കടലോരെ ... കായലരികെ ...ഒരു സ്നേഹസംഗമം...! [ഒരു യാത്രാ/സംഗമ വിവരണം]
കടലോരെ... കായലരികെ ... ഒരു സ്നേഹസംഗമം...!
[ഒരു യാത്രാ/സംഗമ വിവരണം]
ഏറെ പൊരുതി നേടിയ ആ "സ്വാതന്ത്ര്യദിനം", ഇത്തവണയും (ഓഗസ്റ്റ്-15-2024) രാജ്യമെങ്ങും ആഘോഷിയ്ക്കുമ്പോൾ, വിവിധങ്ങളായ ദൈനംദിന തിരക്കുകൾക്കിടയിൽ വീണുകിട്ടിയ ആ 'സ്വാതന്ത്ര്യം', ഒരു യാത്രയ്ക്കായി മാറ്റിവയ്ക്കാം എന്ന് ഞങ്ങളും തീരുമാനിച്ചു.
മറ്റെങ്ങോട്ടുമായിരുന്നില്ല ആ യാത്ര. കേരളത്തിലെന്നല്ല, നമ്മുടെ ഈ മഹാരാജ്യത്ത് തന്നെ വിരളമായ സൂര്യദേവ ക്ഷേത്രത്തിലേയ്ക്കായിരുന്നു ഇത്തവണത്തെ യാത്ര.
ശാന്തസുന്ദരമായ ഒരു നാട്ടിൻപുറത്തെ, അതിപുരാതനമായ ആ ആദിത്യപുരം സൂര്യക്ഷേത്രത്തിൽ തൊഴുതിറങ്ങിയപ്പോളാണ്, അപ്രതീക്ഷിതമായി വാട്സാപ്പ് ചിലച്ചത്. നോക്കിയപ്പോൾ 'ഐഡിയൽ ഫ്രണ്ട്സിന്റെ' ഒരു കോൺഫറൻസ് കാൾ. ശനിയാഴ്ച (അതായത് മറ്റന്നാൾ) ചെറായി ബീച്ചിൽ ഒന്ന് ഒത്തുചേരാം എന്ന്.
ഇത്രേം 'ഷോർട് നോട്ടീസിൽ' ആദ്യമായാണൊരു ഗെറ്റ് ടുഗെതർ.
'ഒരുമയുണ്ടേൽ ഉലക്കമേലും കിടക്കാം' എന്നാണല്ലോ പണ്ടാരോ പറഞ്ഞത്. പിന്നല്ല.
ശനിയെങ്കിൽ ശനി. കൂടിയിട്ടു തന്നെ കാര്യം.
പിന്നെയെല്ലാം, ശറപറാ ശറപറാന്നായിരുന്നു. അന്നുരാത്രി മോനിപ്പള്ളിയിലെ വീട്ടിൽ തങ്ങി. പിറ്റേന്ന് രാവിലെ തന്നെ കൊച്ചിയിലേയ്ക്ക്.
ശനിയാഴ്ച രാവിലെ ഏതാണ്ട് ഒൻപതു മണിയ്ക്ക് തന്നെ, കൊച്ചിയിലെ പ്രശസ്തമായ ആ 'ട്രാഫിക് ബ്ലോക്കി'നെ മനസ്സാ സ്മരിച്ച്, കാക്കനാട്ടിലെ ബന്ധുവീട്ടിൽ നിന്നും ഞങ്ങൾ യാത്ര തുടങ്ങി. എന്തുകൊണ്ടോ, ഇത്തവണ ബ്ലോക്കിൽ കുടുങ്ങിയില്ല.
നേരെ വാട്ടർമെട്രോയിലേയ്ക്ക്. ടിക്കറ്റെടുത്ത് കഴിഞ്ഞപ്പോഴേയ്ക്കും ബാംഗ്ലൂരിൽ നിന്നുമുള്ള, പേരിൽതന്നെ ധനമൊളിപ്പിച്ച ആ സുഹൃത്തും കുടുംബവും എത്തി. പിന്നെ, ഞങ്ങൾ ഒരുമിച്ച് ഫോർട്ട് കൊച്ചിയിലേയ്ക്ക്.
കൊച്ചി കായലിലെ കൊച്ചോളങ്ങളിൽ 'തന്നന്നം താനന്നം' താളത്തിൽ തുടങ്ങി, ശേഷം കപ്പൽച്ചാലിലെ ആ വലിയോളങ്ങളിൽ 'തിത്തെയ് തക... തിത്തെയ് തക' വച്ചുള്ള ആ യാത്ര, അതീവ രസകരമായി.
ഒരു കാലത്ത് മനസ്സിലെ മോഹമായിരുന്ന ആ ബോൾഗാട്ടി പാലസ്, ഞങ്ങളുടെ വലതുവശത്തായി ഇപ്പോഴും കാണാം. പക്ഷെ, ആ പഴയ മനോഹാരിത കുറെയേറെ ചോർന്നു പോയില്ലേ എന്നൊരു സംശയം. കാലത്തിന്റെ വികൃതിയാകാം.
അങ്ങ് ദൂരെ നങ്കൂരമിട്ട കൂറ്റൻ കപ്പലുകളും, കടൽ മടിയിൽ ദിവസങ്ങൾ തങ്ങാനുള്ള തയ്യാറെടുപ്പുകളോടെ പുറംകടലിലേയ്ക്ക് പോകുന്ന മീൻപിടുത്ത ബോട്ടുകളും, ഒക്കെ നേരിൽ കണ്ടുള്ള എസി ബോട്ടിലെ ആ യാത്ര, നമ്മുടെ മനസ്സ് നിറയ്ക്കും.
