തൃ-തിരു സന്നിധികളിലേയ്ക്ക് ... [വയനാടൻ ടൂർ ഡയറി - 2022: ഭാഗം-4]
തൃ-തിരു സന്നിധികളിലേയ്ക്ക് ...
[വയനാടൻ ടൂർ ഡയറി - 2022: ഭാഗം-4]
മഞ്ഞുചേല ചുറ്റിയ വയനാടൻ പുലരിപ്പെണ്ണ്, ആവോളം തടഞ്ഞുവെങ്കിലും, വയനാടൻ യാത്രകളെ ഒരൽപ്പം കൂടുതൽ ഇഷ്ടമായതിനാൽ, സ്നേഹപൂർവ്വം ആ കൈകളെ വിടർത്തി മാറ്റി, ഞാൻ മറ്റൊരു യാത്രയ്ക്ക് തയ്യാറായി.
കൂടെ കൂടാൻ നിങ്ങളും തയ്യാറല്ലേ?
ശരി, എന്നാൽ നമുക്ക് പുറപ്പെടാം.....
ഇന്നത്തെ നമ്മുടെ യാത്ര, രണ്ടു മഹാക്ഷേത്രങ്ങളിലേയ്ക്കാണ് - തൃശ്ശിലേരി മഹാദേവ ക്ഷേത്രത്തിലേയ്ക്കും, തുടർന്ന് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേയ്ക്കും.
["തൃ-തിരു സന്നിധികളിലേയ്ക്ക് ... "എന്നാൽ, തൃശ്ശിലേരി-തിരുനെല്ലി അഥവാ ശങ്കര-നാരായണ സന്നിധികളിലേയ്ക്ക് ... ]
ആ യാത്രയിൽ, നമുക്ക് വയനാടൻ ഗ്രാമങ്ങളുടെ ഹൃദയത്തുടിപ്പും നൈർമ്മല്യവും അറിയാം; പിന്നെ വയനാടൻ വനങ്ങളുടെ ആ വന്യത നേരിൽ അനുഭവിയ്ക്കാം. കൂടെ, തിരുനെല്ലിക്കാട്ടിലെ ആ ട്രൈബൽ സൊസൈറ്റിയിൽ നിന്നും, മായം കലരാത്ത നല്ല അസ്സൽ വയനാടൻ വനവിഭവങ്ങൾ വാങ്ങുകയും ചെയ്യാം.
'നൈർമ്മല്യം' എന്ന് പറഞ്ഞത് അത്രയ്ക്കങ്ങ് വിശ്വാസമായില്ലേ?
ഇല്ലെങ്കിൽ, തൃശ്ശിലേരി യാത്രയിലെ, ഈ ദൃശ്യഭംഗി ഒന്ന് നോക്കൂ.
ഞങ്ങൾ എത്തുമ്പോൾ തൃശ്ശിലേരി ക്ഷേത്രവും പരിസരങ്ങളും, തികഞ്ഞ നിശ്ശബ്ദതയിലായിരുന്നു. മഹാദേവന്റെ കൈലാസം പോലെ, പുലർമഞ്ഞു മൂടിയ നിലയിലും. ശരീരം പോലെ, മനസ്സും തണുക്കുന്നത് നാമറിയുന്നു, അവിടെയെത്തുമ്പോൾ.
തൃശ്ശിലേരി മാഹാത്മ്യം:
പൊതുവെ, ഒരു ക്ഷേത്ര ദർശന സമയത്ത്, അവിടുത്തെ മുഖ്യദേവനെ അഥവാ ദേവതയെ, തൊഴുത് പ്രാർത്ഥിച്ചതിനു ശേഷമാണല്ലോ, മറ്റ് ഉപ ദേവതകളെ തൊഴാറുള്ളത്. അല്ലേ?
എന്നാൽ, തൃശ്ശിലേരിയുടെ വ്യത്യസ്തത, അവിടെ മുതൽ തുടങ്ങുന്നു.
