മൂർച്ചയേറുന്നൊരീർച്ചവാളിനാൽ ....

 

മൂർച്ചയേറുന്നൊരീർച്ചവാളിനാൽ....

[ഓർമ്മക്കുറിപ്പ്]

ഇതൊരു ഓർമ്മച്ചിത്രമാണ്. 

കാലമേറെ കഴിഞ്ഞിട്ടും, പുതുമ മായാതെ, മനസ്സിന്റെ അകത്തളങ്ങളിൽ ഇന്നും നന്നായി തെളിഞ്ഞു നിൽക്കുന്ന ഒരു ചിത്രം.

അല്ല, ഇതൊരു ചിത്രമാല തന്നെയാണ്. വർണ്ണാഭമായ ചിത്രങ്ങൾ കൊരുത്ത മാല.

ഏറെ പണ്ട്, കുട്ടിനിക്കറിട്ട് നടന്നിരുന്ന പ്രായം. 'ട്യൂഷനു'കളേ ഇല്ലാതിരുന്ന 'നല്ല കാലം'.

അവധി ദിവസങ്ങളിൽ ഞങ്ങൾ കുട്ടികൾ, രാവിലെ തന്നെ ആ 'നെല്ലപ്പാറ' പാറയുടെ അടുത്തുള്ള 'ഓട്രുക്കപ്പറമ്പി'ലേക്ക് ഒരു ഓട്ടമുണ്ട്. 

അയ്യേ ... അതിനൊന്നുമല്ല .... 

പിന്നെ, എന്തിനാണെന്നോ? 

അവിടെ, വലിയ ഈർച്ചവാളിനാൽ "ശിർ ...ശിറ്ർ .. ശിർ ...ശിറ്ർ .." താളത്തിൽ, മിക്കവാറും തടിയറുക്കുന്നുണ്ടാകും. 

കാലുകളിളകിയ തന്റെ ആ പഴഞ്ചൻ കണ്ണടയെ, സ്വന്തം മൂക്കിൻ തുമ്പിൽ എങ്ങിനെയൊക്കെയോ താങ്ങി നിർത്തുന്ന, ആ മുഖ്യഅറക്കക്കാരൻ ഞങ്ങൾക്ക് ഏറെ പരിചിതനാണ്. 

ഞങ്ങളെ കാണുമ്പോഴേയ്ക്കും, "ആഹാ.. ഇന്ന് നേരത്തേ വന്നല്ലോ കുട്ടിക്കൂട്ടം ..." എന്നും പറഞ്ഞ്, ആളൊരു കുലുങ്ങിച്ചിരിയുണ്ട്.

നിങ്ങളിൽ ആരെങ്കിലും കണ്ടിട്ടുണ്ടോ ഈ പറഞ്ഞ 'തടിയറുപ്പ്'? 

യന്ത്രമില്ലുകളൊക്കെ വരുന്നതിനും ഏറെ മുൻപ്, വന്മരങ്ങൾ വരെ ഇങ്ങിനെയായിരുന്നുവത്രേ, അറുത്ത് വേണ്ട ഉരുപ്പടികൾ ആക്കിയിരുന്നത്.

അറക്കപ്പണിക്കാർക്ക് അതൊരു അത്യദ്ധ്വാനം ആയിരുന്നുവെങ്കിലും, ഞങ്ങൾ കുട്ടികൾക്ക് അതൊരു കാഴ്ചവിരുന്നായിരുന്നു. 

ഈർപ്പം നിറഞ്ഞ, പതുപതുത്ത അറക്കപ്പൊടിയാവട്ടെ, ഞങ്ങൾക്ക് ഓടിക്കളിയ്ക്കാനുള്ള, ഇന്നത്തെ ഏതൊരു മുന്തിയ 'സിന്തെറ്റിക് ട്രാക്കിനെ'യും തോൽപ്പിയ്ക്കുന്ന തരം 'നാച്ചുറൽ ട്രാക്കും'. 