ഇപ്പോൾ കുറച്ചകലെ അതാ, നഷ്ടപ്രതാപത്തിന്റെ ഗതകാല സ്മരണകളുണർത്തി പ്രശസ്തമായ ആസ്പിൻവാൾ കെട്ടിടം. തൊട്ടടുത്ത്, അതേ പഴമയോടെ, ഗരിമയോടെ മറ്റൊരു പുരാതന നിർമ്മിതിയും.
കിട്ടുന്ന ഒരു മണിക്കൂർ കൊണ്ട് കഴിയുന്നത്ര സ്ഥലങ്ങൾ ഫോർട്ട് കൊച്ചിയിൽ കാണാം, എന്നുള്ള ഒരു പ്രതീക്ഷയിൽ ആയിരുന്നു ഞങ്ങൾ.
കുറച്ചു ദൂരം മുൻപോട്ടു നടന്ന ഞങ്ങളോട് എതിരെ വന്ന ഒരാൾ പറഞ്ഞു 'ദേ.. വലിയൊരു മഴ വരുന്നുണ്ട്... കണ്ടോ കടലിൽ പെയ്തു തുടങ്ങി ...". അയാൾ ചൂണ്ടിക്കാണിച്ച ആ അങ്ങ് ദൂരെ നോക്കിയിട്ടും ഒന്നും കാണാതെ ഞങ്ങളുടെ കൂട്ടത്തിലെ ഒരാൾ, സംശയത്തോടെ അയാളോട് ചോദിച്ചു "അതിപ്പം നിങ്ങൾക്കെങ്ങനെ അറിയാം ...?". ഭവ്യതയോടെ ചിരിച്ചുകൊണ്ട് സ്വന്തം നെഞ്ചിൽ കൈവച്ച് അയാൾ പറഞ്ഞു "അതാ ഫിഷർമാൻ ...".
അയാളുടെ ആ വാക്കുകൾ വിശ്വാസത്തിലെടുത്ത് ഞങ്ങൾ തിരികെ മെട്രോ സ്റ്റേഷനിലേയ്ക്ക് നടന്നു. അപ്പോഴും കൂട്ടത്തിലെ ചിലർക്ക് അതത്ര വിശ്വാസം പോരാ. അതുകൊണ്ടെന്താ? അത്യാവശ്യം നന്നായി അവരൊന്നു നനയുകയും ചെയ്തു. "മൂത്തവർ ചൊല്ലും മുതു നെല്ലിക്ക .....". ഓർമ്മയിൽ വയ്ക്കണ്ടേ?
എന്തായാലും ഉടനെയൊന്നും മഴ ശമിയ്ക്കുന്ന ലക്ഷണം കാണാനില്ല. ഞങ്ങൾ മടക്കയാത്രയ്ക്കുള്ള ടിക്കറ്റെടുത്തു.
മഴത്തുള്ളികൾ ചരിഞ്ഞു പതിച്ച്, പിന്നെ പതിയെ താഴേയ്ക്ക് പരന്ന് ഒഴുകിയിറങ്ങുന്ന ആ മെട്രോ ജനാലകളിൽ കൂടി, വട്ടക്കൊട്ടകളിൽ മീൻപിടിയ്ക്കുന്നവരുടെയും, അതിനുമപ്പുറം 'ഇതൊക്കെ എന്ത്?' എന്ന മട്ടിൽ തലയുയർത്തി നില്ക്കുന്ന ആ പടുകൂറ്റൻ ചരക്കുകപ്പലുകളുടെയും ഒക്കെ മനോഹരദൃശ്യങ്ങൾ, എത്രയൊക്കെ ശ്രമിച്ചാലും ഏതൊരു വർണ്ണനയ്ക്കും അപ്പുറമായിരുന്നു.
ഞങ്ങൾ തിരികെ ഹൈക്കോർട്ട് ജെട്ടിയിൽ എത്തിയപ്പോഴേയ്ക്കും, ഞങ്ങളുടെ ആ പാവം പത്രമൊയ്ലാളി സുഹൃത്തും കുടുംബവും എത്തിയിരുന്നു.
അല്പസമയത്തിനുള്ളിൽ തന്നെ, അങ്ങ് അറബിനാട്ടിലെ 'ഷേക്ക്' ആയ മൂന്നാമത്തെ സുഹൃത്തും കുടുംബസമേതം എത്തിയത്, ഞങ്ങൾക്ക് ശരിയ്ക്കും ഒരു'ഷോക്കാ'യി. കാരണം, കഴിഞ്ഞ തവണ വെറും രണ്ടുമണിക്കൂർ മാത്രം താമസിച്ചെത്തിയ ആളാണെ ഓൻ. അങ്ങിനെ ഓനും നന്നായി.
പിന്നെ, ഞങ്ങൾ നേരെ ഇത്തവണത്തെ 'ഡെസ്റ്റിനേഷൻ' ആയ 'ചെറായി'യിലേയ്ക്ക്. പ്രധാനവഴിയിൽനിന്നും ഇടത്തോട്ട് തിരിഞ്ഞപ്പോഴേ, ഉൾനാടൻ കടലോരഗ്രാമത്തിന്റെ ആ ആകർഷണീയത അനുഭവപ്പെട്ടുതുടങ്ങി. ഇരുവശങ്ങളിലും നിറഞ്ഞുകിടക്കുന്ന, കായൽ നടുവിലൂടെയുള്ള ഡ്രൈവ് ആ പഴയ ഗാനത്തെ വീണ്ടും ചുണ്ടുകളിയ്ക്കെത്തിച്ചു.