ഇവിടെ അമ്പല മതിൽക്കെട്ടിനുള്ളിൽ പ്രവേശിച്ചാൽ, നമ്മൾ ഇടതു വശത്തു കൂടി ആദ്യം എത്തുന്നത്, ഉപദേവതയായ ജലദുർഗ്ഗാ ക്ഷേത്രത്തിലേയ്ക്കാണ്. പേരിനെ അന്വർത്ഥമാക്കി, ദിവസത്തിൽ 365 ദിവസവും, ഈ ചെറുശ്രീകോവിൽ ജലത്താൽ ചുറ്റപ്പെട്ടിരിയ്ക്കും. ഈ തെളിനീർ, പാപനാശിനിപ്പുഴയിൽ നിന്നും എത്തുന്നതത്രെ. സാക്ഷാൽ പരശുരാമൻ പ്രതിഷ്ഠ നടത്തിയ, 108 ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ജലദുർഗ്ഗാ ക്ഷേത്രം.
അവിടെ നിന്നും മുന്നോട്ടു പോയി, വലതു തിരിയുമ്പോൾ നമ്മൾ മുഖ്യ ശ്രീകോവിലിനു പുറകിൽ എത്തുന്നു.
അവിടെ ആകാശ നീലിമ മുഴുവൻ തന്നിലേക്കാവാഹിച്ച, തെളിനീർ നിറഞ്ഞൊഴുകുന്ന ഒരു കുളം. കൈകാലുകൾ കഴുകി വീണ്ടും മുന്നോട്ടു നടക്കുമ്പോൾ, മുന്നിൽ ഒരല്പം അകലെയായി ശ്രീധർമ്മശാസ്താ ക്ഷേത്രം. ഇരിയ്ക്കുന്ന രീതിയിൽ പ്രതിഷ്ഠയുള്ള ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മേൽക്കൂരയില്ല, എന്നതത്രേ പ്രത്യേകത.
ശാസ്താവിനെ തൊഴുത്, വീണ്ടും ആ മുഖ്യ ക്ഷേത്രവളപ്പിലേക്ക് തിരികെ പ്രവേശിയ്ക്കുമ്പോൾ, നമുക്ക് ലഭിയ്ക്കുന്ന ഒരു മനോഹരമായ കോർണർ ദൃശ്യമുണ്ട്.
അതിവിശാലമായ ആ ചുറ്റമ്പലത്തിന്റെ ഭിത്തികൾ നിറയെ സ്ഥാപിച്ചിരിക്കുന്ന, കരിങ്കല്ലിൽ കൊത്തിയ അസംഖ്യം ദേവീ-ദേവ ശില്പങ്ങളുടെ ആ മനം മയക്കുന്ന ചാരുത.
ഒരു നിമിഷത്തേയ്ക്ക് നമ്മുടെ മനസ്സിലെ, ഭക്തി ആ സുന്ദര ദൃശ്യചാരുതയ്ക്കു വഴി മാറും. നോക്കൂ.
ഇപ്പോൾ നമ്മൾ നടന്നെത്തുന്നത്, അമ്പല വളപ്പിലെ ആ കൂറ്റൻ ഇരട്ട-ആൽമരങ്ങൾക്ക് മുന്നിലേയ്ക്കാണ്.
ഏഴു പ്രദക്ഷിണങ്ങളത്രെ ഇവിടെ അഭികാമ്യം. അതും കഴിഞ്ഞാൽ, നമ്മൾ ക്ഷേത്രപ്രദക്ഷിണം തുടങ്ങിയ അതേ സ്ഥലത്തെത്തുന്നു. അതായത്, ക്ഷേത്രത്തിന്റെ നേരെ മുൻപിൽ. ഇവിടെയുള്ള ആ നന്ദിപ്രതിമയെയും തൊഴുതതിന് ശേഷമാണ്, നമ്മൾ മുഖ്യക്ഷേത്രത്തിനുള്ളിലേയ്ക്ക് കടക്കുന്നത്.
