കണ്ട കാഴ്ചകൾ - ഭാഗം 2 [ഇതെന്തിന്റെ സൂക്കേടാ ..?]

കണ്ട കാഴ്ചകൾ - ഭാഗം 2

നമസ്കാരം ...

ഞാൻ ബിനു മോനിപ്പള്ളി ..... "കണ്ട കാഴ്ചകളു"ടെ രണ്ടാം ഭാഗത്തിലേയ്ക്ക്  സുസ്വാഗതം.

രണ്ടാം ഭാഗം: "ഇതെന്തിന്റെ സൂക്കേടാ ..?"

ഇന്ന് രാവിലെ ഓഫീസിലേയ്ക്ക് പോകുന്ന വഴിയിൽ, അവിചാരിതമായൊരു ട്രാഫിക് ബ്ളോക്. അനുനിമിഷം നീളുന്ന ആ ക്യൂവിലങ്ങിനെ കിടക്കുമ്പോൾ, പതിയെ ക്ഷമ നശിച്ചു തുടങ്ങി. 

സീറ്റിലിരുന്ന് ചാഞ്ഞും ചരിഞ്ഞുമൊക്കെ മുൻപോട്ടു നോക്കുമ്പോൾ, മുന്നിലെ ചില വണ്ടികളിൽ നിന്നും ഡ്രൈവർമാർ ഇറങ്ങി മുൻപോട്ട് ഓടുന്നു. ചെറിയൊരു വളവായതിനാൽ, മുൻപിലെ ദൃശ്യങ്ങൾ മുഴുവനായി കാണാനും ആവുന്നില്ല. 

എന്നാലും മനസ്സിൽ ഉറപ്പിച്ചു, എന്തോ ആക്സിഡന്റ് ആണ്.

കുറച്ചു കഴിഞ്ഞപ്പോൾ, ഓടിപ്പോയ ഡ്രൈവർമാർ വന്നു വണ്ടികളിൽ കയറി. വണ്ടികൾ, ഇരുവശത്തേക്കും പതുക്കെ ചലിച്ചു തുടങ്ങി. അപ്പോഴാണ് കണ്ടത്. റോഡിൽ വലതു വശത്തായി ഒട്ടും ഒതുക്കാതെ ഒരു സ്‌കൂട്ടർ പാർക്ക് ചെയ്തിരിയ്ക്കുന്നു. അതുകൊണ്ടു തന്നെ ആ വശത്ത് കൂടെ ഇങ്ങോട്ട് വരുന്ന വണ്ടികൾക്ക് സുഗമമായി കടന്നുപോരാൻ ആവുന്നുമില്ല.

ഇത്രയും സമയം ബ്ലോക്കിൽ കിടന്നതിന്റെ അരിശവും, ദേഷ്യവുമൊക്കെ ആളുകൾ ആ സ്‌കൂട്ടറിനെ നോക്കി തീർക്കുന്നുണ്ട്. കൂടെ ഞാനും. 

"ഇയാൾക്കൊക്കെ ഇതെന്റിന്റെ സൂക്കേടാ ..?"

"ആ റോഡരികിലേയ്ക്കു മാറ്റി പാർക്ക് ചെയ്താൽ വണ്ടിയെന്താ തേഞ്ഞു പോകുമോ?.." 

"റോഡൊക്കെ അവന്റെ മാത്രം സ്വന്തമാന്നാ വിചാരം ...."

എന്നൊക്കെയുള്ള രീതിയിൽ...

വിൻഡോ ഗ്ലാസുകൾ ഉയർത്തിയിരിയ്ക്കുന്നതിനാൽ, ആ ചീത്തയൊന്നും പുറമേയ്ക്ക് ആരും കേൾക്കുന്നില്ല എന്ന് മാത്രം. 

അങ്ങിനെ നോക്കുമ്പോൾ, അതാ ഒരു ചെറുപ്പക്കാരൻ ഓടി വരുന്നു. കണ്ടപ്പോഴേ തോന്നി സ്‌കൂട്ടറിന്റെ ആളാണെന്ന്. പാവം, അയാളെ ആരൊക്കെയോ എന്തൊക്കെയെയോ പറയുന്നുമുണ്ട്. ആളാകട്ടെ ഒന്നും മിണ്ടാതെ വണ്ടിയുമായി പോയി.

