കുലുങ്ങി മറിഞ്ഞാ കൊളുക്കുമലയിലേയ്ക്ക്.....
കുലുങ്ങി മറിഞ്ഞാ കൊളുക്കുമലയിലേയ്ക്ക്.....!!
[യാത്രാവിവരണം]
കത്തുന്ന സൂര്യന്നു താഴെ, ശരീരം നന്നായി വെട്ടിവിയർക്കുമ്പോഴും, ഉള്ളിൽ മനസ്സ് കുളിരുന്ന ആ ഗ്യാപ് റോഡ് യാത്രയുടെ മദ്ധ്യേ, ഞങ്ങൾ പതുക്കെ വലത്തേക്ക് തിരിഞ്ഞു.
ഇതേവരെ പോയിട്ടില്ലാത്ത ആ കൊളുക്കുമലയിലേയ്ക്കൊരു ഓഫ്‌റോഡ് യാത്രയാണ് നമ്മുടെ ലക്ഷ്യം.
തികച്ചും ആകസ്മികമായ ഒരു യാത്രയായിരുന്നതിനാൽ തന്നെ, സാധാരണയായി എടുക്കാറുള്ള മുന്നൊരുക്കങ്ങൾ ഒന്നുമില്ലാതെയുള്ള ഒരു യാത്ര. അത്തരം യാത്രകളും ഒരു സുഖമാണല്ലോ. അല്ലേ?
വണ്ടി പാർക്ക് ചെയ്ത്, മല കയറാനുള്ള ആ ജീപ്പിനു വേണ്ടി കാത്തുനിൽക്കുമ്പോളാണ്, അങ്ങകലെയുള്ള ആ ദൃശ്യം അവിചാരിതമായി കണ്ണിൽ പെട്ടത്.
ഒപ്പം, ആ പഴയ പാട്ടിന്റെ മനോഹര വരികളും ഓടിയെത്തി.
സാലഭഞ്ജികകള്‍ കൈകളില്‍
കുസുമതാലമേന്തി വരവേല്‍ക്കും.....
[സാലഭഞ്ജികയെ കാണാൻ കഴിയുന്നില്ലേ? എന്നാൽ, നന്നായി ഒന്ന് സൂം ചെയ്തു നോക്കൂ...!]
പാട്ട് മുഴുവനാകും മുൻപേ, ഞങ്ങളുടെ ജീപ്പെത്തി.
അല്പസമയത്തെ യാത്രയ്‌ക്കൊടുവിൽ, നമ്മളിതാ സൂര്യനെല്ലിയിലെത്തി.
ആ ഗ്രാമ കവലയിൽ വല്ലാത്തൊരു മൂകത. എന്തുകൊണ്ടോ, ഒരു വിഷമം ഉള്ളിലൂറി. ശ്രീ മുരുകൻ കാട്ടാക്കടയുടെ ദുഃഖമുറഞ്ഞ ആ വരികൾ അറിയാതെ മൂളിപ്പോയി.
പാതി വിരിഞ്ഞോരു പൂമൊട്ട് ഞാനെന്റെ-
മോഹങ്ങള്‍ വാടിക്കരിഞ്ഞു പോയി
ഏതോ കരങ്ങളില്‍ ഞെങ്ങിഞെരിഞ്ഞെന്റെ
ഓരോ ദലവും പൊഴിഞ്ഞുപോയീ…
സൂര്യകാന്തിപ്പൂവ് ഞാനിന്നുമെന്റെയീ
സൂര്യനെല്ലിക്കാട്ടിലേകയായി .....
ഞങ്ങളുടെ സാരഥി ശ്രീ മുനിയാണ്ടിയുടെ 'പോകലാമാ ...?" എന്ന ഉറക്കെയുള്ള ചോദ്യമാണ് ചിന്തകളിൽ നിന്നുണർത്തിയത്.
ഇനി മുകളിലേയ്ക്കുള്ള 'ഓഫ്‌റോഡ്' യാത്രയാണ്. രാവിലത്തെ ആഹാരത്തിനു ശേഷം, ഒന്നും തന്നെ കഴിച്ചിട്ടില്ല. ഓഫ്‌റോഡ് യാത്രയായതിനാൽ കട്ടിയായ ഉച്ചഭക്ഷണം വേണ്ടെന്നു വച്ചു. പകരം, കുറച്ച് ഏത്തപ്പഴം വാങ്ങി ജീപ്പിൽ കരുതി. കൂടെ, കുപ്പി വെള്ളവും.
