സ്‌മാരകങ്ങൾ : ആദരവോ അതോ അനാദരവോ ? [ലേഖനം]
സ്‌മാരകങ്ങൾ : ആദരവോ അതോ അനാദരവോ?
[ലേഖനം]
നമസ്‌കാരം .....
കേരളത്തിന്റെ പുതിയ ധനമന്ത്രി, അദ്ദേഹത്തിന്റെ കന്നിബജറ്റ് ഏതാനും ദിവസങ്ങൾക്ക് മുൻപ് അവതരിപ്പിച്ചു. പൂർവാധികം ഭംഗിയായി, അതിനെ അധികരിച്ചുള്ള ചർച്ചകളും, ആരോപണങ്ങളും ഒക്കെ അരങ്ങു കൊഴുപ്പിച്ചു. പതിവുപോലെ, ഒന്നോ രണ്ടോ ദിവസത്തേയ്ക്ക്.
പിന്നെ എല്ലാവരും അതങ്ങുമറന്നു.
ആഹ്.. അത് പോട്ടെ .... അതല്ലല്ലോ നമ്മുടെ വിഷയം.
ആ ബജറ്റിൽ ഒരു പ്രഖ്യാപനം ഉണ്ട്. അടുത്തിടെ അന്തരിച്ച ചില നേതാക്കളുടെ സ്മാരകങ്ങൾക്കു വേണ്ടി, ഏതാനും കോടികൾ അനുവദിച്ചു എന്ന്. കഴിഞ്ഞ ബജറ്റിലും ഇതേ പോലെ പല നേതാക്കളുടെയും സ്മാരകങ്ങൾക്കു വേണ്ടി കുറെയേറെ കോടികൾ അനുവദിച്ചിരുന്നു.
അതാണ് ഇന്നത്തെ നമ്മുടെ വിഷയം.
പക്ഷെ, ഇക്കാര്യത്തിൽ മുന്നണി വ്യത്യാസങ്ങൾ ഒന്നും ഇല്ല കേട്ടോ. ഏതു മുന്നണി ഭരിച്ചാലും ഇതു തന്നെ ചെയ്യും. ഒരുകാലത്തും, പ്രതിപക്ഷത്തിനും ഇതിൽ എതിർപ്പുകൾ ഉണ്ടായിട്ടില്ല. കാരണം, ചില നേതാക്കൾ അവരുടെയുംകൂടി ആകാമല്ലോ. പണ്ടൊരു പ്രമുഖനേതാവു പറഞ്ഞത് പോലെ, 'രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളും മിത്രങ്ങളും ഒന്നും ഇല്ലല്ലോ'.
ഇക്കാര്യത്തിലൊന്നും നമുക്കും എതിർപ്പില്ല. അറിയപ്പെടുന്ന രീതിയിൽ ജീവിച്ച നേതാവിന്, അല്ലെങ്കിൽ നേതാക്കൾക്ക്, അതുമല്ലെങ്കിൽ സംസ്കാരിക നായകർക്ക്, ഒക്കെ അവരുടെ മരണശേഷം ആ ഓർമ്മകൾ ഈ സമൂഹത്തിൽ നിലനിർത്തുന്നതിനായി, നല്ല നല്ല സ്മാരകങ്ങൾ നിർമ്മിയ്ക്കുന്നത് തീർച്ചയായും നല്ലതു തന്നെ.
സ്മാരകങ്ങൾ ഇങ്ങിനെ നിരനിരയായി ഇല്ലെങ്കിൽ പിന്നെ, നമ്മുടെ ഈ കേരനാടിനെന്താ ഒരു ഭംഗി? അല്ലെ?
അപ്പോൾ നിങ്ങൾ ചിന്തിയ്ക്കും. ശരി. അങ്ങിനെയെങ്കിൽ പിന്നെ, ഇനിയിപ്പോൾ എവിടെയാണ് പ്രശ്നം?
അതിലേയ്ക്ക് വരാം.
സാധാരണയായി, നമ്മുടെ നാട്ടിൽ കണ്ടിട്ടുള്ള സ്മാരകങ്ങൾ ഏതൊക്കെ തരത്തിലാണ്?
