യക്ഷി

 

 

യക്ഷി 

[കവിത]

പാലമരത്തിൻ മോളിലവൾക്കൊരു കാണാ വീടുണ്ട് 

പാതിര രാവിൽ ചോര കുടിയ്ക്കാൻ അവളൊരു വരവുണ്ട് 

കരിമുടിയാകെ വാരിയെറിഞ്ഞിട്ടവളൊരു വരവുണ്ട്

കുചഭാരങ്ങളിളക്കി മറിച്ചാ വരവൊരു വരവാണ്‌  

കണ്ടോ കാതിലണിഞ്ഞവളതുരണ്ടാമ്പൽ മൊട്ടല്ല 

കാമം തിങ്ങിയ കരളുപറിച്ചിട്ടഴകിലൊരുങ്ങിയതാ  

കടവായിൽ നിന്നൊഴുകിയിറങ്ങിയ ചുടുനിണമതു കണ്ടോ

വിടനായ് മാറിയ വിലാസകാമുക ശേഷിപ്പതുമാത്രം 

പട്ടാപ്പകലും ആതിര വിടരും പാതിര രാവതിലും 

പെൺവേഷങ്ങൾക്കുൾഭയമില്ലാതിവിടെ നടന്നൂടാ 

കണ്ണിൽ കാമപ്പൂത്തിരി കത്തിച്ചണയും കരിവേഷം 

തുള്ളിയുറഞ്ഞവരാടുമ്പോൾ പെൺ ചെന്നിണമതുചിതറും 

കാവൽ നിൽക്കും നാടിൻ നിയമപ്പഴുതുകൾ അവർ തേടും

ഇല്ലാ നാട്ടിൽ പെൺജന്മങ്ങൾക്കാശ്രയമായാരും

യക്ഷീ നീയാ പാലമരത്തിൻ താഴെയിറങ്ങീടൂ 

രുധിരം നുണയാൻ കൊതിയൂറുന്നാ നാവിനു രുചിയേകാൻ 

തിന്നുകൊഴുത്താ കരിവേഷങ്ങൾ നിന്ന് തിമിർക്കുന്നീ 

'കരാള' ഭൂവിൽ നിനക്ക് തെല്ലും വിശ്രമമമുണ്ടാകാ 

നീയല്ലാതൊരു രക്ഷയ്ക്കായിട്ടാരെ വിളിച്ചീടാൻ 

പെൺ തുണയേകാൻ അവരുടെ മാനം കാക്കുമൊരാളാകാൻ 

യക്ഷീ നീയാണവർക്കൊരാശ്രയം അവനിയിലവസാനേ 

പാലമരത്തിൻ ചോട്ടിൽ തീർക്കണമസ്‌ഥിയിലൊരു കൂന

ചുടുനിണമൊഴുകി അഴകതു കൂടിയ പുതിയൊരു പിരമിഡു പോൽ 

അത് കാണുമ്പോളുൾഭയമോടവർ അകന്നു മാറേണം

പെണ്ണിൻ മാനം അവനിയിലെന്നും  പൊലിയാതെരിയേണം  

യക്ഷീ നീയാ പാലമരത്തിൻ താഴെയിറങ്ങീടൂ 

രുധിരം നുണയാൻ കൊതിയൂറുന്നാ നാവിനു രുചിയേകാൻ 

തിന്നുകൊഴുത്താ കരിവേഷങ്ങൾ നിന്ന് തിമിർക്കുന്നീ 

'കരാള' ഭൂവിൽ നിനക്ക് തെല്ലും വിശ്രമമമുണ്ടാകാ 

നീയല്ലാതൊരു രക്ഷയ്ക്കായിട്ടാരെ വിളിച്ചീടാൻ 

യക്ഷീ നീയാ പാലമരത്തിൻ താഴെയിറങ്ങീടൂ ....!!

=================

സ്നേഹപൂർവ്വം 

ബിനു മോനിപ്പള്ളി 

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********

പിൻകുറിപ്പ്:  

പീഡനവാർത്തകൾ ദിനപത്ര താളുകൾ നിറയുമ്പോൾ, ആശാകിരണങ്ങൾ അസ്തമിയ്ക്കുമ്പോൾ, ഇതൊരു അവസാന ശ്രമം. അതെ .... 'യക്ഷി'യ്ക്കുള്ള 'നിവേദനം'.


 

Comments

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]