യാത്ര തുടർന്നത് നന്നേ ഇളകിത്തുടങ്ങിയ ടാർ റോഡിലൂടെയാണ്. കൂടെയുള്ള സുഹൃത്തിന്റെ കമെന്റിൽ ('ഓഹ് ... ഇതെന്ത് ഓഫ്‌റോഡ് ...? ഒന്ന് ടാർ ചെയ്താൽ തീരാവുന്നതല്ലേയുള്ളൂ? ...'), ഞാനും കൂടി.
കൊടുത്ത കാശ് വെറുതെയായോ? എന്നൊരു തോന്നലും ഇല്ലാതിരുന്നില്ല. (പ്രവേശന പാസ് ഉൾപ്പെടെ 3000/- രൂപ). പക്ഷേ, കുറച്ചു കൂടെ മുന്നോട്ടു പോയപ്പോൾ ആ ടാർ റോഡ് അവസാനിച്ചു.
ശേഷമായിരുന്നു ശരിയ്ക്കുമുള്ള ആ ഓഫ്‌റോഡ് യാത്ര. ഒരു കല്ലിൽ നിന്നും അടുത്ത കല്ലിലേയ്ക്ക് ഒരു വാനരനെപ്പോലെ ചാടുന്ന ജീപ്പിൽ, ഞങ്ങൾ ഇളകിക്കളിച്ചു. നിത്യാഭ്യാസി മുനിയാണ്ടി മാത്രം, വളരെ കൂളായി തന്റെ ജീപ്പ് ഓടിച്ചു കൊണ്ടിരുന്നു.
വലതു വശം കുത്തനെ ഉയർന്ന തേയിലക്കാടുകൾ. മറുവശത്ത് അഗാധമായ താഴ്ച്ച. ഇടയ്ക്കുള്ള പല വളവുകളും ആ ജീപ്പ് പോലും ഒറ്റയടിയ്ക്ക് വളയുന്നില്ല. പുറകിലേക്ക് ഒന്നോ രണ്ടോ തവണ എടുത്തു വേണം അതൊക്കെ തിരിയാൻ.
വണ്ടിയിൽ മുഴങ്ങിയിരുന്ന ആ ചിരികൾക്കു പകരം, ഒച്ചപ്പാടും ചെറിയ കരച്ചിലുമൊക്കെയായി. "അണ്ണാ .... മുനിയാണ്ടി ... കാത്തോണേ ... കൊഞ്ചം സൂക്ഷിച്ച് ...അയ്യാ ... കാപ്പാത്തുങ്കോ....". എന്നൊക്കെയുള്ള നല്ല തനിനാടൻ പാട്ടുകളായി വണ്ടിയിൽ..... 'ഇല്ലുമിനാട്ടി'യൊക്കെ എന്ത് ...?
ഇനിയും ചിലരാകട്ടെ, രണ്ടു കൈകൾ കൊണ്ടും മുകളിലെ കമ്പിയിൽ തൂങ്ങിക്കിടന്നു നോക്കി. ഇളക്കത്തിന്റെ ആക്കം ഒന്നു കുറയ്ക്കാൻ. എന്ത് കാര്യം? മുനിയാണ്ടിയുടെ ജീപ്പ്, കല്ലിൽ നിന്നും കല്ലിലേയ്ക്ക് ചാടി മറിയുകയല്ലേ?
ഇനിയിപ്പം ഒന്നും നോക്കാനില്ല. ഒപ്പം അങ്ങ് ഇളകിമറിയുക തന്നെ. ഇടയ്ക്ക് ദൂരേയ്ക്ക് നോക്കുന്നുണ്ട് ഞങ്ങൾ. മറ്റൊന്നിനുമല്ല മലയുടെ മുകളിൽ എത്താറായോ എന്നറിയാനാണ്. എവിടെ എത്താൻ?
