പാൽച്ചുരമിറങ്ങിയൊരു പറശ്ശിനി യാത്ര [വയനാടൻ ടൂർ ഡയറി-2002: ഭാഗം-2]
പാൽച്ചുരമിറങ്ങിയൊരു പറശ്ശിനി യാത്ര
[വയനാടൻ ടൂർ ഡയറി-2002: ഭാഗം-2]
നനുനനുത്ത ആ വയനാടൻ പ്രഭാതം. ഞായർ ദിവസമെങ്കിലും, നന്നേ വെളുപ്പിന് തന്നെ ഉറക്കമുണർന്നു. അതും, നമ്മുടെ ആ ജനാലക്കുരുവിയെ ആദ്യമായി ഒന്ന് തോൽപ്പിച്ചു കൊണ്ട് !
തണുത്തുറഞ്ഞ വെള്ളത്തിൽ ഒരു കുളി കൂടിയായപ്പോൾ, ആഹാ ... മേലാസകലം കിടുകിടുത്തു. പിന്നെ, ആവി പറക്കുന്ന ഒരു ചായ.
എല്ലാവരും തയ്യാറായല്ലോ? ഉഷാറായല്ലോ?
ഇന്നത്തെ നമ്മുടെ യാത്ര തുടങ്ങുകയായി. കൊയ്തൊഴിഞ്ഞ, പുലർമഞ്ഞ് മൂടിയ, കൊട്ടവയൽ പാടത്തെ ആ സ്ഥിരം വഴിയിലൂടെ യാത്ര ചെയ്യുമ്പോൾ വീണ്ടും ഒരു ഫോട്ടോ കൂടി എടുക്കാതിരിയ്കാനായില്ല.
ഇന്ന് നമ്മൾ, വയനാടൻ പാൽച്ചുരമിറങ്ങി, കണ്ണൂരിന്റെ ആ ചുവന്ന മണ്ണിലേക്കാണ്. താമരശ്ശേരി ചുരം അഥവാ വയനാട് ചുരം നമുക്കെല്ലാം ഏറെ പരിചിതമാണെങ്കിലും, പാൽച്ചുരം അഥവാ ബോയ്സ് ടൌൺ ചുരം നിങ്ങളിൽ പലർക്കും, അത്ര പരിചയം കാണില്ല. അല്ലേ? വയനാട് ജില്ലയേയും, കണ്ണൂർ ജില്ലയേയും തമ്മിൽ ബന്ധിപ്പിയ്ക്കുന്നതാണ് ഈ പാൽച്ചുരം.
താരതമ്യേന വീതിയും, ദൈർഘ്യവും കുറഞ്ഞതും, എന്നാൽ ഒട്ടേറെ കൊടുംവളവുകൾ നിറഞ്ഞതുമാണ് ഈ ചുരം. [ആദ്യം ചേർത്തിരിയ്ക്കുന്ന, പാൽച്ചുര യാത്രയുടെ ആ ചെറുവീഡിയോ കാണുക]. ഇരുവശങ്ങളും നിബിഡമായ കാടുകൾ നിറഞ്ഞതിനാൽ തന്നെ, പ്രകൃതിമനോഹരവും, ഒപ്പം ഏറെ ഹരിതാഭവും കൂടിയാണ് ഈ ചുരവും. താമരശ്ശേരി ചുരത്തിനേക്കാൾ, ഒരു പക്ഷെ കുറച്ചു കൂടി കുത്തനെയുള്ള കയറ്റിറക്കങ്ങൾ ഉള്ളതാണ് ഈ പാൽച്ചുരം.
ബോയ്സ് ടൗണിന്റെ തുടക്കത്തിലെ ആ തേയിലക്കാടുകൾ നമുക്ക് സമ്മാനിയ്ക്കുന്നത് മനോഹരമായ പ്രകൃതി ഭംഗിയാണ്.
ചുരമിറങ്ങി നമ്മളെത്തുന്നതോ?
