവിതം ജീവിയ്ക്കാനുള്ളതാണ്. അതും, നിറഞ്ഞ സന്തോഷത്തോടെ .....!!
ബിനു മോനിപ്പള്ളി
----------------------------------------------
www .binumonippally.blogspot.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്
Comments
Post a Comment