വീണ്ടും ചില വീട്ടുകാര്യങ്ങൾ... !! [ലേഖനം]

വീണ്ടും ചില വീട്ടുകാര്യങ്ങൾ... !!

[ലേഖനം]

പല മാതാപിതാക്കളും (അതും, പല പ്രായത്തിലുമുള്ള കുട്ടികളുടെ) പലപ്പോഴും, തമ്മിൽ തമ്മിൽ പറയാറുള്ള ഒരു കാര്യമുണ്ട്. " ......എന്റെ മക്കൾക്ക് എന്നോട് ഒരു അടുപ്പവുമില്ല .... അവരുടെ ആവശ്യങ്ങൾക്ക് പൈസ കൊടുക്കാൻ വേണ്ടിയുള്ള ഒരു എടിഎം പോലെ മാത്രമാണ് ഇപ്പോൾ അവർക്കു ഞാൻ/ഞങ്ങൾ ... പണ്ടൊക്കെ എല്ലാ നേരോം അമ്മേ ..അച്ഛാ എന്നും പറഞ്ഞു പുറകെ നടന്നിരുന്ന കുട്ടികളാ ....എന്ന്.

നിങ്ങളും കേട്ടിട്ടുണ്ടാകുമല്ലോ? അല്ലെങ്കിൽ നിങ്ങളും പറഞ്ഞിട്ടുണ്ടാകുമല്ലോ?

ഇതിൽ എന്തെങ്കിലും സത്യമുണ്ടോ? 

അഥവാ ഉണ്ടെങ്കിൽ, ആരാണ് ഇതിനൊക്കെ ഉത്തരവാദി? 

എന്താവും ഇതിനുള്ള കാരണം ? 

വെറുതെ ഒന്നാലോചിച്ചു. അയ്യോ... വെറുതെ അല്ല കേട്ടോ. ഞാനും രണ്ടു കുട്ടികളുടെ അച്ഛനാണല്ലോ. അങ്ങിനെയാവുമ്പോൾ, ഇതിനെക്കുറിച്ച് ഇപ്പോഴേ ഒന്നാലോചിച്ചു വയ്ക്കുന്നതും നല്ലതാണല്ളോ. 

ശരി. രണ്ടു കാര്യങ്ങളാണ് ഇത്തരം പരാതികൾക്ക് പിന്നിൽ, എന്നാണ് എനിയ്ക്കു തോന്നുന്നത് .

****

1. നമ്മൾ മാതാപിതാക്കളുടെ സ്നേഹവും, കരുതലും, തണലും, കൊഞ്ചിയ്ക്കലും, സാമീപ്യവുമൊക്കെ കുട്ടികൾക്ക് ഏറ്റവും ആവശ്യമുള്ളത്,  അവരുടെ ജനനം മുതൽ, ഏറിയാൽ ഏതാണ്ട് ഒരു 12-13 വയസ്സ് വരെ (6-7 ക്ലാസ്സുകളിൽ അവർ എത്തുന്നത് വരെ) ആണ്, എന്ന് പൊതുവെ പറയാം. 

ഈ പ്രായത്തിൽ അവർ എന്തിനും, ഏതിനും, എപ്പോഴും, സ്വന്തം അച്ഛന്റെയും അമ്മയുടെയും അടുത്തെത്തും. അതും, ഒരു നൂറുകൂട്ടം സംശയങ്ങളുമായി. ഇതിൽ പലതിനും പാവം മാതാപിതാക്കൾക്ക് ഉത്തരമുണ്ടാകില്ല. അറിയുന്ന ചില ഉത്തരങ്ങളാകട്ടെ, അവരോട് എങ്ങിനെ പറയും, എന്നും അറിയില്ല.

ഫലമോ? 

മാതാപിതാക്കൾ കുട്ടികളെ ഒരു കപടദേഷ്യത്തോടെ ഓടിയ്ക്കും.... 'ഹും ... ഓരോരോ കാര്യങ്ങൾ ചോദിച്ചു വന്നേക്കണ് ... നീ പോയി വല്ലോം പഠിയ്ക്കാൻ നോക്ക് ...". 

"ങേ ... ഇതെന്ത് കൂത്ത്?" എന്ന ഭാവത്തിൽ, പാവം കുട്ടികൾ പിന്തിരിയുകയും ചെയ്യും. 

