അറിയപ്പെടാത്ത മായാസീത


അറിയപ്പെടാത്ത മായാസീത
[രാമായണം - അറിയപ്പെടാത്ത കഥാപാത്രങ്ങൾ : ഭാഗം-4]

രാമായണം അറിയുന്ന, അല്ലെങ്കിൽ വായിച്ചിട്ടുള്ള മുഴുവൻ ആളുകളും സീതയെ അറിയും. കാരണം, രാമായണം പ്രധാനമായും രാമന്റെയും, കൂടെ സീതയുടെയും കഥയാണല്ലോ.

എന്നാൽ, ഈ പറഞ്ഞ 'മായാസീത'യെ അതിൽ എത്ര പേർക്ക് അറിയാം?
ആ മായാസീതയെ ആണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.

കഥാപാത്ര പരിചയം:
രാമായണത്തിൽ, ഏതാണ്ട് രണ്ട് അവസരങ്ങളിലാണ് ഈ മായാസീതയെ കുറിച്ചുള്ള പരാമർശങ്ങൾ ഉള്ളത്.

ഒന്ന്: ബാലകാണ്ഡത്തിൽ, ഉമാ-മഹേശ്വര സംവാദത്തിൽ രാമായണ കഥ ചുരുക്കത്തിൽ അങ്ങിനെ പറഞ്ഞു പോകുമ്പോൾ.

രണ്ട്: പൊന്മാനായി വേഷം മാറിയെത്തിയ ആ മാരീചനെ കണ്ട്, മോഹിതയാകുന്ന സീതയുടെ ആവശ്യപ്രകാരം, ശ്രീരാമൻ മായാമാനിനെ പിടിയ്ക്കാനായി പോകുന്നതിനു മുൻപ്, സീതാദേവിയ്ക്കു കൊടുക്കുന്ന മുൻകരുതൽ നിർദ്ദേശത്തിൽ.

വിശകലനം/വ്യാഖ്യാനം:

ബാലകാണ്ഡത്തിലെ ആ ആദ്യ പരാമർശം ഇങ്ങിനെയാണ്‌

"പാവകൻതങ്കൽ മറഞ്ഞിരുന്നൊരെന്നെപ്പിന്നെ 
പാവനയെന്നു ലോകസമ്മതമാക്കിക്കൊണ്ടു 
പാവകനോടു വാങ്ങി പുഷ്പകം കരയേറി ...."

ഇവിടെ സീതയുടെ തന്നെ വാക്കുകളിൽ,  "പാവകൻതങ്കൽ  മറഞ്ഞിരുന്നൊരെന്നെ.." എന്ന് പറയുന്നിടത്ത്, ആ മായാസീതയെ ആണ് ഉദ്ദേശിയ്ക്കുന്നത്.

ആ കഥ ഇപ്രകാരമാണ്.

ദേവഗണങ്ങളുടെ ആവശ്യപ്രകാരം (രാവണന്റെ ആ സീതാപഹരണത്തിനു മുൻപായി), അഗ്നിദേവൻ ശ്രീരാമന്റെ അടുത്തെത്തി ഇപ്രകാരം പറയുന്നു.

