നന്മ നിറഞ്ഞവൻ കുംഭകർണ്ണൻ ? [രാമായണം - അറിയപ്പെടാത്ത കഥാപാത്രങ്ങൾ -9]


നന്മ നിറഞ്ഞവൻ കുംഭകർണ്ണൻ ?
[രാമായണം - അറിയപ്പെടാത്ത കഥാപാത്രങ്ങൾ -9]

നമസ്‍കാരം... പ്രിയപ്പെട്ടവരെ ....

കുംഭകർണ്ണനെ നമ്മളെല്ലാം അറിയും. അല്ലേ?

മുഴുവൻ സമയ ഉറക്കക്കാരനായ, ഉണർന്നിരിയ്ക്കുന്ന ആ ഒരേ ഒരു ദിവസം വെറും തീറ്റഭ്രാന്തനായ, രാമായണത്തിലെ ആ  തടിയൻ രാക്ഷസ  കഥാപാത്രം.

വേണമെങ്കിൽ, കൂട്ടത്തിൽ മറ്റൊന്ന് കൂടി പറയാം.

നമ്മുടെ ദൈനംദിന ജീവിതത്തിൽ, ആവശ്യത്തിനും അനാവശ്യത്തിനുമായി നമ്മൾ ഏറ്റവും കൂടുതൽ എടുത്തു പ്രയോഗിയ്ക്കുന്ന ഒരു പേരും കൂടിയാണ് ഈ കുംഭകർണ്ണൻ.

"ഓ ..അവനോ? അവൻ അകത്ത് കുംഭകർണ്ണ സേവ തുടങ്ങിയല്ലോ !.."

"നീയെന്താടാ കുംഭകർണ്ണന്റെ അനിയനോ മറ്റോ ആണോ ?.."

"എന്റമ്മോ ... നോക്കടാ ..അവന്റെ തീറ്റ കണ്ടോ? ഒരു മാതിരി കുംഭകർണ്ണനെ പോലെ ..."

ഇങ്ങിനെ, പല പല രീതിയിലുള്ള വാക്പ്രയോഗങ്ങൾ. പക്ഷേ, അവയൊന്നും അത്ര നല്ല അർത്ഥങ്ങളിൽ അല്ല എന്ന് മാത്രം.

എന്നാൽ, ഈ രീതിയിൽ അവഹേളിയ്ക്കപ്പെടേണ്ട ഒരു കഥാപാത്രമാണോ ശരിയ്ക്കും ഈ കുംഭകർണ്ണൻ? അതിനപ്പുറം, എന്തെങ്കിലും നല്ല വശങ്ങൾ ഈ രാക്ഷസരാജനുണ്ടോ?

ഉള്ളിൽ തോന്നിയ ആ സംശയത്തിൽ, രാമായണത്തിലെ യുദ്ധകാണ്ഡം പല ആവർത്തി വായിച്ചു. ആ വായനകൾ വെറുതെ ആയില്ല എന്നു തന്നെ പറയാം.

നമ്മൾ  നേരത്തെ പറഞ്ഞ, വെറും ഉറക്കക്കാരനായ ഒരു തടിയൻ മാത്രമല്ല കുംഭകർണ്ണൻ. അതിനപ്പുറം, ധർമ്മിഷ്ടനായ, അതിബലവാനായ, രാമഭക്തനായ, ഭ്രാതൃസ്നേഹിയായ, പ്രജാക്ഷേമ തല്പരനായ, സ്ത്രീകളെ ബഹുമാനത്തോടെ മാത്രം കാണുന്ന, ഒരു രാക്ഷസ രാജാവായിരുന്നു അഥവാ രാജകുമാരനായിരുന്നു കുംഭകർണ്ണൻ.

എനിയ്ക്കറിയാം, നിങ്ങളിൽ പലർക്കും ഈ വാദത്തോട് യോജിയ്ക്കാൻ ബുദ്ധിമുട്ടുണ്ടാകും. അതുകൊണ്ടു തന്നെ, ഈ വാദഗതിയെ  നമുക്ക് വിശദമായി തന്നെ കാണാം.

അഞ്ചു തലങ്ങളിൽ അഥവാ സാഹചര്യങ്ങളിൽ ആണ് നമ്മൾ, ഇവിടെ ഇന്നീ  കുഭകർണ്ണ വിശകലനം നടത്തുന്നത്.

