കേരള നാടേ, നീ കേഴുക [കവിത]
കേരള നാടേ, നീ കേഴുക ..!
[കവിത]
ചാനലിൻ മൈക്കൊന്നു കാണുമ്പോളറിയാതെ
അടി മുതൽ മുടി വരെ രോമഹർഷം
വായ് വന്നു നിറയുന്നതെന്തെന്നു പോലു-
മിന്നാർക്കുമില്ലൊട്ടൊരു കുണ്ഠിതവും
മതമില്ലെനിയ്ക്കെന്നു മേനി നടിയ്ക്കുമാ
നേതാവ് ചൊല്ലുന്നു 'ജാതിപർവ്വം'
അനുബന്ധമായിട്ടു പിറ്റേന്ന് വന്നതോ
നീളം കുറയാത്ത ലിസ്റ്റൊരെണ്ണം
ലിസ്റ്റെന്ന് കേൾക്കുമ്പോൾ ഞെട്ടേണ്ട, ലിസ്റ്റത്
ജോലിയ്ക്കു വേണ്ടിയിട്ടല്ല കേട്ടോ
പോയവർഷത്തിലങ്ങാകെയും 'കേസാ'യ
'പ്രതികൾ' തൻ പേരുകളായിരുന്നു
ഇരവിലും പകലിലും ജാതിയില്ലാത്തവർ
ജോലിയ്ക്കുവേണ്ടിയെന്നായീടുകിൽ
ആദർശമൊക്കെയും ആവിയ്ക്കു വച്ചിട്ടു
'ജാതിച്ചീട്ടൊ'പ്പിച്ചു കേറിടുന്നു
നാരികൾക്കാകെയും നീതികൊടുക്കുവാൻ
രൂപീകരിച്ചൊരാ കമ്മീഷനിൽ
'ബഹുമാന ബിരുദ'ത്തിൻ പൊരുളഴിച്ചീടുവാൻ
ഓടിക്കിതയ്ക്കുന്നു ആരോ ഒരാൾ
'സിനിമയിൽ പീഡനം', കേട്ടതേ വച്ചതാ
കമ്മീഷനൊന്നതിവേഗേന നാം
'ജാഗ്രതക്കുറവെ'ന്ന് ചൊല്ലുവാൻ നമ്മളി-
ന്നാർക്കും കൊടുക്കരുതൊരുമാത്രയും
വർഷങ്ങൾ രണ്ടങ്ങ് മാഞ്ഞപ്പോൾ, ഒരു കോടി
ആവിയായ് തീർന്നപ്പോൾ, എത്തിയോരാ
ഭംഗിയിൽ 'ബൈൻഡി'യ പുസ്തകക്കെട്ടത്
തട്ടിൻപുറത്തേയ്‌ക്ക് കേറ്റിവച്ചു
കുറ്റം പറയരുതൊട്ടുമേ, വൈകാതെ
ഉണ്ടാക്കി മൂന്നംഗ കമ്മറ്റിയും
കമ്മീഷൻ നൽകിയ റിപ്പോർട്ട് പഠിയ്ക്കുവാൻ
ഇനി രണ്ടു വർഷങ്ങൾ പോയിടട്ടെ
പണ്ടെങ്ങോ കൊച്ചിയിൽ കാക്കീം-കറുപ്പുമായ്
ഏറ്റങ്ങുമുട്ടീപ്പോൾ വച്ചു നമ്മൾ
ആരേം പിണക്കാതെ, ഒട്ടും മടിയ്ക്കാതെ
കമ്മീഷനൊന്നങ്ങ് ധൃതിയോടെ
കാലം കടന്നു പോയ്, അവർ തമ്മിൽ കൂട്ടുമായ്
എങ്കിലും 'റിപ്പോർട്ടി'ങ്ങെത്തിയില്ല
പാതിയായ് ചാരിയ വാതിലിൽ നാമിന്നും
'ബൈൻഡി'യ പുസ്തകം കാത്തിരിപ്പൂ
പ്രതിപക്ഷ വായയെ മൂടുവാൻ, മാധ്യമ-
പ്പടയുടെ പശിയെയൊന്നാറ്റീടുവാൻ
കഴുതയാം ജനതയുടെ കണ്ണങ്ങു മൂടുവാൻ
കമ്മീഷനല്ലയോ സിദ്ധൗഷധം