ഏതാണ്ട് ഒന്നര മണിക്കൂർ കൊണ്ട്, ഞങ്ങൾ ആ 13 കിലോമീറ്ററും താണ്ടി മുകളിലെത്തി.
മിക്സർ ഗ്രൈൻഡറിൽ നിന്നും രക്ഷപെട്ടൊഴുകുന്ന ദോശമാവിനെപ്പോലെ, വലിയ ആശ്വാസത്തിൽ ഞങ്ങൾ ജീപ്പിൽ നിന്നും ഒരുവിധം ഒഴുകിയിറങ്ങി. ഹോ ... എന്തൊരു സുഖം...!
പിന്നെ, കരുതലോടെ തെല്ലകലെ കണ്ട ആ മലയുടെ മുകളിലേയ്ക്കു നടന്നു.
വളരെ ശ്രദ്ധിയ്ക്കണം എന്ന് മുനിയാണ്ടി മുന്നറിയിപ്പ് നൽകിയിരുന്നു. കാരണം തീർത്തും ഇടുങ്ങിയ (ഏറിയാൽ ഒരു മീറ്റർ മാത്രം വീതിയുള്ള), നിറയെ പൊടിയും, ചരലും, കല്ലുകളും നിറഞ്ഞ പാതയാണത്. ഇരുവശത്തുമാകട്ടെ, നോക്കിയാൽ നോക്കെത്താത്ത അത്ര ആഴത്തിലുള്ള കൊക്കകളും. കാലൊന്നു തെറ്റിയാൽ, പിന്നെ പൊടിപോലും കാണില്ല കണ്ടുപിടിയ്ക്കാൻ...!
പക്ഷേ, സത്യം പറയട്ടെ ആ കടുത്ത ഓഫ്‌റോഡ് യാത്രയുടെ സകല ബുദ്ധിമുട്ടുകളും ഒറ്റയടിയ്ക്കു മറക്കുന്ന, അത്ര മനോഹരമായ ദൃശ്യമാണ് ഇപ്പോൾ ഇതാ നമ്മുടെ മുന്നിൽ.
നമ്മൾ നിൽക്കുന്ന കുന്നിൽ നിന്നും തെല്ലകലെയായി, അതിനേക്കാൾ ഉയരെ ഇടതു വശത്തായി ഉയർന്നു നിൽക്കുന്നു കൂറ്റനൊരു മല. നേരെ വലതു വശത്താകട്ടെ, ഞങ്ങളുടെ ജീപ്പ് വളഞ്ഞുപുളഞ്ഞു കയറിയെത്തിയ ആ തേയിലക്കുന്നുകൾ.
ഇടതുവശത്ത്, അങ്ങ് താഴെ ദൂരെയായി ബോഡിനായ്ക്കന്നൂർ ടൌൺ. പിന്നെ അതിനുമിപ്പുറം പൊട്ടുകൾ പോലെ കുറങ്ങിണി, കോട്ടഗുടി വില്ലേജുകൾ. മൈന, കുങ്കി തുടങ്ങിയ സിനിമകൾ ചിത്രീകരിച്ചത് ആ കാണുന്ന കുറങ്ങിണി വില്ലേജിലാണത്രേ.
ഈ തേയിലക്കാടുകളിൽ ആണ്, ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ 'സിപ് ലൈൻ' ഇപ്പോൾ പ്രവർത്തിയ്ക്കുന്നത്.
നിങ്ങളറിയുന്നോ? ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ തേയിലക്കാടുകളുടെ ഉച്ചിയിലാണ് നമ്മൾ ഇപ്പോൾ നിൽക്കുന്നത്. സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 7130 അടി ഉയരത്തിൽ.
ഉയരം കൂടും തോറും വീര്യവും കൂടും എന്നാണല്ലോ? അതുകൊണ്ടു തന്നെ, 1930 ൽ സ്ഥാപിതമായ ഈ കൊളുക്കുമല എസ്റ്റേറ്റിലെ തേയില (അതും 1935 ൽ സ്ഥാപിതമായ ഇവിടുത്തെ ആ പരമ്പരാഗത തേയില ഫാക്ടറിയിൽ ഉല്പാദിപ്പിയ്ക്കുന്ന തേയില) ലോകപ്രശസ്‌തമത്രെ. ഗുണത്തിലും, മണത്തിലും, പിന്നെ വിലയിലും.