സഹ്യാദ്രിയുടെ മടിത്തട്ടിലെ, "ദക്ഷിണ കാശി" എന്നറിയപ്പെടുന്ന കൊട്ടിയൂരപ്പന്റെ ആ തിരുനടയിലേക്കാണ്.
മനോഹരിയും, വർഷത്തിൽ ഏറെ സമയവും നാണംകുണുങ്ങിയുമായ, ആ ബാവലിപ്പുഴയുടെ ഇരുകരകളിലുമായി, രണ്ട് ക്ഷേത്രങ്ങളാണ് ഇവിടെ ഉള്ളത് - അക്കരെ കൊട്ടിയൂരും, ഇക്കരെ കൊട്ടിയൂരും.
ഇതിൽ, ഇക്കരെ കൊട്ടിയൂരിലേയ്ക്കാണ് ചുരമിറങ്ങി നമ്മൾ എത്തുന്നത്.
ഐതിഹ്യം: ക്ഷണിയ്ക്കപ്പെടാതെ, ദക്ഷന്റെ യാഗവേദിയിലെത്തിയ സതീദേവി, സ്വന്തം പിതാവിൽ നിന്നും കേൾക്കേണ്ടി വന്ന കൊടിയ അപമാന വാക്കുകൾ സഹിയ്ക്കാനാവാതെ, ആ യാഗാഗ്നിയിൽ സ്വജീവൻ ബലിയർപ്പിയ്ക്കുന്നു. ഇതറിഞ്ഞ ശിവൻ, അതീവ കോപാകുലനായി തന്റെ ജട പറിച്ചെറിയുകയും, അതിൽ നിന്നും ഉഗ്രരൂപികളായ വീരഭദ്രനും, ഭദ്രകാളിയും ഉയിർകൊള്ളുകയും ചെയ്യുന്നു. ശിവാജ്ഞയനുസരിച്ച്, ഇരുവരും ആ യാഗവേദിയെ മുച്ചൂടും മുടിയ്ക്കുകയും, ഒടുവിൽ വീരഭദ്രൻ ദക്ഷനെ വധിയ്ക്കുകയും ചെയ്യുന്നു.
ഈ യാഗവേദി പിന്നീട് ഘോരവനമായി മാറുകയും, അനേക വർഷങ്ങൾക്കു ശേഷം, ഒരിയ്ക്കൽ ഈ വനത്തിൽ വേട്ടയാടാനെത്തിയ ചില കുറിച്യർ, തങ്ങളുടെ അമ്പിന് മൂർച്ച കൂട്ടാൻ ഒരു കാട്ടുകല്ലിൽ ഉരയ്ക്കുകയും, അപ്പോൾ ആ കല്ലിൽ നിന്നും നിലയ്ക്കാത്ത രക്തപ്രവാഹമുണ്ടാകുകയും ചെയ്തു. ആകെ ഭയന്നു പോയ കുറിച്യർ, ഇക്കാര്യം അടുത്തുള്ള ഇല്ലത്ത് അറിയിയ്ക്കുകയും, അവർ കല്ലിനു സമീപമെത്തി നെയ്യ്, ജലം, പാൽ ഇവ കൊണ്ടൊക്കെ കഴുകിയിട്ടും രക്തപ്രവാഹം നിലയ്ക്കാതെ വരികയും, ഒടുവിൽ കരിക്കിൻ വെള്ളം കൊണ്ട് അഭിഷേകം നടത്തിയപ്പോൾ, ആ രക്തപ്രവാഹത്തിന് കാര്യമായ ശമനമുണ്ടാകുകയും ചെയ്തുവത്രേ.
പിന്നീട് തന്ത്രിവര്യന്മാരുടെയും മറ്റും പ്രശ്ന-ചിന്തയിൽ, ഈ സ്ഥലം പണ്ട് ദക്ഷയാഗം നടന്ന അതേ സ്ഥലമെന്നു കാണുകയും, രക്തം പൊടിഞ്ഞ ആ കല്ല് സ്വയംഭൂവായ ശിവനാണെന്നു കാണുകയും ചെയ്തു.
