ഞാനെന്റെ ഹൃദയം നിനക്ക് നൽകാം [കവിത]
[കവിത]
ഞാനെന്റെ ഹൃദയം നിനക്ക് നൽകാം
കരളിന്റെ പാതി പകുത്തു നൽകാം
ഞാനെന്റെ മോദം നിനക്ക് നൽകാം
ഞാൻ എന്റെ ദുഃഖം നൽകാതിരിയ്ക്കാം
നീയൊരു മഴയായ് പെയ്തിറങ്ങൂ
മണ്ണിന്റെ മാറ് കുളിർന്നിടട്ടെ
നീയൊരു കാറ്റായ് തഴുകി നിൽക്കൂ
പൂവിൻ സുഗന്ധം പരന്നിടട്ടെ
മുളപൊട്ടി വിരിയും കുരുന്നിന്നു നീ
അമ്മയായ് ചാരത്തു നിന്നിടേണം
നിറയെ തളിർത്താർത്ത് പൊങ്ങിടുമ്പോൾ
അരുമയായ് തഴുകി തലോടിടേണം
അസുരത്വമേറും മനസ്സിന്നു നീ
ആസന്ന ശാന്തി പകർന്നിടേണം
ആശയറ്റുഴലും മനസ്സുള്ളിൽ നീ
ആശാസ്ഫുലിംഗമായ് മിന്നിടേണം
പകയോടെ അതിരുകൾ പണിതുയർത്തും
മനുജന്റെ മനസ്സിൽ നീ ഓതിടേണം
ഒരുമാത്ര പോലുമേ വൈകിടാതെ
"വസുധൈവ.." മന്ത്രമാം സ്നേഹഗീതം
ഇല്ലെന്റെ കയ്യിൽ നിനക്ക് നല്കാൻ
പകരമായൊന്നുമെൻ പ്രകൃതീശ്വരീ
ഞാനെന്റെ ഹൃദയം നിനക്ക് നൽകാം
കരളിന്റെ പാതി പകുത്തു നൽകാം
===============
സ്നേഹപൂർവ്വം
- ബിനു മോനിപ്പള്ളി
******
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
********
*ചിത്രത്തിന് കടപ്പാട്: ഗൂഗിൾ ഇമേജസ്
********
ഒക്ടോബർ 2023 ലക്കം 'ഇമ മാസിക'യിൽ പ്രസിദ്ധീകരിച്ച കവിത.
Comments
Post a Comment