കേരള തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ് - ഒരു ദ്രുത അവലോകനം
കേരള തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ് - ഒരു ദ്രുത അവലോകനം
തിരഞ്ഞെടുപ്പിന്റെ ഫലം വന്നു. വിജയികൾ സന്തോഷിയ്ക്കുന്നു. പരാജയപ്പെട്ടവർ സങ്കടപ്പെടുന്നു. ചിലരെങ്കിലും ആ പരാജയം അംഗീകരിയ്ക്കാനാവാതെ, ചില 'വ്യർത്ഥ ന്യായീകരണങ്ങൾ' നിരത്തുന്നു.
ഇതൊക്കെ സ്വാഭാവികം. അതൊക്കെ അതിന്റെ വഴിയ്ക്കു നടക്കുകയും ചെയ്യട്ടെ.
എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ.... !!
പരാജിതർ, നിരാശരാകാതെ അടുത്ത പോരാട്ടത്തിനു തയ്യാറെടുക്കുക ...!!
രാഷ്ട്രീയം നമ്മുടെ വിഷയം അല്ലാത്തതിനാലും, അത് നമ്മുടെ ഈ വേദിയിൽ ചർച്ച ചെയ്യാറില്ലാത്തതിനാലും നമുക്കത് വിടാം.
ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ, നമ്മൾ കാണേണ്ട പിന്നെ ശ്രദ്ധാപൂർവ്വം വിശകലനം ചെയ്യേണ്ട ചില കാര്യങ്ങളെങ്കിലും ഉണ്ട്. അവയിൽ പെട്ടെന്ന് ശ്രദ്ധയിലേയ്ക്ക് വന്ന ചില ചോദ്യങ്ങൾ ഉയർത്തുക മാത്രമാണ് ഈ കുറിപ്പിന്റെ ഉദ്ദേശം.
1. ഇന്ന് പുറത്തു വന്ന ചില കണക്കുകൾ വിശ്വസിയ്ക്കാമെങ്കിൽ, മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഗ്രാമ-തലത്തിൽ LDF ന്റെ നഷ്ടം ഏതാണ്ട് 350 സീറ്റുകൾ. UDF ന്റെ നഷ്ടം ഏതാണ്ട് 450 സീറ്റുകൾ. ആ 800 സീറ്റുകൾ എങ്ങിനെ നഷ്ടമായി? ഇനി NDA യ്ക്കു ചുരുക്കം സീറ്റുകൾ കൂടിയിട്ടുണ്ട് എങ്കിൽ പോലും, അവരും നിറം മങ്ങിയതിനു കാരണം?
2. ട്വന്റി-ട്വന്റി എന്ന കൂട്ടായ്മയ്ക്ക് സ്വപ്ന സമാനമായ ഈ മുന്നേറ്റം കാഴ്ച വയ്ക്കാനായതിന്റെ യഥാർത്ഥ കാരണം എന്ത്? അവർ ചെയ്ത ജന-നൻമയും സേവനവും ആണെങ്കിൽ, എന്തുകൊണ്ട് ഇവിടുത്തെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഇനിയെങ്കിലും അത് മാതൃകയാക്കുന്നില്ല?
3. മൂന്ന് മുന്നണികളിലും പെടാത്ത മറ്റു ചില കൂട്ടായ്മകളും (ട്വന്റി-ട്വന്റി അല്ലാതെ), അതും രൂപീകൃതമായി ഒരു വർഷം പോലും തികയാത്തവ, വളരെ വലിയ മുന്നേറ്റങ്ങൾ കാഴ്ച വച്ചിരിയ്ക്കുന്നു. കാരണമെന്ത്?
4. "പ്രതീക്ഷയേകുന്ന ഒരു ബദൽ ഉണ്ട് എങ്കിൽ, ഞങ്ങൾ മാറി ചിന്തിയ്ക്കാൻ തയ്യാറാണ്" എന്ന സന്ദേശം ആണോ ഇത്തരം കൂട്ടായ്മകൾക്കുള്ള പിന്തുണയിൽ കൂടി ജനങ്ങൾ നൽകുന്നത്?
5. 'അരാഷ്ട്രീയവാദം' എന്ന മുടന്തൻ ന്യായം ഉയർത്തി ഇത്തരം കൂട്ടായ്മകളെ എതിർക്കുന്ന ആ സ്ഥിരം രാഷ്ട്രീയശൈലിയും ഗിമ്മിയ്ക്കുകളും, ഇനിയും സാധാരണ ജനങ്ങൾ വിശ്വസിയ്ക്കുമോ? പകരം ആ കൂട്ടായ്മകൾ മുന്നോട്ടു വയ്ക്കുന്നതിനേക്കാൾ നല്ല പദ്ധതികളും ജനോപകാര ഭരണവുമായി കൂടുതൽ കരുത്താർജിയ്ക്കാൻ അല്ലേ ഇവിടുത്തെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ശ്രമിയ്ക്കേണ്ടത്?
6. സാംസ്ക്കാരിക കേരളം മുന്നോട്ട് എന്ന് നമ്മൾ അഭിമാനിയ്ക്കുമ്പോൾ തന്നെ, 'തീവ്ര' സ്വഭാവം ഉള്ള പല സംഘടനകളുടെയും സ്വാധീനം നമ്മുടെ കേരള സമൂഹത്തിൽ കൂടുന്നില്ലേ?
ചോദിയ്ക്കാൻ ഇനിയും ഏറെ ബാക്കി. പക്ഷെ നിർത്തട്ടെ.
കൂടെ, ഈ തിരഞ്ഞെടുപ്പിൽ കണ്ട ചില നല്ല പ്രവണതകളെക്കൂടി ഒന്നു ചൂണ്ടിക്കാണിയ്ക്കട്ടെ.
1. ചെറുപ്പക്കാരും വിദ്യാസമ്പന്നരുമായ ഒട്ടേറെ സ്ഥാനാർത്ഥികളെ അണിനിരത്താൻ എല്ലാ മുന്നണികളും കൂട്ടായ്മകളും ഈ തിരഞ്ഞെടുപ്പിൽ തയ്യാറായി.
2. ഫലം പുറത്തു വന്നതിനു ശേഷവും കാര്യമായ അക്രമസംഭവങ്ങൾ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല.
രണ്ടു കാര്യങ്ങളും അഭിനന്ദനാർഹം.
മുകളിലെ 6 ചോദ്യങ്ങൾ നിങ്ങളുടെ വിശകലനത്തിനായി വിടുന്നു.
സ്നേഹത്തോടെ
ബിനു മോനിപ്പള്ളി
[www.binumonippally.blogspot.com]
Good questions.
ReplyDeletethank you ....
Delete