ആ സ്ഥലമത്രെ, ഇപ്പോഴത്തെ 'അക്കരെ കൊട്ടിയൂർ'. വർഷത്തിൽ, വൈശാഖ മഹോത്സവത്തിനു (സാധാരണയായി മെയ്-ജൂൺ മാസങ്ങളിൽ) മാത്രമാണ് അക്കരെ കൊട്ടിയൂർ ക്ഷേത്രം ഇപ്പോഴും തുറക്കാറുള്ളത്.
നാലുകെട്ട് മാതൃകയിലുള്ള 'ഇക്കരെ കൊട്ടിയൂരിൽ' ഇപ്പോൾ നടക്കുന്ന ദിവസ പൂജയും മറ്റും, ശങ്കരാചാര്യർ ചിട്ടപ്പെടുത്തിയതാണെന്നു വിശ്വസിയ്ക്കപ്പെടുന്നു.
കോപാഗ്നിയാൽ ശിവൻ വലിച്ചെറിഞ്ഞ ആ ജടയെ സൂചിപ്പിയ്ക്കുന്നതാകണം, ലോകത്തിൽ മറ്റൊരു ക്ഷേത്രത്തിലും കാണാത്ത, കൊട്ടിയൂരിലെ മാത്രം പ്രത്യേകതയായ ആ 'ഓടപ്പൂവ്'.
അവധി ദിവസമായതിനാലും, അതിരാവിലെ ആയതിനാലുമാകണം, അമ്പലവും പരിസരങ്ങളും ഏതാണ്ട് വിജനമായിരുന്നു. അതിനാൽ തന്നെ, സമയമെടുത്ത് കൊട്ടിയൂരപ്പനെ (ഇക്കരെ കൊട്ടിയൂർ) തൊഴുതു.
ചെറുതെങ്കിലും അതിപുരാതനമായ ക്ഷേത്രത്തിന്റെ, കാട്ടുതടികളുടെ കാതലിൽ തീർത്ത ആ കനത്ത മേൽക്കൂര ഇന്നും കാര്യമായ ഒരു കേടുപാടുകളും കൂടാതെ, കാലത്തെ തന്നെ അതിജീവിച്ചങ്ങിനെ നിൽക്കുന്നു.
എടുത്തു പറയേണ്ട മറ്റൊരു കാര്യം, പതിവില്ലാത്ത ഒരുതരം നിശബ്ദതയാണ് ക്ഷേത്രത്തിലും പരിസരങ്ങളിലും എല്ലായ്പ്പോഴും. കൂടെ, ഒരല്പം ഭയം ജനിപ്പിയ്ക്കുന്നതും. ക്ഷേത്രത്തിനു ചുറ്റുമുള്ള നിബിഡമായ ആ കാനനച്ഛായയും, പിന്നെ കോപാകുലനായ ശിവനുമായി ബന്ധപ്പെട്ടതാണ് ഈ ക്ഷേത്രം എന്നതുമാകണം, അതിനു കാരണം.
അക്കരെ കൊട്ടിയൂരിൽ പ്രവേശനം ഇല്ലാത്തതിനാൽ തന്നെ, ഞങ്ങൾ യാത്ര തുടർന്നു.
അതിരാവിലെ തിരിച്ചത് കൊണ്ടാകണം, വയറ്റിൽ വിശപ്പു വല്ലാതെ ആളാൻ തുടങ്ങി. പക്ഷേ, ഞായറാഴ്ചയും നൊയമ്പുകാലവും ഒരുമിച്ചതിനാൽ തന്നെ, വഴിയിലെങ്ങും ഒരു ഹോട്ടലും തുറന്നു കണ്ടില്ല. അവസാനം ഒരെണ്ണം കണ്ടെത്തി, പ്രഭാത ഭക്ഷണം കഴിച്ചു. അതോടെ എല്ലാവരും വീണ്ടും ഉഷാറായി.
