വയനാടിനുണ്ടൊരു വന്യസൗന്ദര്യം [വയനാടൻ ടൂർ ഡയറി - 2022: ഭാഗം-1]
വയനാടിനുണ്ടൊരു വന്യസൗന്ദര്യം
[വയനാടൻ ടൂർ ഡയറി - 2022: ഭാഗം-1]
പതിവു തെറ്റിയ്ക്കാതെ, അതിരാവിലെ 5:30 നു തന്നെ അനന്തപദ്മനാഭന്റെ മണ്ണിൽ നിന്നും, പഴശ്ശിയുടെ നാട്ടിലേക്കുള്ള ആ യാത്ര തുടങ്ങി. ഏതാണ്ട് 2000 കിലോമീറ്റർ നീണ്ട ഒരു യാത്രയുടെ ആരംഭം. വഴിമദ്ധ്യേ ഏറ്റുമാനൂർ ശിവക്ഷേത്രത്തിലും, പിന്നെ മോനിപ്പള്ളി ഭഗവതിക്ഷേത്രത്തിലും ദർശനം. ശേഷം, മോനിപ്പള്ളിയിലെ തറവാട്ട് വീട്ടിൽ മുത്തശ്ശിയോടൊപ്പം ഉച്ചഭക്ഷണം.
ഊണിനു ശേഷം വർത്തമാനവും പറഞ്ഞ് പുറത്തെ തിണ്ണയിൽ (ഇപ്പോഴത്തെ രീതിയിൽ പറഞ്ഞാൽ 'സിറ്റ് ഔട്ടി'ൽ], ഇരിയ്ക്കുമ്പോഴാണ് ആ കാഴ്ച കണ്ണിൽ പെട്ടത്. 'അണ്ണാറക്കണ്ണനും തന്നാലായത്' എന്ന പഴഞ്ചൊല്ലിനെ ഓർമ്മിപ്പിയ്ക്കുന്ന രീതിയിൽ ഒരു കുഞ്ഞൻ വാഴയതാ പതിയെ കുലച്ചു തുടങ്ങുന്നു
ഉച്ചയ്ക്ക് ശേഷം നേരെ എറണാകുളത്തേയ്ക്ക്. പിറ്റേന്ന് വെളുപ്പിനെഴുന്നേറ്റ് യാത്ര തുടർന്നു. കോട്ടയ്ക്കലിൽ പ്രഭാത ഭക്ഷണം. 10 മണിയോടെ കോഴിക്കോട് എത്തി. അവിടെ ഞങ്ങളെയും കാത്തുനിന്ന അനുജനായി പിന്നെ സാരഥി. നിറയെ വർത്തമാനങ്ങളുമായി, റോഡരികിലെ കാഴ്ചകൾ കണ്ടുള്ള യാത്രകൾ എനിയ്ക്കെന്നും ഏറെ ഇഷ്ടമാണ്.
പ്രത്യേകിച്ചും, അത് വയനാട്ടിലേയ്ക്കാകുമ്പോൾ.
ചുരത്തിൽ നിറയെ കുരങ്ങുകൾ.
ചുരം എന്നും, തന്റെ ആ അലസ മദാലസ സൗന്ദര്യം കൊണ്ട് ആരെയും മയക്കുന്ന ഒരു വന കന്യകയെപ്പോൽ സുന്ദരിയാണ്. വല്ലാത്ത ഒരു തരം ആകർഷണീയത.
മുകളിലെ ആ വ്യൂ പോയിന്റിൽ കുറച്ചു നേരം കാർ നിറുത്തി. നോക്കൂ, എത്ര സുന്ദരമാണീകാഴ്ചകൾ . അല്ലെ?
നിങ്ങൾക്കായി ഒരു ഡബിൾ പനോരമിക് ക്ലിക്ക് കൂടി നടത്തി.
ചുരം അവസാനിയ്ക്കുന്നിടത്ത്, വയനാട്ടിലേയ്ക്ക് സ്വാഗതം അറിയിയ്ക്കുന്ന ആ വലിയ കമാനം. അതും കടന്ന് അല്പം കൂടി മുന്നോട്ടു പോകവേ, മുൻപ് പലതവണ ഇറങ്ങാൻ കഴിയാതിരുന്ന ആ ചങ്ങലമരത്തിനടുത്ത് കാർ നിറുത്തി.
