രാമനും മറന്നവൻ - ജടായു
രാമനും മറന്നവൻ - ജടായു
[രാമായണം - അറിയപ്പെടാത്ത കഥാപാത്രങ്ങൾ : ഭാഗം-5 ]
കഥാപാത്ര പരിചയം: ജടായു എന്ന പക്ഷിശ്രേഷ്ഠനെ രാമായണത്തിൽ നമ്മൾ കാണുന്നത്, ഏതാണ്ട് മൂന്ന് അവസരങ്ങളിൽ ആണ്.
ഒന്ന്: അഗസ്ത്യമഹർഷിയോട് യാത്ര പറഞ്ഞ്, ശ്രീരാമനും, സീതയും കൂടെ ലക്ഷ്മണനും, തങ്ങളുടെ കാനന യാത്ര തുടരുമ്പോൾ, ആ വഴിമദ്ധ്യേ.
രണ്ട്: സീതയേയും അപഹരിച്ച്, രാവണൻ ലങ്കയിലേക്ക് പറക്കുമ്പോൾ, തന്റെ സ്വാമിപത്‌നിയെ രക്ഷിയ്ക്കാനായി, വീറോടെ രാവണനോട് പൊരുതുമ്പോൾ.
മൂന്ന്: രാവണനോട് പൊരുതി, തന്റെ ചിറകുകൾ അറ്റ നിലയിൽ, ജടായുവിനെ, സീതാന്വേഷണത്തിനിടെ രാമലക്ഷ്മണന്മാർ വീണ്ടും കണ്ടു മുട്ടുമ്പോൾ.
വിശകലനം/വ്യാഖ്യാനം:
ശ്രീരാമദേവൻ ആദ്യമായി ജടായുവിനെ കാണുന്ന അവസരത്തിൽ, മുനിഭക്ഷകനെന്നു തെറ്റിദ്ധരിച്ച്, ജടായുവിനെ കൊല്ലുവാൻ ഒരുമ്പെടുകയാണ്. ആകെ ഭയന്ന ജടായുവാകട്ടെ, സ്വയം ഒരു പരിചയപ്പെടുത്തലിന് തയ്യാറാകുന്നു.
അവിടെ ജടായു പറയുന്നത് നോക്കുക.
"... ഞാൻ വധിയ്ക്കപ്പെടേണ്ടവനല്ല, മറിച്ച്, അങ്ങയുടെ താതന്റെ മിത്രവും, കൂടാതെ അങ്ങയുടെ ഭക്തനുമാണ്. മാത്രവുമല്ല, ഭാവിയിൽ അങ്ങേയ്ക്ക് ഉപകാരപ്രദമായ കാര്യത്തെ ഞാൻ ചെയ്യുകയും ചെയ്യും..".
ജടായുവിന്റെ ഈ സ്വയം പരിചയപ്പെടുത്തലിന്, ഒരു ഭാവിപ്രവചന സ്വഭാവം കൂടിയുണ്ട് എന്ന് നമുക്ക് കാണുവാൻ കഴിയും.
രണ്ടാമത്തെ അവസരത്തിലാണ്, ജടായുവിന്റെ ആ കരുത്തും പിന്നെ സ്വാമിഭക്തിയും, കൂടുതൽ വ്യക്തമായി വെളിപ്പെടുന്നത്. സീതാപഹരണവും നടത്തി രക്ഷപെടുന്ന രാവണനോട്, തന്റെ സകല ശക്തിയുമെടുത്ത്, ജടായു പൊരുതുന്നു.
ജടായുവിന്റെ ആ പോരിനെ, രാമായണത്തിൽ വർണ്ണിയ്ക്കുന്നത് നോക്കുക.
കാൽനഖങ്ങളെക്കൊണ്ടു ചാപങ്ങൾ പൊടിപെടു-
ത്താനനങ്ങളും കീറിമുറിഞ്ഞു വശംകെട്ടു
തീഷ്‌ണതുണ്ടാഗ്രംകൊണ്ടു തേർത്തടം തകർത്തിതു
കാൽക്ഷണംകൊണ്ടു കൊന്നുവീഴ്തിനാനശ്വങ്ങളെ
രൂക്ഷത പെരുകിയ പക്ഷപാതങ്ങളേറ്റു
രാക്ഷസപ്രവരനും ചഞ്ചലമുണ്ടായ്‌വന്നു
ഇവിടെ അതിബലവാനായ രാവണനെ, അതേ വീറോടെ തന്നെ എതിർക്കുകയാണ് ജടായു. ആ കാൽനഖങ്ങളാൽ രാവണന്റെ വില്ല് നശിയ്ക്കുന്നു, കൂർത്ത ചുണ്ടുകൊണ്ടുള്ള ആക്രമണത്തിൽ തേർത്തടം തകരുന്നു; മാത്രവുമല്ല, ജടായു രാവണന്റെ രഥത്തിൽ പൂട്ടിയ ആ കുതിരകളെ കൊന്നു വീഴ്ത്തുകയും ചെയ്യുന്നു. ആ ആക്രമണത്തിൽ, രാവണൻ ആകെ ഭയഭീതനാകുകയാണ്.