തടി അറക്കുവാനുള്ള ആദ്യപടി, ആ തടി കയറ്റി വയ്ക്കാൻ പറ്റുന്നതരത്തിൽ, ഏതാണ്ട് 5 അടിയോളം ഉയരത്തിൽ, ഒരു തട്ട് ഉണ്ടാക്കുക എന്നതാണ്. അടുത്തടുത്ത് നിൽക്കുന്ന മരങ്ങൾ ഉണ്ടെങ്കിൽ അവയോട് ചേർത്തായിരിയ്ക്കും ഈ തട്ട് പണിയുക. അല്ലെങ്കിൽ, വലിയ മരക്കുറ്റികൾ നാട്ടി, അതിലാകും ഈ തട്ട് ഉണ്ടാക്കുക. 

എന്നിട്ട്, അറക്കാനുള്ള ആ തടി ഈ തട്ടിലേയ്ക്ക് കയറ്റി വയ്ക്കും. ഒരുപാട് ആളുകൾ ചേർന്ന്, വലിയ അദ്ധ്വാനമുള്ള ഒരു പണിയാണിത്. ഇനി, കൂറ്റൻ മരമാണെങ്കിൽ ഒരു പക്ഷേ, ആനയുടെ സഹായവും, ഇതിനു തേടേണ്ടി വരും. 

തടി, തട്ടിൽ കയറ്റിക്കഴിഞ്ഞാൽ, അങ്ങോട്ടുമിങ്ങോട്ടും ഉരുളാതെ, വശങ്ങളിൽ ചെറിയ കല്ലുകളോ, അല്ലെങ്കിൽ ആപ്പുകളോ വച്ച് നന്നായി ഉറപ്പിയ്ക്കും. 

ശേഷം, ശ്രമകരമായ അടുത്ത പണി. അതായത്, 'വരയിടൽ' അഥവാ 'നൂലടിയ്ക്കൽ'. 

അറുക്കേണ്ട മുഴുവൻ നീളത്തിലും, തടിയുടെ മുകളിലും, താഴെയും വരകൾ വരയ്ക്കണം. അളവ് ഒരൽപം തെറ്റിയാൽ, ഒരുപക്ഷേ ആ ഉരുപ്പടി തന്നെ ഉപയോഗശൂന്യമായേക്കും.

നേർത്ത കരിപ്പൊടിയിൽ നന്നായി മുക്കിയെടുത്ത, കട്ടിയും നീളവുമുള്ള ചരട്, രണ്ടുപേർ രണ്ടറ്റത്തുമായി തടിയോട് ചേർത്ത് വലിച്ച് പിടിയ്ക്കും. പ്രധാന അറക്കക്കാരൻ, മൂത്താശാരി നൽകിയ ആ കണക്കുകടലാസ് വീണ്ടും വീണ്ടും നോക്കി, കൃത്യത ഉറപ്പു വരുത്തും. 

എല്ലാം 'ഒകെ' ആയാൽ, മൂന്നാമതൊരാൾ തടിയുടെ മുകളിൽ കയറി, വലിച്ചുപിടിച്ച ആ ചരടിന്റെ മദ്ധ്യഭാഗം, ഏതാണ്ട്  ഒരു രണ്ടടിയോളം ഉയരത്തിൽ വലിച്ചു പൊക്കും.

പ്രധാന അറക്കക്കാരൻ, എല്ലാം ഒന്നുകൂടി ഉറപ്പാക്കി, ഒന്ന് ഉറക്കെ മൂളുമ്പോൾ, നടുവിൽ ഉയർത്തി വലിച്ചു പിടിച്ചിരിയ്ക്കുന്ന ആൾ, ചരടിൽ നിന്നും പിടിവിടും. ശക്തമായി, ആ ചരട് തടിയിൽ വന്നടിയ്ക്കുമ്പോൾ, അതിലെ ആ കരിപ്പൊടി, അവിടെ വ്യക്തമായി തെളിഞ്ഞ, ഒരു വരയായി മാറും. 

ഈ വരയിൽ കൂടിയാവും, പിന്നീട് തടി അറക്കുന്നത്.

വളരെ ലളിതമായി നമ്മൾ ഇത് പറഞ്ഞുവെങ്കിലും, ഏറെ സമയമെടുക്കുന്ന ഒരു പണിയാണിത് കേട്ടോ. ശരിയ്ക്കും, കണ്ടു നിൽക്കുന്ന ഞങ്ങൾ കുട്ടികളുടെ ക്ഷമ പരീക്ഷിയ്ക്കുന്ന, ഒരു 'വല്ലാത്ത' പണി. 

