പതിനെട്ടിൻ പെരുമ [ഹൈന്ദവ പുരാണങ്ങളിലൂടെ - 6 ]
പതിനെട്ടിൻ പെരുമ
[ഹൈന്ദവ പുരാണങ്ങളിലൂടെ - 6 ]
"ഹൈന്ദവ പുരാണങ്ങളിലൂടെ" എന്ന പരമ്പരയിലെ ഈ ആറാം ഭാഗത്തിൽ നാം കാണാൻ പോകുന്നത് പതിനെട്ടിനെ കുറിച്ചാണ്; പേരിലൊതുങ്ങാത്ത അതിന്റെ പെരുമയെ കുറിച്ചാണ്.
കേൾക്കുമ്പോൾ 18 എന്നത്, വെറുമൊരു സംഖ്യ മാത്രമാണ്. അല്ലേ? എന്നാൽ, അതിനപ്പുറം, ഹൈന്ദവ പുരാണങ്ങളിൽ, അതിന് മറ്റെന്തൊക്കെയോ ചില പ്രാധാന്യങ്ങളില്ലേ? ഉണ്ടോ എന്ന് നമുക്കൊന്ന് വിശദമായി നോക്കിയാലോ? അതും ഓരോന്നായി.
1. പതിനെട്ടും ശബരിമലയും:
പതിനെട്ട് എന്ന് കേൾക്കുമ്പോൾ തന്നെ, ഒരു മലയാളിയുടെ മനസ്സിലേയ്ക്ക് ആദ്യം ഓടിയെത്തുന്നത്, ശബരിമലയും അവിടുത്തെ പതിനെട്ടാംപടിയും തന്നെയാണ്.
ശബരിമലയുമായി ബന്ധപ്പെട്ട് 18 ന് രണ്ട് ഐതിഹ്യങ്ങൾ കേൾക്കുന്നു.
പുണ്യപതിനെട്ടാംപടി പ്രതിനിധീകരിയ്ക്കുന്നത് ചുറ്റുമുള്ള 18 മലനിരകളെ ആണത്രേ. [പൊന്നമ്പലമേട്, ഗൗഡൻമല, നാഗമല, സുന്ദരമല, ചിറ്റമ്പലമല, ഖൽഗിമല, മാതംഗമല, മൈലാടുംമല, ശ്രീപാദമല, ദേവർമല, നിലക്കൽമല, തലപ്പാറമല, നീലിമല, കരിമല, പുതുശ്ശേരിമല, കാളകെട്ടിമല, ഇഞ്ചിപ്പാറമല, ശബരിമല എന്നിവയാണ് ആ പതിനെട്ടു മലകൾ]. അതുകൊണ്ടു തന്നെ, ഒരു ഭക്തൻ/ഭക്ത ആ പതിനെട്ടു പടികൾ കയറിക്കഴിയുമ്പോൾ ഈ പറഞ്ഞ പതിനെട്ടു മലകളും കയറിയിറങ്ങിയതിനു തുല്യമാകുന്നു.
പതിനെട്ടാംപടിയെ കുറിച്ചുള്ള മറ്റൊരു വിശ്വാസം 5+8+3+2 എന്നതാണ്.
അതായത്, 5 പടികൾ പഞ്ചേന്ദ്രിയങ്ങളെ (കണ്ണ്, കാത്, മൂക്ക്, നാക്ക്, ത്വക്ക്) പ്രതിനിധാനം ചെയ്യുമ്പോൾ, അടുത്ത 8 പടികൾ ഷദ്രിപുക്കളെ അഥവാ മന- ശത്രുക്കളെയും (കാമ, ക്രോധ, ലോഭ, മോഹ, മദ, മാത്സര്യങ്ങളെ), കൂടെ അഹം, അസൂയ ഇവയെയും പ്രതിനിധാനം ചെയ്യുന്നു.
അടുത്ത 3 പടികളാകട്ടെ മൂന്ന് ഗുണങ്ങളെ (സത്വ, രജ, തമോ ഗുണങ്ങളെ) പ്രതിനിധാനം ചെയ്യുന്നു.
അവസാന 2 പടികൾ അവിദ്യയേയും, വിദ്യയേയും പ്രതിനിധാനം ചെയ്യുന്നു.
അതായത്, ഒരു ഭക്തൻ/ഭക്ത പതിനെട്ടു പടികൾ കയറിക്കഴിയുമ്പോൾ, ഈ പറഞ്ഞ സംസാരജീവിത പ്രലോഭനങ്ങളെ എല്ലാം ജയിയ്ക്കുകയും, അതുവഴി സ്വാമിയോട് തന്നെ തുല്യനാവുകയും ചെയ്യുന്നു എന്നാണ് വിശ്വാസം. അയ്യപ്പ സന്നിധാനത്തെ, "തത്വമസി" എന്ന ആ മഹദ്വചനത്തെ അഥവാ സമാനതകളില്ലാത്ത ആ വിശ്വാസപ്രമാണത്തെ, നമുക്കിതിനോട് ചേർത്ത് വായിയ്ക്കാവുന്നതാണ്.