അധികം വൈകാതെ, വളപട്ടണം പുഴയുടെ ആ മനോഹരതീരത്ത്, അങ്ങകലെ തെങ്ങിൻ തോപ്പുകൾക്കിടയിലായി, പതുക്കെ ദൃശ്യമായി പറശ്ശിനി മുത്തപ്പൻ മടപ്പുര.
(പതിവിൽ നിന്നും വിഭിന്നമായി, മുത്തപ്പക്ഷേത്രത്തെ, ക്ഷേത്രം എന്നതിനേക്കാൾ 'മടപ്പുര' എന്നാണ് പ്രാദേശികമായി വിളിയ്ക്കുന്നത്. ഇവിടുത്തെ പൂജാരിയെ ആകട്ടെ, 'മടയൻ' എന്നും).
ഹൈന്ദവ വിശ്വാസധാരയിലെ ആരാധനാമൂർത്തികളിൽ, ഒരു 'റിബൽ' പരിവേഷമാണ് മുത്തപ്പനുള്ളത്, എന്നു വേണമെങ്കിൽ പറയാം. അദ്ദേഹം പനങ്കള്ള് കുടിയ്ക്കും, ചുട്ടെടുത്ത മൽസ്യം കഴിയ്ക്കും. ഒരു നായാട്ടുകാരനെപ്പോലെ എപ്പോഴും അമ്പും വില്ലും കൂടെ കരുതും. അതും പോരാഞ്ഞ്, സന്തതസഹചാരികളായി ഉള്ളതോ? അസംഖ്യം നായ്ക്കളും.
ജാതി-മത-ഭാഷ-ലിംഗ-ദേശ-വേഷ ഭേദമന്യേ, സകലർക്കും എന്നും എപ്പോഴും പ്രവേശനമുള്ളതാണ് മുത്തപ്പൻ മടപ്പുര. "വസുധൈവ കുടുംബകം" എന്ന ആ മനോഹര സ്വപ്നത്തിന്റെ അഥവാ ആശയത്തിന്റെ ഒരു നേർ സാക്ഷാത്കാരം എന്ന് വേണമെങ്കിലും പറയാം.
ആ മടപ്പുരയിൽ, അങ്ങോളമിങ്ങോളം സർവ്വസ്വതന്ത്രരായി വിലസുന്ന അനേകം നായ്ക്കളെ നിങ്ങൾക്ക് എപ്പോഴും കാണാം. ഒരു പക്ഷേ, ലോകത്ത് മറ്റൊരു ആരാധനാലയത്തിനുള്ളിലും, ഇതേ പോലെ നായ്ക്കൾ സ്വൈര്യവിഹാരം നടത്തുന്നുണ്ടാകില്ല.
ഐതിഹ്യം: വിവാഹ ശേഷം, വർഷങ്ങളോളം കുട്ടികളില്ലാതിരുന്ന അയങ്കര ഇല്ലത്തെ പാടിക്കുറ്റി അന്തർജ്ജനത്തിന്, 'തിരുവൻ കടവി'ലെ തന്റെ നീരാട്ടിനിടെ, തിങ്കൾ പ്രഭയുള്ള ഒരു പൈതലിനെ കിട്ടുന്നു. അവരാകട്ടെ, ആ കുട്ടിയെ പൊന്നു പോലെ നോക്കി വളർത്തി. എന്നാൽ കുറച്ചു മുതിർന്നപ്പോൾ, ഇല്ലത്തെ മാത്രമല്ല ചുറ്റുമുള്ള നാട്ടുകാരുടെ തന്നെ ആചാരങ്ങളും നിയമങ്ങളും ഒന്നും വകവയ്ക്കാത്ത രീതിയിലേയ്ക്ക് ആ കുട്ടിയുടെ സ്വഭാവം തന്നെ ആകെ മാറുകയും, ക്രമേണ സ്വന്തം ഇല്ലത്തു നിന്ന്, ഈ ഒരു കാരണത്താൽ തന്നെ പുറത്താക്കപ്പെടുകയും ചെയ്തുവത്രേ.