ശ്രീകോവിലിലെ ശിവപ്രതിഷ്ഠയ്ക്കുമുണ്ട് ഏറെ പ്രത്യേകതകൾ. ഗോളകയാൽ ആവരണം ചെയ്യപ്പെട്ട നിലയിലാണ് ഇവിടെ വിഗ്രഹം. അഭിഷേക സമയങ്ങളിൽ മാത്രം ആ ഗോളക മാറ്റുന്നു. അതു പോലെ തന്നെ, ശ്രീകോവിലിനു പുറത്തേയ്ക്കു നീണ്ടു കിടക്കുന്ന രീതിയിൽ, ആ വിഗ്രഹശിലയുടെ വലിയൊരു ഭാഗം, നമുക്ക് ദൃഷ്ടിഗോചരവുമാണ്. ഒരു പക്ഷേ, മറ്റൊരു ക്ഷേത്രത്തിലും ഈ ഒരു കാഴ്ച നമുക്ക് കാണാനാവില്ല.
തിരുനെല്ലി ക്ഷേത്രത്തിൽ പിതൃകർമ്മം ചെയ്യുന്നതിന് മുൻപായി, തൃശ്ശിലേരി മഹാദേവനെ തൊഴുത്, ഇവിടെ വിളക്ക്, മാല, പായസം മുതലായ വഴിപാടുകൾ നടത്തേണ്ടതാണ്. തിരുനെല്ലി ക്ഷേത്രത്തിൽ പിതൃകർമ്മം ചെയ്യുമ്പോൾ പിണ്ഡപാറയിൽ വയ്കേണ്ടതായ വിളക്ക് ഈ ക്ഷേത്രത്തിൽ ആണ്, എന്നതത്രെ വിശ്വാസം.
അതുപോലെ, ചിതാഭസ്മം, അസ്ഥി മുതലായവ എടുത്തവർ, ഇവിടെ ഈ ക്ഷേത്രത്തിനുള്ളിലേയ്ക്ക് പ്രവേശിയ്ക്കുവാൻ പാടുള്ളതുമല്ലത്രെ.
തൃശ്ശിലേരി ദേവനെ തൊഴാതെ, തിരുനെല്ലിയിൽ നടത്തുന്ന പിതൃകർമ്മങ്ങൾ തികച്ചും അപൂർണ്ണമെന്നാണ് വിശ്വാസം.
കണ്ണൂർ സ്വദേശിയായ, ഇവിടുത്തെ മുഖ്യപൂജാരി, ഏറെ അമ്പല വിശേഷങ്ങൾ ഞങ്ങളുമായി പങ്കുവച്ചു.
ദർശന ശേഷം പുറത്തിറങ്ങി, മതില്കെട്ടിനും പുറത്ത്, വലതു മാറിയുള്ള ആ നാഗക്കാവിലേയ്ക്ക് നടന്നു.
മനോഹരമാണ് ഇവിടെ നിന്നുമുള്ള തൃശ്ശിലേരി ക്ഷേത്രത്ത്തിന്റെ ആ വിദൂര ആകാശ ദൃശ്യം.
തൃശ്ശിലേരി ക്ഷേത്രത്തിൽ തൊഴുതിറങ്ങുമ്പോൾ, വല്ലാത്ത ഒരു ശാന്തതയാണ് മനസ്സിന് അനുഭവപ്പെടുക. നഗരത്തിരക്കുകളിൽ നിന്നെല്ലാമൊഴിഞ്ഞ്, വിശാലമായ ഒരു ചുറ്റുപാടിൽ, പൗരാണികത ഒട്ടും ചോരാതെ, ആധുനികതയുടെ തൊട്ടുനോട്ടം പോലുമില്ലാതെ, അങ്ങിനെ നിൽക്കുന്നത് കൊണ്ടോ, അതുമല്ലെങ്കിൽ ഭക്തിപരമായ ഒരുതരം പൂർണ്ണ നിശബ്ദത അവിടെങ്ങും കളിയാടുന്നതു കൊണ്ടോ, ഒക്കെ ആകാം ഇത്.
ഒരു ദേവാലയ ദർശനത്തിൽനിന്നും നമ്മൾ എന്ത് മനശ്ശാന്തിയാണോ പ്രതീക്ഷിയ്ക്കുന്നത്, അത് 100 ശതമാനവും നമുക്കിവിടെ നിന്നും കിട്ടും. ഉറപ്പ്.