1. ബ്രഹ്‌മദേവന്റെ വരദാനം

രാക്ഷസ സഹോദരങ്ങളായ രാവണൻ, കുംഭകർണ്ണൻ, വിഭീഷണൻ എന്നിവർ തങ്ങളുടെ ഇഷ്ടവരങ്ങൾ നേടുന്നതിനായി, ബ്രഹ്മദേവനെ തപസ്സു ചെയ്യുന്നു. ദേവരാജാവായ ഇന്ദ്രൻ ആ തപസ്സിൽ അസ്വസ്ഥനാകുന്നു. എന്നാൽ, രാവണനെയോ, വിഭീഷണനെയോ ഓർത്തല്ല, ഇന്ദ്രന്റെ ആ അസ്വസ്ഥത. മറിച്ച്, കുംഭകർണ്ണനെ ഓർത്താണ്.

കാരണം , ഇന്ദ്രനറിയാം രാവണൻ  അധികാരമോഹിയാണ്, ലൗകിക ജീവിത തല്പരനുമാണ്. അതിനാൽ തന്നെ, അയാൾ സ്വയം മരണം ചോദിച്ചു വാങ്ങിക്കൊള്ളും. ഇളയവനായ വിഭീഷണാകട്ടെ രാക്ഷസരിലെ  സാത്വികനാണ്, ധർമപാതയിൽ മാത്രം ചരിയ്ക്കുന്നവനും;  അധികാരമോഹമാകട്ടെ തീരെയും ഇല്ലാത്തവനും.

എന്നാൽ,  കുഭകർണ്ണനാവട്ടെ, അതിബലവാനാണ്, ധർമ്മിഷ്ഠനാണ്, പ്രജാക്ഷേമ തല്പരനുമാണ്. അതിനാൽ തന്നെ, ഒരു പക്ഷെ ഭാവിയിൽ അയാൾ തന്റെ  സ്ഥാനത്തിന് ഭീഷണി ആയേക്കാം എന്നുതന്നെ ഇന്ദ്രൻ കരുതി.

[ശേഷം, സരസ്വതീ ദേവിയെ സ്വാധീനിച്ച് തെറ്റായ വരം കുഭകർണ്ണന് കൊടുപ്പിയ്ക്കുന്നത്, മറ്റൊരു കഥ തന്നെയായതിനാൽ അതിവിടെ നമ്മൾ വിസ്തരിയ്ക്കുന്നില്ല].

വിശകലനം: മഹാബലവാനും, യുദ്ധനിപുണനും, ധർമ്മിഷ്ടനുമായ കുംഭകർണ്ണൻ, ബ്രഹ്മദേവന്റെ വരം കൂടി ലഭിച്ചാൽ, അജയ്യനാകുമെന്നും, ഒരു വേള അസുര-ദേവ വംശങ്ങളുടെ തന്നെ, രാജാവ് ആയിക്കൂടായ്കയില്ല എന്നും, ഇന്ദ്രാദിദേവകൾ നന്നേ ഭയപ്പെട്ടിരുന്നു എന്നുള്ളത് തന്നെ, കുഭകർണ്ണന്റെ ആ മഹത്വത്തെ സൂചിപ്പിയ്ക്കുന്നു.

2. യുദ്ധാരംഭത്തിലെ രാവണ-കുംഭകർണ്ണ സംഭാഷണം

ശ്രീരാമനും, ലക്ഷ്മണനും, കൂടെ സുഗ്രീവാദികളായ വാനരന്മാരും സമുദ്രത്തിന്റെ വടക്കേക്കരയിൽ അണിനിരന്നപ്പോൾ, രാവണൻ തന്റെ മന്ത്രിമാരോടോത്ത് കൊട്ടാരത്തിൽ യുദ്ധസന്നാഹ ചർച്ചകൾ തുടങ്ങി. ഹനുമാൻ നടത്തിയ ആ ലങ്കാദഹനത്തിൽ അതീവ ഖിന്നനായിരുന്നു രാവണൻ. എന്നാൽ, സ്വാമിഭക്തരായ അസുരമന്ത്രിമാർ പലതും പറഞ്ഞു പുകഴ്ത്തി, രാവണനെ ഉത്തേജിപ്പിയ്ക്കുന്നു.