മുകൾ വശത്തെ വരകൾ വരച്ചുകഴിഞ്ഞാൽ, അതിനു പൂരകമായി, തടിയുടെ താഴെ വശത്തും വരകൾ വരയ്ക്കണം. 

ഈ സമയത്തൊന്നും, ഞങ്ങളെ ഒട്ടും ഒച്ചയുണ്ടാക്കാൻ സമ്മതിയ്ക്കുകയില്ല. 

അതിനാൽ തന്നെ, മിക്കവാറും ബോറടിയ്ക്കുന്ന ഞങ്ങൾ, കളിയ്ക്കാനായി അവിടെ ഇത്തിരി ദൂരേയ്ക്ക് മാറിപ്പോകും. ആ തെക്കുപടിഞ്ഞാറേ മൂലയിലെ ഇല്ലിക്കൂട്ടത്തിനടുത്തോ, അല്ലെങ്കിൽ വടക്കുപടിഞ്ഞാറേ മൂലയിലെ മുത്തശ്ശിപ്ലാവിന്റെ തണലിലോ ഒക്കെ.

വരയിട്ടു കഴിഞ്ഞാൽ പിന്നെ, അറക്കവാൾ ഒരുക്കലാണ്.

ഏതാണ്ട് ആറടിയിലേറെ നീളമുള്ള, ഒരറ്റം വീതികൂടി, മറ്റേയറ്റത്തേയ്‌ക്കെത്തുമ്പോൾ, ക്രമേണ വീതി കുറഞ്ഞു വരുന്ന, കനത്ത ഭാരമുള്ള, ഒരു പ്രത്യേകതരം വാൾ ആണ്, ഇവർ അറക്കാൻ ഉപയോഗിയ്ക്കുന്നത്. അരം കൊണ്ട്, നന്നായി മൂർച്ച കൂട്ടിയാവും വാൾ കൊണ്ടുവന്നിരിയ്ക്കുന്നത്.

വീതി കൂടിയ അറ്റത്ത്, വാളിന് ലംബമായി തടിയിൽ നിർമ്മിച്ച ഒരു സ്ഥിരം കൈപ്പിടി ഉണ്ടായിരിയ്ക്കും. എന്നാൽ, മറ്റേയറ്റത്തെ കൈപ്പിടിയാകട്ടെ, ചെറിയ ആപ്പുകൾ ഉപയോഗിച്ച്, താല്ക്കാലികമായി ഉറപ്പിയ്ക്കുകയാണ് ചെയ്യുന്നത്.

[അതെന്താവും അങ്ങിനെ? ഉത്തരം വായനക്കാർ ആലോചിച്ചു കണ്ടെത്താമോ ?കഴിയുന്നില്ലെങ്കിൽ വേണ്ട, ഉത്തരം താഴെയുണ്ട് കേട്ടോ]

ഇതും കഴിഞ്ഞാൽ, അറക്കക്കാരിൽ ഒരാൾ തടിയുടെ മുകളിൽ കയറും. മറ്റേയാളാകട്ടെ, മുട്ടുകൾ പിന്നിലേയ്ക്ക് മടക്കി താഴെ നിലത്തിരിയ്ക്കും. 

മുകളിലെ ആളാകും, വാളിന്റെ വീതികൂടിയ അറ്റം പിടിയ്ക്കുന്നത്. 

ശേഷം, ഒരു പ്രത്യേക താളത്തിൽ, അറക്കാൻ തുടങ്ങും. 

കൂടെ, അറക്കക്കാരൻ അതേ താളത്തിൽ 'ശ് ....ശ്ശ് ... ശ് ....ശ്ശ് ..." എന്നൊരു ശബ്ദവും തെല്ലുറക്കെ ഉണ്ടാക്കുന്നുണ്ടാകും.