പണ്ട് ബ്രിട്ടീഷുകാർ കാണിച്ച ആ വലിയ നന്ദികേടിന് മനസ്സുകൊണ്ട് മാപ്പു ചോദിച്ചു. 1750-1800 കാലഘട്ടത്തിൽ, ചിപ്പിലിത്തോട് വനത്തിൽ താമസിച്ചിരുന്ന പണിയ മൂപ്പനായിരുന്നു കരിന്തണ്ടൻ. ചുരത്തിലൂടെയുള്ള വഴി കണ്ടുപിടിയ്ക്കാനാവാതെ കിതച്ചുനിന്ന ഇംഗ്ലീഷുകാർക്ക്, തങ്ങളുടെ മാത്രമായ ആ കാട്ടു നടവഴി കാണിച്ചു കൊടുത്തത് ഇദ്ദേഹമായിരുന്നത്രെ. പക്ഷേ, വഴി മനസിലാക്കിയപ്പോൾ ബ്രിട്ടീഷുകാർ അവരുടെ തനിനിറം കാണിയ്ക്കുക തന്നെ ചെയ്തു. കരിന്തണ്ടനെ അവർ തങ്ങളുടെ തോക്കിന് ഇരയാക്കി.
വേദനയോടെ പിടഞ്ഞു മരിച്ച ആ മൂപ്പന്റെ ആത്മാവ്, ഇന്നും ഈ ചങ്ങലയിൽ കുടികൊള്ളുന്നു എന്നാണ് വിശ്വാസം.
ഇപ്പോൾ ചങ്ങലമരത്തിനു മുൻപിലായി കരിന്തണ്ടന്റെ വലിയൊരു പ്രതിമ കൂടി സ്ഥാപിച്ചിരിയ്ക്കുന്നു. [പ്രതിമയ്ക്ക് മുന്നിൽ സ്ഥാപിച്ചിരിയ്ക്കുന്ന ചെറിയ ബോർഡിലെ ആ അക്ഷരത്തെറ്റ്, ഇതെഴുതുമ്പോഴാണ് ശ്രദ്ധയിൽ പെട്ടത്. ബന്ധപ്പെട്ടവർ അത് തിരുത്തണം എന്ന് കൂടി അഭ്യർത്ഥിയ്ക്കുന്നു].
വയനാടൻ ചുരം പോലെ തന്നെ എന്നും എനിയ്ക്കു പ്രിയപ്പെട്ടതാണ്, വീടിനടുത്ത കൊട്ടവയൽ വയലേലകൾ. അതും കടന്നാണ് നമ്മൾ വീട്ടിലേയ്‌ക്കെത്തുക.
കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന വയലേല. അതിനു നടുവിലായി പോകുന്ന, ഉയർന്ന ടാർ റോഡ്; റോഡ് രണ്ടായി പകുത്ത വയലേലയെ വീണ്ടും രണ്ടായി പകുക്കുന്ന കൊട്ടവയൽ പുഴ. വയലേലയ്ക്കു നടുവിലായി, എല്ലാ മലയാള മാസവും ഒന്നാം തീയതി മാത്രം പൂജയുള്ള ഒരു ചെറിയ അമ്പലം.
അതിമനോഹരം ആ കാഴ്ച. എത്രയോ വട്ടം കണ്ടിട്ടും മടുക്കാത്ത പുതുമ.
ഉച്ചയ്ക്ക് 1 മണിയോടെ വീട്ടിലെത്തി. വീട്ടുകാരോടൊപ്പം നിറയെ വർത്തമാനങ്ങൾക്കിടെ, ഇഷ്ടവിഭവമായ ചക്കക്കുരുമാങ്ങാകറിയും കൂട്ടി, മുകളിൽ കണ്ട നമ്മുടെ ആ സ്വന്തം വയലിൽ വിളഞ്ഞ കുത്തരിയുടെ ഉച്ചയൂണ്. ആഹാ ..അതിന്റെ സുഖമൊന്നു വേറെ.