ഏറെ മനോഹരവും പ്രശസ്തവുമാണ്, ഇവിടുത്തെ പ്രകൃതിയൊരുക്കിയ ആ 'കടുവാ'മുഖം. സ്വതസിദ്ധമായ ആ ക്രൗര്യവും, വന്യതയും ഗൂഢമായൊളിപ്പിച്ച, പുറമേയ്ക്കൊരു വല്ലാത്ത അലസഭാവം മാത്രം ദ്യുതിപ്പിയ്ക്കുന്ന, വളരെ അപൂർവ്വമായൊരു കാഴ്ചയാണത്.
ഞാനും കൂടെയുള്ള സുഹൃത്തുക്കളും ആ കാഴ്ച, ഉള്ള സ്ഥലത്തു നിന്നും, തലങ്ങും വിലങ്ങും ക്യാമറയിൽ പകർത്തി.
സൂര്യോദയ സമയത്തെ കൊളുക്കുമലയിൽ നിന്നുള്ള കാഴ്ച്ച അതിസുന്ദരമത്രെ. കൈലാസത്തിലെ മഞ്ഞിനെ, അതുമല്ലെങ്കിൽ ആ പാലാഴിയെ അനുസ്മരിപ്പിയ്ക്കുന്ന തൂവെള്ള മഞ്ഞും, അതിൽ അതുല്യമായ സ്വർണ്ണപ്രഭയോടെ ഉദിച്ചുയരുന്ന സൂര്യദേവനും, മറ്റെങ്ങും കാണാനാവാത്ത ദൃശ്യവിരുന്നത്രെ നമുക്ക് നൽകുക.
അതുകാണാൻ വേണ്ടി മാത്രം, അനേകം സഞ്ചാരികളത്രെ ആഴ്ച്ചാവസാനങ്ങളിൽ അതിരാവിലെ, ഈ കഠിന മലകയറിയെത്തുക.
നമ്മുടെ സാരഥി മുനിയാണ്ടി മുൻപ് പകർത്തിയ ചില ചിത്രങ്ങൾ കാണിച്ച്, അത് വിവരിച്ചപ്പോൾ, ശരിയ്ക്കും നഷ്ടബോധം തോന്നി. നിങ്ങളും ആ ചിത്രമൊന്നു കണ്ടു നോക്കൂ.
പിന്നെ ഞങ്ങൾ, മനസില്ലാമനസ്സോടെ മലയുടെ അരികിലെ ഇത്തിരിപ്പോന്ന ആ നടവഴിയിലൂടെ ഇടതു ദിശയിലേയ്ക്ക് നടന്നു. അവിടെ മറ്റൊരു വ്യൂ പോയിന്റ് കൂടിയുണ്ടത്രേ. പിന്നെ കൊളുക്കുമല തേയില വില്പനയ്ക്ക് വച്ചിരിയ്ക്കുന്ന, എസ്റ്റേറ്റ് വക കടയും.
ഇപ്പോൾ സമയം ഏതാണ്ട് 3:30 മണി കഴിയുന്നു. വെയിൽ ഒട്ടും തന്നെ ചാഞ്ഞിട്ടില്ല. എങ്കിലും മലയടിവാരത്തു നിന്നും വീശിയെത്തുന്ന ആ കാറ്റിൽ വല്ലാത്തൊരു കുളിർമയുണ്ട്. അതോ, കാണുന്ന കാഴ്ചകളുടെ മനോഹാരിതയിൽ, ആ പൊള്ളുന്ന വെയിലും നമുക്ക് കുളിരായി തോന്നുന്നതോ?
ഇനി അതുമല്ലെങ്കിൽ, ആ കടുത്ത ഓഫ്‌റോഡ് ഡ്രൈവിൽ ഞങ്ങളുടെയൊക്കെ കിളി പോയതോ ...? എന്തരോ എന്തോ ...?
മലയോരത്തെ ആ നടവഴിയിൽ നിന്നും ഞങ്ങൾ ഇതാ പ്രധാന പാതയിലെത്തി. വീണ്ടും, ജീപ്പിൽ ആ വ്യൂ പോയിന്റിലേയ്ക്ക്.