"....സംഭവിയ്ക്കാനിരിയ്ക്കുന്ന ചില സംഗതികളെ അറിയിയ്ക്കുന്നതിനാണ് ഞാൻ വന്നത്. അങ്ങയുടെ അവതാരലക്‌ഷ്യം തന്നെ രാവണ നിഗ്രഹമാണല്ലോ. അതിനു നിമിത്തമാകുന്നത് രാവണന്റെ സീതാപഹരണവും ആയിരിയ്ക്കും. അതിനായി രാവണൻ ഉടൻ ഇവിടെ എത്തുകയും ചെയ്യും. അതിനാൽ ഒരു ഉപായം നമ്മൾ സ്വീകരിയ്ക്കേണ്ടിയിരിയ്ക്കുന്നു. അങ്ങ് സീതയെ എന്നെ ഏൽപ്പിയ്ക്കുക. ഞാൻ ദേവിയെ സുരക്ഷിതയായി കാത്തുകൊള്ളാം. പകരം, ഒരു മായാസീതയെ സൃഷ്ടിച്ച്, നമുക്ക് ഇവിടെ നിർത്താം. ആ മായാസീതയെ രാവണൻ അപഹരിയ്ക്കുകയും ചെയ്യും. രാവണവധത്തിനു ശേഷം, അഗ്നിപരീക്ഷണം നടത്തുന്ന അവസരത്തിൽ, ആ മായാസീതയെ തിരിച്ചെടുത്ത്, പകരം സീതാദേവിയെ ഞാൻ അങ്ങേയ്ക്ക് മടക്കി നൽകാം."

ഇവിടെ മായാസീതയെ കുറിച്ചുള്ള ആ പരാമർശം മാത്രമല്ല നമ്മൾ കാണേണ്ടത്. കൂടെ, ആ അഗ്നിപരീക്ഷയെ കുറിച്ചുള്ളതും, കൂടിയാണ്.

അതിവിടെ എടുത്തു പറയാൻ കാരണം, രാമായണത്തെയും പിന്നെ ശ്രീരാമനെയും, വിമർശനബുദ്ധ്യാ കാണുന്ന ചിലരെങ്കിലും ഉയർത്തുന്ന ഒരു ചോദ്യമാണ് 'രാവണ വധത്തിനു ശേഷം, അത്ര മഹാനായ അഥവാ മര്യാദാ പുരുഷോത്തമനായ ആ ശ്രീരാമൻ, അഗ്‌നിപരീക്ഷയ്ക്ക് പതിവ്രതയായ ആ സീതാദേവിയെ വിധേയയാക്കുന്നത് നീതിയാണോ?' എന്ന്.

അതിനുള്ള മറുപടി കൂടിയാണ്, ഇവിടെ നമ്മൾ കാണുന്ന ഈ മായാസീത എന്ന ഉപായം.

രണ്ടാമത്തെ അവസരത്തിൽ, നമ്മൾ മായാസീതയെ കാണുന്നത്, ആരണ്യകാണ്ഡത്തിൽ, മാരീചമാനിനെ പിടിയ്ക്കാനായി പോകുന്നതിനു മുൻപ്, ശ്രീരാമൻ സീതാദേവിയ്ക്കു കൊടുക്കുന്ന ആ മുൻകരുതൽ നിർദ്ദേശത്തിലാണ്. അതിൽ പറയുന്നത് നോക്കുക.

"....രാവണവിചേഷ്ടിതമറിഞ്ഞു രഘുനാഥൻ 
ദേവിയോടാരുൾചെയ്താനേകാന്തേ, 'കാന്തേ! കേൾ നീ 
രക്ഷോനായകൻ നിന്നെക്കൊണ്ടു പോവതിനിപ്പോൾ 
ഭിക്ഷുരൂപേണ വരുമന്തികേ ജനകജേ! 
നീയൊരുകാര്യം വേണമതിനു മടിയാതെ 
മായാസീതയെപ്പർണ്ണശാലയിൽ നിർത്തിടേണം. 
വഹ്നിമണ്ഡലത്തിങ്കൽ മറഞ്ഞുവസിക്ക നീ 
ധന്യേ! രാവണവധം കഴിഞ്ഞു കൂടുവോളം 

ആശ്രയാശങ്കലോടാണ്ടിരുന്നീടണം ജഗ-
ദാശ്രയഭൂതേ! സീതേ! ധർമ്മരക്ഷാർത്ഥം പ്രിയേ!' 
രാമചന്ദ്രോക്തികേട്ടു ജാനകീദേവിതാനും 
കോമളഗാത്രിയായ മായാസീതയെത്തത്ര 
പർണശാലയിലാക്കി വഹ്നിമണ്ഡലത്തിങ്കൽ 
ചെന്നിരുന്നിതു മഹാവിഷ്ണുമായയുമപ്പോൾ ..."