കൂറ്റൻ തടിയിൽ, അറക്കവാളിന്റെ കൂർത്ത പല്ലുകൾ അങ്ങിനെ താളത്തിൽ ആഴ്ന്നിറങ്ങുമ്പോൾ, അറക്കപ്പൊടി പൂ പോലെ ചിതറിത്തെറിയ്ക്കും. കൂടെ മേൽപ്പറഞ്ഞ ആ ബാക്ക്ഗ്രൗണ്ട് 'ശ് ....ശ്ശ്..' കൂടെയാവുമ്പോൾ, സംഭവം ഒരു തനിനാടൻ 'റോക്ക്' സെറ്റപ്പാകും.

ചിതറുന്ന ആ അറക്കപ്പൊടിയ്ക്ക്, വല്ലാത്തൊരു മാദകഗന്ധമാണ്. നല്ല കാതലുള്ള തേക്കുമരമാണെങ്കിൽ, പ്രത്യേകിച്ചും.

മുകളിലെ ആൾ, തന്റെ വാൾ മുകളിലേയ്ക്ക് വലിയ്ക്കുമ്പോൾ, താഴെയുള്ള ആൾ അതിനെ മുകളിലേയ്ക്ക് പതിയെ തള്ളി സഹായിയ്ക്കും. അടുത്തതായി, താഴെയുള്ള ആൾ വാൾ താഴേയ്ക്ക് വലിയ്ക്കുമ്പോഴാകട്ടെ, മുകളിലെ ആൾ  വാളിനെ താഴേയ്ക്ക് തള്ളിക്കൊടുക്കും. എല്ലാം ഒരേ താളത്തിൽ.

ഒരുതരം പരസ്പരസഹായം.

ഓരോ തവണയും, മുകളിലെ ആൾ കുനിഞ്ഞു നിവരണം. താഴെയുള്ള ആളാവട്ടെ, കാൽമുട്ടുകൾ നന്നായി മടക്കി, ചിതറുന്ന ആ അറക്കപ്പൊടിയിൽ കുളിച്ച്, മുകളിലേയ്ക്കു നോക്കി, അങ്ങിനെ ഒരേ ഇരിപ്പിരിയ്ക്കണം. 

മാത്രവുമല്ല, ഇന്നത്തെ ക്രിക്കറ്റിലെ അമ്പയർ, ബൗളർ വര മറികടക്കുന്നോ എന്ന് സൂക്ഷ്മമായി നോക്കുന്നത് പോലെ, ആ രണ്ടുപേരും, നേരത്തെ വരച്ചിരിയ്ക്കുന്ന ആ വരയിൽക്കൂടി തന്നെയാണോ തങ്ങളുടെ അറക്കൽ പോകുന്നത്, എന്ന് ഇമ ചിമ്മാതെ നോക്കിക്കൊണ്ടേയിരിയ്ക്കണം.

പാവങ്ങൾ. എത്രയോ മണിക്കൂറുകൾ ഇവ്വിധം പണിയെടുക്കണം.

അറക്കൽ പുരോഗമിയ്ക്കുന്നതിന് അനുസരിച്ച്, വാൾ തടിയ്ക്കിടയിൽ മുറുകിപ്പോകാതിരിയ്ക്കുവാൻ, തടിയുടെ ചെറിയ ആപ്പുകൾ ആ വിടവിൽ അടിച്ചു കയറ്റും.

ഇത്തരം ഒരു ആപ്പ്, സ്വന്തം കുറുമ്പുകൊണ്ട് ഒരാവശ്യവുമില്ലാതെ വലിച്ചൂരവേ, തന്റെ നീളൻ വാൽ ആ തടിയിടുക്കിൽ കുടുങ്ങിയ ഒരു മരമണ്ടൻ കുരങ്ങന്റെ കഥ, നമ്മളിൽ പലരും മുൻപ് കേട്ടിട്ടുണ്ടല്ലോ. അല്ലേ? 

ഇടയ്ക്ക്, പണിക്കാർക്ക് കഴിയ്ക്കാനുള്ള ആഹാരം, ഉടമയുടെ (ആർക്കുവേണ്ടിയാണോ തടി അറക്കുന്നത്, അവരുടെ) വീട്ടിൽ നിന്നും, ഒരു ചോറ്റുകുട്ടയിൽ എത്തിയ്ക്കും. 

