അകമുരുകിയൊരാൾ [ഒരു മഹാഭാരത കഥാപാത്ര വിശകലനം: ഭാഗം -1]
അകമുരുകിയൊരാൾ
[ഒരു മഹാഭാരത കഥാപാത്ര വിശകലനം : ഭാഗം -1]
ഹോ .... എത്ര നേരമായി താനിങ്ങനെ ഈ മെത്തമേൽ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു.
ഇത്രയും കാലത്തെ ജീവിതത്തിൽ, ഇതിനേക്കാൾ എത്രയോ വലിയ വിഷമഘട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോഴൊന്നും, ഇത്രമേൽ അത് തന്നെ സങ്കടത്തിലാക്കിയിട്ടില്ലല്ലോ. കൃത്യമായ തീരുമാനങ്ങൾ, ശരിയായി തന്നെ, അതും ശരിയായ സമയത്ത് എടുക്കാൻ, അപ്പോഴൊക്കെയും തനിയ്ക്ക് കഴിഞ്ഞിട്ടുമുണ്ടല്ലോ.
എന്നാൽ, ഇതിപ്പോൾ ....?
ഇന്ന് സഭ പിരിയുന്ന നേരത്ത്, തന്നെ അടുത്തേയ്ക്ക് വിളിച്ച് വലിയ ജേഷ്ഠൻ അക്കാര്യം പറഞ്ഞപ്പോൾ മുതൽ തുടങ്ങിയതാണ് ഈ അങ്കലാപ്പ്.
എന്നാലും എന്താകും അദ്ദേഹം ഇത്ര പെട്ടെന്ന് ഇങ്ങിനെ ഒരു തീരുമാനമെടുക്കാൻ കാരണം? എത്ര വലിയൊരു യുദ്ധത്തിന് ശേഷമാണ് ഈ രാജ്യവും അധികാരവും ഒക്കെ അദ്ദേഹത്തിന് കൈവന്നത്. പ്രജകളാകട്ടെ ഇപ്പോൾ തീർത്തും സംതൃപ്തരുമാണ്.
എന്നിട്ടും ..?
ഏതാണ്ട് ചെറുപ്പം മുതൽ തന്നെ, ഒപ്പം കളിച്ചു വളർന്ന തന്നോട് പോലും അദ്ദേഹം ഒരു മുൻസൂചനയും തന്നതുമില്ലല്ലോ.
ഓടിക്കളിയ്ക്കുന്ന പ്രായത്തിൽ, തന്റെ സ്വന്തം സഹോദരങ്ങൾ തന്നെ ഒറ്റപെടുത്തിയപ്പോൾ പോലും, ഒരു ചിരിയോടെ തന്നെ കൂടെ കൂട്ടിയ ആളായിരുന്നല്ലോ അദ്ദേഹം. അതുകൊണ്ട് തന്നെ, തനിയ്ക്ക് സ്വന്തം ജേഷ്ഠൻ തന്നെയാണ് താനും.
എത്രയോ തവണ, ചെറിയ ജേഷ്ഠനും ബാക്കി തൊണ്ണൂറ്റിയൊൻപതു പേരും തന്നെ അപമാനിച്ചിരിയ്ക്കുന്നു; കൂട്ടത്തിൽ കൂട്ടാതെ ഒറ്റപെടുത്തിയിരിയ്ക്കുന്നു. എന്തിന്? തന്റെ ആ ഏക സഹോദരി പോലും.
ദാസീപുത്രനാണത്രെ.
അത് തന്റെ കുഴപ്പമല്ലല്ലോ എന്ന്, ഒഴുകിയിറങ്ങുന്ന ആ കണ്ണീരിനിടയിൽ എത്രയോ തവണ, താൻ തന്നോട് തന്നെ പറഞ്ഞിരിയ്ക്കുന്നു.
ആദ്യമൊക്കെ, കരഞ്ഞു കലങ്ങിയ കണ്ണുകളുമായി താൻ മഹാരാജാവിനടുത്തു ചെല്ലുമായിരുന്നു. വാത്സല്യത്തോടെയുള്ള ഒരു തലോടൽ പോയിട്ട്, അനുകമ്പാപൂർണ്ണമായ ഒരു നോട്ടം പോലും അവിടെ നിന്നും ഉണ്ടായിട്ടില്ല.
അതിനും കാരണം മറ്റൊന്നുമല്ല, ദാസീപുത്രനാണത്രെ.
പിന്നെ എന്തിനാണാവോ, മഹാരാജാവ് തന്റെ അമ്മയായ ആ ദാസിയുടെ ....
അല്ലെങ്കിൽ വേണ്ട, എത്രയായാലും അദ്ദേഹം തന്റെ പിതാവാണല്ലോ. പരലോകം പൂകുകയും ചെയ്തു. ഇനിയും വെറുതെ പിതൃദോഷം പറയേണ്ട.
ഏങ്ങലടികളോടെ തന്റെയടുത്ത് ഓടിയെത്തുന്ന ആ പുത്രനെ, വെറുമൊരു ദാസിയായ ആ പാവം 'അമ്മ' എത്രയോ ദിനങ്ങളിൽ അടക്കിപ്പിടിച്ചിരിയ്ക്കുന്നു. ആ ഏങ്ങലടികൾ ഒട്ടും പുറത്തു കേൾക്കാതെ.
