ചക്കക്കുരു മാങ്ങ : അയ്യോ.... ദേ.. പിന്നേം..!
ചക്കക്കുരു മാങ്ങ : അയ്യോ.... ദേ.. പിന്നേം..!
[ഒരു അനുഭവ കഥ]
"എന്റെ ദൈവമേ ... ദേ ഇയ്യാള് പിന്നേം ആ ചക്കക്കുരുമാങ്ങയുമായി എത്തിയേക്കുന്നു ... ഇന്നിയാളെ ഞാൻ കൊല്ലും ...!"
എന്നാണോ ഈ തലക്കെട്ട് കണ്ടപ്പോൾ നിങ്ങൾ ചിന്തിച്ചത്..?
എന്നാൽ അത് വേണ്ട കേട്ടോ.
കാരണം,ഞാനൊരു പാവമല്ലേ?
മാത്രവുമല്ല, ഇന്നത്തെ നമ്മുടെ തലക്കെട്ട് 'ചക്കക്കുരുമാങ്ങ' എന്നാണെങ്കിലും, പറയാൻ പോകുന്നത് ചക്കക്കുരുമാങ്ങ കറിയെക്കുറിച്ചല്ല, മറിച്ച് അതിനു പിന്നിലെ ഒരു സംഭവത്തെ കുറിച്ചാണ്.
എന്നാൽ പിന്നെ, ഞാൻ അതങ്ങ് പറഞ്ഞോട്ടേ ....?
ഇക്കഴിഞ്ഞ ദിവസം, ഉച്ചഭക്ഷണവും കഴിഞ്ഞ് ഞങ്ങൾ, എന്നോ കൈമോശം വന്ന സ്വന്തം പൈതൃകത്തിന്റെ നഷ്ടബോധവുമായി, അലസമൊഴുകുന്ന ആ തെറ്റിയാറിന്റെ കരയിലിരുന്ന്, ഇത്തിരി നാട്ടുവിശേഷങ്ങൾ പറയുന്നതിനിടയിൽ, വിഷയം പെട്ടെന്ന് ചക്കയും മാങ്ങയുമൊക്കെയായി.
ഞങ്ങൾ, നഗരത്തിലേയ്ക്ക് കുടിയേറേണ്ടിവന്ന, പാവം നാട്ടിൻപുറത്തുകാർ ആണല്ലോ.
അക്കൂട്ടത്തിൽ, സുഹൃത്തിനോട് ഞാൻ മുൻപൊരു ദിവസം ഒരു കാർ യാത്രയ്ക്കിടയിൽ നടന്ന ഒരു ചെറിയ സംഭവം പറഞ്ഞു.
ഞങ്ങളുടെ കുടുംബയാത്രകളിൽ പതിവുള്ള ആ 'സംസാരബഹളങ്ങൾ'ക്കിടയിൽ, മോളാണ് പെട്ടെന്ന് പറഞ്ഞത്.
"അച്ഛേ ... ഈ വർഷം ഒരു പ്രത്യേകതയുണ്ട് ...."
"എന്താഡോ ..?"
"അച്ഛ... ഒന്നോർത്തു നോക്കിക്കേ ..."
"ആ ..എനിയ്ക്കറിയില്ല ... നീ പറ.."
"ഈ വർഷേ... ആദ്യായിട്ട് നമ്മക്ക് ഒരു കാര്യം മിസ്സിംഗ് ആണ് ...."
"അതെന്തോന്ന്....അത്ര വല്യ മിസ്സിംഗ് ..?"
"അതേ .... ആദ്യമായിട്ടാ ...നമ്മൾ ഒരു വർഷം ചക്കക്കുരുമാങ്ങക്കറി വയ്ക്കാത്തത് ...അതും, ഒരു തവണ പോലും ..."
"ശ്ശെടാ ... പറഞ്ഞപോലെ അത് ശരിയാണല്ലോ ...!"
എന്താ കാര്യമെന്നറിയാമോ ...? എനിയ്ക്കേറെ ഇഷ്ടപ്പെട്ട കറിയാണത്. മോൾക്കാണെങ്കിൽ, അതിലേറെ.
മോനിപ്പള്ളിയിലെ അടുത്തറിയുന്ന ബന്ധുവീടുകളിൽ പോകുമ്പോൾ, പിന്നെ സ്വന്തം വയനാട് വീട്ടിൽ ചെല്ലുമ്പോൾ ഒക്കെ, എനിയ്ക്കായി അവർ ഈ കറി തീർച്ചയായും കരുതിയിട്ടുണ്ടാകും.