ആ അവസരത്തിലാണ്, കുംഭകർണ്ണൻ  തന്റെ ജ്യേഷ്ടന്റെ അടുത്തേയ്ക്ക് എത്തുന്നത്. എന്നാൽ രാവണന്റെ പ്രതീക്ഷ്യ്ക്കു വിരുദ്ധമായി, കുംഭകർണ്ണൻ ഒരു യുദ്ധത്തെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തത്.

മാത്രവുമല്ല, അദ്ദേഹം ധർമ്മത്തിന്റെ ഭാഷയിൽ, നേരിട്ടു തന്നെ തന്റെ ജ്യേഷ്ഠനോട് സീതാപഹരണത്തിലൂടെ അദ്ദേഹം ചെയ്ത ആ കൊടുംപാതകത്തെ  കുറിച്ച് പറയുകയും ചെയ്യുന്നു.

മാത്രമോ? രാമൻ  ഒരു സാധാരണ മനുഷ്യൻ അല്ല, സാക്ഷാൽ നാരായണനാണെന്നു കൂടി ഓർമ്മിപ്പിയ്ക്കുകയും ചെയ്യുന്നു.

ഈ വേളയിൽ കുഭകർണ്ണൻ, സീതാദേവിയെ പറ്റി പറയുന്നത് നോക്കുക.

സീതയാകുന്നതു ലക്ഷ്മീഭഗവതി 
ജാതയായാൾ തവ നാശം വരുത്തുവാൻ,  
മോഹേന നാദഭേദം കേട്ട് ചെന്നുടൻ 
ദേഹനാശം മൃഗങ്ങൾക്കു വരുന്നിതു 
മീനങ്ങളെല്ലാം രസത്തിങ്കൽ മോഹിച്ചു 
താനെ ബളിശം വിഴുങ്ങി മരിയ്ക്കുന്നു 
അഗ്നിയെക്കണ്ടു മോഹിച്ചു ശലഭങ്ങൾ 
മഗ്നമായ്‌ മൃത്യു ഭവിയ്ക്കുന്നിതവ്വണ്ണം 
ജാനകിയെക്കണ്ടു മോഹിക്ക കാരണം 
പ്രാണവിനാശം ഭവാനുമകപ്പെടും 

അദ്ദേഹം പറയുന്നു: "ഈ സീത സാക്ഷാൽ ലക്ഷ്മീ ദേവിയാണ്. അങ്ങേയ്ക്ക് സർവനാശം വരുത്തുന്നതിനു വേണ്ടി അവതാരമെടുത്തിരിയ്ക്കുകയുമാണ്.  അതുകൊണ്ടുതന്നെ ഇപ്പോൾ ഈ യുദ്ധത്തിന് മുതിരുന്നത്, അങ്ങയുടെ ആത്മനാശത്തിനും, സർവനാശത്തിനും വേണ്ടിയാണ്".

രാവണൻ ചെയ്തതൊക്കെയും കുലത്തിന്റെ തന്നെ മഹാനാശത്തിനാണ് എന്നു തുറന്നു പറയാൻ കുഭകർണ്ണൻ ഇവിടെ ഒട്ടും മടിയ്ക്കുന്നതേയില്ല.

എന്നാൽ, ഒരു സ്ഥലത്ത് അദ്ദേഹം ഒരു വാക്കിൽ തന്റെയാ സഹോദര സ്നേഹവും കാണിയ്ക്കുന്നുണ്ട്. "...ചെയ്തതെല്ലാം അപനയമാണെങ്കിൽ കൂടി, സഹോദരാ, നീ നിന്റെ മോഹപൂർത്തീകരണം നടത്തിക്കൊള്ളുക ..." എന്ന ആ വാക്കുകളിൽ.

