ഭക്ത രാവണൻ [രാമായണം: അറിയപ്പെടാത്ത കഥാപാത്രങ്ങൾ -7]

 

ഭക്ത രാവണൻ
[രാമായണം: അറിയപ്പെടാത്ത കഥാപാത്രങ്ങൾ -7]


കഥാപാത്ര പരിചയം:
രാമായണം അറിയുന്ന ആർക്ക് മുൻപിലും, 'രാവണൻ' എന്ന കഥാപാത്രത്തെ പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല, എന്നറിയാഞ്ഞിട്ടല്ല.

അഹങ്കാരിയായ രാക്ഷസരാജാവ്, സീതാമോഷ്ടാവ്, ധർമ്മിഷ്ഠനായ വിഭീഷണനെ രാജ്യത്തു നിന്നും പുറത്താക്കിയ അധികാരമോഹി, പരകളത്ര മോഹത്താൽ സ്വന്തം കുലത്തേയും, കൂടെ ബഹുകോടി  പ്രജകളേയും കൊലയ്ക്കു കൊടുത്ത സ്ത്രീലമ്പടൻ, സുവർണ ലങ്കയുടെ സർവ്വനാശത്തിനു കാരണമായവൻ, അവസാനം രാമബാണത്താൽ മരണത്തെ വരിച്ചവൻ. ഇങ്ങനെ, ചുരുക്കി പറഞ്ഞാൽ രാമായണത്തിലെ ആ 'കൊടും വില്ലൻ' കഥാപാത്രമാകുന്നു രാവണൻ. അല്ലേ?

ശരിയാവാം.

പക്ഷേ, ഇവിടെ നമ്മൾ പരിചയപ്പെടുന്നത് മറ്റൊരു രാവണനെ ആണ്. തികഞ്ഞ വിഷ്ണുഭക്തനായ ഒരു രാവണനെ.

വിശകലനം / വ്യാഖ്യാനം:
ഇത്രയും പറഞ്ഞപ്പോൾ, വായനക്കാരിൽ ചിലരെങ്കിലും  വിചാരിയ്ക്കുന്നുണ്ടാകും, നമ്മൾ ഇവിടെ അനാവശ്യമായി രാവണൻ എന്ന ആ കഥാപാത്രത്തെ മഹത്വവത്കരിയ്ക്കുവാൻ ശ്രമിയ്ക്കുകയാണ് എന്ന്.

തീർച്ചയായും അല്ല. രാവണന്റെ ഭക്തിയെ കുറിച്ച്, അദ്ധ്യാത്മരാമായണത്തിൽ തന്നെ എന്താണ് പറയുന്നത് എന്ന് വിശദമായി ഒന്നു നോക്കുക മാത്രമാണ് നമ്മൾ ഇവിടെ ചെയ്യുന്നത്.

ഏതാണ്ട് മൂന്ന് സന്ദർഭങ്ങളിൽ ഈ ഭക്തരാവണനെ നമുക്ക് രാമായണത്തിൽ കാണുവാൻ കഴിയും.

ഒന്ന്:
ലക്ഷ്മണനാൽ കുചനാസാകർണ്ണച്ഛേദനം സംഭവിച്ച ശൂർപ്പണഖ, ഖരനോട് സഹായം അഭ്യർത്ഥിയ്ക്കുകയും, എന്നാൽ ഖരനും, കൂടെ അനേകം രാക്ഷസരും, രാമബാണത്താൽ  യമപുരി പൂകുകയും ചെയ്തപ്പോൾ, അവസാന ആശ്രയം എന്ന നിലയിൽ, സ്വന്തം സഹോദരനായ രാവണന്റെ അടുത്ത്, സഹായ അഭ്യർത്ഥനയുമായി എത്തുന്നു. തന്റെ സഹോദരിയെ ആശ്വസിപ്പിച്ചതിനു ശേഷമുള്ള രാവണന്റെ ചിന്തകൾ നോക്കുക.

"... അതിനാൽ ഖരസോദരന്മാരെയും കൂടെ പതിനാലായിരം രാക്ഷസരെയും ക്ഷണമാത്രയിൽ കാലപുരിയ്ക്കയച്ച ഈ രാമൻ, തീർച്ചയായും ഒരു മനുഷ്യനല്ല. ഇത്  ഭക്തവത്സലനായ ഭഗവാൻ വിഷ്ണു തന്നെ. അങ്ങിനെയെങ്കിൽ, എന്നെ വധിയ്ക്കുവാൻ തന്നെയാണ് അദ്ദേഹം ഇപ്പോൾ രഘുകുലത്തിൽ ഒരു മനുഷ്യനായി പിറന്നതും. രാമനാൽ വധിയ്കപെട്ടാൽ, എനിയ്ക്ക് എത്രയും വേഗം വൈകുണ്ഠരാജ്യം പൂകാമല്ലോ ....".