പിന്നെയും നാട്ടുവർത്തമാനങ്ങളിലേയ്ക്ക്
കത്തുന്ന നഗരച്ചൂടിൽ നിന്നും എത്തിയത് കൊണ്ടാകണം, വയനാടൻ രാത്രിയ്ക്കൊരു തണുപ്പ്. പിറ്റേന്ന് അതിരാവിലെ ജോലി തുടങ്ങേണ്ടതിനാലും, ദീർഘയാത്രയുടെ ക്ഷീണത്താലും, പതിവിലും നേരത്തെ ഉറങ്ങാൻ കിടന്നു.
അതിരാവിലെ സെറ്റ് ചെയ്തിരുന്ന അലാറം അടിയ്ക്കുന്നതിന് മുൻപേ തന്നെ ജനൽ ചില്ലിൽ ആരോ മുട്ടുന്നത് കേട്ടാണ് ഉറക്കമുണർന്നത്. കഴിഞ്ഞ വരവിലെ യാത്രാവിവരണത്തിൽ ഞാൻ പറഞ്ഞിരുന്നതിനാൽ, നിങ്ങൾക്കും ഒരു പക്ഷെ ഓർമ്മയുണ്ടാകും. മറ്റാരുമല്ല. നമ്മുടെ ആ കുഞ്ഞൻ കുരുവി. എന്തായാലും ഇത്തവണ അവനെ വീഡിയോയിൽ പകർത്തി.
തണുപ്പിനെ വക വയ്ക്കാതെ അന്നും പതിവ് പോലെ ഓഫീസ് വർക്കുകൾ തുടങ്ങി.
വൈകുന്നേരം പുൽപ്പള്ളി ഫെസ്റ്റിലേയ്ക്കൊരു യാത്ര.
പണ്ട് നാട്ടിൻപുറങ്ങളിൽ സ്ഥിരം കാഴ്ചയായിരുന്നു ഇത്തരം ചെറുകാർണിവലുകൾ. ഒന്നുകൂടി കണ്ടപ്പോൾ വല്ലാത്തൊരു ഗൃഹാതുരത്വം. വട്ടം കറങ്ങുന്ന ടോയ് ട്രെയിനിൽ കുട്ടികളോടൊപ്പം ഒരു സവാരി. പിന്നെ വച്ചുവാണിഭക്കടകളിൽ ഒരു കറക്കം. വളയേറിൽ ഒരു ഭാഗ്യ പരീക്ഷണം. ചൂടോടെ രണ്ടു മുളക് ബജി. ശേഷം വീട്ടിലേയ്ക്കു മടക്കം.
രാവിലെ കുറച്ചു നേരം കൃഷിയിടങ്ങളിൽ ഒന്ന് നടന്നു. ഹരിതാഭയുടെ ആ ഒരു ആകർഷണം ഒന്ന് വേറെ തന്നെ. അറിയാതെ ആ കുളിർമ നമ്മുടെ മനസ്സിലേക്കും പരക്കും.
വഴിയരികിൽ, ആളോളം ഉയരെ വളർന്നു നിൽക്കുന്ന മൺപുറ്റ്, കുട്ടികൾക്ക് തികച്ചും അത്ഭുത കാഴ്ചയായി. പരിചിതമായ ആ നഗരക്കാഴ്ച്ചകളിൽ ഒരിയ്ക്കലും അവരതു കണ്ടിട്ടില്ലല്ലോ.
പിറ്റേന്നു രാത്രി, കേക്ക് മുറിച്ച് ഉണ്ണിക്കുട്ടന്റെ പിറന്നാൾ ആഘോഷം.
അടുത്ത ദിവസം അതിരാവിലെ, പൂതാടി ക്ഷേത്ര ദർശനം. പുതുക്കി പണിത് മനോഹരമാക്കിയിരിയ്ക്കുന്നു ക്ഷേത്രം. സ്വച്ഛമായ അന്തരീക്ഷം. ഹരിതാഭവും.