"സ്വപ്നത്തേക്കാൾ സുന്ദരമാണീ സ്വപ്നം വിടരും ഗ്രാമം ..."
കടലിനോട് ചേർന്നുള്ള താമസസ്ഥലത്തേയ്ക്കു കയറിയതും, ചിലരുടെയൊക്കെ മുഖങ്ങളൊന്നു വാടി. മനോഹരമായ ലൊക്കേഷനും, ചുറ്റുപാടുകളും ഒക്കെയാണെങ്കിലും, ദൈനംദിന പരിപാലനത്തിന്റെ കുറവ് നന്നായി പ്രതിഫലിക്കുന്നുണ്ട് അവിടെങ്ങും.
അതിനൊരു പരിഹാരം പിന്നെയാവാം എന്നായി എല്ലാവരും. കാരണം സമയം ഏതാണ്ട് 2 മണിയോടടുക്കുന്നു. വിശപ്പാണെങ്കിലോ, അതിന്റെ പാരമ്യത്തിലും.
വിഭവസമൃദ്ധമായിരുന്നു ഊണ്. ചോറും, മോരുകറിയും, കാബേജ് തോരനും ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടിയും, ബീഫ് ഫ്രൈയും, മീൻ കറിയും, നാരങ്ങാ അച്ചാറും, പപ്പടവും... പിന്നെ കൂടെ, ഓരോ വലിയ കരിമീൻ വറുത്തതും. പോരെ പൂരം?
മുകളിൽ സൂചിപ്പിച്ച ഏതാണ്ട് എല്ലാ പരാതികളും, ആ ഊണിൽ അലിഞ്ഞു. പിന്നെ ഒരല്പം ബാക്കിയുണ്ടായിരുന്നതാകട്ടെ, ഈ സൗകര്യങ്ങൾ ഒരുക്കിത്തന്ന ശ്രീ. ടുട്ടുമോന്റെ വളരെ നിഷ്കളങ്കമായ (ആളുടെ പേര് പോലെ തന്നെ) ആ പെരുമാറ്റത്തിലും അലിഞ്ഞു. കുറച്ചു കൂടി വിശാലമായ താമസത്തിനായി, വേറെയും രണ്ടു മുറികൾ കൂടി, അദ്ദേഹം എടുത്തുനൽകുകയും ചെയ്തു.
അല്പസമയത്തിനുള്ളിൽ, വയനാട്ടുകാരനായ ഞങ്ങളുടെ വക്കീലും കുടുംബവും എത്തി. അവരും ഊണ് കഴിച്ചു.
നാവിലെ എരിവ് നീക്കാൻ ഈന്തപ്പഴത്തിന്റെ ഗൾഫ്മധുരവും, കൊതിയൂറും ബാംഗ്ലൂർ മധുരങ്ങളും ... ആഹാ ... വയറിനൊപ്പം, നാവിനും പെരുത്ത് സന്തോഷം.
പിന്നെ വർത്തമാനങ്ങളുടെയും, വിശേഷങ്ങൾ പങ്കുവയ്ക്കലുകളുടെയും സമയം. അതങ്ങിനെ നിർബാധം തുടരുകയാണ്.
വെളുപ്പിന് മുതൽ ഡ്രൈവ് ചെയ്ത ക്ഷീണത്തിലുള്ള നമ്മുടെ വയനാടൻ സുഹൃത്തിനോട് ഞങ്ങൾ പറഞ്ഞു, വേണെങ്കിൽ അടുത്ത മുറിയിൽ ഒന്ന് വിശ്രമിച്ചോളാൻ. അവൻ ആകട്ടെ 'കൊന്നാലും പോകില്ല' എന്ന വാശിയിൽ ഉറച്ചു നിൽക്കുന്നു. വളരെ നിർബന്ധിച്ചപ്പോൾ ആണ് പാവം കാരണം പറയുന്നത്. "...ഈ ക്ഷീണം ഒക്കെ ഞാനങ്ങ് സഹിയ്ക്കും പക്ഷെ, ഞാനെങ്ങാൻ അപ്പുറത്തെ മുറിയിൽ പോയാൽ, പിന്നെ ഇവിടെ നിങ്ങളുടെ ആ ഇര ഞാനാകും അത് വേണ്ട മോനേന്ന് ..".
ആരോടും പറയില്ലെങ്കിൽ, ഒരു സ്വകാര്യം പറയാം. അവൻ പറഞ്ഞതേ, ശരിയ്ക്കും സത്യമാ കേട്ടോ.
ഞങ്ങൾ ഇപ്പോൾ വിശ്രമിയ്ക്കുന്ന രണ്ടാം നിലയിലെ ആ മുറിയുടെ, തുറന്നിട്ട ജനാലയിലൂടെയും, വാതിലിലൂടെയും, ഇളകിമറിയുന്ന ആ കടൽ ഞങ്ങൾക്ക് കാണാം. ആ വന്യസംഗീതം ഞങ്ങൾക്ക് കേൾക്കാം. കാരണം, അത്രയടുത്താണത്. വീട്ടിൽ നിന്നും നേരെ ഇറങ്ങുന്നത് റോഡിലേയ്ക്ക്. അതിനുമപ്പുറം ദാ കടൽ.
വൈകിട്ടായപ്പോൾ ചായയും കടികളും എത്തി. പഴംപൊരിയും, പരിപ്പുവടയും പിന്നെ ഉഴുന്നുവടയും. കൂട്ടത്തിൽ, ഞങ്ങൾ തന്നെ കരുതിയ നല്ല അസ്സൽ 'ഹോം മേഡ്' കപ്പ വറുത്തതും, ചക്ക വറുത്തതും.