1. പ്രതിമകൾ
2. കെട്ടിടങ്ങൾ
3. ഗ്രന്ഥശാലകൾ
4. സാംസ്‌കാരികനിലയങ്ങൾ
5. ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ
6. പാർക്കുകൾ
ഇതിൽ പ്രതിമകളുടെ കാര്യമെടുത്താൽ, ഉദ്ഘാടനത്തിനു ശേഷം ആരും തിരിഞ്ഞു നോക്കാനില്ലാതെ, കാക്കകൾക്കും മറ്റുപക്ഷികൾക്കും, കാഷ്ഠിയ്ക്കാനുള്ള സങ്കേതങ്ങൾ മാത്രമാണ് അവയിൽ മിക്കതും. [ഒരു കാര്യമുണ്ട്, അതും പറഞ്ഞേക്കാം. അനുസ്മരണ ദിവസത്തിനു തലേന്ന്, ഇതെല്ലാം ഒന്ന് കഴുകി വൃത്തിയാക്കും കേട്ടോ. അതും, നല്ല ഭാഗ്യം ചെയ്ത പ്രതിമകൾ മാത്രം].
കെട്ടിടങ്ങളിൽ പലതും, നിലവാരം കുറഞ്ഞതും അശാസ്‍ത്രീയവുമായ നിർമ്മാണം മൂലം, അധിക നാൾ ഉപയോഗിയ്ക്കാൻ ആവാത്ത സ്ഥിതിയിൽ. ഇനി അങ്ങിനെയല്ലാത്തവ തന്നെ, പലതും ജനോപകാരപ്രദമല്ലാത്ത രീതിയിൽ പണിതതോ, അല്ലെങ്കിൽ തീർത്തും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ എന്തിനോ വേണ്ടി പണിതീർത്തതോ.
ഗ്രന്ഥശാലകൾ പലതും, കൊട്ടിഘോഷിയ്ക്കപ്പെട്ട ഉദ്‌ഘാടനങ്ങൾക്കു ശേഷം, പ്രവർത്തനം നിർത്തി വച്ചവ. പ്രവർത്തിയ്ക്കുന്നവയാകട്ടെ, ഏറെയും നാമമാത്രവും.
സാംസ്‌കാരികനിലയങ്ങളിൽ ഭൂരിഭാഗവും, പൂട്ടിയ അവസ്ഥയിൽ ആകും. കാരണം മറ്റൊന്നുമല്ല. ഏതുരീതിയിൽ, ആരുടെ സാംസ്‌കാരിക ഉന്നമനം ആണ് ആ നിലയങ്ങൾ ഉദ്ദേശിയ്ക്കുന്നത് എന്ന്, ഈ കുഞ്ഞുഭൂമിയിൽ ആർക്കും അറിയില്ല തന്നെ.
ബസ് കാത്തിരിപ്പു കേന്ദ്രങ്ങളുടെ സ്ഥിതിയാണ് ഏറെ ദയനീയം. പലതിൻെറയും നിർമാണങ്ങൾ, വൈകല്യങ്ങളാൽ സമൃദ്ധം. പിന്നെ നേരെ നിൽക്കുന്നവയിൽതന്നെ മിക്കതും, വാഹനങ്ങൾ ഇടിച്ചോ, മരങ്ങൾ വീണോ, മറ്റുതരത്തിലോ ഒക്കെ മൃതപ്രായമായവ. പൊള്ളുന്ന ഉച്ചവെയിലിലോ, ആർത്തലച്ചെത്തുന്ന ഒരു മഴയിലോ, ഒരിത്തിരി അഭയം തരാൻ കഴിയുന്ന എത്ര ബസ് കാത്തിരിപ്പുകേന്ദ്രങ്ങളുണ്ട്, നമ്മുടെ നാട്ടിൽ?
അവസാനമായി, പാർക്കുകളുടെ കാര്യം.
