ഇത് പരാജിതർക്കു വേണ്ടി ...? [ലേഖനം]

ഇത് പരാജിതർക്കു വേണ്ടി ...?

[ലേഖനം]

നമ്മളിൽ ചിലർക്ക് പലപ്പോഴും, പലർക്ക് ചിലപ്പോഴും, ബാക്കിയുള്ളവർക്ക് വല്ലപ്പോഴും, ഒക്കെയെങ്കിലും ഉണ്ടാകുന്ന, ഒരു 'ചിന്ത'യെ കുറിച്ചാണ്, ഇന്നിവിടെ നമ്മൾ പറയാൻ പോകുന്നത്.

അതെന്താണ് അത്ര വലിയ ആ ചിന്ത, എന്നാണോ ഇപ്പോൾ നിങ്ങളുടെ ചിന്ത? 

വേണ്ട സമയം കളയേണ്ട, ഞാൻ തന്നെ പറയാം.

"ജീവിതത്തിൽ തനിയ്ക്ക് ഒന്നും നേടാൻ കഴിഞ്ഞില്ല. താൻ ഒരു തികഞ്ഞ പരാജയമല്ലേ?" എന്ന ആ 'മുട്ടക്കാട്ടൻ' ചിന്തയെ കുറിച്ചാണ് നമ്മൾ പറയുന്നത്. 

ഈ ഒരു ചിന്ത മനസ്സിൽ വരാത്തവരായി ആരും തന്നെ കാണില്ല. അല്ലേ? എന്നാൽ, ഇത് കൂടെക്കൂടെ നിങ്ങളുടെ മനസ്സിലേയ്ക്ക് വരുന്നുവെങ്കിൽ, അത് നിങ്ങളെ തീർത്തും അസ്വസ്ഥരാക്കുന്നു എങ്കിൽ സൂക്ഷിയ്ക്കുക; ആ ചിന്തയെ വേരോടെ പിഴുതെറിയേണ്ട സമയം ആയിരിയ്ക്കുന്നു, എന്ന് മനസ്സിലാക്കുക.

പക്ഷെ, എങ്ങിനെ?

ഒരല്പം തമാശ മട്ടിൽ ആണ് ഈ ലേഖനം നമ്മൾ തുടങ്ങിയതെങ്കിലും, ഒട്ടും തമാശയല്ല ഈ വിഷയം. മറിച്ച് അതീവ ഗൗരവതരമാണുതാനും. പലരുടെയും ജീവിതം തന്നെ മാറ്റിമറിയ്ക്കാൻ തക്ക മാരക ശേഷിയുള്ളതത്രെ ഈ ചിന്ത. 

ഇതിന് ഒരൊറ്റ മരുന്നേ ഉള്ളൂ. മനസ്സിൽ 'പോസിറ്റീവ് ചിന്തകൾ' ആവുന്നത്ര നിറയ്ക്കുക. 

പറയാൻ എളുപ്പം, പക്ഷെ എങ്ങിനെ? എന്നല്ലേ നിങ്ങളുടെ ചോദ്യം. പറയാം.

അതിനു സഹായകരമായ, ലളിതമായ പത്തു കാര്യങ്ങൾ ഇതാ. ഇവയൊന്നു പ്രവർത്തികമാക്കിയാൽ മതി, ബാക്കിയൊക്കെ താനേ അങ്ങ് ശരിയായിക്കൊള്ളും.

1. ഈ ലോകത്തിൽ, ഒരാൾക്കോ, ഒരു കുടുംബത്തിനോ ജീവിയ്ക്കാൻ, അത്രയൊന്നും ബുദ്ധിമുട്ടില്ല. അതിപ്പോൾ സാമ്പത്തികമായാലും ശരി, സാമൂഹികമായാലും ശരി. 

[പക്ഷേ ഓർക്കണം ... നിങ്ങൾക്ക് ജീവിയ്ക്കേണ്ടത് 'മറ്റൊരാളെ' പോലെയോ, നിങ്ങളുടെ കുടുംബത്തിന് ജീവിയ്ക്കേണ്ടത് 'മറ്റൊരു' കുടുംബത്തെ പോലെയോ ഒക്കെ ആണെങ്കിൽ, അത് വളരെയേറെ ചെലവേറിയതും, ഏറെ സങ്കീർണവും ആകും എന്നുമാത്രം].