വിശകലനം: ഇവിടെ  നാം ഒരേ സമയം കുംഭകർണ്ണനിൽ കാണുന്നത് 4 മനോഭാവങ്ങളാണ്. ഒന്ന്: സ്വന്തം ജ്യേഷ്ഠനും ലങ്കേശ്വരനുമായ രാവണൻ ചെയ്ത അധർമ്മപ്രവർത്തിയെ നേരിൽ വിമർശിയ്ക്കുന്ന ധൈര്യശാലി. രണ്ട്: ശ്രീരാമനും സീതയും ആരെന്നും, അവരുടെ അവതാരലക്ഷ്യങ്ങൾ  എന്തെന്നും അറിയുന്ന, അവരെ ആദരവോടെ മാത്രം കാണുന്ന ധർമ്മിഷ്ടൻ. മൂന്ന്: അധികമായ സഹോദരസ്നേഹത്താൽ, ജ്യേഷ്ഠന്റെ  ആ അധാർമ്മികപ്രവർത്തിയെ ഒരു നിമിഷത്തേക്കെങ്കിലും പിന്തുണയ്ക്കുന്ന സഹോദരൻ. നാല്: "ജീവിച്ചിരിക്കുവാൻ ആശയുണ്ടെങ്കിൽ നീ നിത്യവും രാമനെ ഭജിച്ചു കൊള്ളുക" എന്ന് സ്വന്തം ജ്യേഷ്ഠനെ ഉപദേശിയ്ക്കുന്ന തികഞ്ഞ ഒരു ജ്ഞാനി/ഭക്തൻ.

3. യുദ്ധത്തിന്റെ ഒൻപതാം നാൾ:

പിന്നീട് നമ്മൾ കുംഭകർണ്ണനെ കാണുന്നത്, യുദ്ധത്തിന്റെ ഒൻപതാം  നാളിലാണ്. തന്റെ മന്ത്രിപ്രമുഖരിൽ പലരും യമപുരി പൂകിയപ്പോൾ, രാവണൻ തന്നെ യുദ്ധത്തിനെത്തുന്നു. രാവണാസ്‌ത്രത്താൽ ഹനുമാന് മുറിവേൽക്കുന്നതോടെ, ശ്രീരാമൻ കോപിഷ്ടനാകുന്നു. രാമബാണമേറ്റ്‌, രാവണന്റെ വില്ല് (പൗരസ്ത്യ ചാപം) ഭൂമിയിൽ പതിയ്ക്കുന്നു. വഴിയേ, രാമശരമേറ്റ് രാവണന്റെ തേരും കൊടിയും നശിയ്ക്കുന്നു, സാരഥി കൊല്ലപ്പെടുന്നു. അതേ ദിനം തന്നെ രാവണനിഗ്രഹം സാധ്യമായിരുന്നു എങ്കിലും, രാമൻ രാവണന് പ്രാണരക്ഷയ്ക്ക് ഒരവസരം കൂടി നൽകി, തയ്യാറെങ്കിൽ പിറ്റേന്ന് കൂടുതൽ സജ്ജനായി യുദ്ധത്തിനു വരുവാൻ നിർദേശിച്ചയയ്ക്കുന്നു.

തിരികെ, തന്റെ  കൊട്ടാരത്തിലെത്തുന്ന രാവണൻ ആകെ ഹതാശനാകുന്നു. രാമനു മേൽ ജയം അസാധ്യമാണെന്ന സത്യം, രാവണന് ഏതാണ്ട് ബോധ്യമാകുന്നു. അനാരണ്യൻ, വേദവതി, നളകൂബരൻ എന്നിവരുടെ പഴയ ആ ശാപങ്ങളും രാവണൻ ഇവിടെ ഓർക്കുന്നു. അതോടെ രാവണന് മനസ്സിലാകുന്നു, ഇനി ഒരേയൊരു ആശ്രയം തന്റെ അനുജനായ കുംഭകർണ്ണൻ മാത്രമാണെന്ന്. നിദ്ര തുടങ്ങി 9 ദിനങ്ങളേ ആയിട്ടുള്ളു എങ്കിലും, കുംഭകർണ്ണനെ ഉണർത്താൻ രാവണൻ ഉത്തരവാകുന്നു.

രാക്ഷസരുടെ പെടാപ്പാടിൽ ഉറക്കമുണരുന്ന കുംഭകർണ്ണൻ,  ആഹാരശേഷം നേരെ യുദ്ധത്തിന് പുറപ്പെടാനൊരുങ്ങവേ മഹോദരൻ തടയുകയും, രാവണനെ നേരിൽ കണ്ട് യാത്ര പറയാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.

