മായമാൻ മാത്രമോ മാരീചൻ? [രാമായണം: അറിയപ്പെടാത്ത കഥാപാത്രങ്ങൾ - 2024: ഭാഗം 14]

 

മായമാൻ മാത്രമോ മാരീചൻ? 

[രാമായണം: അറിയപ്പെടാത്ത കഥാപാത്രങ്ങൾ - 2024: ഭാഗം 14]

മാരീചൻ എന്ന ആ പേര് കേൾക്കുമ്പോൾ, എന്റെ മനസ്സിലേയ്ക്ക് ആദ്യം ഓടിയെത്തുന്നത്, പണ്ട് സ്‌കൂൾ ക്‌ളാസ്സുകളിൽ ഞങ്ങളുടെ പ്രിയപ്പെട്ട മലയാളം സാർ, പതിഞ്ഞ ഈണത്തിൽ ചൊല്ലിപ്പഠിപ്പിച്ച ആ വരികളാണ്. 

ഭർത്താവേ! കണ്ടീലയോ  കനകമയമൃഗ-

മെത്രയും ചിത്രം ചിത്രം! രത്നഭൂഷിതമിദം...

വളരെ ബുദ്ധിമുട്ടി, അന്ന് കാണാതെ പഠിച്ച ആ പദ്യശകലം ഓർക്കുമ്പോഴെല്ലാം, മനസ്സിൽ പറഞ്ഞിരുന്നു- "ഹും .. ദുഷ്ടരാക്ഷസൻ ..അവന് അത് തന്നെ വേണം..ആ പാവം സീതാദേവിയെ കബളിപ്പിയ്ക്കാൻ, സ്വർണമാനിന്റെ വേഷവും കെട്ടി വന്നതല്ലേ ..കണക്കായിപ്പോയി..".

പക്ഷേ, പിന്നീട് അദ്ധ്യാത്മ രാമായണം പലയാവർത്തി മനസ്സിരുത്തി വായിച്ചപ്പോൾ, മനസ്സിലായി അന്നറിഞ്ഞവനല്ല യഥാർത്ഥ മാരീചൻ; അതിനും എത്രയോ അപ്പുറമാണ് ആ അസുരന്റെ സ്ഥാനം എന്ന്.

എന്നാൽ പിന്നെ, നമുക്കതൊന്ന് വിശദമായി കണ്ടാലോ?

കഥാപാത്ര പരിചയം: 

ആരണ്യകാണ്ഡത്തിൽ മാരീചനെ അവതരിപ്പിയ്ക്കുന്നത് നോക്കുക.

മൗനവും പൂണ്ടു ജടാവല്ക്കലാദിയും ധരി-

ച്ചാനന്ദാത്മകനായ  രാമനെ ധ്യാനിച്ചുള്ളിൽ 

രാമരാമേതി ജപിച്ചുറച്ചു സമാധിപൂ-

ണ്ടാമോദത്തോടു മരുവീടിന മാരീചനും

ജടാവല്ക്കലാദികൾ ധരിച്ച്, മൗനമായി, എന്നാൽ വലിയ സന്തോഷത്തോടെ രാമനാമവും ജപിച്ചിരിയ്ക്കുന്ന ആ മാരീചനടുത്തേയ്ക്ക് 'ലോകോപദ്രവകാരിയായ' ആ രാവണൻ എത്തുകയാണ്. 

കഥാപാത്ര വിശകലനം:

രാവണനോട് മാരീചൻ പറയുന്നത് നോക്കുക.

'എന്തൊരാഗമനമിതേകനായ്ത്തന്നെയൊരു 

ചിന്തയുണ്ടെന്നപോലെ തോന്നുന്നു ഭാവത്തിങ്കൽ 

ചൊല്ലുക രഹസ്യമല്ലെങ്കിലോ ഞാനും തവ 

നല്ലതു വരുത്തുവാനുള്ളോരിൽ മുമ്പനല്ലോ.

ന്യായമായ് നിഷ്‌കല്മഷമായിരിയ്ക്കുന്ന കാര്യം 

മായമെന്നിയേ ചെയ്‍വാൻ മടിയില്ലെനിയ്ക്കേതും'.

പാപരഹിതമായ അഥവാ കളങ്കമേതുമില്ലാത്ത ഏതുകാര്യവും രാവണനുവേണ്ടി ചെയ്യാൻ താൻ സദാ തയ്യാറാണെന്നുമാത്രമാണ് മാരീചൻ ഇവിടെ പറയുന്നത്. അല്ലാതെ, എന്തും ചെയ്യാം എന്നല്ല. ഈ വാക്കുകളിൽ നിന്ന് തന്നെ, നമുക്ക് വായിച്ചെടുക്കാം മാരീചൻ എന്ന രാക്ഷസന്റെ ആ നേർചിന്തകൾ.