എനിയ്ക്കു തോന്നുന്നത്, നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ഉള്ളത് 'ഗാന്ധി പാർക്കുകൾ' ആണ് എന്നാണ്. എന്നാലോ? അതിൽ ഒട്ടും മുക്കാലും പാർക്കുകളിലാണ്, ആ പ്രദേശത്തെ മൊത്തം മാലിന്യങ്ങളും വന്നടിയുന്നതും അല്ലെങ്കിൽ കൊണ്ടിടുന്നതും. മൂക്കുപൊത്താതെ കയറാൻ കഴിയുന്ന എത്ര പൊതു പാർക്കുകൾ ഉണ്ട് നമുക്ക്. തുരുമ്പെടുത്തു നശിയ്ക്കാത്ത എത്ര ചിൽഡ്രൻസ് പാർക്കുകൾ ഉണ്ട് നമുക്ക്? ഇല്ലെന്നല്ല, പക്ഷെ വിരലിൽ എണ്ണാവുന്നവ മാത്രം.
നമ്മൾ ഈ പറഞ്ഞതിനൊക്കെ ഉത്തരവാദിത്വം ഉള്ള, ഒട്ടേറെ വകുപ്പുകളും, അവയിൽ മിക്കതിനും ആവശ്യത്തിലേറെ ഫണ്ടും, ജീവനക്കാരും ഒക്കെ ഉണ്ട് ഈ നാട്ടിൽ. പിന്നെങ്ങിനെ ഈ അവസ്ഥ, എന്നാണോ?
ഉത്തരം ഒന്നേയുള്ളൂ. "കാട്ടിലെ തടി തേവരുടെ ആന".
ഇവിടെയാണ്, മറ്റൊരു ചോദ്യത്തിന് പ്രസക്തിയേറുന്നത്. ഈ ലേഖനത്തിന്റെ തലക്കെട്ടും ആ ചോദ്യമാണ്. ഈ രീതിയിൽ നമ്മൾ കാണുന്ന സ്‌മാരകങ്ങൾ, അത് ആരുടെ പേരിലാണോ ഉള്ളത്, അവരോടുള്ള ആദരവോ, അതോ അനാദരവോ കാണിയ്ക്കുന്നത്?
പറഞ്ഞു വന്നത് ഇത്രയേ ഉള്ളൂ. സ്മാരകങ്ങൾ യഥേഷ്ട്ടം അനുവദിച്ചു കൊള്ളുക. കയ്യടികൾ നേടുക. ഇപ്പോൾ പ്രതിപക്ഷത്തുള്ളവർ ഇനിയൊരിയ്ക്കൽ ഭരണത്തിൽ വന്നാൽ, അപ്പോൾ അവരും മറക്കരുത്, ഇത് തന്നെ ചെയ്യണം.
പക്ഷേ, എല്ലാവരോടുമായി ഒന്നേ പറയാനുള്ളു. ആ സ്മാരകങ്ങളുടെ അവസ്ഥകൾ, മുകളിൽ പറഞ്ഞതാവരുത് എന്ന് മാത്രം.
നിങ്ങൾ അനുവദിയ്ക്കുന്ന, സ്ഥാപിയ്ക്കുന്ന സ്മാരകങ്ങൾ, ഗ്രന്ഥശാലകളോ, ആശുപത്രികളോ, പാർക്കുകളോ, സാംസ്കാരികനിലയങ്ങളോ എന്തുമാകട്ടെ. അവ ജനോപകാരപ്രദമായിരിയ്ക്കണം.
വ്യക്തമായ കാഴ്ചപ്പാടുകളോടെ, ആസൂത്രണത്തോടെ, അതിലുപരിയായി, ദൈനംദിന-പരിപാലനത്തിനും, ആരോഗ്യകരമായ മുന്നോട്ടുപോകലിനും വേണ്ട, ഉത്തരവാദിത്വപ്പെട്ട ആളുകളുടെ കീഴിൽ ആയിരിയ്ക്കണം അവ സ്ഥാപിയ്ക്കേണ്ടത് എന്ന് മാത്രം. ആ ഉത്തരവാദിത്വങ്ങൾ, ശരിയായ രീതിയിൽ നിർവ്വചിയ്ക്കപ്പെട്ടതും, അതിൽ പരാജയപ്പെട്ടാൽ ഉത്തരവാദികളുടെ കയ്യിൽ നിന്നും, നേരിൽ നഷ്ടപരിഹാരം ഈടാക്കാൻ കഴിയുന്നതരത്തിലും, ഉള്ളവ ആയിരിയ്ക്കണം.