ആ മനോവിചാരങ്ങളെ, രാമായണത്തിൽ എങ്ങിനെയാണ് ഉപസംഹരിയ്ക്കുന്നത് എന്നും നോക്കുക.

".... ഇത്ഥമാത്മനി ചിന്തിച്ചുറച്ചു രക്ഷോനാഥൻ
തത്ത്വജ്ഞാനത്തോടുകൂടത്യാനന്ദവും പൂണ്ടാൻ.
സാക്ഷാൽ ശ്രീനാരായണൻ രാമനെന്നറിഞ്ഞഥ
രാക്ഷസപ്രവരനും പൂർവവൃത്താന്തമോർത്താൻ;
'വിദ്വേഷബുദ്ധ്യാ രാമൻ തന്നെ പ്രാപിക്കേയുള്ളൂ
ഭക്തികൊണ്ടെന്നിൽ പ്രസാദിയ്ക്കയില്ലഖിലേശൻ"


ഇവിടെ രാവണന്റെ ആ മനോവിചാരങ്ങൾ പോകുന്നത് ഈ വഴിയാണ്. "...ഭക്തിമാർഗ്ഗത്തിലൂടെ അഖിലേശ്വരനായ രാമനെ പ്രസാദിപ്പിയ്ക്കാൻ എനിയ്ക്ക് ആവുമെന്ന് തോന്നുന്നില്ല. അതിനാൽ തന്നെ, നേരെ വിപരീത മാർഗത്തിൽ അഥവാ വിദ്വേഷ മാർഗത്തിൽക്കൂടി ആ രാമപാദത്തെ പ്രാപിയ്ക്കുക എന്നതേയുള്ളൂ, എനിയ്ക്കു മുന്നിലുള്ള ഏക മാർഗം...."

ഇവിടെ രാവണൻ, തന്റെ അന്ത്യം മുൻകൂട്ടി കാണുകയാണ്. അതിനെ സ്വമനസ്സാലെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. എത്രയും വേഗം വിഷ്‌ണുലോകം പൂകാനുള്ള മോക്ഷമാർഗമായാണ് രാവണൻ തന്റെ മരണത്തെ കാണുന്നത്, എന്ന് ചുരുക്കം.

രണ്ട്:
രാവണന്റെ വിഷ്ണുഭക്തി വെളിവാകുന്ന രണ്ടാമത്തെ അവസരം, സീതാപഹരണത്തിനായി സഹായം തേടി അയാൾ മാരീചനെ സമീപിയ്ക്കുമ്പോൾ ആണ്. രാമാവതാരത്തെ കുറിച്ച് വിശദമായിത്തന്നെ  മാരീചൻ രാവണനെ ബോധ്യപ്പെടുത്താൻ ശ്രമിയ്ക്കുമ്പോൾ, രാവണൻ നൽകുന്ന മറുപടി നോക്കുക.

"...ശ്രീനാരായണ സ്വാമി പരമൻ പരമാത്മാ-
താനരവിന്ദോത്ഭവൻ തന്നോടു സത്യം ചെയ്തു
മർത്യനായ് പിറന്നെന്നെക്കൊല്ലുവാൻ ഭാവിച്ചതു
സത്യസങ്കൽപ്പനായ ഭഗവാൻ താനെങ്കിലോ
പിന്നെയവ്വണ്ണമല്ലെന്നാക്കുവാനാളാരെടോ?
നന്നു നിന്നജ്ഞാനം ഞാനിങ്ങനെയോർത്തീലൊട്ടും...."


ഇവിടെ രാവണൻ പറയുകയാണ് "എന്നെ വധിയ്ക്കുവാനാണ് ഭഗവാൻ ശ്രീനാരായണൻ മനുഷ്യജന്മം എടുത്തിരിയ്ക്കുന്നതു തന്നെ. അങ്ങിനെ യെങ്കിൽ, അതങ്ങിനെ അല്ലാതാക്കി തീർക്കുവാൻ ആരാലും സാധ്യവുമല്ലല്ലോ.....".