അപ്പോഴാണ് രാവണൻ തന്റെ ആഗമനോദ്ദേശം അറിയിയ്ക്കുന്നത്. തന്റെ സഹോദരിയുടെ നാസികാകുചങ്ങൾ ഛേദിയ്ക്കുകയും, അത് ചോദിയ്ക്കാൻ ചെന്ന ഖരാധികളെ രാമലക്ഷ്മണന്മാർ നിഷ്കരുണം വധിയ്ക്കുകയും ചെയ്തതിനു പ്രതികാരമായി, സീതയെ അപഹരിയ്ക്കാൻ, ഒരു മാനിന്റെ രൂപമെടുത്ത് തന്നെ സഹായിയ്ക്കണം, എന്ന രാവണന്റെ ആ 'വലിയ' ആവശ്യം കേട്ട, മാരീചന്റെ ആദ്യ പ്രതികരണം നോക്കുക.

'ആരുപദേശിച്ചിതു മൂലനാശനമായ 

കാരിയം നിന്നോടവൻ നിന്നുടെ ശത്രുവല്ലോ 

നിന്നുടെ നാശം വരുത്തീടുവാനവസരം-

തന്നെ പാർത്തിരിപ്പോരു ശത്രുവാകുന്നതവൻ.

നല്ലതു നിനക്കു ഞാൻ ചൊല്ലുവൻ കേൾക്കുന്നാകിൽ 

നല്ലതല്ലേതും നിനക്കിത്തൊഴിലറിക നീ.

രാമചന്ദ്രനിലുള്ള ഭീതികൊണ്ടകതാരിൽ  

മാമകേ രാജരത്നരമണിരഥാദികൾ

കേൾക്കുമ്പോളതിഭീതനായുള്ളൂ ഞാനോ നിത്യം;

രാക്ഷസവംശം പരിപാലിച്ചുകൊൾക നീയും 

നോക്കുക, തികഞ്ഞ ശ്രീരാമഭക്തനായ മാരീചൻ, ഇവിടെ രാവണനെ തികച്ചും ആത്മഹത്യാപര്യമായ ആ കാര്യം ചെയ്യുന്നതിൽ നിന്നും പിന്തിരിപ്പിയ്ക്കുവാൻ കിണഞ്ഞു പരിശ്രമിയ്ക്കുകയാണ്. അദ്ദേഹം തുടരുന്നു.

ശ്രീനാരായണൻ പരമാത്മാവു തന്നെ രാമൻ 

ഞാനതിൻപരമാർത്ഥമറിഞ്ഞേൻ കേൾക്ക നീയും.

നാരദാദികൾ മുനിശ്രേഷ്ഠന്മാർ പറഞ്ഞു പ-

ണ്ടൊരോരോ വൃത്താന്തങ്ങൾ കേട്ടേൻ പൗരസ്ത്യ പ്രഭോ!

പത്മസംഭവൻ മുന്നം പ്രാർത്ഥിച്ച കാലം നാഥൻ

പദ്മലോചനനരുൾ ചെയ്തിതു വാത്സല്യത്താൽ 

'എന്തു ഞാൻ വേണ്ടുന്നതു ചൊല്ലുകെ'ന്നതു കേട്ടു 

ചിന്തിച്ചു വിധാതാവുമർത്ഥിച്ചു 'ദയാനിധേ!

നിന്തിരുവടിതന്നെ മാനുഷവേഷം പൂണ്ടു 

പംക്തികന്ധരൻതന്നെക്കൊല്ലണം മടിയാതെ.'

അങ്ങനെതന്നെയെന്നു സമയം ചെയ്തു നാഥൻ 

മംഗലം വരുത്തുവാൻ ദേവതാപസർക്കെല്ലാം.

മനുഷ്യനല്ല രാമൻ സാക്ഷാൽ ശ്രീനാരായണൻ-

താനെന്നു ധരിച്ചു സേവിച്ചു കൊള്ളുക ഭക്ത്യാ.

പോയാലും പുരംപുക്കു സുഖിച്ചു വസിക്ക നീ 

മായാമാനുഷൻതന്നെസ്സേവിച്ചുകൊൾക നിത്യം.

എത്രയും പരമകാരുണികൻ ജഗന്നാഥൻ 

ഭക്തവത്സലൻ ഭജനീയനീശ്വരൻ നാഥൻ.'