പിന്നെ നേരെ, കൊമിളയിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേയ്ക്ക്. ദർശനത്തിനു ശേഷം അമ്പലത്തിൽ നിന്ന് തന്നെ പ്രഭാത ഭക്ഷണം. പണ്ട് പ്രൈമറി ക്‌ളാസിൽ ഏറെ കൊതിയോടെ ഭക്ഷിച്ച അതേ രുചിയുള്ള, നുറുക്ക് ഗോതമ്പിന്റെ ഉപ്പുമാവ്.
വൈകുന്നേരം കാരാപ്പുഴ ഡാമിലേയ്ക്കൊരു യാത്ര. മുൻപൊരിയ്ക്കൽ ആ ഡാമിനെക്കുറിച്ച് ഞാൻ വളരെ വിശദമായി എഴുതിയിരുന്നു. ആ ഡാമിന്റെ പ്രത്യേകതകളും പിന്നെ, എങ്ങിനെയാണ് ഈ ഡാമും പരിസരങ്ങളും കേരള ത്തിനു തന്നെ ഒരു 'മാതൃക' ആകുന്നത് എന്നും. അതിനാൽ തന്നെ, ഇത്തവണ ചില സുന്ദര ദൃശ്യങ്ങൾ മാത്രം പങ്കു വയ്ക്കുന്നു.
കഴിഞ്ഞ തവണത്തേക്കാൾ സുന്ദരിയായിരിയ്ക്കുന്നു ഡാമും അതിനോട് ചേർന്ന പാർക്കും. കുട്ടികൾക്കായി കൂടുതൽ വിനോദ ഉപാധികൾ ഒരുക്കിയിരിയ്ക്കുന്നു. പക്ഷേ, കഴിഞ്ഞ മഴക്കാലത്ത് അരികുകൾ കുറച്ചേറെ ഇടിഞ്ഞതിനാൽ, ഡാമിന് തൊട്ടടുത്തേയ്ക്കുള്ള പ്രവേശനം താൽക്കാലികമായി വിലക്കിയിരിയ്ക്കുന്നു.
പിന്നെ കുട്ടികൾക്ക് വിഷു വസ്ത്രങ്ങൾ എടുക്കാനായി കൽപ്പറ്റ മഹാറാണിയിലേയ്ക്ക് ഒരു രാത്രി യാത്ര. അവിടെ വച്ച് പ്രീ-ഡിഗ്രി ക്‌ളാസിലെ എന്റെ സഹപാഠിയായിരുന്ന അഗസ്റ്റിൻ മാഷിനെയും കുടുംബത്തെയും കണ്ടത് ഇരട്ടി സന്തോഷമായി.
വിഷുത്തലേന്ന്, രാവിലെ ജോലിയുടെ ആ ഇടവേളയിൽ പുഴക്കര ഷാപ്പിലേയ്ക്കൊരു യാത്ര. നല്ല നാടൻ പനങ്കള്ളു കിട്ടുമോ എന്നറിയാൻ വേണ്ടി. ഭാഗ്യം, സംഗതി കിട്ടി. തിരികെ വരും വഴി കേണിച്ചിറയിൽ നിന്നും കുറച്ച് വിഷുപ്പടക്കങ്ങൾകൂടി വാങ്ങി. ഏറെ നാൾ കൂടിയാണ് നാട്ടിൽ സ്വന്തം വീട്ടുകാരോടൊപ്പം ഒരു വിഷു. എന്നാൽ പിന്നെ, ഒട്ടും മോശമാക്കേണ്ട എന്ന് കരുതി.
ആ നല്ല മഴയത്താണ് കൽപ്പറ്റ ബാറിലെ അഭിഭാഷകനും പ്രിയസുഹൃത്തുമായ ഹനസും കുടുംബവും ഒരു സർപ്രൈസ് വിസിറ്റായി എത്തിയത്. നോമ്പ് കാലമായതിനാൽ തന്നെ, അവർക്കായി ഭക്ഷണസാധനങ്ങൾ ഒന്നും നൽകാനായില്ല എന്നത് ചെറിയ സങ്കടമായി. വക്കീലിനൊപ്പം വർത്തമാനങ്ങൾ പങ്കു വയ്ക്കുന്നതിനിടെ, കോഴിക്കോടുനിന്നും ഇളയ സഹോദരനും കുടുംബവും കൂടി എത്തി.
