എന്റെ രാജ്യം, എന്റെ സ്വപ്നം.....





എന്റെ രാജ്യം, എന്റെ സ്വപ്നം

ഭരതന്റെ നാട് ഭാരതം. ആ ഭാരതത്തിന്റെ ഭൂതകാല പ്രതാപം ഓർത്തെടുക്കുകയോ, ഗൃഹാതുരത്വമുണർത്തുന്ന ആലങ്കാരികവർണ്ണനകൾ നടത്തുകയോ ചെയ്യുന്നതിന് പകരം നമ്മൾ ഇപ്പോൾ ചെയ്യേണ്ടത് ഈ നാടിന്റെ ഇന്നത്തെ അവസ്ഥയിൽ ദുഖിക്കുകയും, അതിലുപരി അതിൽ നിന്നും കര കയറുവാനുള്ള പ്രായോഗിക നടപടികളെ ക്കുറിച്ചു, ഗൗരവമായി ആലോചിക്കുകയുമല്ലേ?

ഞാൻ ഉറച്ചു വിശ്വസിക്കുന്നു, മഹത്തായ പാരമ്പര്യം പേറുന്ന നമ്മുടെ ഈ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥക്ക് മുഖ്യകാരണം ഇവിടുത്തെ ചെറുതും വലുതുമായ അസംഖ്യം രാഷ്ട്രീയപാർട്ടികളും, അധികാരത്തിനു വേണ്ടി എന്ത് ചെയ്യാനും മടിക്കാത്ത അവയുടെ ബഹുഭൂരിപക്ഷം വരുന്ന നേതാക്കളുമാണെന്ന്.

ഓരോ തിരഞ്ഞെടുപ്പ് വരുമ്പോളും, ഒരിക്കലും നടപ്പാക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ കുത്തിനിറച്ച കുറെ പ്രകടനപത്രികകളും, പിന്നെ 'വായിൽ വരുന്നത് കോതക്ക് പാട്ട്' എന്ന രീതിയിൽ എന്തും വിളിച്ചു കൂവുന്ന കുറെ നേതാക്കന്മാരും ചേർന്ന് മലീമസമാക്കിയ ഈ നാടിനെ രക്ഷിക്കാൻ ചില ലളിതമായ നിർദേശങ്ങൾ മാത്രം ഇവിടെ മുന്നോട്ടു വക്കുന്നു.

1. തൊട്ടുമുന്പ് നടന്ന സമാനമായ തിരഞ്ഞെടുപ്പിൽ -പുറത്തിറക്കിയിരുന്ന പ്രകടനപത്രികയിലെ കാര്യങ്ങൾ മുഴുവനായും (അത് പാർട്ടിയുടെയായാലും, മുന്നണിയുടെ ആയാലും) നടപ്പിലാക്കിയിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്താനുള്ള ഒരു സംവിധാനം തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ടു ഉണ്ടാക്കുക. നടപ്പിലാക്കാത്ത പാർട്ടികളെയും മുന്നണികളെയും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കുക.

2, അംഗീകൃത രാഷ്ട്രീയപാർട്ടികൾക്കു വേണ്ടി സംസാരിക്കുവാൻ, കഴിവും, അറിവും, ആർജവവുമുള്ള ഔദ്യോഗികവക്താക്കളെ മാത്രം അനുവദിക്കുക. അവർ നടത്തുന്ന എല്ലാ ഔദ്യോഗികപ്രസ്താവനകളുടെയും ഉത്തരവാദിത്വം അതതു  പാർട്ടികൾ ഏറ്റെടുക്കുക.

3. മന്ത്രിമാരും, മറ്റു ഭരണകർത്താക്കളും, പൊതുചടങ്ങുകളിൽ വാരിക്കോരി കൊടുക്കുന്നതുൾപ്പെടെയുള്ള എല്ലാ 'വാഗ്ദാനങ്ങളും' നിയമപരമായ അവരുടെ ബാധ്യതയാക്കുക. അത് നടപ്പിലാക്കേണ്ടത് ആ വാഗ്ദാനം നല്കിയവരുടെ പ്രാഥമിക ഉത്തരവാദിത്ത്വം ആക്കണം എന്ന് ചുരുക്കം.