പിന്നീട്, ഞങ്ങൾ തിരുനെല്ലിയിലേയ്ക്ക് യാത്ര തുടർന്നു. വയനാടിന് മാത്രം സ്വന്തമായ ആ ഗ്രാമഭംഗി ആസ്വദിച്ച് കൊണ്ട്.
പതിവ് പോലെ പ്രഭാതയാത്രകളിലെ ആ സ്ഥിരം ചങ്ങാതി, പതുക്കെ അടുത്ത് കൂടി. മറ്റാരുമല്ല. വിശപ്പ് തന്നെ. കാട്ടിക്കുളം ടൗണിലെ, മുൻപൊരിയ്ക്കൽ കയറിയ അതേ ഹോട്ടലിൽ നിന്നും, രുചികരമായ ഇഡ്ഡലിയും, ദോശയും കഴിച്ചപ്പോൾ, അതും നല്ല തേങ്ങാച്ചമ്മന്തിയും കൂട്ടി, കുട്ടികൾ ഉൾപ്പെടെ എല്ലാവരും ഒന്നുകൂടി ഉഷാർ.
ഇവിടെ നിന്നും തിരുനെല്ലിയിലേക്കുള്ള യാത്ര കൊടുംവനത്തിലൂടെയാണ്. ഭാഗ്യമുണ്ടെങ്കിൽ, ആനകളെയും കാട്ടുപോത്തുകളെയും ഒക്കെ ധാരാളം കാണുവാൻ കഴിയും. അതുപോലെ, ഈ യാത്രയിലുടനീളം ഇടതുവശത്തായി അതിമനോഹര പ്രകൃതി ദൃശ്യങ്ങളും നിങ്ങളെ കാത്തിരിയ്ക്കുന്നു.
വിശേഷങ്ങളൊക്കെ പങ്കു വച്ച്, അങ്ങിനെ പോകുമ്പോൾ, അതാ വഴിയുടെ ഇടതു വശത്തായി ഒരു അമ്മയാനയും കുഞ്ഞും; കുറച്ചു മാറി മറ്റൊരു പിടിയാനയും. ഒരു കാരണവശാലും നമ്മുടെ കണ്ണിൽ പെടരുത് എന്ന കരുതലോടെ, തന്റെ കുട്ടിയാനയെ ഞങ്ങളിൽ നിന്നും, കഴിയുന്നത്ര മറച്ചു പിടിച്ചാണ് ആ അമ്മയാനയുടെ നിൽപ്പ്.
ആവേശത്തോടെ ദൃശ്യം വീഡിയോയിൽ പകർത്തി. പിന്നെ, സന്തോഷത്തോടെ, മൊബൈൽ ഡാഷ്ബോർഡിൽ വച്ചു. അപ്പോഴാണ് പുറകിൽ നിന്നും ഞങ്ങളുടെ കുട്ടപ്പായിയുടെ ശബ്ദം. "അയ്യോ ... വീഡിയോ ഓൺ ആയില്ലെന്നാ തോന്നണേ ...".
ഞെട്ടലോടെ ഞാൻ മൊബൈലിൽ നോക്കി. ശരിയാണ് ഒരു ചെറിയ കുഴപ്പം പറ്റി. കുട്ടിയാനയെ കണ്ട സന്തോഷത്തിൽ, 'റെക്കോർഡ്' ഞെക്കാൻ മറന്നു പോയി.
എന്തായാലും കുറച്ചു മുന്നോട്ടു പോയി കാർ തിരിച്ച്, ഞങ്ങൾ ഒന്ന് കൂടി ആ വഴി വന്നു. ഭാഗ്യം, അതാ ആനകൾ അതേപോലെ തന്നെ, അവിടെ മേയുന്നുണ്ട്. ഇത്തവണ 'റെക്കോർഡ്' ഞെക്കി എന്ന് രണ്ടുവട്ടം ഉറപ്പു വരുത്തി. സംശയം ഉണ്ടെങ്കിൽ ദേ നിങ്ങളും ഒന്ന് കണ്ടു നോക്ക്.