ഇനി നമ്മൾ മാതാപിതാക്കൾ, ഈ പ്രായത്തിലുള്ള കുട്ടികളോടോത്തു ചിലവഴിയ്ക്കുന്ന സമയമോ? അത് തീരെ കുറവായിരിയ്ക്കും.

അവരോടോത്തൊന്നു നടക്കാൻ നമുക്ക് സമയമില്ല; അവരോടൊപ്പം ഒരു ചെറുയാത്രയെങ്കിലും പോകാൻ സമയമില്ല; അവർക്കൊപ്പം കളിയ്ക്കാൻ സമയമില്ല; അവരോടൊരു കഥ പറയാൻ സമയമില്ല; എന്തിന്, അവർക്ക് ഒരുമ്മ കൊടുക്കാൻ പോലും, നമുക്ക് തീരെ സമയമില്ലന്നേ....

കാരണം, നമ്മൾ ഭയങ്കര തിരക്കിലല്ലേ? അവരുടെ പഠനത്തിനുള്ള സ്‌കൂൾ ഫീസ് ഉണ്ടാക്കണം; ട്യൂഷൻ ഫീസ് വേറെ ഉണ്ടാക്കണം; നാളെ നല്ല ഒരു  കോളേജിൽ അഡ്മിഷൻ വാങ്ങാനുള്ള ക്യാപിറ്റേഷൻ ഫീസ് ഇപ്പോഴേ ഉണ്ടാക്കി തുടങ്ങണം; അതുമല്ല, അവരെ കല്യാണം കഴിപ്പിയ്ക്കുന്ന സമയത്ത്  കൊടുക്കാനുള്ള 101 പവൻ ശേഖരിച്ചു തുടങ്ങണ്ടേ? പിന്നെ രണ്ടു മക്കളല്ലേ, അവർക്കു ജീവിയ്ക്കാൻ ഉള്ള രണ്ടു വീടുകൾ കൂടി ഇനിയും പണിയണ്ടേ? 

[ഇതൊക്കെ നമ്മൾ ചെയ്തു തീർത്താൽ പിന്നെ, അവരുടെ ജീവിതത്തിൽ അവർക്കു ചെയ്യാൻ വല്ലതും ബാക്കി ഉണ്ടാവുമോ? എന്നൊന്നും ചോദിയ്ക്കല്ലേ.... പ്ലീസ് ... അവർ, അവരുടെ മക്കൾക്ക് വേണ്ടി ഇതൊക്കെ പുതുതായി ഉണ്ടാക്കിക്കോട്ടേന്നേ..... ].

അങ്ങിനെ, പറഞ്ഞു വരുമ്പോൾ നമ്മൾ ആകെ മൊത്തം 24 മണിക്കൂറും, തിരക്കോട് തിരക്കിൽ.

പിന്നെ, ഇതൊക്കെയെണെങ്കിലും ഒരു കാര്യം പറയണം കേട്ടോ. ഒരു കാര്യത്തിന് നമുക്ക് ധാരാളം സമയമുണ്ട്. കുട്ടികളെ നഗരത്തിലെ ഏറ്റവും നല്ല ട്യൂഷൻ സെന്ററിൽ നമ്മൾ കൃത്യമായി എത്തിയ്ക്കും; അത് കഴിഞ്ഞ് ഡാൻസ് ക്‌ളാസ്സിലേയ്ക്കും, പിന്നെ പാട്ടു ക്‌ളാസ്സിലേയ്ക്കും. ഇതെല്ലാം കഴിഞ്ഞു ചിലപ്പോൾ രാത്രി കുറച്ചു വൈകിയായാലും ആ എൻട്രൻസ് ക്‌ളാസ്സിലേയ്ക്കും. 

കാരണം, നമുക്ക് അവരോട് ഭയങ്കര സ്നേഹമാണല്ലോ. നമ്മൾ ജീവിയ്ക്കുന്നത് തന്നെ അവർക്കു വേണ്ടിയാണല്ലോ. അപ്പോൾ പിന്നെ അവർ മറ്റാരേക്കാളും മോശമാകാൻ പാടില്ലല്ലോ.