രാജകോപം ഒരുപക്ഷെ തനിയ്ക്ക് പുത്രനഷ്ടം വരെ ഉണ്ടാക്കിയേക്കാം എന്ന്, ആ പാവം അമ്മ അന്നൊക്കെ ഏറെ ഭയപ്പെട്ടിരുന്നുവെന്ന്, പിന്നീടാണ് തനിയ്ക്ക് മനസ്സിലായത്.
ജന്മം കൊണ്ട് (പാതിയെങ്കിലും) കൗരവനായിട്ടും, യുദ്ധസമയത്ത് പാണ്ഡവപക്ഷത്തേയ്ക്കു മാറിയ തന്നെ, ചതിയനായും, വഞ്ചകനായും, കുലദ്രോഹിയായും, സ്വന്തം സഹോദരങ്ങൾ ഉൾപ്പെടെ മുദ്ര കുത്തിയപ്പോൾപ്പോലും, താനിത്രയധികം സങ്കടപ്പെട്ടിട്ടില്ല.
കാരണം, ആ മാറ്റത്തിന് തനിയ്ക്ക് വ്യക്തമായ കാരണങ്ങളുമുണ്ടായിരുന്നു. ധർമ്മത്തിന്റെ പക്ഷം ഇതായിരുന്നു എന്ന് തനിയ്ക്ക് അറിയുകയും ചെയ്യുമായിരുന്നു.
മാത്രവുമല്ല, താനന്നത് ചെയ്തത് രഹസ്യമായും അല്ലല്ലോ.
ഇരുഭാഗത്തെയും മുഴുവൻ സൈന്യവും മുഖാമുഖം നിൽക്കെ, വലിയ ജേഷ്ഠൻ 'ആർക്കും, തനിയ്ക്ക് ശരി എന്ന് തോന്നുന്ന പക്ഷത്തേയ്ക്കു മാറാൻ അവകാശവും, ഒപ്പം സ്വാതന്ത്ര്യവുമുണ്ട്' എന്ന് ഉറക്കെ പ്രഖ്യാപിച്ചപ്പോഴായിരുന്നുവല്ലോ, താൻ കൗരവപക്ഷത്തു നിന്നും പാണ്ഡവപക്ഷത്തേയ്ക്കു മാറിയത്.
അതിനും ശേഷം, ആ മഹായുദ്ധത്തിൽ, സഹോദരരും, ഗുരുസ്ഥാനീയരും, സുഹൃത്തുക്കളും ഒക്കെയായ അനേകർ, സ്വന്തം കണ്മുൻപിൽ മരിച്ചു വീഴുമ്പോഴും, താൻ സ്വയം ആശ്വസിച്ചു; അല്ല ആശ്വസിപ്പിച്ചു. എല്ലാം ധർമ്മ രക്ഷാർത്ഥം ആണല്ലോ എന്ന്.
ആ ദിനങ്ങളിൽ, നിറയുന്ന കണ്ണുകളെ, വിതുമ്പുന്ന മനസ്സ് സാന്ത്വനിപ്പിച്ചതും അങ്ങിനെ തന്നെയായിരുന്നു.
അവസാനം, താനുൾപ്പെടെ പതിനൊന്നു പേരെ മാത്രം ബാക്കിയാക്കി, ആ മഹായുദ്ധം അവസാനിച്ചപ്പോൾ, ഉള്ളിലുണ്ടായ ആ വികാരം എന്തായിരുന്നു എന്ന് ഇന്നും തനിയ്ക്കറിയില്ല.
എന്തായാലും, അത് ഒട്ടുമേ സന്തോഷമായിരുന്നില്ല; സങ്കടം മാത്രവും.
അതിനുമിപ്പുറം, നീണ്ട മുപ്പത്തിയാറ് വർഷങ്ങൾ.
ഒരു രാജ്യം പുതുതായി പൂവിടുന്നതും, തളിർക്കുന്നതും, പിന്നെ നിറയെ കായ്ക്കുന്നതും താൻ കണ്ടു. നീതിയും ന്യായവും നടപ്പിലാകുന്നതും, പ്രജകൾ സമാധാനത്തിലും സന്തോഷത്തിലും കഴിയുന്നതും താൻ കണ്ടു.
ഈ ജഗത്തിനു തന്നെ നാഥനായിരുന്നയാൾ, സ്വന്തം കുലം നശിയ്ക്കുന്നതിനു നേർസാക്ഷിയായതും കാണേണ്ടിവന്നു തനിയ്ക്ക്. ഒടുവിൽ സ്വന്തം ദേശം വിട്ടു തന്നെ ആ ഭഗവാന് പോകേണ്ടിവന്നുവെങ്കിൽ, സംശയം വേണ്ട, ഇത് കലിയുടെ അപഹാരം തന്നെ.
കലിയുഗത്തിന്റെ ആ കാഹളശബ്ദമാകും, ദിനങ്ങളേറെയായി, അസാധാരണമായ ദുഃസ്വപ്നങ്ങളായി തന്നെയിങ്ങനെ വേട്ടയാടുന്നതും.
അതിനാലാകും, വലിയ ജേഷ്ഠന്റെ ഇന്നത്തെ തീരുമാനം ഈ രീതിയിൽ ആയതും.
ഇനി ..?
===============
സ്നേഹപൂർവ്വം
- ബിനു മോനിപ്പള്ളി
******
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
********
Comments
Post a Comment