ഇനിയല്പം നടന്നു കയറണം. മുൻപ് നമ്മൾ കണ്ട ആ ദൃശ്യങ്ങൾ, മറ്റൊരു കോണിൽ നിന്നും, കൂടുതൽ വ്യക്തതയോടെ, കൂടുതൽ മനോഹാരിതയോടെ ഇപ്പോൾ നമുക്ക് കാണാം. മാത്രവുമല്ല, സന്ദർശകരുടെ സുരക്ഷയ്ക്കായി ഇവിടെ കുറച്ചെങ്കിലും ചൂളമര വേലികളും ഉണ്ട്.
നമ്മുടെ ഈ സുന്ദര മലനാടിന്റെ, ആ അനുപമ സൗന്ദര്യം ആവോളം ആസ്വദിച്ചു.
പിന്നെ, അതിൽ കുറച്ചൊക്കെ ക്യാമറയിൽ പകർത്തി.
സത്യസന്ധമായി പറയട്ടെ. കൊളുക്കുമലയിലെ ആ ദൃശ്യങ്ങളിലെ മനോഹാരിത കുറച്ചൊക്കെ ഈ ചിത്രങ്ങളിൽ നിങ്ങൾക്ക് കാണാൻ കഴിഞ്ഞേക്കും. പക്ഷെ, ഒന്നുറപ്പ്. ആ മലമുകളിലെ യഥാർത്ഥ വന്യതയോ, ആ കൊക്കകളുടെ കണ്ണെത്താത്ത ആഴമോ ഒന്നും, നിങ്ങൾക്കതിൽ കാണാനാവില്ല.
കാരണം, എത്രയൊക്കെ ശ്രമിച്ചിട്ടും അതൊക്കെ അതേപോലെ പകർത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല തന്നെ.
വ്യൂ പോയിന്റിൽ നിന്നും ഞങ്ങൾ തിരിച്ചിറങ്ങാൻ തുടങ്ങുമ്പോളാണ്, പിന്നിൽ നിന്നൊരു കൊഞ്ചൽ വിളി. തിരിഞ്ഞു നോക്കിയപ്പോൾ ദാ ഇരിയ്ക്കുന്നു. ഒരു കറുകറുത്ത സുന്ദരി.
ഞങ്ങളെ യാത്രയാക്കാൻ വന്നതാണത്രേ. പിന്നെ, ഒരു ഫോട്ടോ എടുക്കാൻ പോസ് ചെയ്യാനും തയ്യാറായി അവൾ, ആ കരിങ്കുരുവി.
ഇവിടെ വ്യൂ പോയിന്റിനോട് ചേർന്ന്, രാത്രി താമസത്തിനായി മനോഹരമായ കുറച്ചു ടെന്റുകൾ ഒരുക്കിയിരിയ്ക്കുന്നു. രാത്രിഭക്ഷണവും, താമസവും, ക്യാമ്പ് ഫയറുമൊക്കെയുള്ള പ്രത്യേക പാക്കേജുകൾ ഇവിടെയുണ്ട്. കൂടെ വൃത്തിയുള്ള ടോയ്‌ലെറ്റുകളും, പിന്നെ വലിയൊരു കാന്റീനും.
മുൻകൂട്ടി പ്ലാൻ ചെയ്തു വന്ന ഒരു യാത്ര അല്ലായിരുന്നതുകൊണ്ട് തന്നെ, ഞങ്ങൾക്ക് അവിടെ തങ്ങാൻ ആവില്ലായിരുന്നു.
മാത്രവുമല്ല, ടെന്റുകൾ കണ്ടപ്പോൾ കൂടെയുള്ള സുഹൃത്തിനൊരു സംശയം. 'നമ്മൾ ഇതിൽ കിടന്നുറങ്ങുമ്പോൾ, പാതിരാത്രി വല്ല കാട്ടുപന്നിയും വന്നു കുത്തി മറിച്ചാലോ?'.... എന്താല്ലേ? സംശയിയ്ക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ...!
കാന്റീനിൽ നിന്നും നല്ല കടുപ്പത്തിൽ ഓരോ കൊളുക്കുമല ചായ കുടിച്ചു. പിന്നെ ആ 'ഔട് ലെറ്റി'ൽ നിന്നും ലോകപ്രശസ്തമായ ആ തേയില പാക്കറ്റുകളും വാങ്ങി.