തനിയ്ക്ക് നേരിട്ട നാശനഷ്ടങ്ങളേക്കാൾ, രാവണനെ ഇവിടെ കൂടുതൽ വിഷമിപ്പിയ്ക്കുന്നത് മറ്റൊന്നാണ്. അതിബലവാനായ താൻ, വെറുമൊരു പക്ഷിയോട് ഇവ്വിധം തോറ്റാൽ, അത് തന്റെ കീർത്തിയ്ക്ക് ഒരു തീരാക്കളങ്കം തന്നെ ആകില്ലേ എന്നാണ് രാവണന്റെ പേടി. അതിനാൽ തന്നെ, മറ്റൊന്നാലോചിയ്ക്കാതെ രാവണൻ തന്റെ ചന്ദ്രഹാസത്താൽ ജടായുവിന്റെ ചിറകുകൾ അരിഞ്ഞു വീഴ്ത്തുന്നു.
നോക്കുക. ചിറകറ്റു താഴെ വീണപ്പോൾ പോലും, ജടായു സീതാദേവിയോട് ഒരു വരം ആവശ്യപ്പെടുന്നു. മറ്റൊന്നുമല്ല. "..സീതാന്വേഷണത്തിനായി ശ്രീരാമൻ വരുന്ന വഴി തന്നെ കണ്ടു മുട്ടി, തനിയ്ക്ക് ഈ വിവരങ്ങളെല്ലാം അദ്ദേഹത്തെ ധരിപ്പിയ്ക്കാൻ കഴിയുന്നതു വരെ, തന്റെ ജീവൻ ദേഹത്തെ വിട്ടു പോകരുത്..." എന്ന ആ വരം.
സ്വന്തം ജീവൻ ത്യജിച്ചും, സ്വാമിപത്‌നിയെ രക്ഷിയ്ക്കാൻ കാണിച്ച ആ ത്യാഗം നോക്കുക. ദേവന്മാർ പോലും പേടിയ്ക്കുന്ന, ആ രാവണനോട് നേരിട്ട് ഏറ്റുമുട്ടാൻ കാണിച്ച ആ ധൈര്യവും.
സീതാദേവിയെ നഷ്ടപ്പെട്ടതിൽ അതീവ ദുഖിതനായ ശ്രീരാമൻ, ലക്ഷ്‌മണനോടൊത്ത് സീതാന്വേഷണം നടത്തുന്നതിനിടയിലാണ്, വീണ്ടും ജടായുവിനെ കണ്ടു മുട്ടുന്നത്.
ചുറ്റുപാടും വീണുകിടക്കുന്ന തേരിന്റെ അവശിഷ്ടങ്ങളും, ഒടിഞ്ഞ ചാപവും, മറ്റുമൊക്കെ കാണുമ്പോൾ, രാമൻ ലക്ഷ്‌മണനോട് പറയുന്നത് നോക്കുക.
"...നോക്കൂ കുമാര, ആ തകർന്നു കിടക്കുന്ന രഥം. ആ രാവണൻ സീതയേയും അപഹരിച്ചു പോകുമ്പോൾ, അവനേക്കാൾ ഭയങ്കരനായ ഏതോ ഒരു രാക്ഷസൻ, അവനെ ആക്രമിച്ചതാകാനാണ് സാധ്യത. ആ ഘോര യുദ്ധത്തിന്റെ അവശിഷ്ടങ്ങളാണ് നാം ഈ കാണുന്നത്. അവരിൽ ആരെങ്കിലും, ഒരുപക്ഷേ, സീതയെ ഭക്ഷിച്ചു കാണുമോ?..."
ഇവിടെ ശ്രീരാമന്റെ വാക്കുകളിൽ നിന്നു തന്നെ, ആ ഘോരയുദ്ധത്തിന്റെ വ്യക്തമായ ചിത്രം നമുക്ക് ലഭിയ്ക്കുന്നു. അതുവഴി, വീരനായ ജടായുവിന്റെയും.
പക്ഷേ, തൊട്ടടുത്ത്, ചിറകുകളറ്റു കിടക്കുന്ന ആ ജടായുവിനെ, ഇത്തവണയും എന്തുകൊണ്ടോ ശ്രീരാമൻ തിരിച്ചറിയുന്നില്ല. സീതയെ ഭക്ഷിച്ച ഏതോ രാക്ഷസനെന്ന് കരുതി, തന്നെ കൊല്ലാൻ ശ്രമിയ്ക്കുന്ന ശ്രീരാമനോട്, വീണ്ടും ജടായുവിന് സ്വയം പരിചയപ്പെടുത്തേണ്ടി വരുന്നു.
ഒരു പക്ഷേ, ശ്രീരാമന് ഇങ്ങനെ സ്വയം പരിചയപ്പെടുത്തി കൊടുക്കേണ്ടി വന്ന, രാമായണത്തിലെ ഏക കഥാപാത്രവും, ഈ ജടായു മാത്രമാകാം. ഇവിടെ നമുക്ക്, ജടായുവിനോട് ആ രീതിയിൽ വല്ലാത്ത ഒരു സഹതാപവും തോന്നിപ്പോകുന്നു.