താൻ വളരെ രഹസ്യമായറിഞ്ഞ ചില സത്യങ്ങൾ വെളിപ്പെടുത്തുന്നു എന്ന രീതിയിലാണ് ഇവിടെ മാരീചൻ, രാവണനെ പിന്തിരിപ്പിയ്ക്കുവാൻ ശ്രമിയ്ക്കുന്നത്. അതറിയുമ്പോൾ തീർച്ചയായും രാവണൻ തന്റെ ആ ഉദ്യമത്തിൽ നിന്നും പിന്തിരിയും എന്ന പൂർണ്ണ ബോധ്യത്തിൽ. 

പക്ഷേ, മാരീചനെ തീർത്തും നിരാശനാക്കിക്കൊണ്ട്  രാവണൻ പറയുന്നു; ഇക്കാര്യങ്ങളൊക്കെ തനിയ്ക്ക് മുൻപേ അറിയാവുന്നതാണ്. ശ്രീരാമൻ ശ്രീനാരായണനാണെന്നും, ആ അവതാരോദ്ദേശം തന്നെ, തന്റെ വധമാണെന്നും ഒക്കെ. പക്ഷെ, കാര്യങ്ങൾ അങ്ങിനെയൊക്കെ ആണെങ്കിൽ കൂടി, താൻ തന്റെ തീരുമാനത്തിൽ നിന്നും അണുവിട മാറില്ല എന്നാണ് രാവണന്റെ പക്ഷം. 

മാത്രവുമല്ല, ഇനിയും മാരീചൻ തന്റെ ആജ്ഞയെ അനുസരിയ്ക്കാൻ തയ്യാറായില്ലെങ്കിൽ, ഉടനടി മാരീചനെ തന്റെ വാളിനിരയാക്കും എന്ന് കൂടി പറയുമ്പോൾ, മാരീചൻ അതീവ ചിന്താധീനനാകുകയാണ്, ദുഃഖിതനും.

എന്നതുകേട്ടു വിചാരിച്ചിതു മാരീചനും:

'നന്നല്ല ദുഷ്ടായുധമേറ്റു നിര്യാണം വന്നാൽ 

ചെന്നുടൻ നരകത്തിൽ വീണുടൻ കിടക്കണം 

പുണ്യസഞ്ചയം കൊണ്ടു മുക്തനായ്‌ വരുമല്ലോ 

രാമസായകമേറ്റുമരിച്ചാ'ലെന്നു ചിന്തി-

ച്ചാമോദം പൂണ്ടു പുറപ്പെട്ടാലുമെന്നു ചൊന്നാൻ;

ഇവിടെ മാരീചന്റെ ആ ചിന്താരീതി നോക്കുക. ദുഷ്ടനായ രാവണന്റെ വാളിനാൽ മരിച്ചാൽ, താൻ നരകത്തിലേ പോകുകയുള്ളു. എന്നാൽ, സാക്ഷാൽ ശ്രീരാമന്റെ ആ സായകമേറ്റു മരിച്ചാൽ, അത് തന്റെ മോക്ഷപ്രാപ്തിയ്ക്ക് ഹേതുവാകും എന്നാണ്, തികഞ്ഞ രാമഭക്തനായ ആ രാക്ഷസന്റെ മനോവിചാരം. 

ശേഷം, മാരീചൻ സ്വർണവർണ്ണമാർന്ന ഒരു മാനായി മാറുന്നു. സീതാദേവിയെ തന്നിലേക്ക് ആകർഷിയ്ക്കുന്നു. തന്നെ പിൻതുടർന്ന ശ്രീരാമനെ കബളിപ്പിച്ചു കൊണ്ട്, അങ്ങ് ദൂരേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്നു. 

അവസാനം ക്ഷമ നശിച്ച ശ്രീരാമനാകട്ടെ, ഒരു അമ്പിനാൽ ആ മാനിനെ എയ്തുവീഴ്ത്തുകയാണ്. 

രാമസായകമേറ്റു വീഴുന്ന അവസരത്തിൽ പക്ഷേ, മാരീചന്റെ കരച്ചിൽ ശ്രദ്ധിയ്ക്കുക. അതും തന്റെ ആരാധനാമൂർത്തിയായ ശ്രീരാമന്റെ ശബ്ദത്തിൽ.

'ഹാഹാ! ലക്ഷ്മണ! മമ ഭ്രാതാവേ! സഹോദരാ!

ഹാഹാ! മേ വിധിബലം പാഹി മാം ദയാനിധേ!'

