യുക്തിമാനായ ഹനുമാൻ [രാമായണം - അറിയപ്പെടാത്ത കഥാപാത്രങ്ങൾ - 8]

 

യുക്തിമാനായ ഹനുമാൻ

[രാമായണം - അറിയപ്പെടാത്ത കഥാപാത്രങ്ങൾ - 8]

നമസ്കാരം. 

"രാമായണം - അറിയപ്പെടാത്ത കഥാപാത്രങ്ങൾ" എന്ന പരമ്പരയിലെ ഈ എട്ടാം ഭാഗത്തിലേയ്ക്ക്, ഏവർക്കും സ്വാഗതം.

രാമായണം നമുക്കെല്ലാം സുപരിചിതമാണ്. അല്ലേ? നമ്മളിൽ പലരും അത് പല തവണ വായിച്ചവരുമാകും.

രാമായണം ഒരുതവണയെങ്കിലും വായിച്ചിട്ടുള്ളവർക്ക് ഏറെ സുപരിചിതനാണ് ഹനുമാൻ. ഉത്തമ ശ്രീരാമഭക്തനായ, മഹാശക്തിമാനായ, അജയ്യനായ, ചിരഞ്ജീവിയായ ഹനുമാൻ.

എന്നാൽ യുക്തിമാനായ ഹനുമാനെ എത്രപേർക്കറിയും. അല്ലെങ്കിൽ ഹനുമൽപ്രവർത്തികളിലെ യുക്തിയെ വായനക്കാരിൽ എത്രപേർ തിരിച്ചറിഞ്ഞിട്ടുണ്ട്?

നമുക്ക് ഒരു ഉദാഹരണം മാത്രം നോക്കാം.

സീതാന്വേഷണത്തിനായി ഹനുമാൻ ലങ്കയിലേയ്ക്ക് യാത്രയാവുന്നു. വഴിമദ്ധ്യേ നാഗമാതാവായ സുരസ മാർഗവിഘ്‌നം വരുത്തുകയും, ഹനുമാനെ ഭക്ഷിയ്ക്കാൻ തുനിയുകയും ചെയ്യുന്നു. ഹനുമാനാകട്ടെ, വളരെ വിനയാന്വിതനായി തന്റെ യാത്രാ ഉദ്ദേശ്യം വെളിപ്പെടുത്തുകയും,  അത് പൂർത്തീകരിച്ചതിനു ശേഷം താൻ തിരികെയെത്തി സ്വയം സുരസയ്‌ക്ക്‌  ഭക്ഷണമായിക്കൊള്ളാം എന്ന് പറയുകയും ചെയ്യുന്നു. 

എന്നാൽ, അത് സ്വീകരിയ്ക്കാൻ തയ്യാറാകാതെ, സുരസ ഹനുമാനെ ഭക്ഷിയ്ക്കാൻ തുനിയുമ്പോൾ, ഹനുമാൻ തന്റെ ശരീരം വലുതാക്കുന്നു. അതിനനുസരിച്ച് സുരസ തന്റെ വായ അതിനേക്കാൾ വലുതാക്കുന്നു. ഹനുമാൻ വീണ്ടും വളരുമ്പോൾ, സുരസ അതിനെക്കാൾ വലുതായിക്കൊണ്ടിരുന്നു. 

അങ്ങിനെ സുരസ ഏതാണ് 50 യോജന വലുപ്പത്തിൽ ഭീമാകാരമായ തന്റെ വായ തുറന്നപ്പോൾ, ദ്രുതഗതിയിൽ ഹനുമാൻ സ്വശരീരം,  ഒരു പെരുവിരലിനോളം ചെറുതാക്കി, അതിവേഗത്തിൽ  സുരസയുടെ വായിലൂടെ പ്രവേശിച്ച്, പുറത്തേയ്ക്കു വരുന്നു.