കീഴ്ജാതിക്കാരോടൊപ്പം, കുന്നത്തൂർ പാടിയിൽ നായാട്ടു ജീവിതം നയിച്ച ആ യുവാവ്, പിന്നീട് 308 പാടികളും എണ്ണമറ്റ പൊടിക്കളങ്ങളും സ്ഥാപിയ്ക്കുകയും, സവർണ്ണരാൽ തീണ്ടാപ്പാടകലെ നിർത്തപ്പെട്ടിരുന്ന കീഴ്ജാതിക്കാർക്കു നേതാവായി മാറുകയും ചെയ്തു. തൊട്ടുകൂടായ്മയുടെയും, തീണ്ടിക്കൂടായ്മയുടെയും ആ കാലത്ത്, ഇത്തരം പ്രവൃത്തികൾ വലിയൊരു സാംസ്കാരിക വിപ്ലവം തന്നെ സൃഷ്ടിയ്ക്കുകയും, മുത്തപ്പൻ വലിയൊരു ജനസമൂഹത്തിന്റെ ആരാധനാമൂർത്തിയാവുകയും ചെയ്തു; എന്നാണ് ഐതിഹ്യം.
ഒരു പക്ഷെ, ഒരു ദൈവം അല്ലെങ്കിൽ അവതാര പുരുഷൻ എന്നതിനേക്കാൾ, തന്റേതുമാത്രമായ ആ രീതിയിൽ, സാമൂഹിക തിന്മകളെ എതിർക്കുകയും, താൻ പറഞ്ഞതെന്തോ? അത് സ്വജീവിതത്തിൽ ചെയ്തു കാണിയ്ക്കുകയും ചെയ്ത ഒരു 'കടുത്ത സാമൂഹ്യ പരിഷ്കർത്താവ്' അഥവാ തീർത്തും 'വ്യത്യസ്തനായൊരു രക്ഷകൻ' എന്ന വിശേഷണം ആകും, മുത്തപ്പന് കൂടുതൽ ഇണങ്ങുക എന്ന് തോന്നുന്നു.
അതുകൊണ്ടു തന്നെയാകാം, ഇവിടെ മുത്തപ്പൻ തന്റെ കൈപിടിയ്ക്കുമ്പോൾ, ഒരു ഭക്തന്, ദൈവത്തോടുള്ള ആ ഭയഭക്തി മിശ്രിതമായ ആ ഒരു ആരാധനയേക്കാൾ, ഒരു രക്ഷിതാവിനോടുള്ള ആ അടുപ്പവും, കൂടെ ഒരു അധിക സുരക്ഷിതത്വവും അനുഭപ്പെടുന്നതും.
ഇവിടുത്തെ പ്രധാന വഴിപാടുകൾ ഇവയാണ് - തിരുവപ്പന, പയംകുറ്റി വെള്ളാട്ടം, ഊട്ടും വെള്ളാട്ടം, പയംകുറ്റി, കരിംകലശം, ചോറൂണ്.
വഴിപാടുകളുടെ കാര്യം പറയുമ്പോൾ എടുത്തു പറയേണ്ട മറ്റൊന്നാണ് വഴിപാടുകൾ നടത്താനുള്ള ചിലവ്. ഇവിടുത്തെ ഏറ്റവും ചിലവേറിയ വഴിപാടായ 'തിരുവപ്പന അടിയന്തിര'ത്തിന്റെ ചിലവ് വെറും 50 രൂപ മാത്രമാണ്.
മടപ്പുരയിലെ വിവിധ ആചാര-ആഘോഷങ്ങൾ, കണ്ണൂർ ദേശത്തിന്റെ സ്വന്തമായ ആ തെയ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നു വേണമെങ്കിൽ പറയാം. ആര്യ സംസ്കാരത്തിനും മുൻപ്, ഇവിടെ നിലനിന്നിരുന്ന ദ്രാവിഡ സംസ്കാരത്തിലത്രേ തെയ്യത്തിന്റെ ഉത്ഭവം.