ഒട്ടും തന്നെ 'ചക്ക സീസൺ' അല്ലെങ്കിൽ പോലും.
പക്ഷേ, ഈ വർഷം ഒരൊറ്റ ചക്കയും കിട്ടിയില്ല. അതിനാൽ തന്നെ, ചക്കക്കുരുവും.
പലകാരണങ്ങളാൽ, ഇത്തവണ ഞങ്ങൾക്ക് തറവാട്ടിൽ പോകാൻ പറ്റിയില്ല. അപ്പോഴാണല്ലോ, നമ്മൾ ചക്കകൾ കൊണ്ട് വരാറുള്ളത്.
അത് കൂടാതെ, ചക്കകൾ കൊണ്ടുവന്നു തരാറുള്ള ഇവിടുത്തെ സുഹൃത്താവട്ടെ, വീട് മാറുകയും ചെയ്തു.
ആ അത് പോട്ടെ.... നമുക്ക് കാര്യത്തിലേക്കു തിരികെ വരാം.
ഇതുകേട്ട സുഹൃത്ത്, എന്നോട് ചോദിച്ചു "ആ കറി അത്രയ്ക്ക് ഇഷ്ടമാണോ..?"
"പിന്നല്ലാതെ ... നല്ല നൂറുള്ള ചക്കക്കുരുവും, നാടൻ മാങ്ങയും... പിന്നെ കൂടെ കുറച്ച് മുരിങ്ങക്കയും ഇട്ട്, അവനനെയങ്ങു നന്നായി വയ്ക്കണം.... "
"എന്നിട്ട്....?"
"എന്നിട്ടോ? ഇത്തിരി പഴങ്കഞ്ഞിയുടെ മുകളിൽ ഇവനെ ഒഴിച്ച്, കുറച്ച് ഉപ്പ് കൂടി ഇട്ട്, നന്നായി കുഴച്ചങ്ങ് കഴിയ്ക്കണം ....ആഹാ .."
എന്റെ ഈ പറച്ചിൽ കേട്ട്, ഉള്ളിൽ കൊതിയൂറിയിട്ടാണോ എന്നറിയില്ല, ആൾ പിന്നെ ഒന്നും പറഞ്ഞില്ല.
പക്ഷേ, പിറ്റേന്ന് രാവിലെ ഞാൻ ഓഫീസിലെത്തുമ്പോൾ, ആളുടെ ഒരു ഫോൺ കാൾ. "ഒന്ന് വണ്ടിയുടെ അടുത്തേയ്ക്ക് വന്നേ ..." എന്നും പറഞ്ഞ്.
ഞാൻ ചെന്നപ്പോൾ, അതാ വലിയൊരു ചക്ക വെട്ടി, ചെറിയ കഷണങ്ങളാക്കി, രണ്ടു സഞ്ചികളിലാക്കി, കൊണ്ടുവന്നിരിയ്ക്കുന്നു.
അത്ഭുതത്തോടെ ഞാൻ ചോദിച്ചു.
"ഇതെവിടുന്ന് ... ? നിന്റെ വീട്ടിൽ പ്ലാവില്ലല്ലോ .."
"അതൊക്കെ ...ഒപ്പിച്ചു .."
"കാര്യം പറ..."
"അടുത്ത പറമ്പീന്ന് പറിച്ചതാ ... അവരോട് പറഞ്ഞിട്ടാ...."
"ഈ കൊടും മഴയത്തോ ..? അതും, ഇത്ര രാവിലെ.. ?"
"അതൊക്കെ ഇട്ടു.... ഇന്നലെ നീ പറഞ്ഞില്ലാരുന്നോ ...? ഇക്കൊല്ലം ചക്കക്കുരുമാങ്ങക്കറി കഴിച്ചില്ലാന്ന് .."
"അയിന് ...? എന്ത് പണിയാ ഈ കാണിച്ചത് ...? ഈ മഴയത്ത് ... ഇന്നലെ നമ്മൾ കുറേ നാട്ടു വിശേഷങ്ങൾ പറഞ്ഞ കൂട്ടത്തിൽ, ഞാൻ അക്കാര്യം അങ്ങ് പറഞ്ഞതല്ലേ ..?"