മുകളിൽ പറഞ്ഞ ആ സ്ഥലങ്ങളിൽ എവിടെയെങ്കിലും നിന്ന് തിരിച്ചു വരുന്ന വഴി, ആ പാവം കുട്ടികൾ കാറിൽ വച്ച് നമ്മളോട് എന്തേലും ഒന്ന് സ്നേഹത്തോടെ കിന്നരിയ്ക്കാൻ വന്നാലോ? "ഹും ... നാളത്തേയ്ക്കുള്ള ആ ഹോം വർക്ക് വല്ലോം ചെയ്യാൻ നോക്ക് ..." എന്നാകും നമ്മൾ. 

ഇങ്ങിനെ കുറേയെറെ നാളുകളായി, ഈ തരത്തിലുള്ള പെരുമാറ്റങ്ങൾ സ്വന്തം മാതാപിതാക്കളിൽ നിന്നും നേരിടുന്ന കുട്ടികളാകട്ടെ, പതുക്കെ അവരിൽ നിന്നും വൈകാരികമായി അകന്നു തുടങ്ങും.

2. ഇനി, നമ്മുടെ കുട്ടികൾ നേരത്തെ പറഞ്ഞ ആ 12-13 പ്രായം  കടന്നവരാകുമ്പോഴോ? അതോടെ, അവർ സ്വയം മുതിർന്നവരാകും (ഏറ്റവും കുറഞ്ഞത്, അവരുടേതായ ചിന്തകളിൽ എങ്കിലും). ആ സമയത്ത് , അവർ  സമപ്രായ സൗഹൃദവലയങ്ങളിൽ കൂടുതൽ സമയം ചിലവഴിയ്ക്കാൻ ഇഷ്ടപ്പെടുന്നവരുമാകും. 

[ഇത്തരുണത്തിൽ, ഇത്തിരി സമാധാനമായി ഒന്ന് ഓർത്തു നോക്കുക. നമ്മൾ ഇപ്പോഴത്തെ ഈ മാതാപിതാക്കളും, പണ്ട് ആ പ്രായത്തിൽ അതുതന്നെയല്ലേ ആഗ്രഹിച്ചിരുന്നത്?]

വെറുതെ വഴക്കു പറഞ്ഞ് ഓടിയ്ക്കുമായിരുന്നുവെങ്കിലും, ദിവസത്തിൽ പലതവണ തനിയ്ക്കരികിൽ എത്തുമായിരുന്ന സ്വന്തം കുട്ടികളെ, അങ്ങിനെ കാണാതായി തുടങ്ങുമ്പോൾ, നമ്മൾ അന്വേഷണം തുടങ്ങും. 

ഫോണിൽ കുത്തിയോ, ഹോം വർക്ക് ചെയ്തോ ഇരിയ്ക്കുന്ന അവരുടെ അടുത്ത് ചെന്ന്, പതുക്കെ ലോഹ്യം കൂടും.

അപ്പോൾ, പണ്ട് നമ്മൾ അവരോടു പറഞ്ഞത് അതേപോലെ അവർ തിരിച്ചും പറയും .." ഒന്ന് പോ അമ്മേ/അച്ഛാ ...ദേ... നൂറു കൂട്ടം ഹോം വർക്ക് ചെയ്യാൻ കിടക്കുന്നു .... തലേലാണേൽ ഒന്നും അങ്ങോട്ട് കേറുന്നുമില്ല ....  അപ്പോൾ  ആണ് ഒരു കൊച്ചുവർത്താനത്തിനു വന്നിരിയ്ക്കുന്നത് ..."

ഇത് കേൾക്കുമ്പോഴോ? ദാണ്ടെ കിടക്കണ്  .... ചട്ടീം കലോം ....!

അമ്മ കരച്ചിലായി; അച്ഛൻ ചിന്താമഗ്നനായി. ഇനി മറ്റു ചില (പല) അച്ഛന്മാരാകട്ടെ, ആ 'മഗ്‌നം' മാറാൻ ചിലപ്പോൾ ഒന്നോ രണ്ടോ പെഗ്ഗ് കൂടുതൽ അങ്ങ് വീശിയെന്നുമിരിയ്ക്കും. അതോടെ, ചിലർ കരച്ചിലായി, പിന്നെ ഇഴച്ചിലായി. (കുട്ടികളാകട്ടെ, ഉള്ളിൽ ചിരിയുമാകും; പുതു തലമുറയല്ലേ? ചിലപ്പോൾ ആ ഇഴച്ചിൽ ഒന്ന് മൊബൈലിൽ പകർത്തിയെന്നുമിരിയ്ക്കും !!). 