ഉച്ചയ്ക്ക് ശേഷം തുടങ്ങിയ ആ കനത്ത മഴ, ഏറെ വൈകി ഒന്നു ശാന്തമായതോടെ, രാത്രിയിൽ പടക്കങ്ങൾ കൊണ്ടൊരു ആഘോഷം തന്നെ തീർത്തു, കുട്ടികൾ.
രാത്രി വൈകിയപ്പോൾ എല്ലാവരും വിഷുക്കണിയൊരുക്കുന്ന തിരക്കിലായി. എല്ലാ തവണയും വിഷുക്കണിയൊരുക്കുമ്പോൾ എന്നതു പോലെ ഇത്തവണയും, നമ്മുടെ ആ 'മീശമാധവനിലെ' വിഷുക്കണിയോർമ്മകൾ എല്ലാവരിലും പൊട്ടിച്ചിരിയ്ക്കു കാരണമായി.
ഏപ്രിൽ-15-2022: വെള്ളിയാഴ്‍ച
വിളവെടുപ്പിന്റെയും, ആഘോഷത്തിന്റെയും, സന്തോഷത്തിന്റെയും, ഉത്സവമായ വിഷുവും, ദുഖത്തിന്റെയും പ്രാർത്ഥനയുടെയും ദിവസമായ ദുഃഖവെള്ളിയും ഒരുമിച്ച ഒരു അപൂർവ്വ ദിവസം.
അതിരാവിലെ നാലരമണിയ്ക്കു തന്നെ വിഷുക്കണി ദർശനം.കുട്ടികളാകട്ടെ, കൈനിറയെ 'കൈനീട്ടം' കിട്ടിയ സന്തോഷത്തിൽ ആകെ കളിത്തിരക്കിലുമായി.
"ഒത്തു പിടിച്ചാൽ മലയും പോരും" എന്ന പഴഞ്ചൊല്ലിനെ അന്വർഥമാക്കി, എല്ലാവരും ഒന്ന് ഒത്തുശ്രമിച്ചപ്പോൾ, ദാ 11:30 മണിയോട് കൂടി തന്നെ 28 കൂട്ടം വിഭവങ്ങളുമായി ഒരു തകർപ്പൻ വിഷു സദ്യ തയ്യാർ.
സദ്യയ്ക്ക് ശേഷം ചെറിയ ഒരു കുടുംബ ഫോട്ടോ സെഷൻ. എല്ലാ വരവിനും മുൻകൂട്ടി പ്ലാൻ ചെയ്യുകയും, എന്നാൽ ഇതുവരെയും നടക്കാതെ പോകുകയും ചെയ്തിട്ടുള്ളതാണ് അത്. ഇത്തവണ എന്തായാലൂം അതങ്ങു നടത്തി.
ശേഷം, മുത്തങ്ങ വനത്തിലൂടെ, ഒരു ഗുണ്ടൽപേട്ട് യാത്ര. ഇരുവശവും കൊടുംകാടുകൾ നിറഞ്ഞ ആ നെടുനീളൻ വനപാതയിലൂടെയുള്ള യാത്ര എല്ലാ തവണയും പതിവുള്ളതാണ്. സ്വാഭാവികമായ ആ വനാന്തരീക്ഷത്തിൽ, അലസമായി മേയുന്ന മാൻകൂട്ടങ്ങളും, വന്യരായ് മേവുന്ന കരിവീരന്മാരും, എടുത്തു പിടിച്ച തലയോടെ രൂക്ഷമായ് നോക്കുന്ന കാട്ടുപോത്തുകളുമൊക്കെ, പക്ഷേ, ഭാഗ്യം കൂടിയുണ്ടെങ്കിൽ മാത്രമേ നമ്മുടെ കൺമുൻപിൽ എത്തുകയുള്ളൂ എന്ന് മാത്രം.
കഴിഞ്ഞ തവണ നടത്തിയ മുത്തങ്ങ യാത്രയിൽ, മാനുകളെ ഒഴികെ മറ്റൊന്നിനെയും കാണാൻ കഴിഞ്ഞില്ല എന്ന സങ്കടത്തിലായിരുന്നു ഞങ്ങൾ.