സഹോദരനെ കണ്ട രാവണൻ അതീവ സന്തോഷവാനാകുന്നു. കാരണം, കുംഭകർണ്ണന്റെ ശക്തിയെക്കുറിച്ച് ഏറ്റവും നന്നായി അറിയുന്ന ആളാണല്ലോ രാവണൻ. ആ കോപത്തെ ആളിക്കത്തിയ്ക്കാൻ രാവണൻ പറയുന്നു "അനുജാ... നമ്മുടെ സഹോദരിയായ ശൂർപ്പണഖയുടെ മൂക്കും മുലയും മുറിച്ചവനാണീ രാമൻ. അതിനു പ്രതികാരം ചെയ്യുന്നത് വേണ്ടി മാത്രമാണ് ഞാൻ സീതാപഹരണം നടത്തിയത്. അതുകൊണ്ട് നീ എന്നെ രക്ഷിയ്ക്കണം. രാമനിഗ്രഹം നടത്തുകയും വേണം .." എന്ന്.

എന്നാൽ അതിനു മറുപടിയായി കുംഭകർണ്ണൻ പറയുന്ന കാര്യങ്ങൾ, ഒരുവേള രാവണനെ തന്നെ ഞെട്ടിയ്ക്കുന്നതാണ് .

"... ഒരു രാജാവിന് ഭരണ-ഭരണേതര കാര്യങ്ങളിൽ നല്ല രീതിയിൽ ഉപദേശം നൽകേണ്ടത് നല്ല മന്ത്രിമാരാണ്.  അവരുടെ ഉപദേശം, അന്ധമായ രാജഭക്തി കൊണ്ടു മാത്രമുള്ളതാണെങ്കിൽ, അതുവഴി ദേശത്തിനു ദ്രോഹം വരുത്തുന്നതാണ് എങ്കിൽ, ആ ഉപദേശങ്ങൾക്കനുസരിച്ച് പ്രവർത്തിയ്ക്കുന്നതിനേക്കാൾ നല്ലത്, ആ രാജാവ് വിഷം കഴിച്ച് സ്വജീവൻ അവസാനിപ്പിയ്ക്കുന്നതു തന്നെയാണ്....".

സീതയിൽ രാവണനുണ്ടായ ആ അഭിനിവേശം, രാവണന്റെ  ജീവനും സ്വത്തിനും മാത്രമല്ല, അത് ദേശത്തിനും, കുലത്തിനു തന്നെയും ആകെമാനം നാശം വരുത്തുവാൻ ഇടയാക്കും എന്ന് കുംഭകർണ്ണൻ സംശയലേശമെന്യേ, ഭയഭീതികളില്ലാതെ, ലങ്കേശ്വരനോട് പറയുന്നു, ഇവിടെ.

മാത്രവുമല്ല, ഒരു അവസാന ശ്രമമെന്ന നിലയിൽ, മുൻപൊരിയ്ക്കൽ യുദ്ധാരംഭ കൂടിയാലോചനയിൽ താൻ രാവണനോട് പറഞ്ഞ ആ രാമചരിത്രം കുറേക്കൂടി വിശദമായി, ഒരിയ്ക്കൽ കൂടി രാവണനെ  ഓർമ്മിപ്പിയ്ക്കുകയും ചെയ്യുന്നു കുംഭകർണ്ണൻ.

"...രാമൻ മനുഷ്യനല്ല അവൻ സാക്ഷാൽ മഹാവിഷ്ണുവാണ്. സീതയാകട്ടെ,  യോഗമായാദേവിയും..... ".

ഇതിനു തെളിവായി താൻ പണ്ടൊരിയ്ക്കൽ ബദര്യാശ്രമത്തിൽ വച്ച് നാരദമുനിയെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞ ആ രാമാവതാര കാര്യങ്ങളും വിശദമായി തന്നെ പറയുന്നു.

"ബുദ്ധതത്ത്വന്മാർ നിരന്തരം രാമനെ-
ച്ചിത്തംബുജത്തിങ്കൽ നിത്യവും ധ്യാനിച്ചു
തച്ചരിത്രങ്ങളും ചൊല്ലി നാമങ്ങളു-
മുച്ചരിച്ചാത്മാനമാത്മനാ കണ്ടുക-
ണ്ടച്യുതനോട് സായൂജ്യവും പ്രാപിച്ചു 
നിശ്ചലാനന്ദേ ലയിക്കുന്നിതന്വഹം 
മായാവിമോഹങ്ങളെല്ലാം കളഞ്ഞുടൻ 
നീയും ഭജിച്ചുകൊൾകാനന്ദ മൂർത്തിയെ."

അവസാനമായി, കുംഭകർണ്ണൻ പറയുന്നത് നോക്കുക.