"എന്നാലും അത് കേട്ടപ്പം ... ഉള്ളിൽ എവിടെയോ ചെറിയ ഒരു വിഷമം..."
എന്തായാലും, ഞാൻ ആ സഞ്ചികളെടുത്ത് വണ്ടിയിൽ വച്ചു.
അന്ന് വീട്ടിലെത്തിയപ്പോൾ രാത്രി ഇത്തിരി വൈകി.
പിറ്റേന്ന് ചക്ക പുഴുങ്ങാം, ചക്കക്കുരുമാങ്ങ കറിയുണ്ടാക്കാം എന്നൊക്കെയായിരുന്നു ഞങ്ങളുടെ പ്ലാൻ.
പക്ഷേ, അവിടെ വച്ച് നമ്മുടെ കഥയിൽ ദാ ഒരു അപ്രതീക്ഷിത ട്വിസ്റ്റ്.
രാവിലെ പുഴുങ്ങാൻ എടുത്തപ്പോൾ, ദാണ്ടെ നമ്മുടെ ചക്ക നന്നായി പഴുത്തിരിയ്ക്കുന്നു. അതും നല്ല കൂഴച്ചക്ക (കോട്ടയം ഭാഷയിൽ).
ഇന്നലെ, അവനേ... ആ 'ഡിക്കി' .... അവൻ ചതിച്ചതാ. ഏറെ നാൾ കൂടി ഒരു ചക്കയെ കയ്യിൽ കിട്ടിയ ആ ഒരൊറ്റ പകൽ കൊണ്ട് ...
എന്റെ ദൈവമേ... നമ്മുടെ കുടംപുളിയിട്ട ആ മീൻകറി ദേ ഇന്നലെ രാത്രി മുതൽ, അവിടെ അടുക്കളയിൽ അക്ഷമയോടെ ഇരിയ്ക്കുകയാ....
ന്റെ ചക്കപ്പുഴുക്ക്, ഇപ്പ വരും ... ഇപ്പ വരും... എന്നും കരുതി.
എന്തായാലും ശരി .. നനഞ്ഞിറങ്ങിയാൽ കുളിച്ചു കേറുക തന്നെ.
"നീയങ്ങ് പഴുത്തത് കൊണ്ടൊന്നും, ഈ ചന്തുവിനെ തോല്പിയ്ക്കാൻ ആവില്ല ചക്കയേ ..." എന്നൊരു ഉൾപ്പറച്ചിലോടെ, അവനെ ശർക്കരയിട്ട് നന്നായിട്ടങ്ങ് വരട്ടിയെടുത്തു.
അപ്പോഴാണ്, ദേ അടുത്ത പ്രശ്നം.
"ഊരുതെണ്ടിയുടെ കയ്യിൽ എവിടുന്നാ ഓട്ടക്കാലണ..?" എന്ന് പണ്ട് ലാലേട്ടൻ സിനിമയിൽ ചോദിച്ചപോലെ, ഒരു ബഹുകുടുംബ-ഏകസ്ഥലവാസിയായ (ഫ്ലാറ്റേ ... ഫ്ലാറ്റ്) നമുക്കെവിടുന്നാ, വഴനയിലയും, വാഴയിലയും...?
എന്തായാലും ശരി. ഇത്ര കഷ്ടപ്പെട്ട് പ്രിയസുഹൃത്ത് നൽകിയ ആ ചക്ക, വെറുതെ കളയാനും പറ്റില്ല.
അങ്ങിനെ, ഒരുവിധത്തിൽ കുറച്ചു വാഴയിലയൊക്കെ ഒപ്പിച്ചു.
ദേ ... നിങ്ങൾ ഈചിത്രം കണ്ടോ? ഏലക്കയുടെയും, ജീരകത്തിൻെറയും, നല്ല മറയൂർ ശർക്കരയുടെയും ഒക്കെ നറുമണം പൊങ്ങുന്ന, നല്ല സൂപ്പർ ചക്കയട.
ഈ മഴയത്ത്, കടുപ്പമേറിയ വൈകുന്നേര ചായയുടെയും, പിന്നെ ആ മഴനൂലുകൾക്കൊപ്പം ഒഴുകിയിറങ്ങുന്ന ജോൺസൺ മാഷിന്റെ പാട്ടിന്റെയും കൂടെ, നല്ല ചൂടോടെ ഇവൻ ഒരെണ്ണം കൂടിയായാലോ?