സമയം ഇപ്പോൾ ഏതാണ്ട് 5:30 ആകുന്നു. മനസില്ലാമനസ്സോടെ ഞങ്ങൾ മടക്കയാത്ര തുടങ്ങി. ഇനി ആ 13 കിലോമീറ്റർ ഓഫ്‌റോഡ് തിരിച്ചിറക്കം.
ഓർക്കുമ്പോൾ ഉള്ളിൽ ചെറിയൊരു നടുക്കം. ശരീരത്തിലെ സന്ധികൾ ഒക്കെ കഴിയുന്നത്ര ഒന്ന് ഇളക്കി നോക്കി. വലിയ കുഴപ്പങ്ങൾ തോന്നുന്നില്ല.
പിന്നെ, മുനിയാണ്ടിയ്‌ക്കൊപ്പം വീണ്ടും ജീപ്പിലേയ്ക്ക്.
തട്ടുപൊളിപ്പൻ തമിഴ്‌പാട്ടുകളും ഇട്ട്, ഇളകിയാടി മലയിറക്കം.
ആറിത്തുടങ്ങിയ അന്തിവെയിലിൽ, കൂടുതൽ ഹരിതാഭമാർന്ന ആ തേയിലക്കാടുകൾക്കിടയിലൂടെ, കണ്ട കാഴ്ചകളുടെ ഓർമ്മകളാകെയും മനസ്സിൽ നിറച്ച്, കല്ലുകൾ ചാടിച്ചാടി, അങ്ങിനെ തുള്ളിത്തുളുമ്പി ഒരു മലയിറക്കം.
ഇടയ്ക്കൊരു വളവിൽ എത്തിയപ്പോൾ, അതാ ദൂരെ സൂര്യൻ അസ്തമിയ്ക്കാൻ, പതിയെ തയ്യാറെടുക്കുന്നു.
യാത്ര പറയണ്ടേ? പിന്നെ, വേണ്ടേ ..?
ഞങ്ങൾ വണ്ടി നിർത്തി ഇറങ്ങി. എന്നും പ്രിയപ്പെട്ട ആ അസ്തമയക്കാഴ്ചകൾ, ക്യാമറയിൽ പകർത്തി.
വീണ്ടും യാത്ര തുടർന്നു. പതുക്കെ മയങ്ങിത്തുടങ്ങിയ സൂര്യനെല്ലിയും കടന്ന്, മുനിയാണ്ടി ഞങ്ങളെ വണ്ടിയുടെ അടുത്തെത്തിച്ചു.
ആഹാ ... ശരീരത്തിലെ മുഴുവൻ സന്ധികളും ഇപ്പോൾ ഘർഷണം ഏതുമില്ലാതെ നല്ല
'സ്മൂത്താ'യി ചലിയ്ക്കുന്നു. 26 കിലോമീറ്റർ ഓഫ്‌റോഡ് യാത്രയുടെ ഒരു ഗുണമേ
.... പണമോ തുച്ഛം, ഗുണമോ മെച്ചം ..... ആഹഹാ ....!!
അയ്യോ ...ഒരു കാര്യം പറയാൻ വിട്ടു.
ജീപ്പ് നിർത്തിയതും, കൂട്ടത്തിലെ സുഹൃത്ത് വണ്ടിയിൽ നിന്നൊരു ചാട്ടം. ആൾ സുരക്ഷിതമായി താഴെ നിലത്തെത്തി. പക്ഷേ, കയ്യിലെ മൊബൈൽ നിലത്തെത്തിയില്ല; കയ്യിലും ഇല്ല. വണ്ടിയിലും ഇല്ല. പിന്നെ മറ്റു മൊബൈൽ ടോർച്ചുകൾ തെളിച്ച് ആകെ മൊത്തം പരതി. എവിടെ കിട്ടാൻ?
സാധനം കയ്യിലുണ്ടോ? ഇല്ല. പിന്നെ, വണ്ടിയിലുണ്ടോ? ഇല്ല. നിലത്തുണ്ടോ? ഇല്ല. സാധനം ആണെങ്കിലോ? പുതുപുത്തനും.