തടിത്തട്ടിൽ നിന്നും ഇറങ്ങി, പണിക്കാർ ആ പാറക്കുളത്തിൽ പോയി, കാലും മുഖവുമൊക്കെ നന്നായി കഴുകി, ഭക്ഷണം കഴിയ്ക്കാൻ തയ്യാറാവും.

മിക്കവാറും, ഉണക്കക്കപ്പ പുഴുക്കും, കൂടെ കുടംപുളിയിട്ട മീൻകറിയും, പിന്നെ ഉണക്കത്തിരണ്ടി മീൻ നല്ല ചതുരക്കഷ്ണങ്ങൾ ആക്കി വറുത്തതും ആയിരിയ്ക്കും. 

ഒരു കുഞ്ഞുവാഴയില കഷ്ണത്തിൽ, ഇതിന്റെ ഒരു പങ്ക് ഞങ്ങൾക്കും കിട്ടും കേട്ടോ. 

ആ മരത്തണലിലെ, ആ പങ്കുവയ്ക്കലിന്റെ,  ആ നാട്ടുരുചി, ഈ ഓർമ്മകൾക്കൊപ്പം, ഇന്നും നാവിൻ തുമ്പിലുണ്ട്. 

ഒപ്പം, ചൂടൻ കപ്പപ്പുഴുക്കിൽ ആ ഇല വാടിയുയരുന്ന ഗന്ധവും. 

ആഹാ ... ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന .... ഗ്രാമത്തിലെത്തുവാൻ മോഹം....

ചോറ്റുകുട്ടയിൽ, മിക്കവാറും വലിയ ഒരു പ്ലാസ്റ്റിക് കപ്പിലോ (നീലയോ, മഞ്ഞയോ, ചുവപ്പോ കടുംകളറുള്ളത്, എന്ന് എടുത്തുപറയണം), അല്ലെങ്കിൽ ഒരു ചെറിയ കന്നാസിലോ, നല്ല പനംകള്ളും ഉണ്ടാകും. 

അതുപക്ഷേ,  ഞങ്ങൾ കുട്ടികൾക്കില്ല. 

[മദ്യം ആരോഗ്യത്തിനു ഹാനികരം; അത് കുട്ടികൾക്ക് ഒട്ടും വേണ്ട; എന്ന ആദ്യപാഠം]

ആഹാരം കഴിയ്ക്കാനും, പിന്നെ ഇടയ്ക്കു മൂർച്ച കുറയുന്ന വാളിന്റെ മൂർച്ച കൂട്ടാനും മാത്രമാകും, ഇവരുടെ വിശ്രമ വേളകൾ. 

അരം കൊണ്ട്, രാകി രാകി ആ നീളൻ വാൾ മൂർച്ചകൂട്ടുന്നതും, വളരെ ശ്രമകരമായ ജോലിയാണ്.

തടിത്തട്ടിനു താഴെ കുമിയുന്ന ആ അറക്കപ്പൊടി, ഇടയ്ക്കിടെ കുറച്ചകലേയ്ക്ക് നീക്കി കൂട്ടുന്നുണ്ടാകും. ചെറിയ തണുപ്പുള്ള, പതുപതുത്ത ആ അറക്കപ്പൊടി മെത്തയിലാകും, ഞങ്ങളുടെ പിന്നത്തെ കളികൾ.

അവിടെ ഞങ്ങൾ *തെരുവക്കണകൾ കൊണ്ട് കുഞ്ഞുവീടുകൾ തീർക്കും. പിന്നെ തെരുവയിലകൾ കൊണ്ട്, അതിന്റെ മേൽക്കൂര മേയും. 

ആ വീട്ടുമുറ്റത്ത്, കല്ലുകൾ കൊണ്ട് ചോറും, ഇലകൾ കൊണ്ട് കറികളും വയ്ക്കും.

അരമുള്ള ആ തെരുവപ്പുല്ലുകൾ, ചിലപ്പോഴൊക്കെ ഞങ്ങളുടെ കുഞ്ഞുവിരലുകളെ മുറിയ്ക്കും. 

ഉച്ചയ്ക്ക്, വീണ്ടും ഭക്ഷണവുമായി ആ ചോറ്റുകുട്ടയെത്തും.