2. പതിനെട്ടും വേദങ്ങളും:
സാക്ഷാൽ ബ്രഹ്മാവിനാൽ വിരചിതമായ ആദിവേദത്തിന്, 18 അദ്ധ്യായങ്ങളായിരുന്നു ഉണ്ടായിരുന്നത് എന്ന് വിശ്വസിയ്ക്കപ്പെടുന്നു. പിന്നീട്, വേദവ്യാസൻ ഇതിനെ ഋഗ്/യജുർ/സാമ/അഥർവ വേദങ്ങളായി വിഭജിച്ചു എന്നും കരുതപ്പെടുന്നു.
3. പതിനെട്ടും യുദ്ധങ്ങളും:
ഐതിഹ്യപ്രകാരം, ദേവാസുരയുദ്ധം 18 വർഷങ്ങൾ നീണ്ടുനിന്നപ്പോൾ, രാമ-രാവണ യുദ്ധം 18 മാസങ്ങളും, പാണ്ഡവ-കൗരവ യുദ്ധം 18 ദിവസങ്ങളും നീണ്ടു നിന്നുവത്രേ.
4. പതിനെട്ടും പുരാണങ്ങളും:
18 പുരാണങ്ങളും, 18 ഉപ-പുരാണങ്ങളും 18-സ്മൃതികളുമത്രെ ഹൈന്ദവ വിശ്വാസപ്രകാരം നിലവിലുള്ളത്. [അവയുടെ പേരുകൾ, പിൻകുറിപ്പിൽ കൊടുത്തിരിയ്ക്കുന്നു]
5. പതിനെട്ടും മഹാഭാരതവും:
മഹാഭാരതത്തിന്റെ യഥാർത്ഥ നാമം 'ജയ' (അഥവാ 'ജയ സംഹിത') എന്നായിരുന്നുവെന്നും പിന്നീടാണ് അതിന് 'മഹാഭാരതം' എന്ന പേര് വന്നതെന്നും ഉള്ള ഒരു വിശ്വാസവും നിലവിൽ ഉണ്ട്. 'ജയ' എന്ന സംസ്‌കൃതപദത്തിന്റെ സംഖ്യാമൂല്യം 18 ആണത്രേ.
മഹാഭാരതം എഴുതപ്പെട്ടിരിയ്ക്കുന്നത് 18 പർവ്വങ്ങളായിട്ടാണ്.
ആ 18 പർവ്വങ്ങളിലായി ആകെ മഹാഭാരതത്തിലുള്ളത് 1.8 മില്യൺ അഥവാ 18 ലക്ഷം വാക്കുകളത്രെ.
18 ദിവസങ്ങൾ നീണ്ടുനിന്ന മഹാഭാരത യുദ്ധത്തിൽ പങ്കെടുത്തതോ, 18 അക്ഷൗഹിണി സൈന്യവും (11 അക്ഷൗഹിണി കൗരവരുടെയും, 7 അക്ഷൗഹിണി പാണ്ഡവരുടെയും).
[21870 ആനകൾ, 21870 രഥങ്ങൾ, 65610 കുതിരകൾ, 109350 കാലാളുകൾ എന്നിങ്ങനെ ആകെ 218700 അംഗങ്ങൾ അടങ്ങിയതാണ് ഒരു അക്ഷൗഹിണിപ്പട. 218700 ലെ അക്കങ്ങൾ തമ്മിൽ കൂട്ടുമ്പോൾ കിട്ടുന്നതും 18 തന്നെ]
ഇനി, മഹായുദ്ധത്തെ അതിജീവിച്ചതോ, വെറും 18 ആളുകൾ മാത്രവും.
[ശ്രീകൃഷ്ണൻ, യുധിഷ്ഠിരൻ, ഭീമൻ, അർജുനൻ, നകുലൻ, സഹദേവൻ, യുയുത്സു, അശ്വത്ഥാമാവ്, സാത്യകി, കൃതവർമാവ്, കൃപാചാര്യർ, ധൃഷ്ടദ്യുമ്നൻ, ശിഖണ്ഡി, പ്രതിവിന്ധ്യ, സുതസോമ, ശ്രുതകർമ, ശതനിക, ശ്രുതസേന എന്നിവരാണ് ആ 18 പേർ. ഇവരിൽ അവസാനത്തെ ഏഴുപേരെ യുദ്ധശേഷമുള്ള രാത്രി (അതായത്, ആ പതിനെട്ടാം രാത്രി), അശ്വത്ഥാമാവ് വധിയ്ക്കുകയുണ്ടായി]
6. പതിനെട്ടും ഭഗവത് ഗീതയും:
മഹാഭാരതത്തിലെ ഭീഷ്മപർവ്വത്തിൽ വരുന്ന, അതിപ്രശസ്തമായ ഭഗവത് ഗീതയിലും ഉള്ളത് 18 അദ്ധ്യായങ്ങളത്രെ.