നോക്കൂ, എത്ര കൃത്യമായാണ് ഇവിടെ രാവണൻ തന്റെ ആരാധനാ മൂർത്തിയുടെ ആ മഹാശക്തിയെ നോക്കിക്കാണുന്നത്?

മൂന്ന്:
രാവണന്റെ വിഷ്ണുഭക്തിയെ ഏറ്റവും സ്പഷ്ടമായും, വിശദമായും നമുക്ക് കാണുവാനാകുന്നത് മൂന്നാമത്തെ അവസരത്തിൽ ആണ്. സുന്ദരകാണ്ഡത്തിൽ, പരിവാര സമേതനായി രാവണൻ, സീതാദേവിയുടെ അടുത്തേയ്ക്കു പുറപ്പെടുന്ന ആ ഭാഗത്ത്.

"അസുരസുര നിശിചരവരാംഗനാവൃന്ദവു-
മത്ഭുതമായുള്ള ശൃംഗാരവേഷവും 
ദശവദനനനവരതമകതളിരിലുണ്ടു 'തൻ-
ദേഹനാശം ഭവിയ്ക്കുന്നതെന്നീശ്വരാ
സകലജഗദധിപതി സനാതനൻ സന്മയൻ 
സാക്ഷാൽ മുകുന്ദനെയും കണ്ടു കണ്ടു ഞാൻ 
നിശിതതരശരശകലിതാംഗനായ് കേവലേ 
നിർമലമായ ഭഗവൽപദാംബുജേ...."


ഇവിടെ രാവണന്റെ മനോഗതമാണ് വെളിവാകുന്നത്. "ഏറെ മൂർച്ചയുള്ള അനേകം ശരങ്ങളാൽ ശകലിതാംഗനായി, സാക്ഷാൽ വിഷ്ണുഭഗവാനെ നേരിൽ കണ്ടു കണ്ട്, തന്റെ ദേഹനാശം എപ്പോഴാണോ സംഭവിയ്ക്കുക..?" എന്ന ആ വിചാരമാണ് ഇവിടെ രാവണന്.

വരദനജനമരുമമൃതാനന്ദപൂർണമാം
വൈകുണ്ഠരാജ്യമെനിയ്ക്കെന്നു കിട്ടുന്നു?
അതിനു ബത! സമയമിദമിതി മനസി കരുതി ഞാ-
നംഭോജപുത്രിയെക്കൊണ്ടുപോന്നീടിനേൻ 
അതിനുമൊരു പരിഭവമൊടുഴറിവന്നീലവ-
നായുർവിനാശകാലം നമുക്കാഗതം.
ശിരസി മമ ലിഖിതമിഹ മരണസമയം ദൃഢം 
ചിന്തിച്ചു കണ്ടാലതിനില്ല ചഞ്ചലം 
കമലജനുമറിയരുതു കരുതുമളവാർക്കുമേ 
കാലസ്വരൂപനാമീശ്വരൻ തന്മതം'. 

"...എനിയ്ക്കെന്നാണിനി വൈകുണ്ഠരാജ്യം പ്രാപിയ്ക്കാനാകുക? അതിനു വേണ്ടിയാണല്ലോ ഞാൻ സീതാദേവിയെ കൊണ്ടുപോന്നതും. എന്നാൽ രാമനാകട്ടെ ഇതുവരെ എത്തിയതുമില്ല. എങ്കിലും ഞാനറിയുന്നു എന്റെ മരണകാലം അടുത്തുവെന്ന്. ആ മരണ സമയം ശിരോലിഖിതമെങ്കിലും കാലസ്വരൂപനായ ഈശ്വരൻ അതെപ്പോഴാണ് നിശ്ചയിച്ചിരിയ്ക്കുന്നതെന്ന്,  സാക്ഷാൽ ബ്രഹ്മദേവന് പോലും അറിയുക സാധ്യവുമല്ലല്ലോ...". ഇങ്ങനെ പോകുകയാണ് ഇവിടെ രാവണന്റെ ആ മനോവിചാരങ്ങൾ.

നോക്കുക. ഇവിടെയും നമുക്ക് കാണുവാൻ കഴിയുന്നത്, ഇഹലോക ജീവിതം വെടിഞ്ഞ്, എത്രയും വേഗം മോക്ഷം പ്രാപിച്ച്, അങ്ങിനെ ആ വിഷ്ണുലോകം പൂകണം എന്നുള്ള, ആ കറകളഞ്ഞ വിഷ്ണുഭക്തന്റെ അദമ്യമായ ആഗ്രഹമല്ലേ?