അങ്ങിനെ വീട്ടിലാകെ ഒരു പരാതി പ്രളയമായി മാറും. അതിൽ മിച്ചമാവുന്ന കുറച്ചു പരാതികൾ നമ്മൾ അയൽവക്കത്തും, പിന്നെ ആ ആകാശവാണി  ബന്ധുക്കൾക്കുമൊക്കെ ചുമ്മാ അങ്ങ് ഫ്രീ ആയി കൊടുത്തുകളയും. മലയാളിയല്ലേ? 'ഫ്രീ' അല്ലേ? ആരേലും എന്തേലും വേണ്ടെന്നു പറയുമോ?

അങ്ങിനെ കുറ്റം മുഴുവനും ദേ പിന്നേം ആ കുട്ടികളുടെ തലയിൽ ....!!

എല്ലാവരുടെയും കണ്ണിൽ, അവർ വലിയ കുറ്റക്കാരാകും. ഈ അവസരം നോക്കിയിരിയ്ക്കുന്ന സാരോപദേശികളായ ചില ബന്ധുക്കൾ, ചിലപ്പോൾ അവരെ ഒന്ന് ഗുണദോഷിയ്ക്കാനും ശ്രമിയ്ക്കും. അതോടെ ആ കാര്യം ഏതാണ്ട് തീരുമാനവും ആകും.

*****

നമ്മൾ, ദാ ഇപ്പോൾ ആ രണ്ടു നിഗമനങ്ങളും പറഞ്ഞു കഴിഞ്ഞു. 

പക്ഷേ, അപ്പോഴും ആ പ്രധാന ചോദ്യങ്ങൾ ബാക്കിയാവുന്നു. 

ആരാണ് ഇതിനു ഉത്തരവാദി? 

എന്താണ് ഈ ഗൗരവതരമായ പ്രശ്നത്തിന്, ഒരു പരിഹാരം?

ഒന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരം, ഇതിൽ പ്രധാന പങ്ക് മാതാപിതാക്കൾക്കും, ബാക്കി കുറച്ചു മാത്രം, കുട്ടികൾക്കും ആണ് എന്നാണ്. 

ഇനി രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം. നമ്മൾ ആദ്യം പറഞ്ഞത് പോലെ, മാതാപിതാക്കൾ അവരുടെ ആ സ്നേഹവും, കരുതലും, തലോടലും, വാത്സല്യവുമൊക്കെ ആദ്യ പകുതിയിൽ (കുട്ടികളുടെ 12 വയസ്സ് വരെ) പരമാവധി അവർക്കു നൽകുക. അതൊക്കെ വെറുതെ നെഞ്ചിൽ അങ്ങിനെ സൂക്ഷിച്ചു വച്ചിട്ടല്ല; അവർക്കു നേരിൽ അനുഭവവേദ്യമാകുന്ന രീതിയിൽ തന്നെ അങ്ങ്  കൊടുക്കുക. അവരുടെ കൂടെ കളിയ്ക്കുക, ചിരിയ്ക്കുക, തമാശ പറയുക. അവരുടെ ഏറ്റവും അടുത്ത കൂട്ടുകാരാകുക.

12 വയസ്സിനു ശേഷമുള്ള അവരുടെ താൽക്കാലികമായ ആ അകൽച്ച, അവരുടെ ശാരീരികവും മാനസികവുമായ വളർച്ചയുടെ ഭാഗമാണെന്ന് മനസ്സിലാക്കുക. അവിടെ അവർക്കു വേണ്ടത്, നമ്മുടെ സ്നേഹത്തേക്കാളേറെ, നമ്മുടെ കരുതലാണ്. 

പക്ഷേ, ആ കരുതൽ അധികമാവുകയോ, അമിത നിയന്ത്രണങ്ങളിലേയ്ക്ക് വഴിമാറുകയോ ചെയ്യുകയുമരുത്. പറ്റുമെങ്കിൽ, അവരറിയാതെ അവരെ നിരീക്ഷിയ്ക്കുക (നിരീക്ഷിയ്ക്കുക എന്നാൽ, നിങ്ങൾ ഒരു സിസിടിവി ആകുക എന്നല്ല കേട്ടോ); ഏതെങ്കിലും തരത്തിൽ വഴിമാറുന്നു എന്ന് തോന്നുമ്പോൾ, അവരെ അതിൽ നിന്നും സ്നേഹപൂർവ്വം പിന്തിരിപ്പിക്കുക. 