എന്റെ ദൈവമേ ..ഇതെല്ലാം ഓരോരോ ദിവസങ്ങളിലായി കിട്ടിയിരുന്നേൽ എത്ര നന്നായിരുന്നു ... എന്നായി, പലരുടെയും ചിന്തകൾ. എന്നാൽ, പലരും ഒരു കലക്ക് കലക്കിയേനെ.
ശേഷം, ഞങ്ങൾ കുറച്ചകലെയുള്ള ആ 'പുലിമുട്ടി'ലേയ്ക്ക് പോയി. അടുത്ത് കണ്ട കടലക്കാരനോട്, ഓരോ പാക്കറ്റ് കടലയും വാങ്ങി, ഞങ്ങൾ അകത്തേയ്ക്ക് നടന്നു.
അപ്പോഴാണ് കൂട്ടത്തിലൊരാളുടെ സംശയം. "ശരിയ്ക്കും ഇവിടെ പുലി ഉണ്ടാകുമോ?" എന്ന്. അതുകേട്ട മറ്റൊരാൾ ഉടൻ മറുപടി കൊടുത്തു. "ഏയ് ... ഒരിയ്ക്കലും ഉണ്ടാകില്ല". അത്ര ഉറപ്പോടെ പറയാൻ കാരണം എന്താ? എന്ന് ചോദിച്ചപ്പോൾ ആള് പറയുവാ, മുമ്പൊരിയ്ക്കൽ ആള് "പുലിമുട്ടിൽ ടെക്സ്റ്റയിൽസിൽ" പോയപ്പോൾ അവിടെ പുലി ഇല്ലായിരുന്നവത്രെ.
എങ്ങനുണ്ട്? ചോദ്യവും ഉത്തരവും?
എല്ലാവരും ഓരോ പ്രസ്ഥാനങ്ങൾ തന്നെ ... അല്ലേ?
[എറണാകുളത്തെ പ്രശസ്തമായ ആ "പുളിമൂട്ടിൽ ടെക്സ്റ്റയിൽസി'ന്റെ കാര്യമാ ആള് പറഞ്ഞത് കേട്ടോ. ആൾക്ക് മലയാളം അത്രയ്ക്കങ്ങ് പോരാ].
ദൃശ്യസുന്ദരമായ അസ്തമയത്തിന്റെ മുഴുവൻ ചാരുതയും ഞങ്ങൾക്ക് മുൻപിൽ ഒരുക്കിവച്ചുതന്നു ആ പുലിമുട്ട്.
അങ്ങകലെ, ഒരു ദിവസം നീണ്ട ആ ദീർഘപ്രയാണത്തിന് ശേഷം ക്ഷീണിതനെങ്കിലും, മനസില്ലാമനസോടെ വിടപറയുന്ന സൂര്യൻ. ആ അരുണിമ മുഴുവൻ കവർന്നെടുത്ത് സ്വന്തം മാറോടുചേർത്ത കടലോളങ്ങൾ. അതിൽ പ്രതീക്ഷയുടെ ചൂണ്ടകളെറിയുന്ന കുറെയേറെ ആളുകൾ. ചെറുവള്ളങ്ങളിൽ കുറച്ചകലെ അന്തിഭാഗ്യം തേടുന്നവർ.
ഇതിനൊക്കെ ഇടയിലൂടെ, ഒരു ദിനത്തിന്റെ കഠിനാധ്വാനഫലം മുഴുവൻ ഉള്ളിൽ നിറച്ച്, ആശ്വാസത്തോടെ സ്വന്തം തീരത്തണയുന്ന കൊച്ചു കൊച്ചു മത്സ്യബന്ധന ബോട്ടുകൾ.
ശരിയ്ക്കും നമ്മൾ അറിയാതെ പറഞ്ഞു പോകും, നമ്മുടെ ഈ കൊച്ചു നാട്... അത് "ദൈവത്തിന്റെ സ്വന്തം നാട്" തന്നെ.
ഈ സമയത്താണ് കൂട്ടത്തിലെ ആറാമത്തെ കുടുംബം ഞങ്ങളുടെ കൂടെ ചേരുന്നത്. അവർ അത്രയും താമസിയ്ക്കാൻ മറ്റൊന്നുമല്ല കാരണം. എത്തേണ്ട സ്ഥലത്തെക്കുറിച്ച്, ഞങ്ങളുടെ കൂട്ടത്തിലെ 'ലൊക്കേഷൻ വിദഗ്ധനായ' സുഹൃത്ത് നൽകിയ 'കിറുകൃത്യമായ' ആ ദിശാസൂചകങ്ങൾ ആയിരുന്നു. കോവളം ബീച്ചിൽ എത്താതിരുന്നത് ആ കുടുംബത്തിന്റെ ഭാഗ്യം.
പതിയെ ഇരുൾ വീണു തുടങ്ങിയപ്പോൾ, ഞങ്ങൾ താമസസ്ഥലത്തേക്ക് മടങ്ങി. ഇടതടവില്ലാതെ, ഞങ്ങളുടെ വർത്തമാനങ്ങൾ പിന്നെയും തുടർന്നുകൊണ്ടേയിരുന്നു. ഒരുമിച്ചും, ചെറു കൂട്ടങ്ങളായും ഒക്കെ.