ഇനി, രാവണവധവുമായി ബന്ധപ്പെട്ട ഒരു കാര്യം കൂടി പറഞ്ഞ്, നമുക്കീ കുറിപ്പ്  ഇവിടെ അവസാനിപ്പിയ്ക്കാം.

രാവണവധം കഴിഞ്ഞപ്പോൾ, ആ ശവശരീരത്തിനരികെ തീർത്തും ദുഃഖിതനായി നില്ക്കുന്ന വിഭീഷണനോട്, ശ്രീരാമൻ പറയുന്നത് നോക്കുക.
"എന്നോട് നേരിൽ പൊരുതി, വീരമൃത്യു വരിച്ചവനാണിവൻ. പോരിൽ മരിയ്ക്കുക എന്നതാണ് വീരരായ രാജാക്കന്മാരുടെ ധർമം. അങ്ങിനെ വീരസ്വർഗം പൂകാൻ, സുകൃതികൾക്കു മാത്രമേ യോഗം വരൂ. അതിനാൽ നീ വേഗം തന്നെ ഇവന്റെ ശേഷക്രിയകൾക്കു വേണ്ടിയുള്ള ഒരുക്കങ്ങൾ ചെയ്യുക....".

എന്നാൽ, "....ഈ ഭൂതലത്തിൽ, ഇവനോളം പാപം ചെയ്തവർ മറ്റാരുമില്ല. അതിനാൽത്തന്നെ, ഇവന്റെ സംസ്കാരച്ചടങ്ങുകൾ ചെയ്യുവാൻ ഞാൻ ഒരുക്കവുമല്ല..." എന്ന ചിന്തയോടെ  മാറിനിന്ന വിഭീഷണനോട് ശ്രീരാമൻ തന്നെ വീണ്ടും പറയുന്നത് നോക്കുക. "എന്റെ ബാണത്താൽ യുദ്ധത്തിൽ മരിച്ചതോടെ ഇവൻ ചെയ്ത സകല പാപങ്ങളും അകന്നിരിയ്ക്കുന്നു... അതിനാൽ നീ എത്രയും വേഗം അവന്റെ ശേഷക്രിയകൾ ചെയ്യുക...". 

തുടർന്ന്, അഗ്നിഹോത്രം ചെയ്തു പുണ്യം നേടിയ ഒരാളുടെ അതേ  ബഹുമതികളോടെയും, ആദരവുകളോടെയും,  രാവണനെ സംസ്ക്കരിയ്ക്കുകയാണ് ചെയ്തത്.

പ്രിയ വായനക്കാരേ, ഇനി നിങ്ങൾ തീരുമാനിയ്ക്കുക, രാവണൻ ഒരു തികഞ്ഞ വിഷ്ണുഭക്തൻ കൂടി ആയിരുന്നുവോ? അതോ വെറുമൊരു നികൃഷ്ട രാക്ഷസരാജാവ് മാത്രമായിരുന്നുവോ? എന്ന്.

********

അനുബന്ധം:
മേല്പറഞ്ഞ മൂന്നുസന്ദർഭങ്ങളും വിശദമായി പരിശോധിച്ചാൽ ഒരു കാര്യം നമുക്ക് ബോധ്യമാകും. ഇടയ്ക്കൊക്കെ രാവണൻ 'വൈകുണ്ഠ ലോകം' പൂകുന്നതിനെ കുറിച്ച് പറഞ്ഞു കൊണ്ടേയിരുന്നു. അതിനു പിന്നിലെ കാരണം എന്ത്? അഥവാ ഐതിഹ്യം എന്ത്? എന്ന അന്വേഷണത്തിലാണ് രാവണന്റെ ആ പൂർവജന്മ കഥ അറിയാനിടയായത്. കൂടുതലും വാമൊഴിയായി പ്രചാരത്തിലുള്ള ആ കഥ, അറിയാത്തവർക്കായി ഇവിടെ പങ്കു വയ്ക്കുന്നു.