ശേഷം, യാത്ര തുടർന്ന്, ഏതാനും മിനിറ്റുകൾക്കുള്ളിൽ ഞങ്ങൾ തിരുനെല്ലി ക്ഷേത്രനടയിലെത്തി. തിരക്ക് താരതമ്യേന വളരെ കുറവ്. ഒരു പക്ഷേ, തലേന്ന് പെയ്ത ആ കനത്ത മഴ മൂലമാകാം.
തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം: നീണ്ടുനിവർന്നു മനോഹരിയായി കിടക്കുന്ന ആ ഹരിതസുന്ദരി ബ്രഹ്മഗിരി മലനിരകളുടെ മടിത്തട്ടിൽ സ്ഥാനം. 'സഹ്യമല ക്ഷേത്രം' എന്നും അറിയപ്പെടുന്നു. സാക്ഷാൽ ബ്രഹ്മാവിനാൽ പ്രതിഷ്ഠ. ക്ഷേത്രത്തിന്റെ പടിഞ്ഞാറു വശത്തായി ഭഗവാൻ ശിവന്റെ ഗുഹാക്ഷേത്രം.
അങ്ങിനെ, ത്രിമൂർത്തികളുടെയും മഹദ് സാന്നിധ്യം ഇവിടെ ഉണ്ടാകുന്നു.
ഇതിനൊക്കെ പുറമെ, ഒരാളുടെ ജനനം മുതൽ മരണം വരെയും, പിന്നെ മരണാനന്തരവും ഉള്ള സകല കർമ്മങ്ങളും, വഴിപാടുകളും ഒരുപോലെ നടത്താൻ കഴിയുന്ന, ലോകത്തിലെ തന്നെ ഒരേയൊരു ക്ഷേത്രവും, മറ്റൊന്നല്ല തന്നെ.
ബ്രഹ്മഗിരി മലനിരകളിൽ നിന്നും ചാലിട്ടൊഴുകുന്ന ആ 'പാപനാശിനി'യിൽ ഒന്ന് മുങ്ങി നിവരുമ്പോൾ, മുജ്ജന്മ പാപങ്ങൾ പോലും ഒഴുകിയകലുന്നു എന്നത്രെ വിശ്വാസം. ഇവിടെ ചെയ്യുന്ന പിതൃകർമ്മങ്ങളാൽ, ആത്മാക്കൾക്ക് പൂർണ്ണ ശാന്തി ലഭിയ്ക്കുന്നു, എന്നും.
സാധാരണയുള്ള കേരള ക്ഷേത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണ്, തിരുനെല്ലി ക്ഷേത്രത്തിന്റെ നിർമ്മിതി. കനത്ത കൽത്തൂണുകളാലും കൽപ്പാളികളാലും നിർമ്മിച്ച ചുറ്റമ്പലമാണ് ഇവിടെ. ചെത്തിയൊരുക്കിയ കല്ലുകൾ പാകിയ തറയും. ഏറെക്കുറെ ഒരു തമിഴ് നിർമ്മാണ ശൈലിയോട് ചേർന്ന് നിൽക്കുന്നു എന്ന് തോന്നിപ്പിയ്ക്കുന്നു, ഒറ്റനോട്ടത്തിൽ.
ഇപ്പോൾ പക്ഷേ, ഈ ക്ഷേത്രത്തിന്റെ സമൂലമായ പുനരുദ്ധാരണം നടക്കുകയാണ്. അതും പൂർണ്ണമായും കൃഷ്ണശില ഉപയോഗിച്ച്, 8 കോടി രൂപ ചിലവിൽ.
ഏതാണ്ട് മുഴുവനായും പൊളിച്ചു നീക്കിയ ആ ചുറ്റമ്പല അവശിഷ്ടങ്ങൾ കണ്ടപ്പോൾ, അറിയാതെ മനസ്സിൽ ഒരു വിഷമം. അത്ര പുരാതനമായിരുന്ന ആ നിർമ്മിതി പൂർണ്ണമായും പൊളിച്ചു കൊണ്ടു തന്നെ വേണമായിരുന്നോ ഈ പുനഃരുദ്ധാരണം എന്നൊരു സംശയവും.