താനൊരു തികഞ്ഞ ശ്രീരാമഭക്തനാണ് എങ്കിൽക്കൂടി, താൻ ഏറ്റെടുത്ത ആ ജോലി ഭംഗിയായി നിറവേറ്റാൻ, സ്വന്തം മരണസമയത്ത് പോലും മാരീചൻ നടത്തുന്ന ആ കഠിനശ്രമം ആണ് ഈ വാക്കുകളിൽ നമുക്ക് കാണാൻ കഴിയുക.

കഥാപാത്ര സംഗ്രഹം:

1. ജന്മം കൊണ്ട് രാക്ഷസനെങ്കിലും, കർമ്മം കൊണ്ട് തികഞ്ഞ ഒരു രാമഭക്തനായിരുന്നു മാരീചൻ. അധർമ്മ മാർഗ്ഗത്തിൽ ചരിയ്ക്കുന്ന സ്വന്തം രാജാവിനെ തിരുത്താൻ പോലും ആ രാക്ഷസൻ ശ്രമിയ്ക്കുന്നു; തനിയ്ക്ക് ആവുന്നത് പോലെല്ലാം.

2. സ്വന്തം മരണം ഉറപ്പാണ് എന്ന അവസരത്തിൽ പോലും, രാജാജ്ഞയെ ധിക്കരിയ്ക്കാൻ അനുസരണാശീലമുള്ള ആ പ്രജ തയ്യാറാവുന്നില്ല.

3. രാമബാണമേറ്റ് മരണാസന്നനാകുമ്പോൾ പോലും, തന്നെ ഏൽപ്പിച്ച ആ ദൗത്യം പരാജയപ്പെടാതിരിയ്ക്കാൻ, ആ രാക്ഷസൻ പൂർണ്ണപ്രയത്നം എടുക്കുകയാണ്.

നമ്മൾ മനസ്സിലാക്കേണ്ടത്:

ഈ ഒരു കഥാപാത്രം നമുക്ക് മുന്നിൽ വയ്ക്കുന്ന ചില പാഠങ്ങളുണ്ട്. അത്തരം പാഠങ്ങളാണ്, രാമായണം പോലുള്ള മഹദ്ഗ്രന്ഥങ്ങൾ വായിയ്ക്കുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ടതും.

1. ഒരാളെ വിലയിരുത്തേണ്ടത്, അയാളുടെ ബാഹ്യരൂപമോ, പ്രകൃതികളോ നോക്കിയല്ല, മറിച്ച് അയാളുടെ ചിന്താഗതികളും, കർമ്മങ്ങളും നോക്കിയാണ് എന്ന ആ വലിയ തത്ത്വം.

2. സ്വന്തം മരണം കണ്മുന്നിലെത്തിയാൽ പോലും, ഏറ്റെടുത്ത പ്രവൃത്തി, തന്റെ നൂറ് ശതമാനവും അതിൽ അർപ്പിച്ച് വിജയിപ്പിയ്ക്കാനാകും ധീരനായ ഒരാൾ ശ്രമിയ്ക്കുക, എന്ന ആ സാമാന്യ തത്ത്വം.

3. സാഹചര്യങ്ങളുടെ സമ്മർദ്ദത്തിനടിപ്പെട്ട് അധർമ്മം ചെയ്യേണ്ടി വന്നാലോ, അല്ലെങ്കിൽ അത്തരം കാര്യങ്ങൾക്ക് ഒപ്പം നിൽക്കേണ്ടി വന്നാലോ, ഒരുവന്റെ ഉള്ളിലെ നന്മയുടെ ആ തിരി കെടുത്താതിരിയ്ക്കുക. സഫലമായ ഒരു ശേഷജീവിതത്തിനോ, അല്ലെങ്കിൽ മോക്ഷപ്രാപ്തിയ്‌ക്കോ, അത് നിങ്ങളെ തീർച്ചയായും സഹായിയ്ക്കും.  

*************

"രാമായണം: അറിയപ്പെടാത്ത കഥാപാത്രങ്ങൾ" എന്ന പരമ്പരയിലെ ഭാഗം-14 "മായമാൻ മാത്രമോ മാരീചൻ?" ഇവിടെ പൂർണ്ണമാകുന്നു. 

നിങ്ങൾക്കിഷ്ടമായി എന്ന് കരുതുന്നു. അഭിപ്രായങ്ങളും, വിമർശനങ്ങളും അറിയിയ്ക്കുക.

 ===========

സ്നേഹപൂർവ്വം 

- ബിനു മോനിപ്പള്ളി

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********

Comments

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]