രാവണ നിഗ്രഹം എന്ന തന്റെ അവതാരോദ്ദേശം സാധിയ്ക്കുന്നതു വരെ, സീത അഗ്നിമണ്ഡലത്തിങ്കൽ മറഞ്ഞു വസിയ്ക്കുകയും, പകരമായി ഒരു മായാസീതയെ ഈ പർണശാലയിൽ നിർത്തുകയും വേണം, എന്നാണ് ഇവിടെ രാമചന്ദ്രൻ ആവശ്യപ്പെടുന്നത്.

തുടർന്ന്, ആ രാമചന്ദ്രോപദേശപ്രകാരം, സീതാദേവി സ്വയം അഗ്നിയിൽ മറയുകയും, പകരം വിഷ്ണുമായയെ സീതാരൂപത്തിൽ ആ പർണശാലയിൽ നിർത്തുകയും ചെയ്യുന്നു.

ഇവിടം മുതൽ, രാവണനിഗ്രഹത്തിനു ശേഷമുള്ള, സീതാദേവിയുടെ ആ അഗ്നിപ്രവേശനം വരെ, നമ്മൾ രാമായണത്തിൽ കാണുന്നത്, ശരിയ്ക്കും പറഞ്ഞാൽ ആ മായാസീതയെ മാത്രമത്രേ.

പിൻകുറിപ്പ്: എനിയ്ക്കു തോന്നുന്നത്, ഈ മായാസീത എന്ന ഉപായം ശ്രീരാമനും, സീതാദേവിയ്ക്കും, പിന്നെ അഗ്നിദേവനും മാത്രം അറിയുന്ന ഒരു കാര്യമായിരുന്നു എന്നാണ്. സാക്ഷാൽ ലക്ഷ്മണൻ പോലും, ഇതിനെ കുറിച്ച് അജ്ഞനായിരുന്നു എന്നാണ് കരുതേണ്ടത്. കാരണം, മാരീചവധത്തിനു ശേഷം മടങ്ങുന്ന ശ്രീരാമൻ, തന്നെ തേടിയിറങ്ങിയ ലക്ഷ്മണനെ ദൂരെ കാണുമ്പോൾ, അദ്ദേഹത്തിന്റെ മനോഗതം ഇതിനു തെളിവായി നമുക്ക് കരുതാം. അതിങ്ങനെയാണ് "ലക്ഷ്മണനേതുമറിഞ്ഞീലല്ലോ പരമാർത്ഥ/മിക്കാലമവനേയും വഞ്ചിയ്ക്കെന്നതേ വരൂ/രക്ഷോനായകൻ കൊണ്ടുപോയതു മായാസീതാ/ലക്ഷ്മീദേവിയെയുണ്ടോ മറ്റാർക്കും ലഭിയ്ക്കുന്നു?/അഗ്നിമണ്ഡലത്തിങ്കൽ വാഴുന്ന സീതതന്നെ/ലക്ഷ്മണനറിഞ്ഞാലിക്കാര്യവും വന്നുകൂടാ.......". അപ്പോൾ പിന്നെ, രാമായണം വേഗത്തിലങ്ങിനെ വായിച്ചു പോകുന്ന നമ്മളിൽ പലരും ഈ ഒരു കാര്യം  വിട്ടുപോകുന്നതിൽ, അഥവാ ശ്രദ്ധിയ്ക്കാതെ പോകുന്നതിൽ, ഒട്ടും അതിശയോക്തി ഇല്ലല്ലോ.

======================
സ്നേഹത്തോടെ
- ബിനു മോനിപ്പള്ളി 



*************
Blog: https://binumonippally.blogspot.com
mail: binu.monippally@gmail.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ് 

Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]