"... ശ്രീരാമൻ ഒരു കേവല മനുഷ്യനല്ല, മനുഷ്യ അവതാരമാണ്. അതിനാൽ തന്റെ ശരീരത്താലും, മനസ്സാലും, പ്രവൃത്തിയാലും അദ്ദേഹത്തെ ഭജിയ്ക്കുക. ആ പാദസേവയാൽ അങ്ങിനെ സായൂജ്യം പ്രാപിയ്ക്കുക...."

എന്നാൽ, ഈ ഉപദേശങ്ങളൊന്നും കേൾക്കാൻ തയ്യാറാകാതെ, രാവണൻ ക്രുദ്ധനാവുകയും, തീർത്തും ആക്ഷേപകരമായി കുഭകർണ്ണനോട് സംസാരിയ്ക്കുകയും ചെയ്യുന്നതോടെ, ഭ്രാതൃസ്നേഹിയായ കുംഭകർണ്ണൻ രാവണനെ യുദ്ധത്തിൽ സഹായിയ്ക്കാൻ തയ്യാറാകുന്നു. മാത്രവുമല്ല, അവിടെ കുംഭകർണ്ണന് മറ്റൊരു ഉദ്ദേശവും കൂടിയുണ്ട്. ആ യുദ്ധത്തിൽ,  രാമബാണത്താൽ മോക്ഷം പ്രാപിയ്ക്കുക.

വിശകലനം: ഇവിടെ രാവണന് നൽകുന്ന ഉപദേശങ്ങളിൽ നമുക്ക് കാണാനാവുന്നത്, കുംഭകർണ്ണന്റെ രാജ-നീതി-ബോധങ്ങളും, ധർമ്മനിഷ്ഠയും, അചഞ്ചലമായ ആ ഭക്തിയും തന്നെയാണ്. ഒരു രാജാവ്, തന്റെ രാജ്യത്തിനും പ്രജകൾക്കും വേണ്ടി എപ്രകാരം പ്രവർത്തിയ്ക്കണം എന്നു മാത്രമല്ല, എപ്രകാരമുള്ളവരെയാണ് മന്ത്രിസ്ഥാനങ്ങളിലേയ്ക്ക് നിയോഗിയ്ക്കേണ്ടത് എന്നു വരെ കുംഭകർണ്ണന് നല്ല ബോധ്യമുണ്ട്. അതു പോലെ തന്നെ, തന്റെ സഹോദരനെങ്കിലും രാവണന്റെ ഭാഗത്തു നിന്നും വന്ന ആ മോശം പ്രവർത്തിയെ ഒരുമാത്ര പോലും ന്യായീകരിയ്ക്കുവാൻ ഒരു ശ്രമവും കുംഭകർണ്ണൻ നടത്തുന്നില്ല. മറിച്ച്, ആ സഹോദരനെ കൊണ്ട് രാമപാദത്തിൽ അഭയം പ്രാപിപ്പിച്ച്, അങ്ങിനെ ആ ജീവരക്ഷ ചെയ്യാൻ, തന്നാൽ ആവതുപോലൊക്കെ ശ്രമിയ്ക്കുകയും ചെയ്യുന്നു. എന്നാൽ, തന്റെ എല്ലാ ഉപദേശങ്ങളും രാവണൻ തള്ളിക്കളയുമ്പോൾ, സ്വന്തം മരണം ഉറപ്പാണ് എങ്കിൽ തന്നെയും, ആ സഹോദരന് വേണ്ടി രാമനോട് യുദ്ധം ചെയ്യാനും കുംഭകർണ്ണൻ തയ്യാറാകുന്നു. അപ്പോൾ, അവിടെ ആ നിറഞ്ഞ സഹോദരസ്നേഹവും നമ്മൾ കാണാതിരിയ്ക്കരുത്.


4. യുദ്ധമുഖത്തെ വിഭീഷണ-കുംഭകർണ്ണ കണ്ടുമുട്ടൽ 

യുദ്ധമുഖത്തേയ്‌ക്ക്‌ വരുന്ന കുംഭകർണ്ണനെ കണ്ട വിഭീഷണൻ, തന്റെ ജേഷ്ഠന്റെ അടുത്തേക്ക് ഓടിയെത്തി, ആ കാൽക്കൽ വീഴുന്നു. എന്തുകൊണ്ടാണ് താൻ രാമപക്ഷത്തു ചേരാൻ ഇടയായത് എന്ന് കണ്ണീരോടെ വിവരിയ്ക്കുന്നു.