ഇതിനിടെ, വീട്ടിൽ നിന്നാരും ഞങ്ങളെ 'പിടിച്ചുകൊണ്ടുപോകാൻ' വന്നില്ലായെങ്കിൽ, ഞങ്ങളുടെ ഊണും അതിൽ നിന്നു തന്നെ. 

ഇനി അഥവാ വീട്ടിലാണെങ്കിൽ, ഒരൊറ്റ ഓട്ടത്തിന് പോയി ഊണും കഴിച്ച്, അടുത്ത ഓട്ടത്തിന് മടങ്ങിയെത്തും. 

കളികൾ മുടങ്ങരുതല്ലോ.

ഈ മരം അറക്കൽ കാണാൻ ഞങ്ങൾ കുട്ടികൾ മാത്രമല്ല, നാട്ടിലെ മുതിർന്നവരും ഉണ്ടാകും കേട്ടോ. 

ചിലപ്പോൾ ഉച്ചയൂണിന് ശേഷം സ്ത്രീകളും കാണും. അവർ വരുന്നത് വീട്ടിൽ നിന്നും കുറച്ച് ഉപ്പും പൊതിഞ്ഞെടുത്താവും. പിന്നെ, ആ കിഴക്കേപറമ്പിലെ വാളൻപുളിയിൽ നിന്നും പുളിയും പറിച്ച്, അവിടെയും ഇവിടെയുമായി നിൽക്കുന്ന കാന്താരികളിൽ നിന്നും കുറച്ച് മുളകും പറിച്ച്, ആ തണലിൽ അവർ കൂട്ടം ചേർന്നൊരു ഇരിപ്പുണ്ട്.  

ഇത് പറയുമ്പോൾ തന്നെ, ദേ വായിൽ വെള്ളമൂറുന്നു. അല്ലേ?

അങ്ങിനെ ശരിയ്ക്കും, അവിടമൊരു ചെറിയ നാട്ടുകൂട്ടം തന്നെയാകും. 

നിറയെ വർത്തമാനങ്ങളും, ചിരിയും, ഒച്ചപ്പാടും, കുറച്ചു കുശുമ്പും, പിന്നെ പൊടിയ്ക്ക് രാഷ്ട്രീയവും, ചിലപ്പോൾ നല്ല നാടൻപാട്ട് വരികളുമൊക്കെയായി, മിക്ക ദിവസവും അരങ്ങ് നന്നായി കൊഴുക്കും.

ഇടയ്ക്കു ചിലർ പോകും. മറ്റു ചിലർ എത്തും.

കൂട്ടത്തിലെ ചിലരാകട്ടെ, അവിടെ പറമ്പിൽ വീണ തെങ്ങിൻമടലുകൾ കൊണ്ട്, തങ്ങൾക്ക്  വെയിലേൽക്കാതെ ഇരിയ്ക്കാൻ, ചെറിയ പന്തലുകൾ തന്നെ തീർക്കും. കാരണം, ഈ അറക്കൽ കുറെയേറെ ദിവസങ്ങൾ അവിടെത്തന്നെ ഉണ്ടാകുമല്ലോ.

തങ്ങൾക്ക്‌ ചുറ്റുമുള്ളവരുടെ ഈ വർത്തമാനങ്ങളും, കളിചിരികളും ഒക്കെയാകാം, ഇത്രയേറെ അദ്ധ്വാനം വേണ്ട ഈ പണി, അത്ര നീണ്ട നേരവും ഇടവേളകളില്ലാതെ ചെയ്യാൻ, ആ പാവം അറക്കക്കാരെ പ്രാപ്തരാവുന്നതും.

വൈകുന്നേരം, കട്ടൻ ചായയും, കൂടെ അവൽ നനച്ചതോ, അല്ലെങ്കിൽ ശർക്കരയിട്ട ഗോതമ്പടയോ, അതുമല്ലെങ്കിൽ നല്ല ചൂടൻ കൊഴുക്കട്ടയോ, എന്തെങ്കിലുമൊന്ന് കാണും.  