ഓർക്കുക. എന്തിനോടും ഏതിനോടും, ഒരുതരം 'റിബൽ' മനോഭാവത്തിൽ പ്രതികരിക്കുന്നതാണ് ടീനേജ് പ്രായം. അത് മാതാപിതാക്കളോടായാലും ശരി, സമൂഹത്തോടായാലും ശരി. അതിനാൽ തന്നെ ആ സമയത്ത്, 'കമാൻഡ്' രൂപത്തിലുള്ള നിർദ്ദേശങ്ങളേക്കാൾ, 'സ്‌നേഹപൂർവമായ' നിർദ്ദേശങ്ങളാകും കൂടുതൽ ഫലപ്രദം.

അതുപോലെ തന്നെ നമ്മുടെയൊക്കെ വീടുകളിൽ, പലപ്പോഴും സംഭവിയ്ക്കുന്ന രസകരമായ മറ്റൊരു കാര്യം കൂടിയുണ്ട്. എന്തെങ്കിലും കാര്യത്തിൽ അഭിപ്രായവുമായി വരുന്ന ടീനേജ് മകനോട്/മകളോട് അച്ഛൻ പറയും "ദേ .... മോനേ/മോളേ... നിനക്കേ വെറും 14 വയസ്സ് ആയിട്ടല്ലേ ഉള്ളൂ? കുറച്ചൂടെ വലുതാകട്ടെ ..എന്നിട്ടാകാം ...കേട്ടോ .....". തലകുലുക്കി സമ്മതിച്ചു പോകുന്ന മോനോട്/മോളോട്, അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ (അടുത്ത പ്രശ്നത്തിൽ) അമ്മ പറയും "...ടാ/ടീ ... നിനക്കേ വയസ്സ് 14 ആയി ... പോത്ത് പോലെ വളർന്നു ... ഇപ്പളും ... ഇള്ളക്കുട്ടിയാന്നാ വിചാരം ...". 

പാവം കുട്ടി. അവൻ/അവൾ ആകെ കൺഫ്യൂഷനിൽ ആയി പോകില്ലേ? "കൺഫ്യൂഷൻ തീർക്കണമേ ..." എന്ന പാട്ട് ഒരു നാല് തവണ കേട്ടാലും ഇനി വല്ല കാര്യവുമുണ്ടോ? എന്താല്ലേ..!!

ചുരുക്കത്തിൽ, കുട്ടികൾ ഈ പ്രായത്തിൽ എത്തിക്കഴിഞ്ഞാൽ, നിങ്ങളുടെ വീട്ടിലെ പൊതുക്കാര്യങ്ങൾ ചർച്ച ചെയ്യുന്ന സമയങ്ങളിൽ, അവരുടെ അഭിപ്രായങ്ങൾ കൂടി ഒന്ന് ചോദിയ്ക്കുക, പരിഗണിയ്ക്കുക. ഉദാഹരണത്തിന്, ഒരു വിവാഹസത്ക്കാരത്തിനു പോകുന്ന കാര്യം, ഒരു ബന്ധു വീട്ടിലേയ്ക്ക് നടത്താനിരിയ്ക്കുന്ന സന്ദർശനം, വസ്ത്രങ്ങൾ എടുക്കാൻ കടയിൽ പോകുന്ന കാര്യം, അതിന്റെ കളർ സെലക്ഷൻ ... ഇങ്ങിനെയൊക്കെ ഉള്ള 'ചെറിയ', എന്നാൽ 'വലിയ' കാര്യങ്ങൾ തീരുമാനിയ്ക്കുമ്പോൾ. അത്തരം ഇടപെടുത്തലുകൾ, താനും ഒരു മുതിർന്ന ആളായി എന്നോ, വീട്ടിലെ കാര്യങ്ങളിൽ തനിയ്ക്കും കുറച്ചു ഉത്തരവാദിത്വങ്ങൾ വന്നു തുടങ്ങി എന്നോ ഒക്കെ ഉള്ള ഒരു തോന്നൽ, അവരറിയാതെ തന്നെ അവരിൽ ഉണ്ടാക്കും. അത് അവരിൽ കൂടുതൽ ഉത്തരവാദിത്വബോധം ഉണ്ടാക്കുകയും ചെയ്യും. പക്ഷേ, ദൗർഭാഗ്യകരമെന്നു പറയട്ടെ, പല മാതാപിതാക്കളും ഇത്തരം കാര്യങ്ങളിൽ കുട്ടികൾ വല്ല അഭിപ്രായവും പറയാൻ വന്നാൽ, "..ദേ ..പോയി നിന്റെ പണി നോക്കിക്കേ .... ഇതൊക്കെ ഞങ്ങൾ തീരുമാനിച്ചോളാം ... മ്മ് ... അവനൊരു/അവളൊരു  കാർന്നോര്/കാർന്നോത്തി വന്നിരിയ്ക്കുന്നു ..." എന്ന രീതിലാണ് പ്രതികരിയ്ക്കാറുള്ളത്. ശരിയല്ലേ?