എന്തായാലും ഇത്തവണ ആ ഭാഗ്യം ആവോളമുണ്ടായി.
കാട്ടുപോത്ത്, കാട്ടുകോഴി, മാനുകൾ, വെള്ളകുരങ്ങുകൾ, മയിൽ ഇവയെയൊക്കെ കാണുവാൻ കഴിഞ്ഞു, എന്ന് മാത്രമല്ല, അവയെല്ലാം തന്നെ പാതയോട് വളരെ അടുത്തും, എന്നാൽ ശാന്തരായും മേയുകയായിരുന്നു.
ക്ഷേത്രത്തിനു നേരെ എതിർ വശത്തായി കാണുന്ന ഈ കുളം, സീതാദേവിയുടെ കണ്ണുനീര് വീണ് ഉണ്ടായതാണ് എന്നത്രെ വിശ്വാസം.
പൂർണ്ണ അവധിയിലായിരുന്ന പിറ്റേന്ന് വൈകുന്നേരം കുട്ടികളുമായി കൽപ്പറ്റയിലെ 'ഷേഡ് ഹെർബൽ പാർക്കി'ല്ലേയ്‌ക്കൊരു ചെറുയാത്ര നടത്തി. ഒരു സ്വകാര്യ പാർക്കാണിത്.
പക്ഷെ എടുത്തു പറയേണ്ട ഒരു കാര്യമുണ്ട്. ഇവിടെ പ്രവേശന ഫീസില്ല. പാർക്കിന്റെ ഉദ്ദേശവും, പിന്നെ ഫീസ് ഇല്ലാത്തതിന്റെ കാരണവും മുന്നിൽ വച്ചിരിയ്ക്കുന്ന കൊച്ചു ബോർഡിൽ നിങ്ങൾക്ക് വായിയ്ക്കാനാകും. തീർച്ചയായും പ്രോത്സാഹിപ്പിയ്ക്കേണ്ട ഒരു ഉദ്യമം തന്നെ.
കോവിഡ് മൂലമുണ്ടായ ആ ആളില്ലാ-സമയത്തിന്റെ ബാക്കിപത്രമായി ചില പുനരുദ്ധാരണ പ്രവർത്തനങ്ങൾ അവശേഷിയ്ക്കുന്നു എങ്കിലും, നല്ല പച്ചപ്പോടെ, ഒരുക്കിയിരിയ്ക്കുന്നു കുട്ടികൾക്കായി ഈ പാർക്ക്.
ചില മനോഹര ദൃശ്യങ്ങൾ ഇതാ.
എപ്പോഴെങ്കിലും നിങ്ങൾ കൽപ്പറ്റ വഴി യാത്ര ചെയ്യുന്നുവെങ്കിൽ, ഇവിടം സന്ദർശിയ്ക്കുക. നിങ്ങളാൽ കഴിയുന്ന ഒരു ചെറിയ സംഭാവന നൽകിക്കൊണ്ട്.
ഇതൊരു അഭ്യർത്ഥനയാണ് കേട്ടോ.
പറയാനാണെങ്കിൽ ഇനിയും എത്രയോ വിശേഷങ്ങൾ ബാക്കി. എല്ലാം കൂടെ പറഞ്ഞാൽ, അത് ഒരു പക്ഷേ നിങ്ങളുടെ ക്ഷമ പരീക്ഷിയ്ക്കലാകും. അല്ലേ?
പക്ഷെ ഒന്ന് പറയാം. നഗരത്തിരക്കിൽ നിന്നും വയനാടിന്റെ (ഇനിയും കുറച്ചെങ്കിലും ബാക്കി നിൽക്കുന്ന) ആ വന്യസൗന്ദര്യത്തിലേയ്ക്കും, ആ നൈസർഗ്ഗിക നാട്ടിന്പുറ കാഴ്ചകളിലേയ്ക്കും, എല്ലാറ്റിനും ഉപരി ആ നനുത്ത കുളിരിലേയ്ക്കുമെത്തുമ്പോൾ, നമ്മൾ അറിയാതെ ആ പക്കാ നാട്ടിൻപുറത്തുകാരനാകും.
