.... ന്നാലും, എന്റെ പൊന്ന്....!!
എത്രയും ബഹുമാനപ്പെട്ട സാർ അറിയുന്നതിന്,
സാറും കുടുംബവും ആരോഗ്യപരമായും, സാമൂഹികപരമായും, സാമ്പത്തികമായും ഒക്കെ, സുഖമായിരിയ്ക്കുന്നു എന്ന് കരുതുന്നു.
ഒപ്പം, ഭാവിയിലും അങ്ങിനെ തന്നെ തുടരട്ടെ എന്നാശംസിയ്ക്കുന്നു.
[എന്തോ ഒരു ശങ്ക തോന്നുന്നുവോ പ്രിയ വായനക്കാർക്ക്? ഇയാൾ ഏതോ ഒരു പഴയ 'ഇൻലൻഡ് ലെറ്റർ' തപ്പിയെടുത്ത് വായിയ്ക്കാൻ പോവുകയാണ് എന്ന്? ഏയ് .. അല്ലേയല്ല. വായിച്ചുതുടങ്ങിയപ്പോൾ എനിയ്ക്കും ആ ഒരു 'നൊസ്റ്റു'വൊക്കെ 'ഫീൽ' ചെയ്തു, എന്നത് സത്യം. പക്ഷേ ഇവൻ അത്തരമൊരു കത്തല്ല കേട്ടോ. മറിച്ച്, അയാൾക്ക് വന്ന ഒരു 'ഒഫീഷ്യൽ ഇമെയിലിന്റെ' ഏതാണ്ടൊരു പദാനുപദ മലയാള തർജ്ജമയാണ്. ബാക്കി കാര്യം വഴിയേ പറയാം. ഇപ്പോൾ നമുക്ക് ആ വായന തുടരാം. എന്താ?]
ഞാനും കുടുംബവും ഇവിടെ വലിയ കുഴപ്പങ്ങളില്ലാതെ പോവുകയായിരുന്നു. എന്നാൽ, ഇന്നലെ വൈകുന്നേരം മുതൽ എനിയ്ക്ക് അകാരണമായി ഒരു ക്ഷീണം അനുഭവപ്പെടുകയും, ശേഷം കൈകാലുകളിൽ ഒരു തരം 'സൂചി കുത്തുന്ന' വേദനയും, കൂടെ ചെറിയ പനിയും, കിടുകിടുപ്പും ഒക്കെ ആ ക്ഷീണത്തിന് ഒരു അകമ്പടിയെന്നപോലെ എത്തുകയും ചെയ്തു.
കാലം പൊതുവെ മോശമാണല്ലോ സാർ. പ്രത്യേകിച്ചും, ആ ദയാശൂന്യ കോവിഡ് നമ്മെയൊക്കെ വല്ലാതെയങ്ങ് ചതിച്ചതിനു ശേഷം.
അതിനാൽത്തന്നെ, ഞാൻ എത്രയും വേഗം ഒരു ഡോക്ടറെ കാണുകയും, അദ്ദേഹം കേട്ടപാതി കേൾക്കാത്ത പാതി, ചടപടാ കുറെയേറെ 'ആന്റിബയോട്ടിക്‌സ്' കുറിച്ച് തരികയും ചെയ്തു.
അത് മാത്രവുമല്ല, അപ്പോൾത്തന്നെ എന്റെ രക്തം പരിശോധിപ്പിയ്ക്കുവാൻ, ഒരു വൃഥാശ്രമം നടത്തുകയും ചെയ്തു.
ഇനി, ഞാൻ ഇപ്പോൾ ഇതെഴുതുന്നത് എന്തിനാണെന്ന് വച്ചാൽ, ആ മരുന്നുകൾ സമയാസമയം സേവിയ്ക്കുന്നതിനൊപ്പം, ഞാൻ കുറഞ്ഞത് ഒരു ആഴ്ചയെങ്കിലും 'ഫുൾ റസ്റ്റ്' എടുക്കണം, എന്നാണ് ബഹുമാനപ്പെട്ട ഡോക്ടർ പറഞ്ഞത്.