അപ്പോഴേയ്ക്കും രാത്രി ഭക്ഷണം എത്തി. ചപ്പാത്തിയും, പൊറോട്ടയും... കൂടെ ആവി പറക്കുന്ന, പച്ചക്കുരുമുളകരച്ച താറാവ് റോസ്റ്റും, കോഴിക്കറിയും, പിന്നെ പെപ്പർ ചിക്കൻ ഫ്രൈയും.
ഇത് തന്നെ ധാരാളമാണല്ലോ എന്ന് കരുതിയിരിയ്ക്കുമ്പോൾ, ദാ വരുന്നു ആ 'ഏലൂർ സ്പെഷ്യൽ 'ചിക്കൻ 65.
വയറൊക്കെ ഏതാണ്ട് നിറഞ്ഞപ്പോൾ, ഞങ്ങളൊന്നു നടക്കാനിറങ്ങി. നറുനിലാവെളിച്ചം വഴി തെളിച്ച ആ കടലോരത്ത്.
പറയാനും, പങ്കു വയ്ക്കാനും, വിശേഷങ്ങൾ എത്രയോ?
മുപ്പതിലേറെ വർഷങ്ങളായി ഞങ്ങൾ കൂട്ടായിട്ട്. എന്തൊക്കെ കാര്യങ്ങൾ സംഭവിച്ചിരിയ്ക്കുന്നു ഇത്രയും കാലത്തിനിടയിൽ?
വെറും പയ്യൻമാരായിരുന്ന ഞങ്ങൾ, കമ്പ്യൂട്ടർ പഠനത്തിനായാണ്, നാടിന്റെ നാനാ ഭാഗത്തു നിന്നും, അന്നൊരു ദിവസം അറബിക്കടലിന്റെ റാണിയുടെ, ആ കൊട്ടാരവളപ്പിലെത്തിയത്.
അവിടെ ഒരു വർഷത്തെ പഠന ശേഷം, പലവിധ ജോലികളുമായി നാടിന്റെ വിവിധ സ്ഥലങ്ങളിൽ ചേക്കേറേണ്ടി വന്നു ഞങ്ങൾക്ക്. ചിലരാകട്ടെ, കടൽ കടന്നു പറന്നു.
ജീവിതം ഒരുപാട് മാറി. വിവാഹിതരായി, കുട്ടികളായി, പ്രാരാബ്ധങ്ങളും, ഉത്തരവാദിത്വങ്ങളും, ജീവിതത്തിരക്കുകളായി. നാടുകളും, ജോലിയുമൊക്കെ മാറിക്കൊണ്ടേയിരുന്നു.
അപ്പോഴും മാറാത്ത ഒന്നേയുണ്ടായിരുന്നുള്ളു ഞങ്ങളുടെ ഇടയിൽ. ഒരിയ്ക്കലും തമ്മിൽ വഴക്കടിയ്ക്കാത്ത ആ നിറഞ്ഞ സൗഹൃദം. അതിനിന്നും അതേ നിറയൗവ്വനം.
ഒരു കാര്യം പറയാൻ മറന്നു. എല്ലാവർക്കും കിട്ടിയ ജീവിതപങ്കാളികളും ഞങ്ങൾക്കൊപ്പം നിൽക്കുന്നവർ. സുഖത്തിലും ദുഃഖത്തിലും മാത്രമല്ല, ഞങ്ങളുടെ ആ ഒത്തുകൂടലുകളിലും അവരുണ്ടാകും. അവിടെ, തമ്മിൽ വഴക്കുകളില്ല, പരിഭവങ്ങളില്ല. ഉള്ളത് നിറഞ്ഞ ചിരികൾ മാത്രം. അതിൽ മായും ഈ ജീവിതത്തിലെ എല്ലാ പിരിമുറുക്കങ്ങളും.
അല്ലെങ്കിൽ, അതിനായുള്ള ഒരു ഉത്തമ ഉപാധികൂടിയാണ് ഞങ്ങളുടെ ഈ സൗഹൃദകൂട്ടായ്മ. അതുകൊണ്ടാണല്ലോ വെറും ഒരു ദിവസത്തെ മാത്രം 'മുൻകൂർ നോട്ടീസിൽ' ഒരുമിച്ചു കൂടാൻ, എല്ലാവരും ഓടിയെത്തിയത്.
['ഐഡിയൽ ഫ്രണ്ട്സിന്റെ' കൂടുതൽ വിശേഷങ്ങൾ ഞങ്ങളുടെ കഴിഞ്ഞ ഒത്തുചേരലുമായി ബന്ധപ്പെട്ട് പങ്കുവച്ചിരുന്നു. ഓരോരുത്തരെയും പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. ഈ ലിങ്കിൽ ഇപ്പോഴും നിങ്ങൾക്കത് ലഭ്യമാണ് http://binumonippally.blogspot.com/2021/12/blog-post_16.html]
നിറഞ്ഞ ആ ചന്ദ്രികാവെളിച്ചത്തിൽ, ചെറായിയുടെ ആ പഞ്ചാരമണൽ കടലോരത്ത്, കാലടികളെ ഇക്കിളിയിടുന്ന ആ തിരമാലകളുടെ കുസൃതിയും ആസ്വദിച്ച്, അങ്ങിനെ നടക്കുമ്പോൾ സമയം പോയതറിഞ്ഞില്ല.
ഇടയ്ക്കൊന്ന് താമസ സ്ഥലത്തേയ്ക്ക് ചെന്ന് കുറച്ച് വെള്ളമൊക്കെ (തെറ്റിദ്ധരിയ്ക്കേണ്ട കേട്ടോ, വെറും കുപ്പിവെള്ളം) കുടിച്ച്, ബാക്കിയുള്ളവരെയും കൂട്ടി, ഇരിയ്ക്കാൻ കസേരകളുമെടുത്ത്, വീണ്ടും ആ കടലോരത്തേയ്ക്ക്.