ഐതിഹ്യം: ഒരിയ്ക്കൽ തന്റെ യാത്രാമദ്ധ്യേ ബ്രഹ്മദേവൻ ഈ മലനിരകളിൽ ഇറങ്ങുവാനിടയാകുകയും, അപ്പോൾ അവിടെ ഒരു നെല്ലി മരത്തിൽ ഇരിയ്ക്കുന്ന വിഷ്ണുവിഗ്രഹം കാണുകയും ചെയ്തുവത്രേ. സ്ഥലത്തെ വിഷ്ണു സാന്നിധ്യം മനസ്സിലാക്കിയ ബ്രഹ്മാവ്, ഇവിടെ ചതുർഭുജഃരൂപത്തിലുള്ള വിഷ്ണുവിനെ പ്രതിഷ്ഠിയ്ക്കുകയും, മനുഷ്യരുടെ ജീവിതപാപങ്ങൾ അകറ്റുവാനായി എന്നും ഇവിടെ ഉണ്ടാകണം എന്ന് വിഷ്ണുവിനോട് അഭ്യർത്ഥിയ്ക്കുകയും ചെയ്തു. അത് സന്തോഷത്തോടെ സ്വീകരിച്ച വിഷ്ണുവാകട്ടെ, ഇവിടുത്തെ ആ പാപനാശിനി എല്ലാ മനുഷ്യജന്മപാപങ്ങളെയും പാടെ നീക്കുമെന്ന് അരുളുകയും ചെയ്തുവത്രേ.
ഇവിടുത്തെ പൂജാക്രമത്തിനും ചില പ്രത്യേകതകൾ ഉണ്ട്. സാധാരണപോലെ, ദിവസേനയുള്ള 5 പൂജകൾക്ക് ശേഷം, നടയടയ്ക്കുമ്പോൾ ഒരു പൂജയ്ക്കു കൂടിയുള്ള സാധന സാമഗ്രികൾ, മുഖ്യപൂജാരി ശ്രീകോവിലിൽ ഒരുക്കി വയ്ക്കുമത്രേ. രാത്രി എത്തുന്ന ബ്രഹ്മദേവന് വിഷ്ണുപൂജ ചെയ്യാനുള്ളവയത്രെ അത്.
നടകൾ കയറി നമ്മൾ അമ്പലമുറ്റത്തെത്തുമ്പോൾ, പെട്ടെന്ന് നമ്മെ ആകർഷിയ്ക്കുന്ന കാഴ്‌ചയാണ് അവിടുത്തെ ആ 'കൽപ്പാത്തി'. ആദ്യമായി വരുന്നവർക്ക് അതിന്റെ പ്രാധാന്യം മനസിലാക്കാൻ വേണ്ടി, ആ ചരിത്രം അവിടെ ഒരു ബോർഡിൽ പ്രദർശിപ്പിച്ചിരിയ്ക്കുന്നു.
തിരക്ക് കുറവായിരുന്നതുകൊണ്ട് തന്നെ, ശാന്തമായി പ്രാർത്ഥിച്ചു.
അതിമനോഹരമാണ്, അമ്പലമുറ്റത്തുനിന്നുമുള്ള ആ ബ്രഹ്മഗിരി മലനിരകളുടെ കാഴ്ച.
അപ്രതീക്ഷിതമായി, തലേന്ന് മഴ പെയ്തിരുന്നതിനാൽ, സമീപത്തെ പാപനാശിനിയിലേയ്ക്കുള്ള ആ വഴിയിൽ കുളയട്ട ശല്യം രൂക്ഷമായിരുന്നു. ഞങ്ങളുടെ കൂട്ടത്തിൽ കുട്ടികളും ഉണ്ടായിരുന്നതിനാൽ, അവിടെയുണ്ടായിരുന്നവർ അങ്ങോട്ടുള്ള ആ കാൽനട യാത്രയെ നിരുത്സാഹപ്പെടുത്തി. മാത്രവുമല്ല, അവിടെ പോയി തിരിച്ചെത്തിയവർ വഴിയാകണം, അമ്പലമുറ്റത്തും ചില കുളയട്ടകളെ കാണാനുമായി.