ദയാലുവും, അങ്ങേയറ്റം കാരുണ്യവാനുമായ സാർ, അതിനാൽ ആ അവധി എനിയ്ക്ക് അംഗീകരിച്ചു തരണം എന്ന്, അതീവ താഴ്മയായി ഇതിനാൽ അപേക്ഷിയ്ക്കുന്നു. എന്റെ ഈ അവധി അപേക്ഷയ്ക്ക് ഉപോൽബലകമായി, ഡോക്ടർ നൽകിയ ആ 'മെഡിക്കൽ സാക്ഷ്യപത്രം' ഞാൻ ഇതോടൊപ്പം അനുബന്ധമായി ചേർക്കുന്നു.
ഇനി അഥവാ ഭാഗ്യവശാൽ, എന്റെ ശാരീരിക അസ്വസ്ഥതകൾ മേല്പറഞ്ഞ ആ ഒരു ആഴ്ചക്കകം തന്നെ മെച്ചമായി വന്നുവെന്നാൽ, ഉടൻ തന്നെ ഞാൻ എന്റെ അവധി റദ്ദാക്കി, പൂർവ്വാധികം ഊർജ്ജസ്വലതയോടെ ജോലിയിൽ പുനഃപ്രവേശിയ്ക്കുന്നതാണ്.
ഇത്തരമോ, ഇതിലും മോശമോ ആയ ആരോഗ്യാവസ്ഥകളിലൂടെ മുൻപ് കടന്നുപോയിട്ടുള്ള സാർ, തീർച്ചയായും ഈ അപേക്ഷയിൽ ഒരു അനുകൂല തീരുമാനം എടുക്കും, എന്നെനിയ്ക്ക് പൂർണ്ണവിശ്വാസമുണ്ട്.
സാറിനും കുടുംബത്തിനും, ഒരിയ്ക്കൽ കൂടി ആയുരാരോഗ്യസൗഖ്യം നേരുന്നു.
താഴ്മയോടെ, വിനീതവിശ്വസ്തതയോടെ,
------------
(ഡിജിറ്റൽ ഒപ്പ്)
***********
ഇപ്പോൾ നിങ്ങൾക്ക് കാര്യത്തിന്റെ കിടപ്പുവശം ഏതാണ്ടൊക്കെ മനസ്സിലായിക്കാണും എന്ന് കരുതുന്നു.
ഇത്, ഇന്ന് അയാൾക്ക് ഓഫീസിൽ ലഭിച്ച ഒരു അവധി അപേക്ഷയാണ്; അതായത് ഒരു 'ലീവ് ലെറ്റർ'.
പക്ഷേ, എന്താണ് ഈ തരത്തിൽ ഒരു അവധി അപേക്ഷ എന്ന്, എത്ര ആലോചിച്ചിട്ടും അയാൾക്കങ്ങു മനസ്സിലായില്ല.
കാരണം, മുൻപ് ഇതേ ആൾ നൽകിയിട്ടുള്ള അവധി അപേക്ഷകൾ എല്ലാം തികച്ചും സാധാരണമായിരുന്നു.
അതും, ഒന്നോ രണ്ടോ വരികളിലുള്ളതും, കാര്യമാത്രപ്രസക്തമായതും.
എന്നാൽ ഇത് ?
ഇനി പനിയെങ്ങാൻ കൂടി ടിയാന്റെ മാനസിക നിലയിൽ എന്തെങ്കിലും..... ? ഏയ്... അങ്ങിനെയാവില്ല. അതിനിത് വെറുമൊരു സാധാരണ പനിയല്ലേ?
പിന്നെ, എന്താവും ?
ആലോചനകൾ പതുക്കെ കാടുകയറാൻ തുടങ്ങി?
ആളെ ഒന്ന് നേരിൽ വിളിച്ചു ചോദിച്ചാലോ?
അല്ലെങ്കിൽ അതുവേണ്ട; പനിയുടെ ക്ഷീണത്തിൽ ആൾ ഉറങ്ങുകയാണെങ്കിലോ?
ഇനി, ഇത്തിരി സാഹിത്യ മേമ്പൊടി വിതറിയതാണോ?
അതോ ആ പഴയ 'ദുബായ് കത്തുപാട്ടുകളു'ടെ ആരാധകനാണോ ?