7. പതിനെട്ടും ശ്രീകൃഷ്ണനും:
ശ്രീകൃഷ്ണൻ തന്റെ 18 വയസ്സിലത്രേ കംസനെ വധിച്ചത്.
കംസവധത്തിൽ കലിപൂണ്ട ജരാസന്ധൻ, കൃഷ്ണനെ ആക്രമിച്ചതും (എല്ലായ്‌പ്പോഴും പരാജയപ്പെട്ടതും) 18 തവണയത്രെ.
8. മറ്റു പെരുമകൾ:
ആദ്യ ഉപനിഷത്തായ ഇശ-ഉപനിഷത്തിൽ 18 മന്ത്രങ്ങളത്രെ.
പ്രധാന യജ്ഞങ്ങളിൽ ഉണ്ടാകുക 18 മുഖ്യപുരോഹിതരത്രെ.
**************
പ്രിയ വായനക്കാരെ,
ഈ ലേഖകന്റെ കണ്ണിൽപ്പെടാത്ത ഒരുപാട് ഐതിഹ്യപ്പെരുമകൾ നമ്മുടെ ഈ 18 ന് ഇനിയുമുണ്ടാകും, തീർച്ച. അതറിയുമെങ്കിൽ, അറിയിയ്ക്കുക. നമുക്കവയെക്കൂടി നമ്മുടെ ഈ ലേഖനത്തിൽ കൂട്ടിച്ചേർക്കാം. എന്താ?
സ്നേഹത്തോടെ
ബിനു മോനിപ്പള്ളി
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
പിൻകുറിപ്പ്:
സൂചികകൾ:
[1]. മഹാഭാരതത്തിലെ പർവ്വങ്ങൾ: (1) Adi Parva, (2) Sabha Parva, (3) Vana Parva, (4) Virata Parva, (5) Udyoga Parva, (6) Bhisma Parva, (7) Drona Parva, (8) Karna Parva, (9) Shalya Parva, (10) Sauptika Parva, (11) Stri Parva, (12) Shanti Parva, (13) Anushasana Parva,(14) Ashwamedhika Parva, (15)Ashramavasika Parva, (16) Mausala Parva, (17)Mahaprasthanika Parva (18) Svargarohana Parva.
[2]. പതിനെട്ട് പുരാണങ്ങൾ: (1) Vishnu, (2) Narada,(3) Bhagavata, (4) Garuda, (5) Padma (6) Varaha, (7) Matsya, (8) Kurma, (9) Linga, (10) Shiva, (11) Skanda, (12) Agni, (13) Brahmanda,(14) Brahmavaivarta, (15) Markandeya, (16) Bhavisya, (17) Vamana, (18) Brahma Puranas.
[3]. പതിനെട്ട് ഉപപുരാണങ്ങൾ: [The Upa-Puranas specified in Devi Bhagavata] (1) Sanatkumara, (2) Narasimha, (3) Naradiya, (4) Siva, (5) Durvasav, (6) Kapila, (7) Manava, (8) Ausanasa, (9) Varuna, (10) Kalika, (11) Samba, (12) Nandi, (13) Saura, (14) Parasara, (15) Aditya, (16) Maheswara,(17) Bhargava, (18) Vasishta.
[4]. പതിനെട്ട് സ്മൃതികൾ: (1) Atri, (2)Viṣṇu, (3)Hārīta,(4)Auśanasī,(5)Āngirasa,(6)Yama,(7)Āpastamba,(8)Samvartta,(9)Kātyāyana,(10)Bṛhaspati,(11)Parāśara,(12)Vyāsa,(13)Śaṅkha,(14)Likhita,(15)Dakṣa,(16)Gautama,(17)Śātātapa,(18)Vaśiṣṭha
[5]. ഭഗവത് ഗീതയിലെ അദ്ധ്യായങ്ങൾ: (1) Arjuna's Vishada Yoga (2) Sankhya Yoga (3) Karma Yoga (4) Jnana-Karma-Sanyasa Yoga (5) Karma-Sanyasa Yoga (6) Atma-Samyama Yoga (7) Jnana-Vijnana Yoga (8) Aksara-ParaBrahma Yoga (9) Raja-Vidya-Raja-Guhya Yoga (10) Vibhuti Yoga (11) Viswarupa-Darsana Yoga (12) Bhakti Yoga (13) Ksetra-Ksetrajna-Vibhaga Yoga (14) Gunatraya-Vibhaga Yoga (15) Purushottama Yoga (16) Daivasura-Sampad-Vibhaga Yoga (17) Shraddhatraya-Vibhaga Yoga (18) Moksha-Sanyasa Yoga
👍👍🙏
ReplyDelete