4. പഞ്ചായത്ത് തലത്തിലെ സാദാ മെമ്പർ മുതൽ കേന്ദ്രത്തിലെ പ്രധാനമന്ത്രി വരെയുള്ള എല്ലാവർക്കും അനുവദിക്കാറുള്ള 'മണ്ഡല വികസന ഫണ്ട്' ഉൾപ്പടെയുള്ള മുഴുവൻ ഫണ്ടുകളുടെയും വിവരങ്ങളും, അവ ചിലവഴിച്ച പദ്ധതികളെ സംബന്ധിച്ച  മുഴുവൻ വിവരങ്ങളും സർക്കാർ വെബ്സൈറ്റ് വഴി പ്രസിദ്ധികരിക്കുക.

5. ഗ്രാമപഞ്ചായത്ത് മുതൽ കേന്ദ്രസർക്കാർ വരെയുള്ള എല്ലാ സർക്കാർസ്ഥാപനങ്ങളുടെയും  പലവിധ ഫണ്ടുകളുടെ വിവരങ്ങളും അവ ചിലവഴിച്ച വിശദവിവരങ്ങളും കൂടി ഇത്തരത്തിൽ വെബ്സൈറ്റ് വഴി പ്രസിദ്ധികരിക്കുക.. രാജ്യത്തിന്റെ സുരക്ഷയേയും, പ്രതിരോധത്തെയും ബാധിക്കുന്ന വിവരങ്ങൾ മാത്രം ഇതിൽ നിന്നും ഒഴിവാക്കുക.

6 . ഏതൊരു ഹർത്താലിലും ഉണ്ടാകുന്ന മുഴുവൻ നാശനഷ്ടങ്ങളുടെ                     യും ഉത്തരവാദിത്ത്വം അതിനു ആഹ്വാനം ചെയ്ത സംഘടനക്കാക്കുകയും, 30 ദിവസത്തിനുള്ളിൽ മുഴുവൻ നഷ്ടപരിഹാരവും കോടതി വഴി അർഹതപ്പെട്ടവർക്ക് നല്കാനുള്ള ബാധ്യത ആ സംഘടനയിൽ നിക്ഷിപ്തമാക്കുകയും ചെയ്യുക. തർക്കങ്ങൾ ഉണ്ട് എങ്കിൽ അത് മുഴുവൻ നഷ്ടപരിഹാരവും കോടതിയിൽ കെട്ടിവച്ചതിനു ശേഷം, പിന്നീട് മാത്രം തീർപ്പാക്കുക,.

7. എല്ലാ രാഷ്ട്രീയപാർട്ടികളുടെയും വരവ്-ചെലവ്  കണക്കുകൾ പൂർണ്ണമായും ഓഡിറ്റ് ചെയ്യാൻ ഉള്ള സംവിധാനം ഉണ്ടാക്കുക.

ഇനി, ഇതൊക്കെ ചെയ്താൽ നമ്മുടെ രാഷ്ട്രീയപാർട്ടികൾ എല്ലാം പെട്ടെന്നങ്ങു നന്നാകും എന്നല്ല,  മറിച്ച്, അവർ തങ്ങൾക്കു നടപ്പാക്കാൻ പറ്റും  എന്ന് ഉറപ്പുള്ള വാഗ്ദാനങ്ങൾ മാത്രമേ ജനങ്ങളുടെ മുന്നിലേക്ക്‌ വയ്ക്കൂ  എന്നുമാത്രമാണ് നമ്മുടെ പ്രതീക്ഷ.

മുഴുവൻ ജനങ്ങളുടെയും താല്പര്യം സംരക്ഷിച്ചു, ജനങ്ങൾക്ക്‌ വേണ്ടി ഭരിക്കുന്ന സർക്കാരും, അതിനെ എതിർക്കേണ്ടിടത്തു  എതിർത്തും, അനുകൂലിക്കേണ്ടിടത്ത് അനുകൂലിച്ചും നേർവഴിക്കു മുന്നേറാൻ പ്രേരിപ്പിക്കുന്ന ക്രിയാത്മകപ്രതിപക്ഷവും ഉള്ള, ഒരു ജനാധിപത്യഭാരതം. അതുമാത്രമാണെന്റെ സ്വപ്നം.

ജയ്‌ ഹിന്ദ്‌.

സ്നേഹത്തോടെ,
ബിനു
---------------



Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]