ഹനുമാന്റെ ബുദ്ധിയിലും തന്ത്രത്തിലും പ്രസന്നയായ സുരസയാകട്ടെ,  ദേവഗന്ധർവ്വന്മാർ ഹനുമാന്റെ ബുദ്ധിയും ശക്തിയും പരീക്ഷിയ്ക്കാൻ തന്നോട് ആവശ്യപ്പെട്ട കാര്യം തുറന്നു പറയുകയും, ശേഷം ഹനുമാനെ അനുഗ്രഹിച്ച്, യാത്ര തുടരാൻ അനുവദിയ്ക്കുകയും ചെയ്യുന്നു.

ഈ ഭാഗം വായിയ്ക്കുമ്പോൾ ചിലരുടെയെങ്കിലും മനസ്സിൽ ചില ചോദ്യങ്ങൾ ഉയർന്നേക്കാം.

1. അതിശക്തനും, അജയ്യനും, മരണമില്ലാത്തവനുമായ ഹനുമാൻ എന്ത് കൊണ്ട് സുരസയെ തോല്പിയ്ക്കാനോ അല്ലെങ്കിൽ വധിയ്ക്കാനോ ശ്രമിച്ചില്ല?

2. ഈ അവസരത്തിൽ ചെറിയ സംഘർഷം പോലും ഹനുമാൻ ഒഴിവാക്കിയത് എന്തുകൊണ്ട്?

3. ഇനി അഥവാ, ഹനുമാനെക്കാൾ ശക്തയായിരുന്നുവോ സുരസ?

മറ്റു ചില വായനക്കാർക്കാകട്ടെ, ഒരു പക്ഷെ, രാമായണത്തിലെ അത്രയൊന്നും പ്രാധാന്യമില്ലാത്ത വെറുമൊരു ചെറിയ സംഭവം മാത്രമാകാം ഇത്. അല്ലേ?

എന്നാൽ ഓർക്കുക. ഇത് നമ്മെ ഓർമ്മപ്പെടുത്തുന്ന, നമുക്ക് മുൻപിൽ തുറക്കുന്ന വളരെ വലിയ ഒരു പാഠമുണ്ട്.

ഈ സംസാര-ജീവിത-മാർഗ്ഗത്തിൽ ചരിയ്ക്കുന്ന നമുക്ക് മുൻപിൽ, അനേകം തടസ്സങ്ങൾ ഉണ്ടാകാം. അതുവരെ നാം കാണുക പോലും ചെയ്യാത്ത ചില തടസ്സങ്ങൾ വളരെ പെട്ടെന്ന് നമുക്ക് മുന്നിൽ ഉയർന്നു വന്നേക്കാം. അവയിൽ ചിലതൊക്കെ പർവ്വതാകാരം പൂണ്ട വൻതടസങ്ങൾ തന്നെ ആവുകയും ചെയ്യാം. 

ഇനി, മറ്റു ചില തടസ്സങ്ങളാകട്ടെ, നമ്മൾ അവയെ നീക്കാൻ ശ്രമിയ്ക്കുന്നതിനനുസരിച്ച്, സ്വയം വലുതാകുന്നവയുമാകാം.

ഒരാൾ എത്ര തന്നെ ശക്തനാണെങ്കിലും, എല്ലായ്‌പ്പോഴും സ്വന്തം ശക്തി കൊണ്ട് മാത്രമല്ല, ഇത്തരം തടസ്സങ്ങളെ നീക്കേണ്ടത്. പിന്നെയോ? അയാൾ സ്വന്തം യുക്തിയും, ബുദ്ധിയും കൂടി തരാതരം പോലെ ഉപയോഗിച്ചാകണം തന്റെ മുന്നോട്ടുള്ള മാർഗം തെളിയ്ക്കേണ്ടത്.

സംഘർഷങ്ങൾ അഥവാ സംഘട്ടനങ്ങൾ, എല്ലായ്പ്പോഴും കൂടുതൽ ശത്രുക്കളെ സൃഷ്ടിയ്ക്കുകയും ചെയ്യും. ഒന്നുകിൽ അപ്പോൾത്തന്നെ, അല്ലെങ്കിൽ സമീപഭാവിയിൽ. 