നല്ല ചൂടോടെ, ഒരു കഷ്ണം കടിച്ച് വായ്ക്കുള്ളിലേയ്ക്കിട്ട്, നാവു പൊള്ളാതെ "ആഹ് ..ആഹ്..." എന്ന് അങ്ങട്ടും ഇങ്ങട്ടും എന്ന് ഊതിയാറ്റി ....
ഹോ .... എന്താല്ലേ...?
ശേഷം, ചക്കക്കുരു ഒരെണ്ണം പോലും കളയാതെ, അപ്പോൾത്തന്നെ ചുരണ്ടിയെടുത്തു കഷ്ണങ്ങളാക്കി. പിന്നെ, മാങ്ങയും മുരിങ്ങക്കയും ഒക്കെ ചേർത്ത് നമ്മുടെ ആ അസ്സൽ വിഭവം ഒരുക്കി.
നല്ല നൂറുള്ള കുരുവായതിനാൽ തന്നെ, അവൻ അങ്ങനെ നല്ല കൊഴുപ്പിൽ തയ്യാറായി.
പിറ്റേന്ന് രാവിലെ, ഇത്തിരി പഴങ്കഞ്ഞിയുടെ മുകളിൽ അവനെയങ്ങ് ഒഴിച്ചു. പഴങ്കഞ്ഞിയുടെ ആ തണുപ്പിനെ ഒന്ന് ബാലൻസ് ചെയ്യാൻ, പാത്രത്തിന്റെ അങ്ങേ അരികിൽ, ഇത്തിരി ചൂടുള്ള കപ്പപ്പുഴുക്കും, അതിനു മുകളിൽ തലേന്നത്തെ നമ്മുടെ ആ മീൻകറിയും വിളമ്പി. (ചക്കപ്പുഴുക്ക് ഒത്തിരി ആഗ്രഹിച്ച അവന്, ഇത്തിരി കപ്പപ്പുഴുക്ക് എങ്കിലും കൊടുക്കണമല്ലോ).
പിന്നെ, ഒരു രസത്തിന് ഇടയ്ക്കൊന്നു നുള്ളാൻ, ഒരു മത്തി വറുത്തതും.
വേണ്ട... കൂടുതൽ എന്തെങ്കിലും പറഞ്ഞ്, ഞാൻ നിങ്ങളുടെ കൊതിയേറ്റുന്നില്ല.
ഇത്തിരി ചക്കക്കുരുവും, രണ്ടു മാങ്ങയും, ഒരു മുരിങ്ങക്കോലും കിട്ടുമെങ്കിൽ, നിങ്ങളും ഈ 'സ്വയമ്പൻ കറി' ഒന്ന് ഉണ്ടാക്കണം കേട്ടോ. എന്നിട്ട്, നമ്മൾ മുകളിൽ പറഞ്ഞ ആ 'കോമ്പിനേഷനിൽ' വേണം കഴിയ്ക്കാൻ.
എന്നിട്ടോ?
നിങ്ങളുടെ സ്വന്തം അഭിപ്രായം കൂടി പറയണം. അതെന്തുതന്നെ ആയാലും ശരി.
പക്ഷേ, എത്രയൊക്കെ സ്വാദോടെ നിങ്ങൾ ഇത് ഉണ്ടാക്കിയാലും ശരി, ഞങ്ങൾ ഇപ്പോൾ ഉണ്ടാക്കിയ ആ ചക്കക്കുരുമാങ്ങയുടെ അത്ര രുചിയുണ്ടാവില്ല.
അത് തീർച്ച.
എന്താന്നോ കാരണം?
ഇതിൽ, മേൽപ്പറഞ്ഞ എല്ലാത്തിനും പുറമെ, ഒരു വിശേഷ 'സ്നേഹമേമ്പൊടി' കൂടിയുണ്ടായിരുന്നു....ഒരു സുഹൃത്ത് സമ്മാനിച്ചത്...!
[*സമർപ്പണം: പ്രിയ സുഹൃത്ത് ശ്രീ. ലിജി തരകന് - ഒരു മഴക്കാല ചക്കയുടെ സ്മരണാർത്ഥം.]
സ്നേഹപൂർവ്വം
- ബിനു മോനിപ്പള്ളി
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally



Comments
Post a Comment