പിന്നെ, മുണ്ടും മടക്കിക്കുത്തി ആ പറമ്പിലേക്കങ്ങിറങ്ങും. അല്ല പിന്നെ ...!!
നിർത്തുന്നതിനു മുൻപ് ഒന്ന് കൂടി പറയാം. ഇവിടെ എത്തിയാൽ പിന്നെ, വല്ലാത്ത ഒരു തരം അലസത കൂടി നമ്മെ പിടികൂടും. അതൊരു പക്ഷേ, സുഖകരമായ ആ കാലാവസ്ഥയുടെയാകും.
ഇനി എനിയ്ക്കു മാത്രമാണോ ഈ തോന്നൽ എന്നൊരു സംശയത്തിൽ, നമ്മുടെ ഒരു വയനാട്ടുകാരൻ ചങ്ങാതിയോട് തന്നെ ഇക്കാര്യം സൂചിപ്പിച്ചു. സ്വതവേ ഒരു രസികനായ അദ്ദേഹത്തിന്റെ മറുപടി, ദാ ഇതായിരുന്നു... "ഡാ ...അത് ശരിയാ ... ഹോ ... ഒന്ന് മുള്ളാൻ മുട്ടിയാൽ, ആ ബാത് റൂം വരെ ഒന്ന് പോകാൻ പോലും മുട്ടൻ മടിയാ, ഈ കാലാവസ്ഥയിൽ ... ബാക്കിയുള്ളോന് ...അപ്പളാ .... നിനക്ക് മാത്രമാണോന്ന് നിന്റെയൊരു സംശയം....".
എഴുതി വന്നപ്പോൾ, എത്ര ശ്രമിച്ചിട്ടും ഈ വിവരണത്തിന്റെ നീളം കുറയുന്നില്ല. അതിനാൽ തന്നെ ഈ സന്ദർശനത്തിനിടെ നടത്തിയ മറ്റു ചില ചെറുയാത്രകളുടെ വിശേഷങ്ങൾ നാലോ, അഞ്ചോ ഭാഗങ്ങളായി പിന്നീട് നമുക്ക് പങ്കുവയ്ക്കാം കേട്ടോ.
അതെന്തൊക്കെയാണെന്ന്, വേണമെങ്കിൽ ഇപ്പോൾത്തന്നെ ഒരു ചെറിയ ക്ലൂ തരാം. എന്താ?
1: വയനാടിനുണ്ടൊരു വന്യസൗന്ദര്യം
2. പാൽച്ചുരമിറങ്ങിയൊരു പറശ്ശിനി യാത്ര
3. മണത്തണയിലെ ചിന്താഗൃഹം
4. ശങ്കര-നാരായണ സന്നിധികളിലേയ്ക്ക് ...
5. ജടയറ്റകാവിൽ ഒരിത്തിരിനേരം
6. മാവിലാംതോട്ടിലെ മാവീരൻ
വയനാടൻ വിശേഷങ്ങളുടെ ഈ ആദ്യ ഭാഗം നിങ്ങൾക്കിഷ്ടമായി എന്ന് കരുതട്ടെ.
സ്നേഹത്തോടെ
ബിനു മോനിപ്പള്ളി
******
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
********
ഹൃദയ സ്പർശിയായ വിവരണം
ReplyDeleteഹൃദയ സ്പർശിയായ വിവരണം
ReplyDeleteഏറെ സന്തോഷം ..... . നിറഞ്ഞ നന്ദി ...
DeleteVery good 👍 👏 👌
ReplyDeleteഅയത്നലളിതം
ReplyDeleteഏറെ നന്ദി ..... അതിലേറെ സന്തോഷം ..... .
Deleteഒപ്പം സഞ്ചരിച്ചപോലെ ഒരു വായനാനുഭവം💞
ReplyDeleteനല്ല യാത്രാ വിവരണം. കാഴ്ചകൾ നേരിട്ടു കണ്ടതുപോലെ.
ReplyDeleteNice
ReplyDelete