ബിഫോർ & ആഫ്റ്റർ [ഒരു ചെറുകഥ]
[ഒരു ചെറുകഥ]
ശ് ..ശ് ...
രാവിലെ ധൃതിയിൽ വാതിലും പൂട്ടി പുറത്തേയ്ക്കു നടക്കുമ്പോഴാണ്, ആരോ പുറകിൽ നിന്നും ശബ്ദമുണ്ടാക്കിയത്.
തിരിഞ്ഞു നോക്കി. അവിടെയെങ്ങും ആരെയും കാണാനില്ല.
വെറുതെ തോന്നിയതാകും എന്നാശ്വസിച്ച്, വീണ്ടും നടന്നു.
ശ് ..ശ് ...ശ് ..ശ് ...
വീണ്ടുമതാ, കുറേക്കൂടി ഉച്ചത്തിൽ ആ ശബ്ദം.
അയാൾ തിരികെ വാതിലിനടുത്തെത്തി. പിന്നെ ചുറ്റും നോക്കി. ഇവിടെങ്ങും ആരെയും കാണാനില്ലല്ലോ.
ഒരു വശത്തായി ഷൂ സ്റ്റാൻഡും, മറുവശത്തായി ഒരു ഗ്യാസ് സിലിണ്ടറും മാത്രം. പിന്നെ, തന്റെ പ്രിയപ്പെട്ട കുറെ പൂച്ചെടികളും. മറ്റൊന്നും അവിടെയെങ്ങും കാണാനില്ല.
പെട്ടെന്നാണ് കുറച്ചു ദിവസം മുൻപ് പത്രത്തിൽ വായിച്ച ആ വാർത്ത അയാൾക്ക് ഓർമ്മ വന്നത്. ഒരു വീട്ടിലെ ഷൂ സ്റ്റാൻഡിൽ വച്ചിരുന്ന ഷൂവിനുള്ളിൽ, ഒരു വിഷപ്പാമ്പിനെ കണ്ട വാർത്ത.
ദൈവമേ ... ഇനിയിത് അങ്ങിനെയെങ്ങാൻ ആകുമോ?
തനിയ്ക്കാണെങ്കിൽ, പാമ്പ് എന്ന് കേൾക്കുന്നതേ പേടിയാ.
ചുറ്റും നോക്കി, ഒരു സഹായത്തിന്. ആരെയുമൊട്ട് കാണുന്നുമില്ലല്ലോ. അല്ലെങ്കിലും അതങ്ങിനെയാ. ഒരാവശ്യസമയത്ത് ആരെയും കാണാൻ പോലും കിട്ടില്ല.
രണ്ടും കൽപ്പിച്ച്, എത്തിവലിഞ്ഞു നിന്ന്, ആ ഷൂ സ്റ്റാൻഡ് മറിച്ചിട്ടു. ഒന്നുമില്ല. പിന്നെ, ഷൂകൾ എല്ലാം കാലുകൊണ്ട് തട്ടി മറിച്ചിട്ടു നോക്കി. അതിലും ഒന്നുമില്ല.
അയാൾക്ക് പതുക്കെ ദേഷ്യം വന്നു തുടങ്ങി. ഇന്ന് ഓഫീസിൽ ലേറ്റ് ആയതു തന്നെ.
അപ്പോൾ പെട്ടെന്ന് മറ്റൊരു വാർത്തയും അയാളുടെ മനസിലേയ്ക്ക് വന്നു.
വടക്കെങ്ങോ ഗ്യാസ് ലീക് ചെയ്ത് ഒരു വീട് തന്നെ കത്തിയമർന്ന വാർത്ത.
ഇനി ഈ ഗ്യാസ് കുറ്റിയെങ്ങാൻ ലീക് ആയതാണോ? നോബ് നന്നായി പരിശോധിച്ചു. അതും പോരാഞ്ഞ് ഒന്ന് മണത്തും നോക്കി.
ഇല്ലില്ല ..ഒരു ലീക്കുമില്ല.
ആ ..പോട്ട് ... എന്തായാലും ശരി, താൻ പോകുന്നു
വീണ്ടും നടന്നപ്പോൾ, അതാ വീണ്ടും ആ ശബ്ദം
ശ് ..ശ് ...
ഇത്തവണ പെട്ടെന്ന് തിരിഞ്ഞ അയാൾക്ക് മനസ്സിലായി, ശബ്ദമുണ്ടാക്കുന്നത് അവൻ തന്നെ; ആ ഗ്യാസ് സിലിണ്ടർ.
ഇതെന്തു മായ?.. എന്ന അത്ഭുതത്തോടെ നോക്കിയ അയാളോട് സിലിണ്ടർ പറഞ്ഞു ...
