ഇന്ന് വൃശ്ചികം ഒന്ന്...!
സ്വാമിയേ ശരണം അയ്യപ്പാ ...!!
ഇന്ന് വൃശ്ചികം ഒന്ന്...!
ഭക്തലക്ഷങ്ങൾ വ്രതാനുഷ്ടാനങ്ങളുടെ തുടക്കം കുറിയ്ക്കുന്ന പുണ്യ ദിവസം...!
സ്വജന്മത്തിന്റെ പാപ-പുണ്യക്കെട്ടുമായി മലകയറി, ഭക്തർ സ്വാമിദർശനം നടത്തുന്ന മണ്ഡലകാലത്തിന്റെ തുടക്കം..!!
മനുഷ്യനും ദൈവവും ഒന്നായി തീരുന്ന, അതല്ലയെങ്കിൽ, മനുഷ്യനെ ദൈവ സമാനനായി കാണുന്ന മറ്റൊരു ദേവാലയവും, ഈ ഭൂമുഖത്ത് വേറെ ഉണ്ടാകില്ല, തന്നെ.
പുണ്യത്തിന്റെ നിറകുടമായി ഈ ലോകത്തിൽ പിറന്ന്, പിന്നെ ലൗകികജീവിതത്തിൽ നിന്നും ഒരുപാട് പാപങ്ങൾ, അറിഞ്ഞോ അറിയാതെയോ ആർജ്ജിച്ച്, സുഖലോലുപനായി മാറിയ ഒരു സാധാരണ മനുഷ്യനെ, 41 ദിവസത്തെ കഠിനവ്രതാനുഷ്ടാനങ്ങളാൽ ശുദ്ധനാക്കി, ദൈവ സമാനനാക്കുന്ന പുണ്യസന്നിധിയത്രെ ശബരിമല.
അങ്ങിനെ ശുദ്ധനായ, ആ ഭക്തനോടുള്ള ദൈവ വചനമാണ്, അല്ലെങ്കിൽ ആദരവാണ്, 'അത് നീ ആകുന്നു' എന്നർത്ഥം വരുന്ന ആ ഒരൊറ്റ മന്ത്രം "തത്വമസി"...!!
സ്വാമിയേ ശരണം അയ്യപ്പാ ...!!
ശരീരം കൊണ്ടുള്ള, ഒരു ഭക്തന്റെ തീർത്ഥയാത്ര താൽക്കാലികമായി തടയാൻ ഒരു പക്ഷേ ഈ കൊറോണയ്ക്കോ, അല്ലെങ്കിൽ മറ്റു ചില ശക്തികൾക്കോ ഒക്കെ കഴിഞ്ഞേക്കാം... എന്നാൽ, മനസ്സുകൊണ്ടുള്ള ആ തീർത്ഥയാത്രയെ തടയാൻ ആർക്കും ആവില്ല തന്നെ....
എല്ലാവർക്കും, കലിയുഗവരദന്റെ അനുഗ്രഹങ്ങൾ ആവോളമുണ്ടാകട്ടെ.... എന്ന പ്രാർത്ഥനയോടെ ...
സ്വാമിയേ ശരണം അയ്യപ്പാ ...!!!
ആലംബമില്ലാത്തൊരടിയന്റെ മനസിന്റെ
ഒരു കോണിൽ നീയെന്നുമുണ്ടാകണം
കണ്ണുനീർ കൊണ്ടു ഞാൻ നല്കിടാമർച്ചന
കൈകൂപ്പിയെന്നുമേ പ്രാർത്ഥിച്ചിടാം
കലികാല ദുഃഖങ്ങൾ നിഴൽ വീശിയാടുന്നൊ-
രടിയന്റെ മനസ്സിലെ അന്ധകാരം
കലിയുഗവരദനാം അവിടുത്തെ കൃപയിലി-
ന്നടിയോടെ മാറണേ തമ്പുരാനേ .....
ഇഹലോക ദുഖങ്ങൾ ഇരുമുടിയാക്കി ഞാൻ
പതിനെട്ടുപടി കേറി എത്തിടുമ്പോൾ
അഭിഷേകവേളയാണെങ്കിലും നീയെനി-
യ്ക്കൊരുവേള ദർശനം നല്കീടണേ ....
നെയ്‌ത്തേങ്ങയുടയുന്നൊരവിടുത്തെ നടയിൽ ഞാൻ
അഞ്ജലി ബദ്ധനായ് നിന്നിടുമ്പോൾ
കർപ്പൂര ദീപമായ് നീയെന്നിലെരിയണേ
കന്മഷമൊക്കെയും നീക്കീടണേ ....
അരവണപ്പായസം രുചിയായ് കഴിച്ചു ഞാൻ
ശബരി തൻ മാമല വിട്ടിടുമ്പോൾ
എന്നുള്ളിലെന്നുമേ കുടികൊണ്ടു വാഴണേ
ഹരിഹര തനയനാം അയ്യപ്പനേ .....
Comments
Post a Comment