പക്ഷേ, പിന്നീടാണ് കാര്യം പൂർണ്ണമായും മനസ്സിലായത്. തന്റെ വശത്ത് ബ്ളോക് ഇല്ലായിരുന്നുവെങ്കിലും, ആ സ്‌കൂട്ടർ അവിടെ വച്ച്, പിന്നിലെ ആ ബ്ളോക് (അതും, ഒരു സ്‌കൂൾ ബസ് കേടായതിനാൽ ഉണ്ടായത്) ഒഴിവാക്കാൻ പോയതായിരുന്നു പാവം.

ഒന്നോർത്താൽ....

ഇത് പോലെയാണ് പലപ്പോഴും നമ്മളിൽ പലരും പെരുമാറുന്നത്. 

ആദ്യം കാണുന്ന ചില കാഴ്ചകൾ വച്ച്, പലരോടും അല്ലെങ്കിൽ പലരെ കുറിച്ചും നമ്മൾ വല്ലാത്ത ദേഷ്യത്തോടെ സംസാരിയ്ക്കും, പെരുമാറും. അവരെക്കുറിച്ച് നമ്മുടെ ഉള്ളിൽ നുരയുന്ന ആ ദേഷ്യം, സ്വയം മുറുമുറുത്തു തീർക്കും.

പിന്നെ, കുറച്ചു കഴിഞ്ഞു കാര്യങ്ങൾ ശരിയായി മനസ്സിലാക്കുമ്പോഴാണ്, പലപ്പോഴും അവരുടെ ആ നിരപരാധിത്വം നമുക്കും, കൂടെ മറ്റുള്ളവർക്കും മനസ്സിലാകുന്നത്.

ശരിയല്ലേ?

അപ്പോൾ ...? പറഞ്ഞു വന്നത് ....

കാര്യങ്ങളെ, ആളുകളെ അഥവാ ചുറ്റുപാടുകളെ, നന്നായും പൂർണ്ണമായും മനസ്സിലാക്കിയതിന് ശേഷം മാത്രം പ്രതികരിച്ചാൽ, അതും ദേഷ്യത്തോടെയുള്ള പ്രതികരണങ്ങളാണെങ്കിൽ പ്രത്യേകിച്ചും, ഏറെ നന്നായിരിയ്ക്കും. 

അത്, മറ്റുള്ളവർക്ക് മാത്രമല്ല, നിങ്ങൾക്കും, ശരിയായ മാനസിക സ്വസ്ഥത നൽകാനുപകരിയ്ക്കും.

ശുഭദിനാശംസകളോടെ 

=================

സ്നേഹപൂർവ്വം 

ബിനു മോനിപ്പള്ളി 

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********

ചിത്രത്തിന് കടപ്പാട്: ഗൂഗിൾ ഇമേജസ്


Comments

  1. ഒത്തിരി ഇഷ്ടമായി. കാണുന്നതും കേൾക്കുന്നതും അങ്ങനെ തന്നെ വിശ്വസിക്കാൻ കഴിയാത്ത കാലവുമാണ്. വാർത്തയൊന്ന്, വാസ്തവം മറ്റൊന്ന്. നല്ല ഒതുക്കമുള്ള എഴുത്ത്. ബിനുമോനിപ്പള്ളിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
    സ്നേഹപൂർവ്വം
    രേഖ വെള്ളത്തൂവൽ

    ReplyDelete
  2. Well said dear!

    ReplyDelete
  3. ബിനു നീ പറഞ്ഞത് വളരെ ശരിയാണ്. ശരിയായ വിലയിരുത്തൽ ഏത് കാര്യത്തിലും പരമപ്രധാനമായ കാര്യം ആണ്.

    ReplyDelete

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]

'കെട്ടുനിറ'യും ശബരിമല യാത്രയും [ഹൈന്ദവ പുരാണങ്ങളിലൂടെ - 2]