2. മറ്റുള്ളവരുമായി ഒരു താരതമ്യം നിങ്ങൾക്ക് ആവശ്യമാണെങ്കിൽ (അത്യാവശ്യം ആണെങ്കിൽ മാത്രം), അത് 75% നിങ്ങളുടെതിനേക്കാൾ താഴെ (എന്ന് നിങ്ങൾ കരുതുന്ന) ആളുകളുമായും, 25% മാത്രം നിങ്ങളുടെതിനേക്കാൾ ഉയരെ (എന്ന് നിങ്ങൾ കരുതുന്ന) ആളുകളുമായും നടത്തുക. കൂടുതൽ ആത്മവിശ്വാസം നേടാൻ, അത് നിങ്ങളെ തീർച്ചയായും സഹായിയ്ക്കും.

3. എളിയ നിലയിൽ നിന്നും തുടങ്ങി, ജീവിതത്തിൽ വലിയ ഉയരങ്ങൾ കീഴടക്കിയ ഒട്ടേറെ ആളുകളുടെ ജീവചരിത്രങ്ങൾ നിങ്ങൾ വായിച്ചിട്ടുണ്ടാകാം. നല്ലത്, അതൊരു പ്രചോദനം ആകുമെങ്കിൽ. 

[ഉദാഹരണത്തിന്: ബസ് കണ്ടക്ടർ ആയി തുടങ്ങി സൂപ്പർസ്റ്റാർ ആയ ആൾ, വെയ്റ്റർ ആയി തുടങ്ങി സൂപ്പർസ്റ്റാർ ആയ ആൾ, സ്‌കൂൾ വിദ്യാഭ്യാസ കാലത്ത് ഒട്ടേറെ പരാജയങ്ങളെ അഭിമുഖീകരിച്ച പ്രശസ്ത കായികതാരം, ദിവസക്കൂലിക്കു പണിചെയ്തു നടന്നിരുന്ന ലോകസിനിമയുടെ തന്നെ എക്കാലത്തെയും വലിയ ആക്‌ഷൻ സൂപ്പർസ്റ്റാർ .....എന്നിങ്ങനെ നിരവധി, നിരവധി] 

പക്ഷെ, നിങ്ങൾ അവശ്യം വായിയ്ക്കേണ്ട അല്ലെങ്കിൽ അറിയേണ്ട, മറ്റു ചിലർ കൂടിയുണ്ട് ഇവിടെ. കുറെയേറെ പരാജിതർ. തന്റെ വൻ വ്യവസായ സാമ്രാജ്യം പാടെ തകർന്ന് (അതോ ആരൊക്കെയോ ചേർന്ന് തകർത്തതോ?) അവസാനം ജയിലിൽ ജീവിതം അവസാനിച്ച 'ബിസിനസ്സ് രാജാവ്', ഒന്നുമില്ലായ്മയിൽ നിന്നും കോടികളുടെ സാമ്രാജ്യം കെട്ടി ഉയർത്തിയെങ്കിലും അവസാനം വെറും കടത്തിണ്ണയിൽ പട്ടിണി മരണം വരിയ്‌ക്കേണ്ടി വന്ന തുള്ളിനീല വ്യവസായി, ബോളിവുഡ് രാജാവിൽ നിന്നും 'പാപ്പർ' ഹർജിയുടെ വക്കോളമെത്തിയ സൂപ്പർതാരം, കിരീടം വയ്ക്കാത്ത രാജാക്കന്മാരും രാജ്ഞിമാരുമായി വിലസി അവസാനം കാരാഗ്രഹത്തിന്റെ ഇരുൾമൂലകളിൽ തനിയെ തേങ്ങേണ്ടി വന്ന അനേകർ വേറെയും ....  സ്വജീവിതത്തിൽ അവർ നേരിടേണ്ടി വന്ന അത്രയും വലിയ ഒരു പതനമൊന്നും, നിങ്ങൾക്ക് ഉണ്ടായിട്ടില്ലല്ലോ? അതുതന്നെ നിങ്ങളുടെ വലിയ നേട്ടമല്ലേ?