സ്നേഹാതിരേകത്തോടെ അനുജനെ പിടിച്ചെഴുന്നേല്പിച്ച്,  കുംഭകർണ്ണൻ  പറയുന്നത് നോക്കുക.

"അല്ലയോ അനുജാ, നീ മഹാനെന്നതിൽ ഒരു സംശയവും വേണ്ട. നീ രാമപാദത്തെ സേവിച്ചു കൊള്ളുക. അതുവഴി, നമ്മുടെ ഈ നാടിനെയും, വംശത്തെയും നീ രക്ഷിയ്ക്കുകയും, അനേക വർഷങ്ങൾ ഈ ഭൂമിയിൽ ജീവിയ്ക്കുകയും ചെയ്യുക. ഇതിൽ നീ ഖിന്നനാകേണ്ട ഒരു കാര്യവും ഇല്ല തന്നെ....".

ഇത്രയും പറഞ്ഞ്, അനുജനെ തിരികെ അയയ്ക്കുന്ന കുംഭകർണ്ണൻ,  പിന്നീട് ശക്തിയുക്തം യുദ്ധത്തിൽ പങ്കെടുക്കുകയാണ്. അനേക ശതം വാനരരെ ക്ഷണനേരം കൊണ്ട് കൊന്നൊടുക്കുകയും ചെയ്യുന്നു.

വിശകലനം: രാവണനും, ഇന്ദ്രജിത്തും 'കുലദ്രോഹി' എന്നാക്ഷേപിച്ച അതേ വിഭീഷണനെ, എപ്രകാരമാണ് കുംഭകർണ്ണൻ  മനസിലാക്കിയിരിയ്ക്കുന്നതും, ആശ്വസിപ്പിയ്ക്കുന്നതും എന്ന് നോക്കുക. മാത്രവുമല്ല, തങ്ങളുടെ കുലത്തേയും വംശത്തേയും ഇനിയുള്ള കാലം നന്നായി പരിപാലിയ്ക്കണം എന്നോർമ്മപ്പെടുത്തുമ്പോൾ, അവിടെ കുംഭകർണ്ണന്റെ ആ പ്രജാസ്‌നേഹം ഒന്നു കൂടി വെളിവാകുകയാണ്. കൂടെ, ഈ യുദ്ധത്തിന്റെ പരിണാമം എന്താകുമെന്നും, യുദ്ധാനന്തര ലങ്ക ആരുടെ കീഴിലാകും എന്നും, തനിയ്ക്ക് വ്യക്തമായി അറിയാം എന്നുകൂടി കാണിച്ചു തരുന്നു കുംഭകർണ്ണന്റെ ഈ വാക്കുകൾ.

5. കുംഭകർണ്ണ വധം 

അതിബലവാനായ കുംഭകർണ്ണൻ വാനരപക്ഷത്ത് വൻ നാശമാണ് വിതച്ചത്. സുഗ്രീവൻ ഉൾപ്പെടെയുള്ള പല പ്രമുഖരും ആ പ്രഹരശേഷിയുടെ കാഠിന്യം അറിയുന്നു. വാനരസേനയുടെ ബുദ്ധിമുട്ട് കാണുന്ന  ലക്ഷ്മണൻ നേരിട്ട് കുംഭകർണ്ണനോടേറ്റുമുട്ടുന്നു. പർവതങ്ങളിൽ മഴ പെയ്യുന്നതു പോലെയാണ്, ഒരുവേള ലക്ഷ്മണൻ ബാണങ്ങളെയ്ത്, കുംഭകർണ്ണനെ വിവശനാക്കുന്നതും.

എന്നാൽ കുംഭകർണ്ണനാകട്ടെ, രാമനെ നേരിൽ എതിർക്കാൻ ഒരുമ്പെടുകയാണ്. അവിടെ നമുക്ക് കാണാൻ കഴിയുന്നത്, രാമബാണത്താൽ എത്രയും വേഗം മോക്ഷം പ്രാപിയ്ക്കണം എന്നുള്ള ആ ആഗ്രഹമാണ്.

രാമൻ തന്റെ ബാണത്താൽ കുംഭകർണ്ണന്റെ വലതുകരവും, ശൂലവും ഖണ്ഡിയ്ക്കുന്നു. പിന്നീട്, അർദ്ധചന്ദ്രാകൃതിയാർന്ന രണ്ടു ശരങ്ങളാൽ കുംഭകർണ്ണന്റെ പാദങ്ങൾ  മുറിയ്ക്കുന്നു.അവസാനമായി ഇന്ദ്രാസ്ത്രത്താൽ ശിരച്ഛേദവും ചെയ്യുന്നു.