ഒരു കാര്യം പറയാൻ മറന്നു. മറ്റ് ആരാധനാലയങ്ങളിൽ നിന്നും വ്യത്യസ്തമായി, ഇവിടെ ഭക്തർക്ക് പ്രസാദമായി നൽകുന്നത് ചന്ദനമോ, കുങ്കുമമോ, പായസമോ ഒന്നുമല്ല കേട്ടോ. ഒരു വാഴയിലച്ചീന്തിൽ, കുറച്ച് പുഴുങ്ങിയ പയറും, ഒരു തേങ്ങാപ്പൂളും, പിന്നെ കൂടെ ഒരു ഗ്ലാസ് നിറയെ ചൂട് ചായയും ആണ്. അതും വരുന്നവർക്കെല്ലാം, രാവിലെ 7:30 മുതൽ രാത്രി 8:00 മണി വരെ, ഒരു മുടക്കവും കൂടാതെ.
അവധി ദിവസമായതിനാൽ തന്നെ, ഞങ്ങൾ എത്തുമ്പോൾ ആകെ ജനനിബിഢമായിരുന്നു മടപ്പുരയും പരിസരങ്ങളും. വിശാലമായ എല്ലാ പാർക്കിംഗ് സ്ഥലങ്ങളും നിറഞ്ഞിരുന്നു. എങ്കിലും, ക്ഷമയോടെ കാത്തു നിന്ന് തൊഴുതിറങ്ങി.
തൊട്ടടുത്ത് DTPC യുടെ ബോട്ട് സവാരിയുണ്ട്. നേരെ അതിൽ കയറി. ഓളങ്ങളടങ്ങി, ഏതാണ്ട് നിശബ്ദമായ, വളപട്ടണം പുഴയുടെ ആ നിറഞ്ഞ മാറിലൂടെ, വളരെ സാവധാനമുള്ള ആ ബോട്ട് സവാരി, കത്തുന്ന ഉച്ചവെയിലിന്റെ ക്ഷീണം അപ്പാടെ മാറ്റി. ഒപ്പം, ഇരു കരകളിലുമായി നിറഞ്ഞുനിൽക്കുന്ന കേരനിരകളെ തഴുകിയെത്തുന്ന തണുത്ത കാറ്റും കൂടിയായപ്പോൾ, ശരീരമൊന്നു തണുത്തു.
തിരികെ കടവിലേക്കടുക്കുന്നതിന് മുൻപേ, ബോട്ടിൽ നിന്നും നിങ്ങൾക്കായി മടപ്പുരയുടെ ചില സുന്ദര ദൃശ്യങ്ങൾ കൂടി പകർത്തിയെടുത്തു.
ഇപ്പോൾ നേരം ഉച്ച കഴിഞ്ഞിരിയ്ക്കുന്നു. ഞങ്ങൾ കണ്ണൂരിലേക്കു യാത്ര തുടർന്നു. ടൗണിൽ എത്തുമ്പോഴേയ്ക്കും വിശപ്പ് വീണ്ടും അതികഠിനമായി. നല്ല ഹോട്ടലുകൾ ഗൂഗിളിൽ തിരഞ്ഞെങ്കിലും, അതിനിടയിൽ ഇന്ത്യൻ കോഫീ ഹൌസ് കണ്ടതിനാൽ അവിടെ കയറി. പക്ഷേ, പ്രതീക്ഷയ്ക്കു വിപരീതമായി അത് ഞങ്ങളെ നിരാശപ്പെടുത്തിക്കളഞ്ഞു, എന്നു തന്നെ പറയേണ്ടി വരും. നന്നായി വിശന്നിരുന്നിട്ടു പോലും, ഒട്ടും രുചികരമായി തോന്നിയില്ല അവിടുത്തെ ഊണ് വിഭവങ്ങൾ. ഒരു പക്ഷേ, ഈ യാത്രയിലെ ഒരേയൊരു നിരാശ.