ശേഷം, വാർത്തകളെല്ലാം ജടായു ശ്രീരാമനെ ധരിപ്പിയ്ക്കുന്നു. രാമന്റെ സ്നേഹത്തലോടലേറ്റ് അവസാനം മോക്ഷം പ്രാപിയ്ക്കുകയും ചെയ്യുന്നു.
ശ്രീരാമന്റെ നിർദ്ദേശാനുസരണം ലക്ഷ്‌മണൻ, ഒരു മനുഷ്യന് നൽകുന്നതു പോലെയുള്ള, അതേ അന്ത്യകർമ്മങ്ങൾ എല്ലാം ചെയ്ത്, ഉദകക്രിയകൾ ഉൾപ്പെടെ, ആ പക്ഷിരാജന് ഇഹലോക ജീവിതത്തിൽ നിന്നും, ആദരവോടെ വിട നൽകുകയും ചെയ്യുന്നു.
ഇവിടെയും നോക്കുക, ജടായു ശ്രീരാമന് എത്രത്തോളം പ്രിയപ്പെട്ടവനാകുന്നു എന്ന്. ജടായുവിനെ, പോയ രണ്ടവസരങ്ങളിലും തനിയ്ക്ക് തിരിച്ചറിയാൻ കഴിയാത്തതിൽ രാമൻ അതിയായി ഖേദിയ്ക്കുകയും ചെയ്യുന്നു.
മുക്തി നേടിയ ജടായു ദിവ്യരൂപത്തിൽ, ശ്രീരാമനെ സ്തുതിച്ചു നടത്തുന്നതാണ് രാമായണത്തിലെ പ്രശസ്തമായ ആ 'ജടായുസ്തുതി'. ഈ സ്തുതി കേൾക്കവേ, സ്വന്തം വിരഹദുഃഖം പോലും, കുറെ നേരത്തേയ്ക്ക് മറക്കുന്ന ശ്രീരാമൻ, ഇപ്രകാരം ജടായുവിനെ അനുഗ്രഹിയ്ക്കുന്നു.
ഇസ്തുതികേട്ടു രാമചന്ദ്രനും പ്രസന്നനായ്
പത്രീന്ദ്രൻ തന്നോടരുളിച്ചെയ്തു മധുരമായ്:
'അസ്തു തേ ഭദ്രം ഗച്ഛ പദം മേ വിഷ്ണോ: പരം
ഇസ്തോത്രമെഴുതിയും പഠിച്ചും കേട്ടുകൊണ്ടാൽ
ഭക്തനായുള്ളവനു വന്നീടും മത്സാരൂപ്യം
പക്ഷീന്ദ്രാ! നിന്നെപ്പോലെ മൽപരായണനായാൽ.'
".. നീ വിഷ്ണുവായ എന്റെ പരമമായ പദത്തെ പ്രാപിച്ചാലും. മാത്രവുമല്ല, ഏതൊരു ഭക്തനാണോ ഈ സ്തോത്രം (ജടായുസ്തുതി) എഴുതിയും, പഠിച്ചും, പരായണം ചെയ്യുന്നത്, ആ ഭക്തനും നിന്നെപ്പോലെ തന്നെ സാരൂപ്യ മുക്തി ലഭിയ്ക്കുന്നതാണ്..."
ശ്രീരാമന്റെ ഈ വാക്കുകളിൽ തന്നെയുണ്ട്, സ്വന്തം ജീവൻ ത്യജിച്ചും ജടായു ചെയ്ത ആ ഉപകാരങ്ങളിൽ, അദ്ദേഹം എത്രമാത്രം പ്രസന്നനായി എന്ന്.
ജടായുവിന്റെ ഈ കഥ നമ്മളെ ഓർമ്മിപ്പിയ്ക്കുന്ന ഒരു വലിയ പാഠമുണ്ട്.
ഈ ലോകത്തിൽ അഥവാ പ്രകൃതിയിൽ, ഓരോ ജീവജാലങ്ങളും, വളരെ പ്രധാനപ്പെട്ടവരാണ്. അത് മനുഷ്യനാകട്ടെ, മൃഗങ്ങളാകട്ടെ, പക്ഷികളാകട്ടെ, മറ്റേതൊരു ജീവിയും ആകട്ടെ. നമ്മുടെയൊക്കെ ജീവിതത്തിന്റെ മുന്നോട്ടുള്ള വഴികളിൽ, എവിടെയെങ്കിലും ഒക്കെ വച്ച്, നമ്മൾ തീർത്തും നിസ്സാരരായി കരുതുന്ന, ആ ജീവജാലങ്ങളുടെയൊക്കെ സഹായം നമുക്ക് അത്യന്താപേക്ഷിതമായി വന്നേക്കാം... എന്ന വലിയ ആ പാഠം.
======================
സ്നേഹത്തോടെ- ബിനു മോനിപ്പള്ളി
*************
Blog: https://binumonippally.blogspot.com
mail: binu.monippally@gmail.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്
Comments
Post a Comment