വിശകലനം: ഒരു  പക്ഷേ, അതിബലവാനായ തനിയ്ക്ക് സുഗ്രീവനെയോ, ഹനുമാനെയോ, എന്തിന് ലക്ഷ്മണനെ തന്നെയോ, പരാജയപ്പെടുത്താനോ സാരമായി മുറിവേൽപ്പിയ്ക്കുവാനോ കഴിയും എന്നിരിയ്ക്കിലും, അതിനു മുതിരാതെ, നേരിൽ രാമനോടെതിരിട്ട്, മോക്ഷം പ്രാപിയ്ക്കുവാനാണ് ഇവിടെ കുഭകർണ്ണൻ ശ്രമിയ്ക്കുന്നത് എന്നതും, ധർമ്മ മാർഗത്തിലൂടെ സഞ്ചരിയ്ക്കാൻ ആണ് കൂടുതൽ ഇഷ്ടം, എന്ന ആ കുംഭകർണ്ണ രീതിയെ വെളിവാക്കുന്നതാണ്.

**********

പ്രിയ വായനക്കാരെ,

നമ്മൾ തുടക്കത്തിൽ പറഞ്ഞത് പോലെ അഞ്ചു തലങ്ങളിൽ, വിശദമായി തന്നെ ആ വിശകലനം ഇതാ ഇവിടെ പൂർത്തിയാകുന്നു. ഇനി നിങ്ങൾ തീരുമാനിയ്ക്കുക ഈ ലേഖനത്തിന്റെ തലക്കെട്ട് ഉചിതമോ അതോ അനുചിതമോ എന്ന്.

അവസാനമായി, ഒരു ചോദ്യം കൂടി ഞാൻ എന്റെ പ്രിയ വായനക്കാരുടെ മുൻപിൽ വയ്ക്കുന്നു.

ലേഖനത്തിൽ കണ്ടതുപോലെ ഒരു ധർമ്മിഷ്ഠനായിരുന്നു കുംഭകർണ്ണൻ  എങ്കിൽ, കരച്ഛേദം, പാദച്ഛേദം, ശിരച്ഛേദം എന്നിങ്ങനെ മൂന്നു തലങ്ങളിലുള്ള ഒരു മരണത്തിനു പകരം, ശിരച്ഛേദം എന്ന ഒരു തലത്തിൽ മാത്രമുള്ള, കുറച്ചു കൂടി മാന്യമായ ഒരു മരണത്തിന് അദ്ദേഹം അർഹനായിരുന്നില്ലേ?

അതേ, ആ ചോദ്യത്തിന്റെ ഉത്തരം നിങ്ങൾ നിങ്ങളുടെ സ്വന്തം വിശകലനത്തിലൂടെ കണ്ടെത്തുക.

സ്നേഹത്തോടെ
ബിനു മോനിപ്പള്ളി

പിൻകുറിപ്പ്: ഒരു അഭ്യർത്ഥന കൂടിയുണ്ട് പ്രിയ വായനക്കാരോട്. അടുത്ത തവണ നിങ്ങൾ രാമായണ പാരായണം നടത്തുമ്പോൾ, ഒരു തവണ, ഒരു കഥാപാത്രത്തെ മാത്രം തിരഞ്ഞെടുക്കുക. എന്നിട്ട്, ആ കഥാപാത്രത്തിനു മാത്രം പ്രാധാന്യം കൊടുത്ത് പാരായണം ചെയ്യുക. ശേഷം, അതിനെ സ്വമനസ്സിൽ മനനം ചെയ്യുക. ആ സാരാംശത്തെ സ്വയം വേർതിരിച്ചറിയുക. അങ്ങിനെ ചെയ്യാനായാൽ, അത് നിങ്ങളുടെ വായനയെ കൂടുതൽ അർത്ഥവത്താക്കും. സംശയം വേണ്ട.


Blog:
 www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

*ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ് 

 ****

ഈ ലേഖനത്തിന്റെ ദൃശ്യ-ശ്രവ്യ ആവിഷ്കാരം ഈ ലിങ്കിൽ ലഭ്യമാണ്:

Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]