4. നിങ്ങൾ, ഒരു മാതാവോ പിതാവോ സഹോദരനോ സഹോദരിയോ ആണോ? ഭിന്നശേഷിക്കാർ അല്ലാത്തവരാണോ നിങ്ങളുടെ കുട്ടികൾ/സഹോദരൻ(രി)? അങ്ങിനെയെങ്കിൽ, അതു തന്നെ വലിയ ഒരു കാര്യമല്ലേ? 

[ഭിന്നശേഷിക്കാരായ ആളുകൾ, മോശം എന്നല്ല പറഞ്ഞത്. മറിച്ച്, അവരും, അവരുടെ മാതാപിതാക്കളും, ഈ സമൂഹത്തിൽ സാധാരണക്കാരെ പോലെ ഒന്ന് ജീവിയ്ക്കാൻ വേണ്ടി അനുഭവിയ്ക്കുന്നതിനേക്കാൾ, എത്രയോ തുച്ഛമായ മാനസിക ബുദ്ധിമുട്ടുകൾ ആണ്, നിങ്ങൾ അനുഭവിയ്ക്കുന്നത്, എന്ന് പറയാൻ മാത്രമാണ് ഇവിടെ ഉദ്ദേശിച്ചത്].

5. ജീവിതത്തിൽ നിങ്ങൾ എപ്പോളെങ്കിലും 'കിടപ്പു രോഗികളെ' സന്ദർശിച്ചിട്ടുണ്ടോ?  അവരുടെ കൂടെ കുറഞ്ഞത് ഒരു പകൽ എങ്കിലും ചിലവഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ, ഒരു തവണ എങ്കിലും അത് ചെയ്യുക. അപ്പോൾ മനസിലാകും, നിങ്ങൾ എത്ര ഭാഗ്യം ചെയ്തവരാണെന്ന്. 

നിങ്ങൾക്ക് രാവിലെ ഇഷ്ടസമയത്ത് ഉണരാം, തനിയെ പ്രാഥമിക കൃത്യങ്ങൾ നിർവഹിയ്ക്കാം, വർത്തമാനപത്രം വായിയ്ക്കാം, ഇഷ്ടപ്പെട്ട പ്രഭാതഭക്ഷണം കഴിയ്ക്കാം, ഉടുത്തൊരുങ്ങി പുറത്തേയ്ക്കു പോകാം, ഇഷ്ടമുള്ള കടകളിൽ കയറാം, കൂട്ടുകാരെ കാണാം, ഭവന സന്ദർശനങ്ങൾ നടത്താം, അല്ലെങ്കിൽ വൈകുന്നേരം ഓഫിസിൽ നിന്നും തിരിച്ചെത്തിയാൽ വ്യായാമത്തിന് വേണ്ടി വീണ്ടും നടക്കാൻ പോകാം. പിന്നെ കുളി, ചായ, കുട്ടികളോടൊത്ത്  വർത്തമാനവും ചിരിയും ബഹളവും, ശേഷം അത്താഴം, ചാറ്റിങ്...  അവസാനം, ഇഷ്ടമുള്ള സമയത്ത്, ഇഷ്ടസ്വപ്നങ്ങൾ കാണാൻ ആശിച്ചുള്ള ആ കിടപ്പും. ഈ പറഞ്ഞതെല്ലാം 'പരസഹായ'മില്ലാതെ ചെയ്യാൻ നിങ്ങൾക്കാവുന്നുണ്ടെങ്കിൽ അതല്ലേ ഏറ്റവും വലിയ നേട്ടം അഥവാ ഭാഗ്യം? നമ്മൾ ആദ്യം പറഞ്ഞ ആ 'കിടപ്പു രോഗികളെ' ഒരു നിമിഷം, നിങ്ങൾ ഒന്ന് മനസ്സിൽ കാണൂ. എന്നിട്ട് പറയൂ.