രാത്രി ഏറെ വൈകുവോളം, തമാശകളുമായി അവിടെ.
ജീവിതത്തിന്റെയും, ജോലിയുടെയും ഒന്നും ടെൻഷനുകൾ മനസ്സിലേയ്ക്ക് കടന്നു വരാത്ത, അപൂർവ്വമായ കുറച്ചു മണിക്കൂറുകൾ.
വീണ്ടും ഒരുപാട് കാതങ്ങൾ ഓടുവാൻ, ഇന്നത്തെ ആ ഇലക്ട്രിക് കാറുകൾ ഇടയ്ക്ക് ചാർജ് ചെയ്യുന്നത് പോലെ, ഒരു ചാർജിങ്ങ്, എന്ന് വേണമെങ്കിൽ പറയാം.
മറ്റൊരു തരത്തിൽ പറഞ്ഞാൽ, ആ ഊർജസംഭരണം ആണല്ലോ നമ്മുടെയൊക്കെ ഇത്തരം കൂടിച്ചേരലുകളുടെ ഏറ്റവും വലിയ ആ മേന്മയും. അല്ലേ?
കടൽക്കാറ്റേറ്റ് കൺപോളകൾ കനം വച്ച് തുടങ്ങിയപ്പോൾ, പതുക്കെ ഞങ്ങൾ ആ കസേരകളുമെടുത്ത് താമസസ്ഥലത്തേക്ക് മടങ്ങി. പിന്നെ, പതുക്കെ ഒന്ന് മയങ്ങിത്തുടങ്ങിയപ്പോൾ, നേരം രാത്രി ഒരു മണി കഴിഞ്ഞിരുന്നു.
രാവിലെ 5:30 ന് തന്നെ അലാറം വച്ച് എഴുന്നേറ്റു. അഞ്ചു മണിയ്ക്ക് താൻ സ്വയം ഉണരും എന്ന് വീരവാദം പറഞ്ഞ ആ സുഹൃത്തിനെ ഉൾപ്പെടെ വിളിച്ചുണർത്തി.
സൂര്യോദയം കാണണം. അതും കടലിനെതിർവശത്തുള്ള ആ കായൽ നടുവിൽ നിന്നുകൊണ്ട്.
പക്ഷെ ഞങ്ങളുടെ പ്രതീക്ഷകൾക്ക് അല്പം മങ്ങലേൽപ്പിച്ച് നേർത്ത മഴത്തുള്ളികൾ പൊടിഞ്ഞു തുടങ്ങി.
തോറ്റ് പിന്മാറാൻ ഞങ്ങൾ ഒരുക്കമായിരുന്നില്ല. കുടകളുമെടുത്ത് പതുക്കെ നടന്നു തുടങ്ങി. നനുത്ത ആ മഴയിൽ കായൽ നടുവിലെ വഴിയിലൂടെയുള്ള ആ നടത്തം ഒരു പ്രത്യേക സുഖമായിരുന്നു.
അവിടെ, വലിയ ഗോപുരങ്ങളോടുകൂടിയ ഒരു ശ്മശാനമുണ്ട്.
എത്ര ഭാഗ്യം ചെയ്തവരായിരിയ്ക്കും അവിടെ ചിതയിൽ ഉയരുന്ന ആത്മാക്കൾ അല്ലേ? അവരെ (ഉള്ളിലെ ആ ദുഃഖം പുറത്തറിയാതെ), കുഞ്ഞു കൈകൾ വീശി സന്തോഷത്തോടെ യാത്രയാക്കാൻ ഒരു വശത്തു കായലും, അലറിക്കരഞ്ഞു കൊണ്ട് സങ്കടത്തോടെ അവസാന യാത്രാമൊഴി ചൊല്ലാൻ, മറുവശത്ത് കടലും.
ആ ആത്മാക്കൾ അറിയാതെ പറയുന്നുണ്ടാവില്ലേ?
"അടരുവാന് വയ്യ നിന് ഹൃദയത്തില് നിന്നെനിക്കേതു സ്വര്ഗ്ഗം വിളിച്ചാലും...".
ഉണ്ടാകും ... തീർച്ച.
ഇടയ്ക്കൊന്നു മഴക്കാർ മാറിയപ്പോൾ സൂര്യൻ ഞങ്ങളെയൊന്ന് ഒളിഞ്ഞു നോക്കാതിരുന്നില്ല. കിട്ടിയ അവസരത്തിൽ, ഞങ്ങളതു പകർത്തുകയും ചെയ്തു. ഇക്കാലത്ത് എന്തിനുമൊരു 'മൊബൈൽ തെളിവ്' വേണമല്ലോ.
പാതയ്ക്കിരുവശത്തുമുള്ള കായലിൽ, ധാരാളം മീൻപിടുത്തക്കാർ ഉണ്ടായിരുന്നു. ചൂണ്ടയിടുന്നവർ, വെള്ളത്തിൽ ഊളിയിട്ടു മീൻ പിടിയ്ക്കുന്നവർ, കൊതുമ്പുവള്ളങ്ങളിൽ പോയി വീശുവലയെറിയുന്നവർ, പാതവക്കിൽ നിന്നു തന്നെ വല വീശുന്നവർ... എന്നിങ്ങനെ ....
ആ സുന്ദര കാഴ്ചകൾ കഴിയുന്നത്രയും ഇവിടെ പങ്കു വയ്ക്കാം, പകർത്താനായ ചില ചിത്രങ്ങളിലൂടെ.