വൈകുണ്ഠ ലോകത്തെ സമർത്ഥരായ ദ്വാരപാലകരായിരുന്നു ജയ-വിജയന്മാർ. ഒരിയ്ക്കൽ സമാദരണീയരായ സപ്തർഷികൾ വൈകുണ്ഠത്തിൽ വിഷ്ണുദേവനെ കാണാനെത്തുകയും, ജയ-വിജയന്മാർ അവരെ തടയുകയും ചെയ്തുവത്രേ. സപ്തർഷികൾ തങ്ങളുടെ ആഗമനോദ്ദേശം വെളിപ്പെടുത്തിയിട്ടും, ഇവർ കടന്നു പോകാൻ അനുവദിച്ചില്ല. സമർത്ഥരെങ്കിലും അഹംഭാവം അഥവാ ഗർവ്വ് ഉള്ളിൽ വളർന്നു തുടങ്ങിയ ആ ജയ-വിജയന്മാരെ സപ്തർഷികൾ, മൂന്ന് ജന്മങ്ങളിൽ അസുരരായി ജനിയ്ക്കട്ടെ എന്നു ശപിയ്ക്കുകയും, ശേഷം ആ മൂന്ന് ജന്മങ്ങളിലും, മഹാവിഷ്ണുവിന്റെ അവതാരങ്ങളാൽ തന്നെ വധിയ്ക്കപ്പെട്ട്, അതുവഴി ശാപമോക്ഷം നേടുവാൻ അനുവദിയ്ക്കുകയും ചെയ്തു.

അങ്ങിനെ ആ ജയ-വിജയന്മാർ, ആദ്യ ജന്മത്തിൽ ഹിരണ്യനും ഹിരണ്യകശിപുവും ആയി ജനിയ്ക്കുകയും വരാഹ/നരസിംഹ അവതാരങ്ങളാൽ വധിയ്കപ്പെടുകയും ചെയ്തു. രണ്ടാം ജന്മത്തിലാകട്ടെ, രാവണ-കുംഭകർണ്ണൻമാരായി ജനിയ്ക്കുകയും ശ്രീരാമനാൽ വധിയ്കപ്പെടുകയും ചെയ്തു. [ശേഷം മൂന്നാം ജന്മത്തിൽ, അവർ ശിശുപാലനും ദന്താവക്ത്രനുമായി ജനിയ്ക്കുകയും, ശ്രീകൃഷ്ണനാൽ വധിയ്ക്കപ്പെടുകയും ചെയ്തു].

ഈ ഒരു പൂർവജന്മ കാരണത്താലത്രേ, രാവണൻ ഇടയ്കെല്ലാം എത്രയും വേഗം വൈകുണ്ഠാപുരി പൂകുന്നതിന് തിടുക്കം കൂട്ടിയിരുന്നത്. അസാധാരണമായ തരത്തിൽ വിഷ്ണുഭക്തി പ്രകടിപ്പിച്ചിരുന്നതും.

മറ്റൊരു തരത്തിൽ പറഞ്ഞാൽ, തന്റെ പൂർവജന്മത്തിന്റെ ആ ദൈവികത അബോധമനസ്സിൽ നിന്നും ബോധതലത്തിലേയ്ക്ക് എത്തുന്ന വളരെ ചുരുങ്ങിയ ഇടവേളകളിൽ, തികഞ്ഞ ഒരു ഭക്തനും ധർമചിന്തയുള്ളവനുമായി മാറുകയും, അല്ലാത്ത ബഹുഭൂരിപക്ഷം സമയങ്ങളിലും, മുഴുവൻ  ആസുരഭാവങ്ങളും അതിന്റെ രൗദ്രതയും ഉള്ളിൽ നിറച്ച ഒരു ശാപജന്മമായി ജീവിയ്ക്കുകയും ചെയ്ത, ഒരു ദ്വന്ദവ്യക്തിത്വമായിരുന്നു രാവണന്റേത്, എന്നുവേണമെങ്കിലും നമുക്ക് പറയാം.

പ്രിയ വായനക്കാരെ, "രാമായണം: അറിയപ്പെടാത്ത കഥാപാത്രങ്ങൾ" എന്ന പരമ്പരയിലെ ഈ ഏഴാം ഭാഗം നിങ്ങൾക്കിഷ്ടമായി എന്ന് കരുതട്ടെ.
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിയ്ക്കുക.

സ്നേഹത്തോടെ

-ബിനു മോനിപ്പള്ളി 
                                                                             *************

Blog: https://binumonippally.blogspot.com
mail: binu.monippally@gmail.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ് 
അനുബന്ധ പുരാണത്തിന് കടപ്പാട്: ശ്രീ സുന്ദരേശൻ മുഴയംമാനാൽ

Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]