6. ഇനി, നിങ്ങളുടെ ദുഃഖം കുട്ടികൾ നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തു വളരുന്നില്ല, പഠിയ്ക്കുന്നില്ല, അതുമല്ലെങ്കിൽ അവർ നിങ്ങൾ ഉദ്ദേശിച്ചത്‌ പോലെയുള്ള ഒരു ജോലിയ്ക്കു പ്രാപ്തരാകുന്നില്ല എന്നൊക്കെയാണോ? ഒരു നിമിഷം ഓർക്കുക. നിങ്ങളിൽ എത്ര പേർ നിങ്ങളുടെ മാതാപിതാക്കളുടെ ഇത്തരം പ്രതീക്ഷകളോട് 100% നീതി പുലർത്തിയവരാണ്? വേണ്ട, നിങ്ങൾ പത്താം ക്ലാസിൽ പഠിയ്ക്കുമ്പോൾ 'ആരായിത്തീരണം?' എന്ന അധ്യാപകന്റെ ചോദ്യത്തിന് പലതവണ ഉത്തരം നല്കിയവരാകുമല്ലോ. എത്ര പേർ ഇപ്പോൾ ആ ജോലി ചെയ്യുന്നവർ ആണ്. പ്രീഡിഗ്രി പൂർത്തിയായപ്പോൾ നിങ്ങൾ സ്വപ്നം കണ്ടിരുന്ന ജോലിയും, ജോലി സ്ഥലവും, ശമ്പളവും ആണോ ഇപ്പോൾ നിങ്ങളുടേത്? ഡിഗ്രി പൂർത്തിയായപ്പോൾ നിങ്ങൾ സ്വപ്നം കണ്ടിരുന്ന ആ ജോലിയും, ജോലി സ്ഥലവും, ശമ്പളവും, ഉദ്യോഗപ്പേരും, ഒക്കെ ആണോ ഇപ്പോൾ നിങ്ങളുടേത്? 99.9% ആളുകളുടെയും ഉത്തരം "അല്ല" എന്നാവും. (കുറെ പേർ ആ സ്വപ്നത്തേക്കാൾ വലിയ കാര്യങ്ങൾ സാധിച്ചവരാകാം, കുറേപ്പേർ ആ സ്വപ്നം പോലും എത്തിപ്പിടിയ്ക്കാൻ പറ്റാത്തവരും). അപ്പോൾ ചുരുക്കത്തിൽ പറഞ്ഞാൽ, ആശകളും സ്വപ്നങ്ങളും ഒക്കെ ആഗ്രഹിയ്ക്കാൻ ഉള്ളതാണ്..... അവയെല്ലാം നടപ്പിലാകണം എന്ന് 'വാശി' പിടിക്കാനുള്ളതല്ല. അത് സ്വന്തം കാര്യത്തിൽ ആയാലും, കുട്ടികളുടെയോ, പങ്കാളിയുടെയോ, അല്ലെങ്കിൽ  മറ്റുള്ളവരുടെയോ ഒക്കെ കാര്യത്തിലായാലും. 

കുട്ടികളുടെ കാര്യത്തിൽ, ഒരു കാര്യം മാത്രം തീരുമാനിയ്ക്കുകയാവും നല്ലത്. മകനോ മകളോ ആകട്ടെ, ഒരു മാതാവ്/പിതാവ് എന്ന നിലയിൽ, അവരെ ഡിഗ്രി വരെ ഞാൻ പഠിപ്പിയ്ക്കും, ശേഷം അവർക്കു സ്വന്തം ജോലിയും ജീവിതവും ഒക്കെ രൂപപ്പെടുത്താനുള്ള ആ സ്വാതന്ത്ര്യത്തെ വിട്ടുനൽകുകയും ചെയ്യും.

7. ഭൗതികനേട്ടങ്ങൾ തീരെ ഇല്ല, അല്ലെങ്കിൽ കുറവാണ് എന്നതാണ് നിങ്ങളുടെ പ്രശ്നം എങ്കിൽ, ഒരു കാര്യം ചെയ്യുക. ഒരു പേപ്പറും പെൻസിലും എടുക്കുക. ഇപ്പോൾ നിങ്ങൾക്കുള്ള ആ 'തീരെ കുറഞ്ഞ ഭൗതികനേട്ടങ്ങൾ' ഒന്നും വിട്ടുപോകാതെ, താഴെ താഴെയായി എഴുതുക. ജോലി, ശമ്പളം, വാഹനം, വീട്, കുട്ടികൾ, മറ്റു വസ്തുവകകൾ, വസ്ത്രങ്ങൾ ... ഇങ്ങിനെ എല്ലാമെല്ലാം. ഇനി, ഓരോന്നിന്റെയും നേരെ, അത് നിങ്ങളോ നിങ്ങളും പങ്കാളിയും കൂടിയോ, സമാഹരിച്ചതാണോ, അതോ പാരമ്പര്യമായി കൈവന്നതാണോ എന്നും എഴുതുക.