പിന്നെ, നേരെ പയ്യാമ്പലം ബീച്ചിലേയ്ക്ക്.
ഏറെ നാളുകളായി കുട്ടികൾ പറയുന്നതാണ് ഒരു ബീച്ച് യാത്ര. കോവിഡിന്റെ പേരും പറഞ്ഞാണ് ഇത്രയും നാൾ പിടിച്ചു നിന്നത്. ഇത്തവണ അതങ്ങു നടത്തിക്കൊടുക്കാമെന്നു കരുതി.
മുകളിൽ കത്തുന്ന സൂര്യൻ, താഴെ ഇളകിമറിഞ്ഞ്, ചിരിച്ചു കുഴഞ്ഞ്, ഞങ്ങളെ മാടിവിളിയ്ക്കുന്ന കടൽ, കൂടെയുള്ളതോ? ചാടിത്തിമിർക്കാൻ ധൃതി പിടിയ്ക്കുന്ന കുട്ടിപ്പട്ടാളവും.
ഇനി, തീരത്തോ? തീയിൽ വറുത്തെടുത്തതു പോലെ ചൂടുള്ള പഞ്ചസാരമണലും. എന്താല്ലേ?
പക്ഷേ, ആ കടൽ വെള്ളത്തിലേക്ക് കാലെടുത്തു വച്ചപ്പോൾ തന്നെ, ചൂടൊക്കെ മാറി. കടൽ വെള്ളത്തിന്റെ കുളിർമ, പിന്നെ തിരയുടെ ആ നനുത്ത തഴുകൽ, അത് സൂര്യന്റെ ചൂടിനെ താൽക്കാലികമായെങ്കിലും അകറ്റി. ഏതാണ്ട് അരമുക്കാൽ മണിക്കൂറോളം കുട്ടികൾ കടലിൽ കുളിച്ചു തിമിർത്തു.
കേരളത്തിലെ ഏതൊരു ബീച്ചിലും എന്നത് പോലെ, സന്ദർശകർക്കു വേണ്ട പ്രാഥമിക സൗകര്യങ്ങൾ ഒന്നും തന്നെ, ഇവിടെയുമില്ല. ഡ്രസ്സ് മാറാൻ ഉള്ളതോ, കടൽക്കുളി കഴിഞ്ഞ്, ഉപ്പില്ലാത്ത വെള്ളത്തിൽ ഒന്ന് ഫ്രഷ് ആകാനുള്ളതോ ആയ സജ്ജീകരണങ്ങൾ, ഒന്നും.
നാഴികയ്ക്ക് നാൽപതു വട്ടം, 'കേരളം - ഗ്ലോബൽ ടൂറിസം ഹബ്" എന്നൊക്കെ ആഞ്ഞു തള്ളുന്ന നമ്മൾ, എന്നാണാവോ ഇനി ഇത്രയും ചെറിയ ആ വലിയ 'അടിസ്ഥാന കാര്യങ്ങൾ' പഠിയ്ക്കുന്നതും, അതിൽ കുറച്ചെങ്കിലും ഒന്ന് പ്രാവർത്തികമാക്കുന്നതും?
ഏതാണ്ട് രണ്ടുമണിയോടെ, ഞങ്ങൾ മടക്കയാത്ര തുടങ്ങി. പാൽച്ചുരവും കയറി നേരെ വള്ളിയൂർക്കാവ് ദേവീക്ഷേത്രത്തിലേയ്ക്ക്.
ഏതൊരു കാനന ക്ഷേത്രവും എന്നത് പോലെ, ഏറെ ആകർഷണീയമാണ് ക്ഷേത്രത്തിലേക്കുള്ള ആ കവാടവും, അകത്തേയ്ക്കുള്ള വഴിയും.