പിന്നെ ഞങ്ങൾ തിരികെ നടന്നു. കുടകൾ ചൂടി ആ കടലോരത്തൂടെ.
അതിരാവിലെയുള്ള, ഏതാണ്ട് രണ്ടു കിലോമീറ്റർ ദൂരം താണ്ടിയ ആ നടത്തം കഴിഞ്ഞപ്പോൾ, വിശപ്പ് കലശലായി. നല്ല നാടൻ ഭക്ഷണം കിട്ടുന്ന സ്ഥലം അന്വേഷിയ്ക്കലായി പിന്നെ. അത് ചെന്ന് നിന്നതോ? സാക്ഷാൽ സിംഹത്തിന്റെ മടയിൽ.
വേറെങ്ങ്? ചെറായി ബീച്ച് കള്ളുഷാപ്പിൽ. ചൂട് പാലപ്പവും, കടലക്കറിയും, പിന്നെ 'ഡക്ക് സ്പെഷ്യലും'. കൂടെ, കുടിയ്ക്കാൻ നല്ല ചൂടൻ കട്ടൻ ചായയും.
ഞങ്ങളുടെ പ്രിയപ്പെട്ട അംഗത്തിന്റെ ഭാഷയിൽ പറഞ്ഞാൽ, "ഞങ്ങളങ്ങ് പുളകിതരായി".
വീണ്ടും തിരികെ താമസസ്ഥലത്തേയ്ക്ക്. ഒട്ടും സമയം കളയാതെ നേരെ കടലിലേയ്ക്ക്. വിശാലമായൊരു കടൽക്കുളിയ്ക്ക്.
വസ്ത്രം മാറുമ്പോൾ, പെപ്പെ ഓടിയെത്തി കൂട്ടത്തിലെ ഒരാളെ പ്രത്യേകം ഓർമ്മപ്പെടുത്തി " ചേട്ടാ ..ഞാൻ എല്ലാരോടും പറഞ്ഞു ...അതോണ്ട് ചേട്ടനോടും പറയുവാ ... തെരയടിച്ചാൽ ചെലപ്പം നിക്കർ ഊരിപ്പോകും... നന്നായി സൂഷിച്ചോണം ...". ഇതെന്തിനാണ് അവനോടു മാത്രം പറഞ്ഞത് എന്ന്, കേട്ട് നിന്ന ഞങ്ങൾക്കാർക്കും മനസ്സിലായില്ല, അവനും. എന്നാലും അവൻ നന്നായി സൂക്ഷിച്ചു. നിക്കറിന്റെ (സോറി ... ബർമുഡയുടെ) ആ വള്ളി ശരിയ്ക്കും മുറുക്കിക്കെട്ടി. "പിള്ള മനസ്സിൽ കള്ളമില്ല" എന്നാണല്ലോ വയ്പ്പ്.
ഇനി അവനെങ്ങാനും അത് കേൾക്കാതിരിയ്ക്കുകയും, അടിച്ചു കയറുന്ന തിരമാലകളിൽ ആ വള്ളിയെങ്ങാനും പൊട്ടുകയും ചെയ്തിരുന്നെങ്കിൽ ..?
ആ വള്ളക്കാരിൽ ആരേലുമൊക്കെ ഇങ്ങനെ പാടിപ്പോയേനെ ... സത്യം...
പങ്കായം പൊക്കി ഞാനൊന്ന് നോക്കീ...
നാല്പതുപേരും ശിഷ്യന്മാരും ഒന്നിച്ചു നോക്കി...
പൂമരം കൊണ്ട് കപ്പലുണ്ടാക്കി
പൂമരം കൊണ്ട് കപ്പലുണ്ടാക്കി..
ഹോ ... ഏതായാലും അതുണ്ടായില്ല .... ആ വള്ളക്കാര് രക്ഷപെട്ടു ... ഞങ്ങളും..
ആ കടൽക്കുളിയൊരു ഒന്നൊന്നര കുളിയായിരുന്നു കേട്ടോ. അതും ഒരു ഒന്നൊന്നൊര മണിക്കൂർ നീണ്ടുനിന്നത്.
നല്ല വെയിലിൽ, തണുതണുത്ത കടൽവെള്ളത്തിലെ ആ കുളി, ഒരു ഉശിരൻ ആയുർവേദ മസ്സാജിന്റെ ഗുണം ചെയ്തു.
സാധാരണയിലും അല്പം ശക്തമായിരുന്നു അന്ന് തിരകൾ. അതിനാൽ, ആ കരുതലോടെയാണ് ഞങ്ങൾ കുളിച്ചതും.
പിന്നെ, കരയിൽ കയറി പൈപ്പ് വെള്ളത്തിൽ ഒരു കുളി കൂടി കുളിച്ചപ്പോൾ, എല്ലാവരും ഉഷാറായി.
ഈ സമയം ഞങ്ങളുടെ ഭാര്യമാർ, ഒരു ഫോട്ടോഷൂട്ടിന്റെ ചിട്ടവട്ടങ്ങളിൽ ആയിരുന്നു. തലേന്ന് ചിങ്ങം ഒന്ന് ആയിട്ടും ആഘോഷിയ്ക്കാൻ പറ്റിയില്ല എന്ന സങ്കടത്തിൽ, കേരളസാരിയിലും മറ്റുചില പരമ്പരാഗത വേഷങ്ങളിലും ഒക്കെ അവർ തകർത്തു.