അതിനാൽത്തന്നെ, ഞങ്ങൾ ഇത്തവണത്തെ പാപനാശിനി യാത്ര മാറ്റി വയ്ക്കാൻ നിർബന്ധിതരായി.
പാപനാശിനിയുടെയും, പിന്നെ പിണപ്പാറ, പഞ്ചതീർത്ഥം, ഗണ്ണിക ക്ഷേത്രം ഇവയുടെയുമൊക്കെ വിശേഷങ്ങളും, ഐതിഹ്യങ്ങളും, ഇനിയുമൊരു തിരുനെല്ലി യാത്ര നടത്തുന്ന സമയത്ത് നിങ്ങളുമായി പങ്കു വയ്ക്കാം കേട്ടോ.
വനപാതയിലൂടെ ഞങ്ങൾ മടക്കയാത്ര തുടങ്ങി. ഏറെ പിന്നിടുന്നതിനു മുൻപേ തന്നെ കണ്ടു. വഴിയോട് ചേർന്ന് വലിയൊരു ആനക്കൂട്ടം. ആരെയും ഗൗനിയ്ക്കാതെ, അവർ സ്വസ്ഥരായി, തലകുലുക്കി ആ പച്ചക്കാടുകളെ വലിച്ചൊടിച്ച്, അങ്ങിനെ മേയുന്നു.
കഴിഞ്ഞ ഭാഗത്തിൽ നമ്മൾ പറഞ്ഞത് പോലെ, നമ്മൾ അങ്ങോട്ട് ശല്യപ്പെടുത്താതിരുന്നാൽ, ശാന്തരായി അവർ മേഞ്ഞു കൊള്ളും. കണ്ടാലും കണ്ടാലും മതിവരാത്ത ആ കാഴ്ച, നമുക്ക് ആവോളം ആസ്വദിയ്ക്കുകയും ആവാം.
കാർ വളരെ സാവധാനമാക്കി, ആ സുന്ദര ദൃശ്യങ്ങൾ പകർത്തി. പുറകിൽ കൂടുതൽ വണ്ടികൾ എത്തിത്തുടങ്ങിയപ്പോൾ, ആ കരിവീരരോട് മനസ്സാ വിട പറഞ്ഞ്, ഞങ്ങൾ യാത്ര തുടർന്നു.
കുറേ ദൂരം കൂടി പിന്നിട്ടപ്പോൾ, റോഡിന് ഇടതു വശത്തായി 'ട്രൈബൽ സൊസൈറ്റി' കണ്ടു. ആദിവാസികൾ ശേഖരിയ്ക്കുന്ന യഥാർത്ഥ വനവിഭവങ്ങൾ വിൽക്കുന്ന സ്ഥലമാണ്.
കലർപ്പില്ലാത്ത വനവിഭവങ്ങൾ ധാരാളം. കൂടെ, വളരെ സൗഹൃദത്തോടെ ഇടപെടുന്ന ഒരു വിൽപ്പനക്കാരൻ പയ്യനും. തേൻ തന്നെ പല തരം. ചെറുതേൻ, വൻതേൻ, പുറ്റ് തേൻ എന്നിങ്ങനെ. കലർപ്പില്ലാത്തതായതു കൊണ്ടുതന്നെ, വില അല്പം കൂടുതലായി തോന്നിയേക്കാം. ചെറുതേൻ കിലോഗ്രാമിന് 2500 രൂപയാണ്. പിന്നെ വടുവ, തുറമാങ്ങാ, രക്തചന്ദനപ്പൊടി, നറുനീണ്ടി സർബത്, രാമച്ചം, ഇഞ്ച, ഞെരിഞ്ഞിൽപ്പൊടി, വയനാടൻ കസ്‌തൂരിമഞ്ഞൾ, ഇഞ്ചി മിട്ടായി, പുളി മിട്ടായി, കൂവപ്പൊടി, അസ്സൽ വിനാഗിരിയിലെ കാന്താരി, ..... അങ്ങിനെ വനവിഭവങ്ങളുടെ നീണ്ട നിര.