വനദുർഗ്ഗ, ഭദ്രകാളി, ജലദുർഗ്ഗ എന്നീ മൂന്നു സ്വരൂപങ്ങളോടെ, ഭഗവതിയാണ് ഇവിടെ പ്രതിഷ്ഠ. മീനമാസം ഒന്നാം തീയതി തുടങ്ങി, 14 ദിവസങ്ങൾ നീണ്ടു നിൽക്കുന്നതാണ് ഇവിടുത്തെ ഉത്സവം. ഒരു പക്ഷേ, വയനാട്ടിലെ ആദിവാസി സമൂഹം ഏറ്റവും കൂടുതലായി പങ്കെടുക്കുന്നതും, ആഘോഷിയ്ക്കുന്നതുമായ ഉത്സവമായിരിയ്ക്കും വള്ളിയൂർക്കാവിലേത്. ഭദ്രകാളിയും ദാരികനും തമ്മിലുള്ള യുദ്ധത്തെ പ്രതീകാത്മകമായി അവതരിപ്പിയ്ക്കുന്ന രുധിരക്കോലം, കളമെഴുത്തും പാട്ടും, വെളിച്ചപ്പാടുകൾ അവതരിപ്പിയ്ക്കുന്ന ഈടും കൂരും, സോപാനനൃത്തം; പിന്നെ ഇവയ്ക്കൊക്കെ പുറമെ, പരമ്പരാഗത വാദ്യമേളങ്ങളോടെ ആദിവാസികൾ അവതരിപ്പിയ്ക്കുന്ന വിവിധ നൃത്ത രൂപങ്ങൾ.... ഇവയൊക്കെ വള്ളിയൂർക്കാവ് ഉത്സവത്തിന്റെ മാത്രം പ്രത്യേകതകളാണ്.
ദർശന സമയം അല്ലാത്തതിനാൽ തന്നെ, ഞങ്ങൾ ചുറ്റമ്പലത്തിനു പുറത്തു നിന്നും തൊഴുത്, മടങ്ങി.
പനമരവും കഴിഞ്ഞ്, വഴിവക്കിലെ ആ കൊച്ചുകടയിൽ നിന്നും ഓരോ ചായയും കുടിച്ച്, വീണ്ടും ഒരു അര മണിക്കൂർ ഡ്രൈവ് കൂടി വേണ്ടി വന്നു, വീടണയാൻ.
പിന്നെ, പകൽ മുഴുവൻ നീണ്ട ആ ദീർഘയാത്രയുടെ ക്ഷീണമകറ്റാൻ, ചെറു ചൂടുവെള്ളത്തിൽ ഒരു കുളി. ശേഷം അത്താഴം.
പിന്നെയോ?
ആംഗ്യഭാഷയിൽ പോലും ഒന്ന് ക്ഷണിയ്ക്കേണ്ടി വന്നില്ല, നിദ്രാദേവി വന്ന് ഇറുകെയങ്ങ് ആലിംഗനം ചെയ്യാൻ.
****
പ്രിയ വായനക്കാരെ, നമ്മുടെ വയനാടൻ യാത്രയുടെ ഈ രണ്ടാം അദ്ധ്യായം നിങ്ങൾക്കിഷ്ടമായി എന്ന് കരുതട്ടെ.
കൂടുതൽ വിശേഷങ്ങളുമായി, അടുത്ത അദ്ധ്യായത്തിൽ വീണ്ടും കാണാം.
********************
സ്നേഹത്തോടെ
ബിനു മോനിപ്പള്ളി
******
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
********
Cooooool
ReplyDeleteBeautiful 👌
ReplyDeletethanks a lot ...
DeleteVery good
ReplyDeletethank you ....
Deleteas usual, oru Yathra poyi thirichu vannathu pole.
ReplyDeletethanks doulathe .....
DeleteVery beautiful travelling
ReplyDeletethank you ....
Deleteവായിച്ചു കഴിഞ്ഞപ്പോൾ ക്ഷേത്രത്തിൽ പോകാതെ തന്നെ ഒരു ക്ഷേത്ര ദർശനം നടത്തിയതുപോലെ തോന്നി. very Good
ReplyDeletethank you bindu ....
Delete