ശരിയ്ക്കും പറഞ്ഞതാ കേട്ടോ. കുറെയേറെ സുന്ദരൻ ഫോട്ടോസ്.
അപ്പോഴേയ്ക്കും സമയം ഉച്ചയായിരുന്നു. ദൂരെയുള്ളവർക്ക് പിരിയാനുള്ള സമയം ആകുന്നു. അതിന്റെ മ്ലാനത അറിയാതെ പരന്നു തുടങ്ങി.
ബാംഗ്ലൂരിൽ നിന്ന് വന്ന സുഹൃത്തും കുടുംബവും, ആദ്യം യാത്ര പറഞ്ഞു. അത്രയും ദൂരം ഓടിയെത്തേണ്ടതല്ലേ.
പിന്നെ ഞങ്ങൾ ഉച്ച ഭക്ഷണത്തിനായി "ശിവേട്ടന്റെ കട"യിലേക്ക്. വിഭവസമൃദ്ധമായ ഊണ്. സാമ്പാറും, തോരനും, മോരും, രസവും, ചമ്മന്തിയും, അച്ചാറും, കൂടെ പായസവും.
പിന്നെ, മീൻ വിഭവങ്ങളുടെ ഒരു നീണ്ട നിര തന്നെ. പുന്നാരമീൻ വറുത്തത്, കിളിമീൻ വറുത്തത്, കരിമീൻ വറുത്തത്, അയില പൊള്ളിച്ചത്, കക്ക തോരൻ, ചെമ്മീൻ ഫ്രൈ, കൂന്തൽ തോരൻ... ഇത്രയൊക്കെയേ രുചിയ്ക്കാൻ പറ്റിയുള്ളൂ .... കേട്ടോ.
ബാക്കി വിഭവങ്ങൾ രുചിയ്ക്കുന്നത് പിന്നീടൊരിയ്ക്കൽ....എന്താ?
ഊണൊക്കെ കഴിഞ്ഞ്, എല്ലാവരും എഴുന്നേറ്റപ്പോൾ പെട്ടെന്ന് ഒരു പിൻവിളി ..
"അയ്യോ ...പോകല്ലേ ..പോകല്ലേ "
"എന്താ ? എന്ത് പറ്റി..?"
"എനിയ്ക്കേ ... ഒരു ഉപ്പിട്ട നാരങ്ങാവെള്ളം കൂടി വേണം ..."
"ഏഹ്ഹ് .."
പാവം... ആള് കുറച്ചു നാളായി 'കട്ട ഡയറ്റിംഗ്' ആയിരുന്നുവത്രെ. പട്ടിണി കിടന്ന ആ വയറ്റിലേക്ക് ഒരു കൂന്തൽ ചുമ്മാ അങ്ങ് കയറി ചെന്നപ്പോൾ, അവിടെ ആകെയൊരു 'സന്തോഷപ്രക്ഷാളനം' ... അതാ ...
ഞങ്ങൾ വെറുതെ പേടിച്ചു.
ഇനി, വിടപറയേണ്ട സമയം. ഒരുമിച്ചൊരു ഫോട്ടോ ഷൂട്ടിന് ഞങ്ങൾ നിരന്നു.
അതും കഴിഞ്ഞ്, കൂട്ടത്തിലൊരാൾ കടലമ്മയോട് യാത്രപറയാൻ എന്നവണ്ണം, ആ കൽക്കെട്ടിനു മുകളിൽ കയറി നിന്നു. കടലമ്മയും തിരിച്ചൊന്നു 'റ്റാറ്റാ' പറഞ്ഞതാ, പാവം മുടി മുതൽ കാൽ വരെ ആ തിരയിൽ നനഞ്ഞു.
പിന്നെ, യാത്രപറയൽ വേഗത്തിലാക്കി, ഓരോരുത്തരും വണ്ടികളിൽ കയറി. രണ്ടു പകലുകളുടെയും, ഒരു രാത്രിയുടെയും, സപ്തവർണ്ണ ഓർമ്മകളുമായി, തലേന്നത്തെ ഉറക്കം ഇനിയും ബാക്കി നിൽക്കുന്ന കൺപോളകളെ തല്ക്കാലം ഉറങ്ങാൻ വിലക്കി, ഞങ്ങൾ മടങ്ങി.
അപ്പോൾ ഉള്ളിൽ ബാക്കി നിന്നത്, ഒരു സങ്കടം മാത്രം. വളരെ പെട്ടെന്ന് സംഘടിപ്പിച്ചതിനാൽ, ഞങ്ങളുടെ കൂട്ടത്തിലെ മൂന്ന് അംഗങ്ങൾക്ക് ഈ സംഗമത്തിൽ, ഞങ്ങളോടോത്തു ചേരാൻ ആയില്ല എന്ന സങ്കടം. അവർ കൂടി വന്നിരുന്നുവെങ്കിൽ ....
സാരമില്ല. അടുത്ത തവണ ആകാം....
സ്നേഹത്തോടെ ....
ചെറായി ബീച്ചിൽ നിന്നും ഐഡിയൽ ഫ്രണ്ട്സിനൊപ്പം ....
ബിനു മോനിപ്പള്ളി
******
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
********
ഞങ്ങളുടെ കൂടിച്ചേരലിന്റെ മുഴുവൻ ഭംഗിയും ഈ സംക്ഷിപ്ത വീഡിയോയിൽ നിങ്ങൾക്ക് കാണാം കേട്ടോ....
ബിനു ... വിവരണം നന്നായിരിക്കുന്നു ....
ReplyDeleteബിനു... നല്ല വിവരണം 👍🏻
ReplyDeletethank you ....
ReplyDelete