"അതേടോ ..ഇത് ഞാൻ തന്നെയാ ..."
"ങേഹ് ..?"
"അതേന്ന് ... താൻ തന്റെ വീടൊക്കെ വല്യ ഭംഗി ആക്കിയില്ലേ, ഈയിടെ?"
"ഉവ്വ .."
"എന്നിട്ട് .. എന്നെ മാത്രം ദേ ..ഇങ്ങിനെ ..ഇങ്ങിനെ .. ഇവിടെ അങ്ങ് വിട്ടു .. അല്ലേ?"
"എങ്ങിനെ?"
"എങ്ങിനേന്നോ? ... അറിയാമ്മേല ..അല്ലേ ...?"
:ഇല്ല .."
"ഹും ... കില്ല ... എഡോ... ദേ ഈ വഴി എത്ര പേര് ദിവസോം അങ്ങോട്ടും ..പിന്നെ ദേ ഇങ്ങോട്ടും നടക്കുന്നതാ ..?"
"അതിന്?"
"അതിനോ ? .. ആ വഴിയിൽ ദേ എന്നെ ഇങ്ങിനെ ഒരു കീറത്തുണി പോലും ഉടുപ്പിയ്ക്കാതെ, തുറന്ന് മലർത്തി നിർത്താൻ തനിയ്ക്ക് നാണമില്ലേ ..? ഇല്ലേന്ന്?"
"എന്റെ ദൈവമേ .."
"എന്ത് ദൈവമേ ...? എഡോ... ഒരു പ്രായപൂർത്തിയായ സിലിൻഡർ അല്ലേ ഈ ഞാൻ? പേരിനെങ്കിലും ഒരു ഉടുപ്പ് എനിയ്ക്കു തരാൻ മേലേ? അങ്ങനെയായാൽ, ഈ തുരുമ്പു പിടിച്ച ദേഹോം, പിന്നെ ദേ ഈ നോബും ഒക്കെ കാണിച്ച്, ഞാൻ ഇങ്ങിനെ ഒരുമാതിരി ദിഗംബരനായി ഈ നിൽപ്പ് നിൽക്കേണ്ടി വരുവോ?"
"അതിപ്പം ..."
"ഏതിപ്പം? ... ഇയ്യാള് എത്ര കാശാ 'ഇന്റീരിയർന്നോ കിന്റീരിയർന്നോ" ഒക്കെപ്പറഞ്ഞ് ഇയാടെ ഈ വീട്ടിനകത്ത് ചിലവാക്കിയേ? കണ്ണീച്ചോര വേണമെടോ ... കണ്ണീച്ചോര"
പെട്ടെന്നയാൾ എന്തോ ഓർത്തപോലെ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു.
എന്തൊക്കെയോ കുത്തി മാന്തി. പിന്നെ തന്റെ മൊബൈൽ ആ സിലിൻഡറിനു നേരെ കാണിച്ചു.
സിലിണ്ടർ ആകട്ടെ സന്തോഷത്തോടെ, നന്ദിയോടെ നിറകണ്ണുകളോടെ അയാൾക്ക് നേരെ കൈകൂപ്പി. പിന്നെ പറഞ്ഞു.
"സാർ ..ക്ഷമിയ്ക്കണം .. ഞാൻ എന്റെ വെഷമം കൊണ്ട് പറഞ്ഞു പോയതാ ..കേട്ടോ ...ഒന്നും മനസ്സീ വച്ചേക്കരുത്".
"ഹ..ഹ.. ഇല്ല.. ഇല്ല .. "
ഛെ ... ഞാൻ ഇത് കുറച്ച് നേരത്തെ ഓർക്കേണ്ടതായിരുന്നു. നടക്കുന്നതിനിടയിൽ അയാളോർത്തു.
****
പിൻകുറിപ്പ്:
എന്താ? അയാൾ മൊബൈലിൽ കാണിച്ചത് എന്താണെന്നോ?ഏയ് .. ചുമ്മാ ..... അതാ ആമസോണിലോ മറ്റോ ഒരു സിലിണ്ടർ കവർ ഓർഡർ ചെയ്ത കൺഫർമേഷൻ.
അല്ല പിന്നെ ... ആ കുറുപ്പിന്റടുത്താ ഈ സിലിണ്ടറിന്റെ കളി ...! ഇതിലപ്പുറം ചാടിക്കടന്നിട്ടുള്ളവനാണാ ...
===============
സ്നേഹപൂർവ്വം
- ബിനു മോനിപ്പള്ളി
******
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
********
Comments
Post a Comment