ഇനി ഇതിനൊക്കെ പുറമേ, ഒരുപക്ഷേ, തന്റെ പഠനഭാരത്താൽ കുട്ടികളും ആ ഒരു കാലഘട്ടത്തിൽ, നമ്മൾ മാതാപിതാക്കളേക്കാൾ കൂടുതൽ ടെൻഷനിലും തിരക്കിലും ഒക്കെ ആയിരുന്നേക്കാം. അപ്പോൾ, അവരെ നമ്മൾ കുറ്റപ്പെടുത്തുകയല്ലല്ലോ വേണ്ടത്. പകരം, കൂടെ നിൽക്കുകയല്ലേ?

എന്നിട്ട്, ഒരൽപ്പം ക്ഷമയോടെ കാത്തിരിയ്ക്കുക. 

അവർ കുറച്ചു കൂടെ പക്വതയുള്ളവരാകുമ്പോൾ (ഏതാണ്ട് ഡിഗ്രി മൂന്നാം വർഷമൊക്കെ ആകുമ്പോൾ), അവർ കൂടുതൽ സ്നേഹത്തോടെ, കൂടുതൽ പക്വതയോടെ, നിങ്ങളോട് വീണ്ടും അടുക്കും. അതോടെ നിങ്ങളുടെ ആ പരാതിയും തീരും.

************

പിൻകുറിപ്പ്: ഈ ഒരു വിഷയവുമായി ബന്ധപ്പെട്ട, എന്റെ ചില നിഗമനങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കുക മാത്രമാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം, കേട്ടോ. ഇതിലെ അഭിപ്രായങ്ങളോടും നിഗമനങ്ങളോടും, പൂർണ്ണമായോ ഭാഗികമായോ, യോജിയ്ക്കാനോ വിയോജിയ്ക്കാനോ ഉള്ള പൂർണ്ണ അവകാശം വായനക്കാർക്കുണ്ട്. അതുപോലെ, ഇത് വായിയ്ക്കാൻ ഇടയാകുന്ന ഏതെങ്കിലും മാതാപിതാക്കൾക്കോ കുട്ടികൾക്കോ, 'അത് താൻ അല്ലയോ ഇത് .... എന്ന് വർണ്യത്തിലാശങ്ക.." എന്ന ആ പഴയ ഉൽപ്രേക്ഷ ലക്ഷണം ഓർമ്മ വരുന്നുവെങ്കിൽ, അത് വെറും യാദൃശ്ചികം മാത്രം.

********************
സ്നേഹത്തോടെ

ബിനു മോനിപ്പള്ളി

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp BinuMonippally

********



 









 

Comments

  1. തികച്ചും ആനുകാലിക വിഷയം.
    " നമ്മളെ പോലെ നമ്മുടെ മക്കൾ കഷ്ടപ്പെടരുത് " എന്ന പൊതു ചിന്ത
    കൊണ്ട് മക്കളെ യാതൊരു അല്ലലും അറിയിക്കാതെ വളർത്തി.
    മക്കൾക്ക് നഷ്ടമായത് പച്ചയായ ജീവിതമാണ്.
    ബിനുവിന്റെ കുറിപ്പ് അസ്സലായി.
    അഭിനന്ദനങ്ങൾ.

    ReplyDelete
    Replies
    1. ere santhosham ..rekha vellathooval sir ....

      Delete

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]