'വടുവ' എന്നത് ചുണ്ടയ്ക്കയിൽ തയ്യാറാക്കുന്ന ഒരു വിഭവമാണ്. ഏറെ പോഷക സമൃദ്ധമത്രെ ഇത്. അതുപോലെ, ഞെരിഞ്ഞിൽ ഇട്ട് വെള്ളം തിളപ്പിച്ചു കുടിയ്ക്കുന്നത്, മൂത്രത്തിലെ അണുബാധ മാറ്റുവാനുള്ള സിദ്ധൗഷധമത്രെ.
മുൻപ്, മുത്തങ്ങ വനത്തിലെ ആ ട്രൈബൽ സൊസൈറ്റി കണ്ടിട്ടുണ്ട് എങ്കിലും, തിരുനെല്ലി വനത്തിലെ ഈ സൊസൈറ്റി ആദ്യമായാണ് കാണുന്നത്. ഒരു കാര്യം ഓർക്കണം കേട്ടോ. ഇവിടെ മൊബൈൽ റേഞ്ച് തീരെ ഇല്ലാത്തതിനാൽ നെറ്റ്/ഗൂഗിൾ പേ ഒന്നും മിക്കവാറും നടക്കില്ല. അതിനാൽ, സാധനങ്ങൾ വാങ്ങണം എന്നുണ്ടെങ്കിൽ, അതിനുള്ള രൂപ തന്നെ കയ്യിൽ കരുതുക.
വനപാത കഴിഞ്ഞ്, നമ്മൾ പ്രധാന പാതയിലേക്ക് കയറുന്ന ആ മുക്കിൽ. വലതു വശത്തായി ഒരു ചെറിയ ചായക്കടയുണ്ട്. "ഉണ്ണിയപ്പം" എന്നൊരു ചെറിയ ബോർഡും തൂക്കിയിട്ടുണ്ട് ആ കടയിൽ. ഏറെ പ്രശസ്തമാണ് ഇവിടുത്തെ ഉണ്ണിയപ്പം. പേര് ഉണ്ണിയപ്പം എന്നാണെങ്കിലും, വലുപ്പം കൊണ്ട് നമ്മുടെ സാധാരണ ഉണ്ണിയപ്പത്തിന്റെ ഒരു മൂന്നിരട്ടി വരും, ഒരെണ്ണം. പക്ഷേ, രുചിയിൽ ഇവൻ അതികേമനാണ്. രണ്ടു പാക്കറ്റ് വാങ്ങി ഞങ്ങൾ. പക്ഷേ, ക്ഷമിയ്ക്കുക, ഫോട്ടോ എടുക്കുന്നതിനു മുൻപേ സാധനം തീർന്നു. അത്ര രുചികരമാണേ ...
പിന്നെ .... കണ്ടു തീർന്ന കാഴ്ചകളുടെ നിറവർണ്ണനകളുമായി, ഞങ്ങൾ മടക്കയാത്ര തുടർന്നു.
രണ്ടു മഹാക്ഷേത്രങ്ങളിലെ ദർശ്ശനവും, പിന്നെ ഉഗ്രനൊരു വനയാത്രയും കൂടിയായപ്പോൾ, ഈ വയനാടൻ അവധിക്കാലത്തെ, ഒരു ദിവസം കൂടി അങ്ങിനെ ധന്യമായി.
മറ്റൊരു ദിവസത്തെ യാത്രാവിശേഷവുമായി, നമുക്കിനി അടുത്ത ഭാഗത്തിൽ വീണ്ടും കാണാം.
********************
സ്നേഹത്തോടെ
ബിനു മോനിപ്പള്ളി
******
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp BinuMonippally
********
Beautiful 👌 😍 👌
ReplyDeleteSuperb👌🏻👌🏻👌🏻
ReplyDeletethank you ,,,
Deleteബലിതർപ്പണത്തിനായി ഞാൻ വളരെയധികം തവണ പോയിട്ടുള്ള ക്ഷേത്രമാണ് തിരുനെല്ലി. ബിനു... മനോഹരമായിട്ടുണ്ട്.''..
ReplyDeletethanks ajishe ...next time pokumbol Thrissileri kooti pokanam keto ...
Delete