ജീപ്പിലെ മാറ്റുകൾ ഉൾപ്പെടെ വലിച്ചു പുറത്തിട്ടിട്ടും, സാധനം കാണാനില്ല.
പരതി പരതി ചെന്നപ്പോൾ, സാധനം ദേ ഇരിയ്ക്കുന്നു ആ സീറ്റ് ബെൽറ്റിന്റെ ചെയിൻ കവറിനുള്ളിൽ... ഒരുമാതിരി ഒളിച്ചിരിയ്ക്കും പോലെ. ശ്വാസം നേരെ വീണ സുഹൃത്തിനെയും കൊണ്ട് വണ്ടിയിലേയ്ക്ക്.
സുരക്ഷിതമായ ഓഫ്‌റോഡ് ഡ്രൈവിങ്ങിന്, സാരഥി മുനിയാണ്ടിയോട് നന്ദിയും പറഞ്ഞ്, ഞങ്ങൾ നിറഞ്ഞ സന്തോഷത്തോടെ മടങ്ങി.
കൊളുക്കുമല യാത്രയ്ക്ക് തയ്യാറെടുക്കുന്നുവെങ്കിൽ, ഇനി പറയുന്ന കാര്യങ്ങൾ ദയവായി ശ്രദ്ധിയ്ക്കുക.
1. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല ഓഫ്‌റോഡ് യാത്രയ്ക്ക് തയ്യാറാവുക
2. സൺഗ്ലാസ്, തൊപ്പി, സൺ ക്രീം, എന്നിവ കരുതുക
3. യാത്രയ്ക്ക് മുൻപ് ലഘുഭക്ഷണം മാത്രം കഴിയ്ക്കുക. ഏത്തപ്പഴവും വെള്ളവും കരുതുക.
4. ഉയര-യാത്രാബുദ്ധിമുട്ടോ, ശ്വാസതടസ്സമോ, നടുവുവേദനയോ ഉള്ളവർ ഈ യാത്ര ഒഴിവാക്കുക.
5. കഴിയുമെങ്കിൽ മലമുകളിൽ നിന്നും ഉദയം കാണാൻ കഴിയുന്ന സമയം തിരഞ്ഞെടുക്കുക.
6. മലമുകളിലെ (പ്രത്യേകിച്ചും, കടുവാ മുഖത്തെ) നടത്തത്തിൽ അതീവ ശ്രദ്ധാലുക്കളാവുക.
7. യാത്രയിൽ ഉടനീളം ലഹരി ഉപയോഗം തീർത്തും ഒഴിവാക്കുക.
ഇതൊക്കെ ചെയ്യാൻ നിങ്ങൾ തയ്യാറാണെങ്കിൽ, ഒരു പക്ഷേ, ജീവിതത്തിലെ തന്നെ ഏറ്റവും ആസ്വാദ്യകരമായ ഓഫ്‌റോഡ് യാത്രയും, പിന്നെ ഏറ്റവും സുന്ദരവും, നൂറ് ശതമാനം നൈസർഗ്ഗികവുമായ, ഒരു സ്വർഗ്ഗസമാന 'ഹിൽടോപ്പും,' അവിടെ നിങ്ങളെയും കാത്തിരിയ്ക്കുന്നുണ്ടാകും. തീർച്ച ...!!
=================
സ്നേഹപൂർവ്വം
ബിനു മോനിപ്പള്ളി
******
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
********
പിൻകുറിപ്പ്: കൂടുതൽ ചിത്രങ്ങൾ താഴെ ചേർക്കുന്നു
സുന്ദരമായ വർണന👌👌👌
ReplyDeleteThank you...
Deleteഞങ്ങളും ഒന്ന് കൊളുക്കുമല കേറി ഇറങ്ങിയത് പോലെ ...
ReplyDeleteEre santhosham
Deleteകൊളുങ്ങുമല സുന്ദരിയെ അതേപടി പകർത്തി, ഹൃദ്യമായ വിവരണത്തിലൂടെ ഞങ്ങളിൽ എത്തിച്ചു.. അതിമനോഹരം👌🏻❤️❤️❤️❤️
ReplyDeleteThank you ....
Delete