ഓണക്കാഴ്ചകൾ - 2020

ഓണക്കാഴ്ചകൾ - 2020

ഓണത്തിനെത്തുമോ മാവേലിയേ? 
'കെട്ടകാല'ത്തിന്റെ കാഴ്ച കാണാൻ?
കെട്ടകാലം മാത്രമല്ല രാജൻ 
'കെട്ടുകാലം' കൂടി ഓർമ്മ വേണം !

കാഴ്ചകൾ കാണുവാനേറെയുണ്ട് 
കുറെയൊക്കെ ഞാനിന്നു ചൊല്ലിത്തരാം 
കേട്ടിട്ടു നീ തന്നെ ചിന്തിച്ചു കൊൾ- 
കേതൊക്കെ നല്ലത്, ചീത്തയെന്നും 

ഭീതി വിതയ്ക്കുന്ന കോവിഡിനാൽ
നാട് നടുങ്ങുന്ന കാഴ്ച്ച കാണാം 
ദുരിതപർവ്വത്തിലും പുഞ്ചിരിയാൽ 
ആശ്വാസമേകുന്ന നന്മ കാണാം

നാട് നടുങ്ങി വിറച്ചീടിലും 
വീടുകൾ പട്ടിണിയായീടിലും 
'ക്യൂ' നിന്ന് സാധനം കൈക്കലാക്കി 
പാമ്പു കളിയ്ക്കുന്ന കാഴ്ച കാണാം

കനകം വിളയുന്ന പാടമില്ലാ... 
കനകം കടത്തുന്ന കാഴ്ച കാണാം 
'സ്വപ്ന ഗേഹ'ങ്ങളിൽ കൂത്താടുവോർ  
നാടു മുടിയ്ക്കുന്ന കാഴ്ച കാണാം 

മഴയൊന്നു പെയ്യുകിൽ ആകെ മുങ്ങും 
നഗരങ്ങൾ കാണാതെ പോകരുത് 
നരകവും നാണിച്ചു കണ്ണുപൊത്തും,  
നാടിതിൻ 'ആസൂത്രണ'ങ്ങൾ കണ്ടാൽ !

ജോലിയ്ക്കു വേണ്ടിയിട്ടായിരങ്ങൾ 
കാത്തിരിയ്ക്കുന്നൊരു കാഴ്ച കാണാം 
'കൺസൾട്ടന്റ്' കൂട്ടര് വന്നതെല്ലാം 
റാകിപ്പറക്കുന്ന കാഴ്ച കാണാം !

പ്രളയത്തിലൊരുമിച്ചു പൊരുതിയോരാം 
ജനത തൻ പോരാട്ട മികവ് കാണാം 
'ഫണ്ട്' മുക്കുന്നതിൽ പോലും ചിലർ
ഒന്നാമതാകുന്ന കാഴ്ച കാണാം !

ഓടിക്കളിയ്ക്കുവാൻ ആവതില്ലാ-
തുഴറുന്ന കുട്ടികളെങ്ങുമുണ്ട്
'ഓൺലൈനെ'ന്നോമന പേരിലെങ്ങും
ക്‌ളാസുനടക്കുന്ന കാഴ്ച കാണാം !

അന്തിയ്ക്കു പെട്ടി തുറന്നീടുകിൽ
അന്തമില്ലാത്തൊരു 'ചർച്ച' കാണാം
ആടിത്തിമിർക്കുന്ന വേഷങ്ങളോ
പച്ചയല്ല, കരിം താടി മാത്രം !

മാനുഷർ മാളങ്ങൾ പുക്കനേരം
ഇളകിച്ചിരിയ്ക്കുന്ന പുഴകൾ കാണാം
പേടിച്ചൊളിച്ചൊരാ പക്ഷിജാലം
പാറിപ്പറക്കുന്ന കാഴ്ച കാണാം !

എങ്കിലും മാവേലീ, ഒന്നു ചൊല്ലാം
തോൽക്കുവാൻ ഞങ്ങളിലാരുമില്ല
ഒരുമിച്ചു നിന്നുകൊണ്ടീക്കാലവും
പൊറുതിക്കരേറും നിൻ പ്രജകൾ ഞങ്ങൾ

എത്തണം മാവേലീ, തീർച്ചയായും
ഏകുന്നതെത്ര പ്രതീക്ഷയെന്നോ
രാജനാം നിന്നുടെ ഓർമ്മ പോലും
അകതാരിലാമോദമേറ്റിടുന്നു

-ബിനു മോനിപ്പള്ളി 



*************
Blog: https://binumonippally.blogspot.com
mail: binu.monippally@gmail.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ് 

Comments

  1. കാല പ്രസക്തമായ കവിത, വളരെ നന്നായിട്ടുണ്ട്. ഈണത്തിൽ ചൊല്ലുവാൻ ഇമ്പമുള്ള
    മോനിപ്പിള്ളിയിലെ ബിനുക്ക വിത !

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും ഏറെ നന്ദി സാർ ....!!

      Delete

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]