ശേഷം, ഇപ്പോൾ നിലവിലുള്ള നിങ്ങളുടെ ചിലവുകൾ (ദൈനംദിന, മാസ, വാർഷിക ചിലവുകൾ) താഴെ താഴെ ആയി എഴുതുക. ഓരോന്നിനോടും ചേർന്ന് ഏകദേശ തുകകളും. വീട്ടുസാധനങ്ങൾ, പാൽ, മരുന്നുകൾ, ആശുപത്രി ചിലവുകൾ, പത്രം, വാടക, കുട്ടികളുടെ ഫീസ്, മറ്റുള്ളവർക്കുള്ള സഹായങ്ങൾ, ഇതര സംഭാവനകൾ ...എന്നിങ്ങനെ ഒന്നും വിട്ടുപോകാതെ. അങ്ങിനെ കിട്ടുന്ന ഒരു വർഷത്തെ ആ ആകെത്തുക, ഒരു പക്ഷെ നിങ്ങളെ തന്നെ ആത്ഭുതപ്പെടുത്തിയേക്കും. 

ഇനി നിങ്ങൾ തന്നെ പറയുക, ഒരു വർഷം ഇത്രയും തുക സമ്പാദിയ്ക്കുകയും, ചെലവ് ചെയ്യുകയും ചെയ്യുന്ന നിങ്ങൾ, ഒരു സംഭവം തന്നെയല്ലേ? സമൂഹത്തിൽ വലിയ ചീത്തപ്പേരുകൾ ഒന്നും ഇല്ലാതെ, സാമാന്യം നന്നായി ജീവിച്ചു പോകുന്ന നിങ്ങൾ ഒരു ചെറിയ പ്രസ്ഥാനം തന്നെ അല്ലേ? ആണ്, ശരിയ്ക്കും. നിങ്ങൾ അതു തന്നെയാണ്.

8. മണിമാളിക ഒരെണ്ണം കെട്ടിപ്പൊക്കാൻ പറ്റിയില്ല എന്നാണോ നിങ്ങളുടെ ദുഃഖം? കെട്ടിപ്പൊക്കിയ മണിമാളികയ്ക്കുള്ളിൽ സ്വന്തം മാതാപിതാക്കളെ ഏകാന്ത തടവിന് വിട്ട്, അടുത്ത തലമുറയ്ക്ക് വേണ്ടി മറ്റൊരു മണിമാളിക കൂടി പണിയാൻ മറുനാട്ടിൽ തിരക്ക് കൂട്ടുന്ന ആ കൂട്ടുകാരനാണ്, അന്നത്തെ ഓട്ടക്കൂലിയിൽ നിന്നും നൂറു രൂപയ്ക്കു മീനും, പിന്നെ മാതാപിതാക്കൾക്ക് ഒരിത്തിരി ധന്വന്തരം കുഴമ്പും, കൂടെ കുട്ടികൾക്കും തനിയ്ക്കുംപ്രിയതമയ്ക്കും വേണ്ടി നാല് ഉണ്ടംപൊരിയും വാങ്ങി, സന്ധ്യയ്ക്കു മുൻപേ ഓട്ടോയിൽ വീടണയുന്ന മറ്റേ കൂട്ടുകാരനേക്കാൾ കൂടുതൽ സംതൃപ്തൻ, എന്ന് നിങ്ങൾക്ക് നൂറു ശതമാനം ഉറപ്പുണ്ടോ? അതോ, പേടിപ്പെടുത്തുന്ന നിശബ്ദത കളിയാടുന്ന ആ മണിമാളികയേക്കാൾ, ഉണ്ടംപൊരിയ്ക്കുവേണ്ടി കുട്ടികൾ തല്ലുകൂടുന്ന ആ ചെറുവീടാകും കൂടുതൽ ജീവസ്സുറ്റത് എന്ന് സമ്മതിയ്ക്കുന്നുവോ?