അങ്ങ് പടിഞ്ഞാറേ മാനം നന്നായി ചോന്നു തുടങ്ങവേ, പണിക്കാർ അന്നത്തെ പണി നിർത്തും. തടിയുടെ വിടവിലെ ആപ്പുകൾ, ഒന്നുകൂടി നന്നായി അടിച്ചുറപ്പിയ്ക്കും. 

പിന്നെ, അറക്കവാളിന്റെ താഴെത്തലയ്ക്കലെ, ആപ്പ് വച്ചുറപ്പിച്ച ആ കൈപിടി ശ്രദ്ധാപൂർവ്വം ഇളക്കിമാറ്റും.

ശേഷം, വാളിനെ മുകളിലൂടെ ഊരിയെടുത്ത്, പണിക്കാരൻ താഴെയിറങ്ങും. 

പിന്നെ വാളും, കൂടെ അരങ്ങളും മറ്റും നിറച്ച തങ്ങളുടെ  ആ ചാക്കുസഞ്ചിയും എടുത്ത്, അത്യദ്ധ്വാനം നിറഞ്ഞ ഒരു ദിവസത്തിന്റെ ആ കഠിന ക്ഷീണമകറ്റാൻ, മിക്കവാറും നേരെ കുടുക്കപ്പാറ ഷാപ്പിലേയ്ക്ക്. 

ഒന്നോ രണ്ടോ കുപ്പി കള്ളും അകത്താക്കി, തൊട്ടടുത്ത മുറിയിലെ ആ ചായക്കടയിൽ നിന്നും, തങ്ങളുടെ വീട്ടിലെ കുട്ടികൾക്കിത്തിരി എണ്ണപ്പലഹാരവും വാങ്ങി, ഒരു മൂളിപ്പാട്ടും പാടി, അവർ അകംനിറഞ്ഞ സന്തോഷത്തോടെ സ്വന്തം വീടുകളിലേക്കു പോകും.

ഞങ്ങൾ കുട്ടികളാകട്ടെ, കളിച്ചു തിമിർത്ത ഒരു പകലിന്റെ ആ ക്ഷീണമകറ്റാൻ, ഒന്ന് നീന്തിക്കുളിയ്ക്കാൻ, ഇതിനകം ആ വടക്കേകുളത്തിലേയ്ക്ക് ഓടിയിട്ടുണ്ടാകും.

ഗ്രാമത്തിന്റെ, നാട്ടിൻ പുറത്തിന്റെ, ആ തനത് കാഴ്ചകൾ ഇന്ന് പാടെയകന്നു. 

കൈവാളിന്റെ ആ ലയതാളം മറഞ്ഞു. പകരം യന്ത്രവാളിന്റെ ദ്രുതതാളമെത്തി. 

എങ്കിലും... ആ ഓർമ്മകൾക്കിന്നും, നല്ല നാട്ടുമുല്ലപ്പൂവിന്റെ സുഗന്ധം ... അതോ തെരുവത്തൈലത്തിന്റെ ഗ്രാമ്യഗന്ധമോ?

ഒന്ന് കൂടി ....!

നാട്ടുകൂട്ടങ്ങൾ എങ്ങോ മറഞ്ഞപ്പോൾ, കൂടെ കൈവിട്ടുപോയത് കളിചിരികളുടെ ഒരു നിഷ്കളങ്ക ബാല്യവും കൂടെയായിരുന്നു എന്നത് മാത്രം, ആരുമറിഞ്ഞില്ല.

നഷ്ടങ്ങളെന്നും നഷ്ടങ്ങളാണല്ലോ...!!

=================

സ്നേഹപൂർവ്വം 

ബിനു മോനിപ്പള്ളി 

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********

പിൻകുറിപ്പ്: അന്നത്തെ ചിത്രങ്ങൾ തീർത്തും ലഭ്യമല്ലാത്തതിനാൽ, ഇപ്പോൾ യൂട്യൂബിൽ ലഭ്യമായ (village real life എന്ന ചാനലിൽ നിന്നും എടുത്തവ) രണ്ടുചിത്രങ്ങളാണ് കൂടെ ചേർത്തിരിയ്ക്കുന്നത്.

*തെരുവയുടെ തണ്ട്

 

 

 

 



Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]

പഴമയെ നെഞ്ചേറ്റുന്നൊരാൾ [യാത്രാ വിവരണം]