'വെർച്വൽ' [നാടൻ പാട്ട്]

 

'വെർച്വൽ'

[നാടൻ പാട്ട്]


വാട്സാപ്പിൽ, എഫ്‍ബീല് നമ്മള് കാണുന്നോരാണേലും 

കൂട്ടുകാരാണെന്നു നമ്മക്ക് ചൊല്ലാമോ കുഞ്ഞോനേ?

കുഞ്ഞോനേ, കുഞ്ഞോളേ നമ്മൾ 'ചാറ്റു'ന്നോരാണേലും 

കൂട്ടുകാരാണെന്നു നമ്മള് ചൊല്ലിയാൽ നേരാവോ?


നേരം വെളുക്കുമ്പം നമ്മള് ചാറ്റ് തുടങ്ങ്യാല് 

നേരമിരുട്ട്യാലും നമ്മള് ചാറ്റ് നിറുത്തൂല്ലാ 

വീട്ടിലെ കാര്യങ്ങൾ നോക്കുവാൻ നമ്മക്ക് നേരോല്ലാ

നാട്ടിലെ കൂട്ടുകാരൊക്കെയിന്നെവിടേന്നുമറിയൂല്ല 


മറുനാട്ടിൽ വെട്ടിവിയർക്കണ കെട്ട്യോൻ വിളിച്ചാലും 

കാലത്തേ ജോലിയ്ക്കു പോയൊരു കെട്ട്യോൾ വിളിച്ചാലും  

നേരമില്ലൊട്ടും നമുക്കൊന്ന് മുണ്ടാട്ടം മിണ്ടീടാൻ 

നാലഞ്ച് 'മിസ്ഡ്‌ കോളു'ണ്ടല്ലോ തിരികെ വിളിച്ചീടാൻ


വീട്ടിലെ പാതിയ്ക്കു വേണ്ടിയാ 'വിക്‌സൊ'ന്നു വാങ്ങാത്തോർ 

എഫ്‍ബീലെ ഫ്രണ്ടിന് വേണെങ്കിൽ 'കിഡ്‌നി' കൊടുത്തീടും 

കവലേലെ കടയിൽ നിന്നിത്തിരി 'റേഷനും' വാങ്ങാത്തോൻ 

വാട്സാപ്പ് ഫ്രണ്ടിനെ കാണുവാൻ കണ്ണൂരുമെത്തീടും 


'പീഡനപർവ്വങ്ങൾ' നിറയുന്ന വാർത്തകൾ കണ്ടാലും 

എഫ്‍ബീലെ ചെക്കന്റെ കൂടെയീ നാട് കറങ്ങീടും 

പഞ്ചാരപ്പാൽകുഴമ്പാവോളം മോന്തിക്കുടിയ്ക്കാനായ് 

കണ്മണിപ്പൈതലേ പോലും നാം ദൂരെയെറിഞ്ഞീടും 


ഓർക്കണം നിങ്ങളാ മായിക ലോകത്തു മേയുമ്പോൾ 

'വെർച്വലാ' ലോകവും ബന്ധവും ക്ഷണമാത്ര കല്പിതങ്ങൾ 

ഈ ലോക ജീവിതം ജീവിയ്ക്ക സന്തോഷ സുന്ദരമായ് 

'വെർച്വലാം' ലോകത്തെ വെറുമൊരു 'ഹോബി'യായ് കണ്ടീടുക !! 

============

സ്നേഹപൂർവ്വം 

ബിനു മോനിപ്പള്ളി  

**************

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally


പിൻകുറിപ്പ്: സെപ്റ്റംബർ 2022 ലക്കം "ഇമ മാസിക"യിൽ പ്രസിദ്ധീകരിച്ചത്. "ഇമ മാസിക" വായിയ്ക്കുവാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക.

https://fliphtml5.com/oqcso/cwkm

https://www.imamasika.com




Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]