9. അതിവാത്സല്യത്തോടെ വളർത്തിയ, കൗമാരം കടക്കുന്ന മകന്/മകൾക്ക് ഇപ്പോൾ തന്നേക്കാളേറെ ഇഷ്ടം, കൂട്ടുകാരോടാണ് എന്ന് വേദനിയ്ക്കുന്ന ഒരു മാതാവ്/പിതാവ് ആണോ, നിങ്ങൾ? അല്ലെങ്കിൽ അതാണോ ഇപ്പോൾ നിങ്ങളുടെ ഏറ്റവും വലിയ ദുഃഖം? എങ്കിൽ ഓർക്കുക മകന്റെ/മകളുടെ ആ മാറ്റം തികച്ചും സ്വാഭാവികമാണ്. അവൻ/അവൾ വളരുന്നു എന്നതിന്റെ തെളിവാണത്. അതിനെ സന്തോഷത്തോടെ ഉൾക്കൊള്ളുക. ആ പ്രായത്തിൽ നിങ്ങളും, മാതാപിതാക്കളുടേതിനേക്കാൾ കൂടുതൽ, കൂട്ടുകാരുടെ സാമീപ്യം അല്ലേ കൊതിച്ചിരുന്നത്? വെറുതെ ഒന്ന് ഓർത്തെടുക്കുക. 'ആണ്' എന്നാണ് ഉത്തരമെങ്കിൽ, ആ ഓർമ്മയിൽ തനിയെ ഒന്ന് പുഞ്ചിരിയ്ക്കുക. മറ്റാരും കാണാതെ.

[കൗമാരക്കാരായ കുട്ടികൾക്ക്, അവശ്യം വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ, അവശ്യ സമയത്ത് കൊടുക്കുക, എന്നത് മാത്രമാണ് മാതാപിതാക്കൾ ചെയ്യേണ്ടത്. കൗമാരം കഴിയുമ്പോൾ, അവർ പതിയെ വീണ്ടും നിങ്ങളുമായി കൂടുതൽ അടുത്തുകൊള്ളും, അതും കൂടുതൽ പക്വതയോടെ].

10. ഒരുപാട് കുറ്റങ്ങളും കുറവുകളും ഉള്ള വെറും ഒരു സാധാരണ മനുഷ്യനാണ് താൻ എന്ന യാഥാർഥ്യം അംഗീകരിയ്ക്കുമ്പോൾ തന്നെ, ജീവിതത്തിൽ വ്യക്തമായ കാഴ്ചപ്പാടും, പിന്നെ സ്വതന്ത്ര ചിന്തയും, നിലപാടുകളുമുള്ള ശക്തനായ ഒരു വ്യക്തി കൂടിയാണ് താൻ എന്ന ആ ബോധം, എപ്പോഴും ഉള്ളിൽ അരക്കിട്ടുറപ്പിയ്ക്കുക.

***

"ഞാൻ പിന്നിലായിരിയ്ക്കാം ... എന്നാൽ, എനിയ്ക്കു പിന്നിൽ ഇനിയും ഒരുപാട് പേരുണ്ട്...!!". 

ഇതാകണം നമ്മെ നയിയ്ക്കുന്ന, അഥവാ നയിയ്ക്കേണ്ട ആ 'പോസിറ്റീവ് ചിന്ത'.

പ്രിയപ്പെട്ട വായനക്കാരെ, ഈ ലേഖനം മുഴുവൻ വായിച്ച നിങ്ങളോടൊരു കുഞ്ഞു രഹസ്യം കൂടി പറഞ്ഞ്, ഞാൻ ഇത് അവസാനിപ്പിയ്ക്കാം. വേറെ യൊന്നുമല്ല. ഈ ലേഖനത്തിന്റെ ആദ്യം പറഞ്ഞ ആ പേര് നമ്മൾ ഒന്നു മാറ്റാൻ തീരുമാനിച്ചു കേട്ടോ. "ഇത് പരാജിതർക്കു വേണ്ടി..?" എന്നതിന് പകരം "ഇത് പരാജയപ്പെടാൻ മനസ്സില്ലാത്തവർക്കു വേണ്ടി..!" എന്നങ്ങോട്ടാക്കി. അല്ല പിന്നെ...!!

- ബിനു മോനിപ്പള്ളി
*************
Blog: https://binumonippally.blogspot.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ് 

യൂട്യൂബിൽ കാണുന്നതിന്: https://youtu.be/KknqYe6nEKE

















Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]