അതിനു കഴിയില്ലെങ്കിൽ, പൊതുജനങ്ങളുടെ പണം ദയവായി ഈ രീതിയിൽ പാഴാക്കരുത് എന്ന് വിനീതമായി അഭ്യർത്ഥിയ്ക്കുന്നു.
സ്നേഹത്തോടെ
ബിനു മോനിപ്പള്ളി
പിൻകുറിപ്പ്: എല്ലാ സ്മാരകങ്ങളും മോശമായാണ് നടത്തപ്പെടുന്നത് എന്ന് ഈ ലേഖനം അർത്ഥമാക്കുന്നില്ല കേട്ടോ. വളരെ നല്ല രീതിയിൽ നടത്തപ്പെടുന്ന പൊതു-സഹകരണ മേഖലകളിലെ ധാരാളം സ്മാരകങ്ങൾ ഉണ്ട്, നമ്മുടെ നാട്ടിൽ. ഉദാഹരണത്തിന്, എറണാകുളം ജില്ലയിലെ കാക്കനാടുള്ള "ഇ.എം.എസ് സഹകരണ ലൈബ്രറി" അത്തരത്തിലൊന്നാണ്. എറണാകുളം ജില്ലാ സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിയ്ക്കുന്ന ഈ സ്ഥാപനം, ഒരു മാതൃക തന്നെയാണ്. അതിവിശാലമായ, മനോഹരമായ ഒരു പാർക്കിനു നടുവിലെ, ബഹുനിലമന്ദിരത്തിൽ ആണ് ഇത് പ്രവർത്തിയ്ക്കുന്നത്. വളരെ ബൃഹത്തായ ഗ്രന്ഥശേഖരത്തോട് കൂടി, കർശനമായ അടുക്കും ചിട്ടയോടും കൂടി. (ബജറ്റിലെ സ്മാരകവിശേഷങ്ങൾ വായിച്ചപ്പോൾ പെട്ടെന്ന് മനസ്സിലേയ്ക്ക് വന്നത്), "എല്ലാ സ്മാരകങ്ങളും ഈ രീതിയിൽ പ്രവർത്തിച്ചിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു ..!" എന്ന ഒരു പ്രതീക്ഷയാണ്, ആഗ്രഹമാണ്, ശരിയ്ക്കും പറഞ്ഞാൽ, ഈ ചെറുലേഖനത്തിന് ആധാരമായതും.
India is a democratic country.....
ReplyDeleteFor the people
Bye the people
To the people....
God's own country but
Devils on polititions...
Face it ....
mm..
DeleteNot against 'smarakangal' but it should be in a way that it is useful for the public and also should be maintained properly.... otherwise not to spend any money for it......
നല്ല നേതാക്കൾ വസിക്കുന്ന ത് ജനഹൃദയങ്ങളിലാണ് . അവർക്ക് മരണമില്ല . പിന്നെന്തിന് സ്മാരകങ്ങൾ. അവർ നാടിന് വേണ്ടി ചെയ്ത നല്ല പ്രവർത്തികൾ അവർക്കുള്ള സ്മാരകങ്ങൾ ജന മനസ്സുകളിൽ പണിതു കൊള്ളും.
ReplyDeleteനല്ല എഴുത്ത്. തുറന്നെഴുത്ത്.
നന്നായിട്ടുണ്ട് ബിനു����
ഏറെ നന്ദി ...വളരെ ശരിയാണ് james ....
Deleteഅവർ ജനഹൃദയങ്ങളിലാണ് വസിയ്ക്കേണ്ടത് .... ഇനി സ്മാരകങ്ങൾ വേണമെങ്കിൽ അത് ആശുപത്രിയോ, ഗ്രന്ഥശാലയോ അങ്ങിനെ എന്തെങ്കിലും ഉപകാരപ്രദമായ സ്ഥാപനങ്ങൾ ആയിക്കൊള്ളട്ടെ ... അതിൽ നേതാവിന്റെ / നായകന്റെ ഒരു വലിയ ഫോട്ടോ വയ്ക്കുക ...ബാക്കി പൊതുജന ഉപയോഗത്തിനായി വിട്ടുകൊടുക്കുക .... അതല്ലേ വേണ്ടത് ...