കമ്മീഷൻ വയ്ക്കും നാം, കമ്മീഷൻ വാങ്ങും നാം
കമ്മീഷൻ ചെയ്യാതെ പദ്ധതികൾ
നാടിന്റെ നെഞ്ചതിൽ വൃണമായി മാറുമ്പോൾ
ഊറിച്ചിരിയ്ക്കുമാ അധികാരികൾ
കല്യാണവീടിന്റെ ആഘോഷമായിന്നു
പൊട്ടിച്ചെറിയുന്നു കൈബോംബുകൾ
ചിതറിത്തെറിയ്ക്കുന്ന കാഴ്ചയ്ക്കു മുന്നിലും
നിർവികാരർ നിന്റെ മക്കളിന്ന്
ദിനപത്രത്താളുകൾ പതിയെ മറിയ്ക്കുമ്പോ-
ളറിയാതെ ഉലയുന്നു നെഞ്ചകങ്ങൾ
മത്സരിച്ചവിടൊക്കെ ആകെ നിറയുന്ന
പീഡനവാർത്തകൾ കൺ നിറയ്ക്കേ
നാടാകെ നിറയുന്ന മധുപാനശാലകൾ
ഇവിടെങ്ങുമുയരുന്ന ലഹരിച്ചുരുൾ
ആവേശമേറ്റുവാൻ അഭ്യാസബൈക്കുകൾ
ഇറ്റുവീഴുന്നതോ 'തേൻകെണി'കൾ
കേരള നാടേ നീ കേഴുക, നിൻ മക്കൾ
ദുരിതത്തിൽ മുങ്ങുമീ കാഴ്ച കാൺകെ
ഇനിയൊരു ജീവിതം മുന്നിലില്ലാതവർ
അവസാന ശ്വാസത്തിലാശ്വസിയ്‌ക്കേ !!
******
- ബിനു മോനിപ്പള്ളി
******
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
******
രോഷം ജ്വലിക്കുന്ന വാക്കുകൾ ചേർത്ത വരികൾ ഏറെ ചിന്തിപ്പിക്കുകയും, ലജ്ജിപ്പിക്കുകയും ചെയ്യുന്നു. എല്ലാം പരമ സത്യങ്ങൾ . ഇങ്ങനെയെങ്കിലും നമ്മുടെ രോഷം ആളിക്കത്തിക്കാം.
ReplyDeleteനല്ല കവിത. ഒത്തിരി ഇഷ്ടമായി.
ബിനു മോനിപ്പിള്ളിയുടെ അടുത്ത രചനയ്ക്കു വേണ്ടി ആരും കാത്തിരിക്കും.
ബിനുവിന് അഭിനന്ദനങ്ങൾ
രേഖ വെള്ളത്തൂവൽ
ഏറെ സന്തോഷം സാർ.... ആരോടുമുള്ള വിരോധം അല്ല ...മറിച്ച്, നമ്മുടെ ഈ നാടിന്റെ ദുസ്ഥിതിയെ കുറിച്ചുള്ള ആശങ്കകൾ ആണ് ഏറെ .... അതിന്റെ ധാർമ്മിക രോഷവും
Deleteനീതിക്ക് നിരക്കാത്ത ചെയ്തികൾ കണ്ടെങ്കിലും..
ReplyDeleteജ്വലിക്കട്ടെ പുതു തലമുറയുടെ എങ്കിലുമാത്മ രോക്ഷം.....
നന്നായി ബിനു....
അതെ അജീഷേ .... പലപ്പോഴും ഈ നാടിന്റെ ഇന്നത്തെ അവസ്ഥ നമ്മുടെ ഉള്ളിൽ സങ്കടവും രോഷവും സഹതാപവും ഒരുമിച്ചു ജനിപ്പിയ്ക്കും .... പിന്നെ നിസ്സഹായ അവസ്ഥയും ....
DeleteGreat 👍
ReplyDelete