ഒന്നോർത്തുനോക്കൂ. ഹനുമാൻ സുരസയെ വധിച്ചിരുന്നുവെങ്കിൽ, ആ വധം, സുരസയുടെ മക്കളായ അസംഖ്യം നാഗങ്ങളുടെ, തീർത്താൽ തീരാത്ത  പകയിൽ ആവില്ലേ കൊണ്ടുചെന്നെത്തിയ്ക്കുക?

മറ്റൊരു തരത്തിൽ പറഞ്ഞാൽ, ശക്തി ഉപയോഗിച്ചാൽ വളരെ കൂടുതൽ സമയം എടുത്തു മാത്രം നമുക്ക് കീഴടക്കാൻ കഴിയുന്ന പല തടസങ്ങളെയും, വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ, തീർത്തും നാശനഷ്ടങ്ങളേതുമില്ലാതെ യുക്തിപൂർവം പ്രവർത്തിച്ചു മറികടക്കാൻ, ഒരു ബുദ്ധിമാന് കഴിയും.

അതല്ളെങ്കിൽ, അങ്ങിനെയാണ് അത്തരം വിഘ്‌നങ്ങളെ  മിടുക്കനായ ഒരാൾ മറികടക്കേണ്ടത്. അതായത്, കീഴടക്കലുകൾ മാത്രമല്ല വിജയം. ചിലപ്പോഴൊക്കെ, മറികടക്കലുകളും വിജയമാകുന്നതാണ്.

ഈ വലിയ ജീവിത പാഠമാണ് മേൽപ്പറഞ്ഞ രാമായണ കഥാസന്ദർഭത്തിലൂടെ യുക്തിമാനായ ഹനുമാൻ നമുക്ക് മുന്നിൽ കാണിച്ചു തരുന്നത്. ലങ്കാദഹനവേളയിലും ഹനുമാന്റെ ഈ യുക്തി നിങ്ങൾക്ക് കാണാവുന്നതാണ്.

ഈ ലേഖനത്തിന്റെ ദൃശ്യ രൂപാന്തരം കാണുവാൻ സന്ദർശിയ്ക്കുക
https://youtu.be/uUit5BOXzZI

* * * * *


അതെ, അതുകൊണ്ടാണ് നമ്മൾ ഈ പരമ്പരയുടെ തുടക്കത്തിൽ പറഞ്ഞത്; ഓരോ വരികളിലും, ഓരോ  സംഭവങ്ങളിലും, പ്രായോഗിക ജീവിതത്തിൽ നമുക്ക് ഗുണകരമാകുന്ന  ഒരുപാട് കാര്യങ്ങളെ ഒളിപ്പിച്ചു വച്ചിരിയ്ക്കുന്ന ഒരു മഹാകാവ്യമത്രെ രാമായണം. 

പക്ഷേ, അത് നമുക്ക് മനസിലാകണം എങ്കിൽ, നമ്മൾ  ഭക്തിമാർഗ്ഗത്തിൽ മാത്രമല്ല യുക്തിമാർഗ്ഗത്തിൽ കൂടി, അതീവ ശ്രദ്ധയോടെ രാമായണ പാരായണം നടത്തേണ്ടതുണ്ട്. അതും ആഴത്തിലുള്ള വിശകലന ബുദ്ധിയോടെ തന്നെ വേണം താനും.

ഏവർക്കും ശുഭദിനം ആശംസിയ്ക്കുന്നു.

"രാമായണം - അറിയപ്പെടാത്ത കഥാപാത്രങ്ങൾ" - എന്ന പരമ്പരയിലെ ഒൻപതാം ഭാഗത്തിൽ നമുക്ക് വീണ്ടും കാണാം.

- ബിനു മോനിപ്പള്ളി

* * * * *

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

* ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ് 

Comments

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]