ഏയ് ... അഥവാ ആണെങ്കിൽ തന്നെ, ഔദ്യോഗികകാര്യത്തിൽ ഒരിയ്ക്കലും ഇങ്ങിനെ ചെയ്യാൻ വഴിയില്ല ...
ഒഹ്ഹ്ഹ് ... ഇനി സംഭവം 'ജെൻ-സി'യാണോ ..? ഇപ്പോൾ അവരുടെ കാലമാണല്ലോ.
ഏയ് ... അതിന് .. അയച്ചയാൾ അത്രയങ്ങ് 'ജെൻ-സി'യല്ലല്ലോ....
ഛെ ... ആലോചിച്ചിട്ടാണേൽ, ഒരു എത്തും പിടിയും കിട്ടുന്നില്ല ...
അയാളുടെ സ്വസ്ഥത നശിച്ചു തുടങ്ങി.
എന്നാ പിന്നെ പോട്ട് പുല്ല് ... പിന്നീട് ആൾ സുഖമായി തിരികെ ഓഫീസിൽ വരുമ്പോൾ നേരിട്ട് തന്നെ ചോദിയ്ക്കാം; എന്നും കരുതി, ആ മെയിലിനൊരു മറുപടി കൊടുക്കാൻ തുടങ്ങിയപ്പോഴാണ്, പെട്ടെന്ന് ഉള്ളിലൊരു 'സ്പാർക്'...
കാരണമോ ...? അത് മറ്റൊന്നുമല്ല ... മറ്റവനാ ...
പിടി കിട്ടിയോ?
ഇല്ലേ? ആ മറ്റവൻന്ന് ..
മറ്റവനോ? ഏത് ഫിറ്റോ ....? അതിന് ആള് ആ ടൈപ്പ് അല്ലല്ലോ ...!
ശ്ശെ ... അല്ലെന്ന് ....
എന്നാ പിന്നെ തെളിച്ചു പറ ...
അവനില്ലേ ? .. അവൻ ആ 'ചാറ്റ് ജിപിറ്റി' ... ആ ഭയങ്കരൻ പറ്റിച്ച പണിയാ ...
സ്വന്തം 'കമ്മ്യൂണിക്കേഷൻ നിലവാരം' ഇത്തിരിയങ്ങ് കൂട്ടിയേക്കാം എന്ന് കരുതിയാവും, പുള്ളി അവനെ കൂട്ടുപിടിച്ചത്.... അതോ, എന്തിനും ഏതിനും അവനെയും കൂട്ട് പിടിച്ച്, ചുമ്മാതെയങ്ങ് ഷൈൻ ചെയ്യുന്ന, കൂട്ടുകാരെ വല്ലോം കണ്ടിട്ടോ?
എന്തരോ ... എന്തോ ..?
ഹോ ..എന്നാലും എന്റെ പൊന്ന് 'ചാറ്റ് ജിപിറ്റി'... !!
ഇമ്മാതിരി അതിവിനയ പണിയൊന്നും നീ ചെയ്യല്ലേ ... പൊന്നേ .... നേരെയങ്ങ് പറയേണ്ട ഒരു കാര്യം, ഇമ്മാതിരി വളച്ചുചുറ്റി, നന്നായി സുഖിപ്പിച്ച് .... ആകാശത്തോളം പൊക്കി ... അവസാനം .... ദാണ്ടെ ...
വെറുതെ.... ആളെ മക്കാറാക്കാൻ ..!
കാലം ..കലികാലം ...! അയ്യോ അല്ല ...!!
കാലം .. എ ഐ കാലം ...!
'ചാറ്റ് ജിപിറ്റി' ..നീണാൾ വാഴ്ക ...!!!
=================
സ്നേഹപൂർവ്വം
ബിനു മോനിപ്പള്ളി
******
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
********

😂👌
ReplyDeletethank you ....
Delete😂🤣🤣
ReplyDeleteha ..ha
DeleteHaa
ReplyDeleteha..ha...
Delete😀😀
ReplyDeletethank you
DeleteCool
ReplyDeletethank you ....
Deleteചിരിച്ചു വശായി. Al യുടെ ഒരു കാര്യം😁😁😁🤪👍
ReplyDeleteAdipoliii AI😂
ReplyDelete